ഇടമലയാര്‍ വൈശാലി ഗുഹയിലേക്ക് കെഎസ്ആർടിസി ബസ് സർവ്വീസ്…

കുട്ടമ്പുഴ – കോതമംഗലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പുതിയതായി വൈശാലി ഗുഹയിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുന്നു. ബസ് സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായി ടെസ്റ്റ്‌ റണ്‍ നടത്തുകയുണ്ടായി. രാവിലെ 9.30 നു കോതമംഗലം നിന്നും ആരംഭിക്കുന്ന ബസ് ഇടമലയാര്‍ ഡാം വഴി വൈശാലി ഗുഹ വരെ പോകുകയും ഒരു മണിക്കൂര്‍ നേരത്തെ ഹോല്ടിന്ശേഷം തിരികെ കോതമംഗലത്ത് സമാപിക്കുന്ന രീതിയിലാണ്‌ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. താളും കണ്ടം , പൊങ്ങന്‍ചുവട് ആദിവാസി ഊരുകളിലേക്കു പോകുന്നതിനുള്ള ഏക വഴിയാണ് ഇടമലയാര്‍ ഡാം കൂടിയുള്ള ഈ റൂട്ട്.

ഇടമലയാര്‍ ഡാം നിര്‍മാണ സമയത്ത് പാറമടയില്‍ നിന്നും ക്രെഷരിലെക്ക് സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി നിര്‍മിച്ച ടണല്‍, വൈശാലി സിനിമയുടെ ഷൂട്ടിംഗ് നടന്നതോടെയാണ് വൈശാലി ഗുഹ എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഇടുക്കി ഡാമിലെ കുറവന്‍ മലയിലും മറ്റൊരു വൈശാലി ഗുഹ ഉണ്ട്, ഭരതന്‍ സംവിധാനം ചെയ്ത വൈശാലി സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത് ഈ രണ്ടു ഗുഹകളിലുമായിട്ടാണ്.

ഇടമലയാര്‍ ഡാം സന്ദര്‍ശിക്കാന്‍ അനുമതി ഉള്ളവര്‍ക്കും , ഔദ്യോഗിക ആവശ്യമുള്ളവര്‍ക്കും, പൊങ്ങന്‍ ചുവട്, താളുംകണ്ടം കോളനിയില്‍ താമസിക്കുന്നവര്‍ക്കും മാത്രമാണ് ഈ വഴി സഞ്ചരിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. രൂക്ഷമായ കാട്ടാനശല്യമുള്ള വഴിയും ആണിത്. പുതിയ ബസ് റൂട്ട് വരുന്നതോടെ സഞ്ചാരികള്‍ക്ക് ഇടമലയാര്‍ ഡാം കാണുന്നതിനും , പവര്‍ ഹൌസ് പുറമേ നിന്ന് കാണുന്നതിനുമുള്ള അവസരമാണ് ലഭിക്കുന്നത്. ചില സമയങ്ങളില്‍ കാട്ടാനകള്‍ വരി വരി ആയി പോകുന്നതും കാണാന്‍ സാധിച്ചേക്കാം.

ബസ് റൂട്ട് നിലവില്‍ വൈശാലി ഗുഹ വരെയാണ് ഉള്ളത്. രണ്ടു കയറ്റം കോണ്‍ക്രീറ്റ് ചെയ്താല്‍ ബസിനു താളുംകണ്ടം കോളനി വരെ എത്താന്‍സാധിക്കും. കുട്ടമ്പുഴ ആദിവാസി ഊരുകളുടെ അടിസ്ഥാന വികസന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ആന്റണി ജോണ്‍ എം എല്‍ എ പ്രസ്തുത റോഡിനു തുക വകയിരുത്തും എന്നാണ് പ്രദേശ വാസികളുടെ പ്രതീക്ഷ. അതെ സമയം ബസ് വടാട്ടുപാറ വഴി പോകണം എന്നൊരു നിര്‍ദേശം നിരവധി ആളുകളും ജനപ്രധിനിധികളും ഉയര്‍ത്തുന്നുണ്ട് . എല്ലാ സമയത്തും ടൂറിസ്റ്റുകളെ മാത്രം പ്രതീക്ഷിക്കാന്‍ സാധിക്കില്ലെനും കൂടാതെ രാവിലെ കോതമംഗലത്തു നിന്നും എടുക്കുന്ന ബസില്‍ പ്രസ്തുത കുടികളിലെ താമസക്കാര്‍ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും , എന്നാല്‍ വടാട്ടുപാറ വഴി ആയാല്‍ വടാട്ടുപാറ പ്രദേശത്തെ ജനങ്ങള്‍ക്കും അത് വഴി കെ എസ് ആര്‍ ടി സി ക്കും ഉപകാരം ആകും എന്നുമാണ് അവരുടെ അഭിപ്രായം. കുറച്ചു നാളുകൾക്കുള്ളിൽ ബസ് സർവീസ് സ്ഥിരമായി സർവീസ് നടത്തുന്നതുകൂടി ഇടമലയാറിൻറെ കാനന ഭംഗി ആവോളം നുകരുവാനുള്ള അവസരമാണ് സഞ്ചാരികൾക്ക് കൈവരുന്നത്.

© നീരുണ്ണി പ്ലാമൂടൻ. (kothamangalamvartha).

Check Also

13 എന്ന നമ്പർ ദുഃശ്ശകുനമോ? ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ…

പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ ആഗോള മിത്തിന്റെ ഉറവിടം ഒരുപക്ഷേ, തങ്ങളുടെ 13ാം ദേവനെ, തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് …

Leave a Reply