കാശ്മീർ കാണുന്നതിനു മുൻപ് എനിക്ക് കിട്ടിയ സ്വർഗ്ഗലോകം..

വിവരണം – Savin Sajeev.

പതിവിലും താമസിച്ചാണ് എണീറ്റത്. മൂന്ന് നാല് ദിവസം ലീവായതു കൊണ്ട് എന്തിനു നേരത്തെ എനീക്കണം. വയനാട് എന്ന എന്റെ സ്വപ്ന യാത്ര വീട്ടുകാർ കാറ്റിൽ പറത്തിയതിനാൽ കലിപ്പിലങ്ങനെ കിടന്നുറങ്ങി. വീട്ടിലെ ഒച്ചപ്പാടും ബഹളവും കേട്ടതാണ് എണീറ്റത്. ദേ വീടിന്റെ മുന്നിലെ ചാരുകസേരയിൽ ഒരുത്തി ചായയും കുടിച്ചിരിക്കുന്നു. അതും കൂടി കണ്ടപ്പോൾ കലിപ്പ് കൂടി. എന്നെ സ്ഥിരമായി ഉപദേശിക്കുന്ന അമ്മായിന്റ മൂത്ത പുത്രി അശ്വതി.. ഇച്ചിരി തൊലി വെളുത്തതിന്റെ അഹങ്കാരവും എന്തിലോ ഗവേഷണം നടത്തുന്നതിന്റെ അഹമ്പാവവും. ഫാമിലി മൊത്തം വന്നിട്ടുണ്ട് എന്റ കുറ്റങ്ങൾ കണ്ടുപിടിക്കാൻ. അവളുടെ അമ്മയും ഒട്ടും പിറകിലല്ലായിരുന്നു.

രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ രാത്രിയായപ്പോഴാണ് തിരിച്ചെത്തിയത്. ഉമ്മറത്ത് കലിതുള്ളിക്കൊണ്ട് അമ്മയ്ക്ക് പിറകിൽ അവരവരുടെ ഊഴത്തിനായി മറ്റുള്ളവരും കാത്തു നിന്നു. ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യൂവിനെപ്പോലെ ഞാൻ നിന്നു. കുറച്ചു സമയത്തിനു ശേഷം ഒന്നും മിണ്ടാതെ സ്നേഹത്തോടെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. വീട്ടുകാർക്കു മൊത്തം വട്ടയാതാണോ, അതോ എനിക്ക് വട്ടായതാണോ എന്ന് സംശയം തോന്നി.

ജാഡക്കാരിപ്പെണ്ണ് വരെ എന്നെ നോക്കി പുഞ്ചിരിക്കുന്നു. തരം കിട്ടിയാൽ ഉപദേശങ്ങളും കളിയാക്കലും കൊണ്ട് മൂടുന്നവൾ. എന്തോ എവിടെയോ ചീഞ്ഞുനാറുന്നതിന്റെ മണം എനിക്കും കിട്ടി. വൈകാതെ കാര്യം ഞാനും അറിഞ്ഞു. ഓൾടെ റിസർച്ചിന്റെ ഭാഗമായി ഇടക്കൽ ഗുഹ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. വയനാട്. വീണ്ടും മനസ്സിൽ ലഡു പൊട്ടിയെങ്കിലും അവളും കൂടെ ഉള്ളതു കൊണ്ട് പൊട്ടിയ ലഡു തകർന്നു തരിപ്പണമായി പൊടിഞ്ഞു വീണു. ഈ ഒറ്റയാൻ സഞ്ചാരിക്ക് എന്തിനു പെണ്ണ്.

എന്റെ ബൈക്ക് ട്രിപ്പ് മാറ്റി ബസ്സിലാക്കി യാത്ര. വെളുപ്പിനെ തന്നെ പുറപ്പെടണം. എറണാകുളത്ത് നിന്നാണ് വണ്ടി. വെളുപ്പാങ്കാലത്ത് ബസ്സ് നാട്ടിൽ നിന്നില്ലാത്തതിനാൽ ബൈക്ക് എടുക്കേണ്ടി വന്നു. ഒരു ലോഡ് ചുമടുമായിട്ടാണ് കൊച്ചമ്മ വന്നത്. അതു സൈഡിൽ തൂക്കിയിട്ട് യാത്ര പുറപ്പെടാനൊരുങ്ങി.” ദൈവമേ ഈ കുരുപ്പിനെ സഹിക്കാനുള്ള ക്ഷമ എനിക്കു തരണേ” എന്നു പ്രാർത്ഥിച്ച് എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി.

ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങുകയാണ്. ഇരുൾ മൂടിയ വഴിയിലൂടെ ബൈക്കിന്റെ വെളിച്ചത്തിൽ തണുപ്പിനെ വകഞ്ഞു മാറ്റി യാത്ര തുടർന്നു.പെടുന്നനെ പെയ്ത മഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.ഒരു കടയിൽ കയറി നിന്നു. ഈ കുരുപ്പ് കൂടെ വന്നതറിയാനുണ്ട് മഴ ആസ്വദിച്ച് ബൈക്കോടിക്കുന്ന എനിക്ക് കടയുടെ മുന്നിൽ നിന്ന് കാണാനേ പറ്റിയുള്ളൂ.മഴ മാറാൻ പിന്നെയും സമയം എടുത്തു. യാത്ര തുടർന്നു..

തണുത്ത കാറ്റിനെ മറികടന്ന് എറണാകുളത്ത് എത്തിയപ്പോഴേക്കും വണ്ടി പോയിരുന്നു. അടുത്ത പണി കൂടി കിട്ടിയ നിമിഷം.”നമുക്ക് ബൈക്കിൽ അങ്ങ് പോയാലോ, എനിക്ക് അവിടെ എത്തിയേ പറ്റൂ. എന്റെ നിസഹരണഭാവം കണ്ട് ഒന്നും മിണ്ടാതെ അവൾ ചാരു ബെഞ്ചിലിരുന്നു.” വാ പോവാം ഞാൻ കാരണം നിന്റെ റിസർച്ച് മുടങ്ങേണ്ട ” ഇതും കേട്ടതും പെണ്ണ് വണ്ടിയിൽ കയറാൻ റെഡിയായി നിന്നു. അങ്ങനെ എന്റെ മുടങ്ങിപ്പോയ ബൈക്ക് യാത്ര വീണ്ടും പുനർജനിച്ചു.കൊടുങ്ങല്ലൂരും ചാവക്കാടും കഴിഞ്ഞപ്പോൾ സൂര്യൻ അരുണ വർണം തൂകി വിരിഞ്ഞിറങ്ങിയിരുന്നു.

ചായ കുടിക്കാൻ ഒന്നുവണ്ടി നിർത്തി, ഓരോ ചായയും കുടിച്ചു. അതിനിടയിൽ അവൾ എന്തൊക്കെയോ വാതോരാതെ പറയുന്നുണ്ടായിരുന്നു. എപ്പോഴോ എന്നേയും ബൈക്കിനേയും ചേർത്ത് ഒരു സെൽഫിയും എടുത്തിരുന്നു.ഫെയ്സ്ബുക്ക് മാനിയ ഉള്ള കൊച്ചാണ്. മിണ്ടുന്നതും തിന്നുന്നതും ഫെയ്സ് ബുക്കിലിടുന്ന മൊതലായതിനാൽ ഞാൻ നേരത്തേ പറഞ്ഞിരുന്നു, “എന്റെ ഫോട്ടോ ഒന്നും ഇട്ടേക്കരുത്. അല്ലേല്ലെ ചീത്തപ്പേരാണ് ഈ ഫോട്ടോയോടു കൂടി അതു ഒന്നുകൂടി സ്ഥിരപ്പെടും.

ചായ കുടിച്ചതോടെ ഒന്നു ഉഷാറായി. വീണ്ടും യാത്ര തുടർന്നു,ഇടയ്ക്ക് പെണ്ണെന്തോ എന്തോ പറഞ്ഞു.എനിക്കത് മനസ്സിലായതുമില്ല, അവൾ ഒന്നൂടെ ചേർന്നിരുന്ന് എന്നോട് പറഞ്ഞു “അതേ എനിക്ക് ഭാരതപ്പുഴ ഒന്ന് കാണണം. അവിടെ ഒന്നു നിർത്തണം”. അതൊരു മേലധികാരിയുടെ ഉത്തരവ് പോലെ തോന്നിയതിനാൽ, ഞാനും തിരിച്ചു ഒരു മറുപടി അങ്ങു കൊടുത്തു.” അതിനൊന്നും കുഴപ്പമില്ല, നിന്റെ അമ്മിഞ്ഞ എന്റെ ദേഹത്ത് മുട്ടിക്കാതെ ഇച്ചിരി പുറകോട്ടിരുന്നേ”. പിന്നെ ഒരക്ഷരം പോലും അവൾ മിണ്ടിയില്ല.

ചമ്രവട്ടം പാലത്തിൽ വണ്ടി നിർത്തി നിളയുടെ സൗന്ദര്യം ഒന്നാസ്വദിച്ചു. സൂര്യപ്രകാശത്തിൽ നിളാ നദി വെട്ടിത്തിളങ്ങി ഒഴുകുകയാണ്.വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും ജലസമൃദമായി ഭാരതപ്പുഴയെ കാണുന്നത്. ഇരുകരകളും മുട്ടിയൊഴുകുന്ന നിള അതൊരു അപൂർവ്വ കാഴ്ചയാണ്. അവൾ ഒന്നും ഉരിയാടാതെ നദിയിലേക്ക് നോക്കി നില്ക്കുക മാത്രമാണ് ചെയ്തത്. ഞാൻ പറഞ്ഞത് ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം തോന്നി, ആ വരുന്നതുവരട്ടെ. “വാ പോകാം “വിളിക്കായി കാത്തു നിന്നതു പോലെ അവൾ വന്നു ബൈക്കിൽ കയറി വഴിയിൽ കണ്ട മൊഞ്ചത്തിമാരോടെല്ലാം വഴി ചോദിച്ച് ചോദിച്ചു പോയത് നമ്മുടെ സഹയാത്രികയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. അതു അവളുടെ മുഖത്ത് നോക്കിയപ്പോൾ മനസ്സിലായി. കോഴിക്കോടെത്തിയപ്പോൾ ഓരോ ബിരിയാണിയും കഴിച്ച് നമ്മുടെ താമരശ്ശേരിച്ചുരം കയറി.

വെയിലുണ്ടെങ്കിലും തണുത്തു നില്ക്കുകയാണ് ചുരം.നല്ല റോഡും ഹെയർ പിൻ വളവുകളും മുകളിലെത്തിയാൽ ചുരത്തിന്റെ കാഴ്ച്ചകളും എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തിരുന്നു. ലക്കിടിയും കടന്ന് ബത്തേരിയിലേക്കുള്ള റോഡിൽ പ്രവേശിച്ചു. ഇതിനിടയിൽ ഒരക്ഷരം പോലും അവൾ ഉരുവിട്ടില്ല, എന്നത് എന്റെ കുറ്റബോധം വളർത്തി. കാടും പച്ചപ്പും ഗ്രാമീണ സൗന്ദര്യവും ആസ്വദിച്ച് അമ്പലവയലിൽ നിന്നും സഞ്ചരിച്ച് ഇടയ്ക്കൽ ഗുഹയുടെ കവാടത്തിലെത്തി. ടിക്കറ്റുമെടുത്ത് ടാറിട്ട വഴി പിന്നിട്ട് പാറയിടുക്കുകൾക്കിടയിലൂടെ കഷ്ട്ടപ്പെട്ടാണ് യാത്ര.ഒരു കൈ സഹായം പോലും അവൾ ആവശ്യപ്പെട്ടില്ല. പൊടുന്നനെ പാറയിൽ തട്ടി അവൾ വീണു. ഒന്നും പറ്റിയില്ലെങ്കിലും എഴുന്നേൽക്കാൻ ഞാൻ നീട്ടിയ കൈ നിരസിച്ച് അവൾ തന്നെ എണീറ്റു.പടികളും കയറ്റയിറക്കങ്ങളും കടന്ന് ഇടയ്ക്കൽ ഗുഹയിലെത്തി.

അശ്വതി,അവളുടെ യാത്രാ ലക്ഷ്യം നിറവേറ്റുകയാണ്. അവിടെത്തെ സാറിനോട് ഇടയ്ക്കൽ ഗുഹയുടെ കൂടുതൽ അറിവുകൾ ശേഖരിക്കുന്നു. ഞാനാണെങ്കിൽ യാത്ര കുളമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും. ഗുഹയിൽ വെളിച്ചം വീഴുന്ന രണ്ടു മലകളുടെ വിടവിന് സമീപത്തേക്ക് ഞാൻ നടന്നു. നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് അടിച്ചു കേറുകയാണ്. കുറച്ചു സമയം മാത്രമേ നിന്നുള്ളുവെങ്കിലും ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ തോന്നി.

ഇടയ്ക്ക് എപ്പോഴോ ഒരു കണ്ണ് അവളിൽ പതിച്ചപ്പോൾ ഞാൻ ഇതുവരെ ശ്രദ്ധിക്കാത്ത ഒരു സൗന്ദര്യം അവളിൽ മിന്നി മറയുന്ന പോലെ തോന്നി. അവൾ വിവരങ്ങൾ എല്ലാം ശേഖരിച്ചു വന്നപ്പോഴേക്കും സമയം കുറേയേറെ കഴിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ പടികൾ ഇറങ്ങി ഇടയ്ക്കൽ ഗുഹയോടും അമ്പുകുത്തിമലയോടും വിട ചൊല്ലി. ബത്തേരിയിൽ രണ്ട് റൂമെടുത്തു. ഇരുവരും അവരവരുടെ മുറിയിലേക്ക് പോയി.

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ പോകുന്ന അവസ്ഥ അതു പറഞ്ഞറിയിക്കാൻ പറ്റില്ല. രാത്രി ഭക്ഷണത്തിന് പുറത്ത് പോകുമ്പോൾ അവളോട് ഒരു ക്ഷമ ചോദിച്ച് പ്രശ്നം പരിക്കാമെന്ന എന്റെ പ്രതീക്ഷയും അസ്ഥാനത്താക്കി അവൾ പറഞ്ഞു, ” എനിക്ക് വിശക്കുന്നില്ല വയറു നിറയാനുള്ളത് നീ ആവശ്യത്തിന് തന്നിട്ടുണ്ടല്ലോ” ഒന്നും മിണ്ടാതെ ഭക്ഷണവും കഴിച്ചു ഞാൻ റൂമിലെത്തി.

പിറ്റേന്ന് അവളുടെ ഫോൺ വിളിയാണ് എന്നെ ഉണർത്തിയത്. “ഡാ പോകണ്ടേ ഞാൻ റെഡിയായിട്ടു നിക്കുവാട്ടോ “. പെട്ടെന്ന് തന്നെ ഞാൻ റെഡിയായി ഇറങ്ങി. ബത്തേരിക്ക് അടുത്തായി അധികമാർക്കുമറിയാത്ത ഒരു വെള്ളച്ചാട്ടത്തിലേക്ക് വണ്ടി വിട്ടു. കുറച്ചു ദൂരം നടക്കാനുണ്ട് കാടിന്റെ ഹൃദയഭാഗത്തായിട്ടാണ് ഈ സുന്ദര സ്ഥലം. മനം കുളിർപ്പിക്കുന്ന ശബ്ദഘോഷത്തോടെ ജലപാതം ഞങ്ങൾക്ക് സ്വാഗതം നല്കി. വല്യ ദൂരത്തിലല്ലാതെ ആദിവാസികുടികളും കാണാമായിരുന്നു.

ചെന്നപാടെ ഫോട്ടോ എടുക്കാനുളള തിരക്കിലായിരുന്നു ഞാൻ. കാടും കാട്ടരുവിയും ഒപ്പം അവളേയും ഞാൻ ഫ്രെയിമിലാക്കി. തണുത്ത വെള്ളത്തിൽ അവളുടെ കാലിലെ വെള്ളിക്കൊലുസുകൾക്ക് തിളക്കം കൂടി. അവൾക്കരികിലേക്ക് ഞാനും ചെന്നിരുന്നു. ഒരുപാട് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഇടറിയ ശബ്ദത്തിൽ ഞാൻ അവളോട് ക്ഷമ പറഞ്ഞു, അതു മുഴുവിപ്പിക്കുന്നതിനു മുന്നേ അവൾ എന്റെ വാ പൊത്തിയിരുന്നു.” അങ്ങനെയൊന്നും പറയരുതൂട്ടോ എനിക്ക് സങ്കടാകും” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കൂടെ അവൾ പുഞ്ചിരിക്കുന്നു. “നീ എന്റെ ജീവാംശമായി എന്റെ ഉള്ളിൽ കേറീട്ട് കുറച്ചായി, ഈ ഒറ്റയാനെ ഒന്നു മെരുക്കിയിട്ടു പറയാൻ കാത്തിരിക്കുകയായിരുന്നു.” “എന്താ ഡീ” എന്ന എന്റെ ചോദ്യത്തിന് ഒരു ചുടുചുംബനം കൊണ്ടവൾ മറുപടി പറഞ്ഞു. ” കാടും മേടും കയറി നടക്കണ ഊരുതെണ്ടിയുടെ മനസ്സിൽ ഒരുത്തിയും കേറാതിരുന്നതിന് ദൈവത്തിന് നന്ദി” ഇത്രയും പറഞ്ഞ് തണുത്ത വെള്ളം എന്റെ ദേഹത്തേക്ക് തട്ടിത്തൂകി.

വെള്ളച്ചാട്ടത്തെ സാക്ഷിയാക്കി പിണക്കങ്ങളും പരിഭവങ്ങളും ഞങ്ങൾ കാട്ടരുവിയിൽ ഒഴുക്കിക്കളഞ്ഞു. കാട്ടാനയുടെ അലർച്ച ഞങ്ങളെ തിരികെ പോകാൻ നിർബന്ധിതരാക്കി. മനസമാധാനത്തോടെ മടക്കയാത്ര ആരംഭിച്ചു. കാഴ്ച്ച ആസ്വദിച്ച് പോയതിനാൽ അച്ചുവിനോട് ഒന്നും പറയാൻ തോന്നിയില്ല. അതിന്റെ പ്രതികരണം പെട്ടെന്ന് തന്നെ കിട്ടി.”ഡാ ഇനി ഞാൻ ചേർന്നിരുന്നാൽ കുഴപ്പമുണ്ടോ” എന്നു മുഴുവിപ്പിക്കുന്നതിനു മുന്നേ അവൾ എന്നോട് ചേർന്ന് കൈകൾ വയറിനെ വരിഞ്ഞു മുറുക്കിയിരുന്നു.

അവളുടെ ചുടുനിശ്വാസം എന്റെ ചുമലിൽ തട്ടി തെറിക്കുന്നത് എനിക്കനുഭവപ്പെട്ടു.അവളുടെ ഹൃദയതാളം എനിക്കായി തുടിക്കുന്ന പോലെ തോന്നി. ഒരു കടിയും കിട്ടി.” റോഡിൽ കണ്ട പെൺകുട്ട്യോളോടൊക്ക വായിനോക്കിയതിനും സൊറ പറഞ്ഞതിനും ”. ആ സുഖമുള്ള നോവ് ഞാനും ആസ്വദിച്ച് തുടങ്ങിയിരുന്നു. കല്ലും മുള്ളും ഇട്ട് ഞാൻ അടച്ചിരുന്ന ഹൃദയ കവാടം തള്ളിത്തുറന്ന് അവൾ എന്റെ ഉള്ളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

“ഡാ നീയാണ് ഇനി എനിക്കെല്ലാം, എന്നെ സങ്കടപ്പെടുത്തരുതൂട്ടോ.” കോഴിക്കോട് ബീച്ചും മാനാഞ്ചിറ മൈതാനവും ഞങ്ങളുടെ സൊറ പറച്ചിലുകൾക്ക് വേദിയായി. പ്രണയം മൊട്ടിട്ടപ്പോൾ മുതൽ ഈ കാന്താരിപ്പെണ്ണിന്റ സൗന്ദര്യം എന്നെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു. ആ നുണക്കുഴിക്കവിളും, അജ്ഞനമെഴുതിയ മിഴികളും ഇവളാണ് വിശ്വസുന്ദരി എന്ന് എനിക്ക് തോന്നിപ്പോയ നിമിഷം. സൂര്യൻ മിഴി ചിമ്മി തുടങ്ങിയിരുന്നു.

പൗർണ്ണമി രാവിൽ വഴിവിളക്കിന്റെ പ്രഭയിൽ യാത്ര തുടർന്നു കൊണ്ടേയിരുന്നു. ബൈക്കിന്റെ കണ്ണാടിയിൽ ചന്ദ്രപ്രഭയിൽ അവളുടെ കാർകൂന്തൽ പാറിക്കളിക്കുന്നതും ആ മിഴിയിലെ തിളക്കവും പൂർണ്ണചന്ദ്രനേക്കാൾ ഭംഗി എന്റെ അച്ചുവിന് തന്നെയാണ്.ഈ സൗന്ദര്യം ഞാൻ എന്തേ കാണാതെ കാണാതെ പോയി. എന്റെ ചിന്തകൾ അങ്ങനെ കടന്നു പോയി. കിലോമീറ്ററുകൾ താണ്ടി വീടെത്തിയപ്പോഴേക്കും എന്റെ നല്ലപാതി ബൈക്കിൽനിന്നിറങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് ഓടിക്കേറി.അപ്പോഴേക്കും അമ്മായിയുടെ ശകാരം കേട്ടു തുടങ്ങിയിരുന്നു” കെട്ടിച്ചു വിടേണ്ട പെണ്ണാ ഇങ്ങനെ പെയ്തു പെറിച്ചുനടക്കുന്നത് ” ആ ശകാരത്തിനിടയിൽ അവൾ മുറിക്കുള്ളിൽ നിന്നും എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

കവർചിത്രം – ഗോകുൽ ഹരി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply