ഈ സംഭവത്തില്‍ KSRTC ഡ്രൈവര്‍ നിരപരാധി; ദൃക്സാക്ഷി വിവരണം…

കഴിഞ്ഞ ദിവസം കല്ലുവാതുക്കല്‍ കുരിശുംമൂട് കവലയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് ഒരാള്‍ മരിച്ചു എന്ന് വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയുടെ യാഥാര്‍ഥ്യം ആര്‍ക്കെങ്കിലും അറിയാമോ? മാധ്യമങ്ങളില്‍ വാര്‍ത്ത കാണുമ്പോള്‍ കെഎസ്ആര്‍ടിസിയാണ് കുറ്റക്കാരന്‍ എന്ന് തോന്നും. അത് സ്വാഭാവികം ആണല്ലോ. എന്നാല്‍ ഈ സംഭവം നേരിട്ടു കണ്ട ഒരാള്‍ നടന്ന സംഭവത്തിന്‍റെ യാഥാര്‍ഥ്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹവും കൂട്ടരും ഇടപെട്ടതു കൊണ്ടാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ തല്ലുകൊള്ളാതെ രക്ഷപ്പെട്ടതും. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ നമുക്ക് ഒന്ന് വായിക്കാം.

“ഇന്നലെ രാത്രി ഒന്‍പതേ മുക്കാലോടെ കണ്‍മുന്നില്‍ ഒരപകടം കാണേണ്ടിവന്നതിന്‍റെ ആഘാതം മാറിയിട്ടില്ല. ആള്‍ മരിച്ചുവെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍തന്നെ ഉറപ്പായിരുന്നു. ഇന്ന് രാവിലെ കണ്ട പത്രവാര്‍ത്ത അത് സ്ഥിരീകരിക്കുകയും ചെയ്തു.

ചാത്തന്നൂരിലെ പരിപാടിക്കുശേഷം കാറില്‍ താമസസ്ഥലത്തേക്കു മടങ്ങുമ്പോഴാണ് അപകടം കാണേണ്ടിവന്നത്. ഞങ്ങളുടെ കാറിനു മുന്നില്‍ ഒരു ബൈക്ക് വളഞ്ഞുപുളഞ്ഞു പോകുന്നതുകണ്ടാണ് ശ്രദ്ധിച്ചത്. ആള്‍ മദ്യപിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. റോഡിലോടെയുള്ള വഴിവിട്ട ആ സഞ്ചാരം കണ്ടതേ ഞങ്ങള്‍ ആശങ്കപ്പെട്ടു. ഇത് തീരാനുള്ള പോക്കാണെന്ന് പരസ്പരം പറഞ്ഞു. നമ്മുടെ കാറിനടിയില്‍ പെടേണ്ടെന്നു പറഞ്ഞ് ഡോ. അജിത് കാറ് വീണ്ടും പതുക്കയാക്കി.

പത്രത്തില്‍ വന്ന വാര്‍ത്ത.

മുന്നില്‍ വളഞ്ഞുപുളഞ്ഞു സഞ്ചാരം തുടര്‍ന്ന ബൈക്ക് ഒന്നു രണ്ടു വാഹനങ്ങളില്‍ ഇടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഓടിക്കുന്ന ആള്‍ റോഡ് കാണുന്നേയുണ്ടായിരുന്നില്ലെന്നു തോന്നി. എതിരേ ഒരു ബസ് വന്നപ്പോള്‍ വലത്തേ ട്രാക്കിലേക്കു നേരേ കയറിച്ചെല്ലുന്നതു കണ്ട് ഞങ്ങള്‍ വീണ്ടും ഞെട്ടി. ആള്‍ ഹെല്‍മറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ല. കെഎസ്ആര്‍ടിസി പരമാവധി ഇടത്തേക്കു വെട്ടിച്ചുമാറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല. ബൈക്ക് ബസിന്‍റെ മുന്നിലിടിച്ച് യാത്രികന്‍ ഉയര്‍ന്നു പൊങ്ങി തെറിച്ച് റോഡിലേക്ക്. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് പിന്നാലെവന്ന ടൂറിസ്റ്റ് ബസും ഇടിച്ചുകയറി.

ആ ദൃശ്യം കണ്ടപ്പോള്‍തന്നെ ‘ആളുതീര്‍ന്നു, അങ്ങോട്ടു പോകേണ്ട’ എന്ന് ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു. ഒരു മിനിട്ടിന്‍റെ സ്തംഭനാവസ്ഥയ്ക്കുശേഷം ഞാന്‍ ഇറങ്ങിയോടിച്ചെന്നു. റോഡില്‍ തലയിടിച്ചു വീണയാളെ നോക്കാന്‍ പോലും പറ്റിയില്ല. ചുറ്റിനും ചോരപ്രളയം. അപ്പോഴേക്കും പല ഭാഗത്തുനിന്നായി ആളുകള്‍ ഇറങ്ങിയോടിയെത്തി. രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ആക്രമണോല്‍സുകത അപ്പോഴാണ് ഞാന്‍ കാണുന്നത്. മിക്കവരും മദ്യപിച്ചിരുന്നു.

കെഎസ്ആര്‍ടിസി, ബൈക്കിനെ ഇടിച്ചിട്ടതാണെന്നു പറഞ്ഞായിരുന്നു ആക്രോശം. അതിലേ വന്ന ഒരോട്ടോയിലേക്ക് തലപൊട്ടി ചോരവാര്‍ന്നുകിടന്ന ബൈക്ക് യാത്രികനെ തൂക്കിയെടുത്ത് ചുരുട്ടിക്കൂട്ടി കയറ്റി. അപ്പോഴാണ് ബസിലുണ്ടായിരുന്നവര്‍ക്കും പരുക്കുണ്ടെന്നകാര്യം ശ്രദ്ധയില്‍പെട്ടത്. അതൊന്നും, പക്ഷേ, അത്ര സാരമായിരുന്നില്ലെന്നു തോന്നുന്നു. അതോടെ വഴിയേ വന്ന കാറുകളില്‍ അടിച്ചും ഇടിച്ചും രക്ഷാപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി.

മിനിട്ടുകള്‍ക്കുള്ളില്‍ പോലീസെത്തി. ഞാനും മറ്റൊരു കാര്‍ യാത്രികനും കണ്‍മുന്നില്‍ കണ്ട അപകടകാരണം പോലീസിനോടു പറഞ്ഞു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഒരു പ്രശ്നമുണ്ടാകരുതല്ലോയെന്നു കരുതി മാത്രം. ഞങ്ങള്‍ ആ അപകടക്കാഴ്ചയ്ക്ക് സാക്ഷികളായിരുന്നില്ലെങ്കില്‍ ബസ് ഡ്രൈവര്‍ കുടുങ്ങാനും തല്ലുവാങ്ങാനുമൊക്കെയുള്ള സാധ്യത വളരെകൂടുതലായിരുന്നു.”

കടപ്പാട് – TC Rajesh Sindhu.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply