സിനിമാലോകത്തെ ഇളക്കിമറിച്ച സിൽക്ക് സ്മിതയുടെ ജീവചരിത്രം

തെന്നിന്ത്യൻ സിനിമാലോകത്തെയും പ്രേക്ഷകരെയും ഇളക്കിമറിച്ച ഒരു താരമായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിതയുടെ ജീവചരിത്രം അറിയാത്തവർക്കായാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.

ആന്ധ്രാപ്രദേശിലെ ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ 1960 ഡിസംബർ 2 നു രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു സ്മിതയുടെ യഥാർത്ഥ പേര്. കുട്ടിക്കാലത്ത് തന്നെ അച്ഛനുപേക്ഷിച്ച് പോയിരുന്നതിനാൽ അമ്മ സരസമ്മയോടും അനുജനോടുമൊപ്പമാണ് ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ വിജയലക്ഷ്മി ബാല്യകാലം ചിലവഴിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം അവൾ പഠനമുപേക്ഷിച്ചു.

അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ അനുജനേയും വിജയലക്ഷ്മിയേയും അയൽക്കാരിയായ അന്നപൂർണ്ണിമാളുടെ അടുത്താക്കും. സിനിമാ പ്രേമിയായിരുന്ന അന്നപൂർണ്ണിമാളുടെ സിനിമാക്കാഴ്ചകളാണ് വിജയലക്ഷ്മിക്ക് മദിരാശി എന്ന പട്ടണവും അവിടുത്തെ സിനിമയുടെ അത്ഭുതലോകത്തേക്കുറിച്ച് അറിയാനും അവിടെത്തിപ്പെട്ടാൽ കഷ്ടപ്പാടുകൾ മാറാൻ സാധ്യതയുണ്ട് എന്നുമൊക്കെ മനസിലാകാൻ കാരണമായത്.

വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന സ്മിതയുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം കൗമാരപ്രായത്തിൽ തന്നെ അവളെ വിവാഹം കഴിച്ചയയ്ക്കുകയുണ്ടായി. എന്നാൽ ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ താമസിയാതെ തന്നെ സ്‌മിത ഭർതൃഗ്രഹത്തിൽനിന്ന് ഓടിപ്പോകുകയും ചെയ്തു. അങ്ങനെ 1977 ൽ അന്നപൂർണ്ണിമാളുടെയൊപ്പം സ്മിത മദ്രാസിലേക്ക് വണ്ടികയറി. മദ്രാസിലെത്തിയ വിജയലക്ഷ്മി അപർണ്ണയെന്ന ബി ഗ്രേഡ് നടിയുടെ വീട്ടുജോലിക്കാരിയായും ടച്ചപ്പ് ഗേളുമായി മാറി.

1979 ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്ത “ഇണയെത്തേടി”യിലൂടെ ആണ് തന്റെ പത്തൊൻപതാം വയസ്സിൽ വിജയലക്ഷ്മി സിനിമയിലെത്തുന്നത് . പുതിയ ചിത്രത്തിനു നായികയെത്തേടി കോടമ്പാക്കത്തെത്തിയ ആന്റണി ഈസ്റ്റ്മാന് യാദൃശ്ചികമായി കണ്ട കറുത്ത് മെലിഞ്ഞ വിജയലക്ഷ്മിയുടെ ചിത്രങ്ങൾ ആദ്യം ഇഷ്ടമായില്ലെങ്കിലും പിന്നീട് അവരുടെ കണ്ണൂകളിൽ കണ്ട തീക്ഷ്ണമായ ആകർഷണവും വശ്യമായ ചിരിയുമൊക്കെ തന്റെ നായികയായി തീരുമാനിക്കാൻ കാരണമാവുകയായിരുന്നു. വിജയലക്ഷ്മിയെന്ന പേരു മാറ്റി സിനിമക്ക് വേണ്ടി സ്മിത എന്ന പേരു കൊടുത്തതും ആന്റണിയാണ്.

സംവിധായകനും നടനുമായ വിനു ചക്രവർത്തി രചിച്ച വണ്ടിചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു സ്മിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു നടിയെ വേണമെന്ന ആവശ്യവുമായി സിനിമയുടെ നിർമാതാവ് വിനു ചക്രവർത്തിയെ സമീപിച്ചിരുന്നു. ഈ സിനിമയിലേക്ക് അവസരം തേടിയെത്തിയ നിരവധി പെൺകുട്ടികളിൽ ഒരാളായിരുന്നു വിജയലക്ഷ്മി എന്ന സ്മിത. അതീവ വശ്യതയുള്ള സ്മിതയുടെ കണ്ണുകൾ അവളെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിലെത്തിയ വിജയലക്ഷ്മിയുടെ ഭാവം തന്നെ മാറി. ക്യാമറയ്ക്ക് മുന്നിൽ പ്രത്യേക ശരീരഭാഷയായിരുന്നു അവൾക്ക്. കണ്ണുകൾക്കും ശരീരഭാഷയ്ക്കും ഇത്രയും ഭംഗിയുള്ള ഒരു പെൺകുട്ടി അക്കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഇല്ലായിരുന്നു എന്നാണ് വിനു ചക്രവർത്തി അഭിപ്രായപ്പെട്ടത്.

അങ്ങനെ വണ്ടി ചക്രത്തിലേക്ക് സ്മിത തെരഞ്ഞെടുക്കപ്പെട്ടു. വണ്ടി ചക്രത്തിൽ സിൽക്ക് എന്ന ബാർ ഡാൻസറുടെ വേഷമായിരുന്നു സ്മിതക്ക്. അങ്ങനെ സ്മിത എന്ന പേരിനൊപ്പം സിൽക്കും ചേർന്നതോടെ വിജയലക്ഷ്മി ‘സിൽക്ക് സ്മിത’യായി. വണ്ടിച്ചക്രത്തിന്റെ വിജയത്തേത്തുടർന്ന് അടുത്ത മൂന്ന് വർഷങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങളിൽ സ്മിത വേഷമിട്ടു. ദക്ഷിണേന്ത്യൻ സിനിമയുടെ ആദ്യത്തെ ഗ്ലാമർ ഗേൾ എന്ന് അറിയപ്പെട്ട സ്മിതയുടെ നൃത്ത രംഗങ്ങൾക്ക് സൂപ്പർസിനിമാനടിമാരേക്കാൾ കൂടുതൽ പ്രതിഫലം ലഭ്യമായിരുന്നു. നൃത്തം പ്രൊഫഷണലായി അഭ്യസിച്ചിരുന്നില്ലെങ്കിലും ഗ്ലാമർ രംഗങ്ങളിലെ സിൽക്കിന്റെ ഡാൻസുകളും സാന്നിധ്യവും സിനിമകളുടെ വിജയങ്ങൾക്ക് അഭിവാജ്യഘടകങ്ങളായി മാറി. ‘സിൽക്ക് സിൽക്ക് സിൽക്ക്’ എന്ന് സ്മിത മൂന്ന് റോളുകളിൽ അഭിനയിച്ച സിനിമയും രംഗത്തെത്തി.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സിൽക്കിനെ പ്രശസ്തിയിലേക്കുയർത്തി. തുടർന്നുള്ള പതിനഞ്ച് വർഷത്തോളം സിൽക്ക്, തെന്നിന്ത്യൻ മസാല പടങ്ങളിൽ അഭിനയിച്ചു. ശിവാജി ഗണേശൻ, കമലഹാസൻ, രജനീകാന്ത്, ചിരഞ്ജീവി തുടങ്ങിയ മുൻനിരനായകന്മാരുടെ സിനിമകൾ പോലും സിൽക്കിന്റെ ഡേറ്റുകൾക്കൊപ്പിച്ച് ചിത്രീകരണം മാറ്റാൻ കാരണമായി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകൾകൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു. സ്ഫടികത്തിൽ സിൽക്ക് സ്മിത അഭിനയിച്ച ‘ഏഴിമല പൂഞ്ചോല’ എന്ന ഗാനം അന്നും ഇന്നും എന്നും മലയാളികളുടെ മനസിലുണ്ടാകും.

ഒടുവിൽ കോടമ്പാക്കത്തിന്റെ കറുത്ത ചരിത്രം സ്മിതയേയും ആക്രമിക്കാനെത്തി. പുതിയ ഗ്ലാമർ നർത്തകിമാരുടെ വരവ് സ്മിതയേ സിനിമാ നിർമ്മാണത്തിലേക്ക് കൂടി തിരിക്കുവാൻ കാരണക്കാരിയാക്കി. എന്നാൽ ആദ്യം നിർമ്മിച്ച രണ്ട് ചിത്രങ്ങളും വൻപരാജയങ്ങളായി മാറി. മൂന്നാമത്തെ സിനിമയിൽ രക്ഷപെടുമെന്ന് കരുതി 20 കോടിയോളം രൂപ കടത്തിലായെങ്കിലും മൂന്നാം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

‘സബാഷ്’ എന്ന ചിത്രമാണ് സ്മിതയുടേതായി അവസാനമായി റിലീസായത്. ബോക്സോഫീസിൽ കാര്യമായ ചലനങ്ങളൊന്നും അതിന് സൃഷ്ടിക്കാനായില്ല. അവസനമായി വന്ന ഓഫറുകളിലെ മിക്ക സിനിമകൾക്കും ഇതേ അവസ്ഥയായിരുന്നു. ഒരു യുവസംവിധായകൻ സ്മിതയേ വിവാഹം കഴിക്കാമെന്ന് വാക്കുപറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്ന് വാർത്തകളുണ്ട്. നെടുനാൾ കാത്തു സൂക്ഷിച്ച ഈ പ്രണയത്തിന്റെ തകർച്ചയും സ്മിതയേ നിരാശയുടെ പടുകുഴിയിലേക്കെത്തിച്ചു.

വീണ്ടും തന്റെ ആദ്യകാല ജീവിതത്തിലേക്കും പട്ടിണിയിലേക്കും ചെന്നെത്തുമോ എന്ന് സ്മിത ഭയന്നു. കടുത്ത മാനസിക സമ്മർദ്ദത്തിനടിമയായ സ്മിത മദ്യപാനത്തിന്റെ പിടിയിലേക്ക് പതിയെ വഴുതി വീണു. 1996 സെപ്റ്റംബർ 23ന് തന്റെ 35ആം വയസ്സിൽ ചെന്നെയിൽ സാലിഗ്രാമിലുള്ള തന്റെ ഫ്ലാറ്റിൽ സീലിംഗ് ഫാനിൽ സാരിക്കുരുക്കിട്ട് അവർ ആത്മഹത്യ ചെയ്തു. സിൽക്ക് സ്മിത ജീവിതം അവസാനിപ്പിച്ചത് ഞെട്ടലോടെയായിരുന്നു അന്ന് സിനിമാ ലോകം കേട്ടത്. അവരുടെ മരണത്തിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011 ൽ ഡേർട്ടി പിക്ച്ചർ എന്ന ബോളിവുഡ് ചിത്രം പുറത്തിറങ്ങുകയുണ്ടായി. ഇതിൽ വിദ്യാബാലൻ ആയിരുന്നു സിൽക്കിന്റെ റോൾ അഭിനയിച്ചത്. പേരും പ്രശസ്തിയും നല്‍കിയ സിനിമ അവര്‍ക്ക് ഏറെ സങ്കടങ്ങളും നല്‍കിയിരുന്നു. ജീവിച്ചിരുന്നപ്പോൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ല സ്മിത. മാദകറാണി എന്നതിനപ്പുറത്തേക്കൊന്നും സിൽക്ക് സ്മിതയുടെ പേര് ഉയർന്നുവന്നില്ല. ഒടുവിൽ വിഷമങ്ങളും വേദനകളുമില്ലാത്ത ലോകത്തേക്ക് സ്മിത സ്വയം യാത്രയാകുകയായിരുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply