ഗവിയിലെ കാണാകാഴ്ചകൾ 2016

ഒരുപാടു കേട്ടറിഞ്ഞതും ഓർഡിനറി മൂവി കണ്ട ഒരു അറിവുമൊക്കെ വച്ചാണു ഞങൾ ഗവിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തത്. യാത്രയ്ക്ക് ആദ്യമേ KSRTC മതി എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ഒരുപാടു യാത്രകൾ ബൈക്കിലും കാറിലും ഒകെ പോയതുകൊണ്ടാകും ഇത്തവണ ഡ്രൈവിംഗ് ഒകെ ഒന്ന് മാറ്റിവച്ചു ഒരു ചേഞ്ച്നു യാത്ര KSRTCയിൽ ആക്കിയത്.

 

തിരുവനന്തപുരം KSTRC ബസ് ഡിപ്പോയിൽ നിന്നും ഒരു ശനിയാഴ്ച ദിവസം ഉച്ച കഴിഞ്ഞു 1.40 നുള്ള പത്തനംതിട്ട AC VOLVO ബസിൽ ആണ് ഞങൾ 3 പേർ യാത്ര തിരിച്ചത്. വൈകുന്നേരം 5 മണിയോട് കൂടി ഞങൾ പത്തനംതിട്ട ബസ് ഡിപ്പോയിൽ എത്തി. ഗവിയിലേക്കുള്ള ബസ് ടൈമിംഗ്സ് ഒകെ നേരത്തെ ഞങൾ മനസിലാക്കി വച്ചിരുന്നു. ബസ് ഡിപ്പോ ക്കു അടുത്ത് തന്നെ ഞങ്ങൾക്കു താമസിക്കാൻ റൂം കിട്ടി. റൂമിൽ പോയി ഒന്ന് ഫ്രഷ് ഒകെ ആയി ഞങൾ പത്തനംതിട്ട ടൗൺ ഒക്കെ ഒന്നു കറങ്ങി വന്നു.

അടുത്ത ദിവസം രാവിലെ 5.30ഓടു കൂടി ഞങൾ സ്റ്റാൻഡിൽ എത്തി. ഗാവിയിലേക്കുള്ള ബസ് 6.30 നു തന്നെ എത്തുമെന്ന് ഇൻഫർമേഷൻ സെന്റർ നിന്നും അറിയിപ്പ് കിട്ടി. പത്തനംതിട്ട നിന്നും ചിറ്റാർ, സീതത്തോട്, ആങ്ങാമുഴി, മൂഴിയാർ, കക്കി ഡാം, ആനത്തോട് ഡാം, പമ്പ ഡാം, ഗവി, വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി കുമളിക്കു പോകുന്ന ബസ് ആണ് ഗവിയിലേക്കുള്ള ഏക KSRTC ബസ്.
ദിവസം 2 ട്രിപ്പുകളാണ് KSRTC നടത്തുന്നത്. രാവിലെ 6.30നുള്ള സർവീസ് 11 മണിക്ക് ഗവിയിൽ എത്തും. ഇതേ ബസ് കുമളി പോയി തിരിച്ചു 3.30ഓടു കുടി തിരിച്ചു ഗവിയിലെത്തും. 77 രൂപയാണ് ഗവിയിലേക്കുള്ള KSRTC ബസ് ഫെയർ. കൃത്യം 6.15 നു തന്നെ ബസ് ഡിപ്പോയിൽ എത്തി. ഞങൾ 3 പേരും ആദ്യമേ കേറി സൈഡ് സീറ്റ് ഒകെ പിടിച്ചു. കാനന ഭംഗി, ഫ്രഷ് എയർ, ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇതൊക്കെ കൊണ്ട് സൈഡ് സീറ്റ് തന്നെ അഭികാമ്യം.
6.30 ണ് തന്നെ ഞങ്ങളെയും കൊണ്ട് ആനവണ്ടി പതിയെ യാത്ര തുടങ്ങി. ആളുകൾ നന്നേ കുറവ്. ഞങ്ങളെ പോലെ ഗവി ആസ്വദിക്കാനുള്ള കുറച്ചു പേരും പിന്നെ പോകുന്ന വഴിയിലെവിടെയോ ഇറങ്ങാനുള്ള 1-2 പേരും മാത്രം. വളരെ ഫ്രണ്ട്ലി ആയിട്ടുള്ള ഡ്രൈവറും കണ്ടക്ടറും. യാത്ര നീളുകയാണ്. ഏതൊരു KSRTC ബസ് പോലെ തന്നെ പോകുന്ന വഴികളിൽ ഒകെ ഇഷ്ടം പോലെ ആൾക്കാർ ബസ് ലേക്ക് കയറി. സൺഡേ ആയതിനാൽ രാവിലെ പള്ളിയിലേക്ക് പോകുന്നവരും ഒരുപാടുണ്ട്. അവസാനം ദേ ബസ് ഇത് സൂചി കുത്താൻ സ്ഥലമില്ല എന്ന അവസ്ഥയായി.
അങ്ങാമൂഴി വരെ വേണമെങ്കിൽ ടൗൺ എന്ന് പറയാം. അവിടെ വരെ ബസിൽ നല്ല തിരക്കായിരിക്കും. ഗാവിയിലേക്കുള്ള യാത്ര പോകുന്നവർ ഭക്ഷണ സാധനങ്ങൾ എന്തേലും വാങ്ങണം എങ്കിൽ ഇവിടെ നിന്നും വാങ്ങണം എന്ന് കണ്ടക്ടർ മുന്നറിയിപ്പ് നൽകി. അങ്ങാമൂഴി കഴിഞ്ഞാൽ പിന്നെ റീസെർവ് ഫോറെസ്റ്റ് ആണ്. അവിടെ വനം വകുപ്പിന്റെ ഒരു ചെക്ക് പോസ്റ്റും ഉണ്ട്.
ബസ് പതിയെ കാടിനുള്ളിലേക്ക് പ്രവേശിച്ചു. കഷ്ടിച്ചു ഒരു ബസ്സിനു മാത്രം പോകാവുന്ന റോഡ്. ഇരു വശവും കൊടും കാട്. വശങ്ങളിലുള്ള ചെടികളും കുഞ്ഞു മരങ്ങളും ഒകെ തട്ടി മാറ്റി ആനവണ്ടി കുതിക്കുകയാണ്. സൈഡ് സീറ്റിൽ ഇരുന്നു ഉറങ്ങരുത്. ചെടികളും കുഞ്ഞു മരങ്ങളും മുഖത്തു അടിക്കാനുള്ള സാധ്യതയുണ്ട്. പോകുംതോറും കാടിന് കട്ടി കൂടി വന്നു. തണുപ്പും. വീതി കുറഞ്ഞ റോഡ്, വഴി നിറയെ അങ്ങിങ് ഗട്ടറുകൾ. വളഞ്ഞും പുളഞ്ഞും റോഡ് ഇങ്ങനെ കിടക്കുകയാണ്. നമ്മളിതെത്ര കണ്ടതാ എന്നാ മട്ടിൽ ഡ്രൈവർ അതിസാഹസികമായി ബസ് ഓടിക്കുകയാണ്.
പ്രകൃതി രമണീയമായ സ്ഥലം, നല്ല തണുപ്പ്, പോകുന്ന വഴിയിലുള്ള കാഴ്ചകൾ, ഇടതൂർന്ന കാട്, ഇടയ്ക്കിടയ്ക്ക് സൂര്യൻ നിങ്ങളെ വന്നു എത്തി നോക്കിക്കൊണ്ടിരിക്കും. റോഡിലുടനീളം ആനപ്പിണ്ടം ഒരു സാധാരണ കാഴ്ചയാണ്. അങ്ങാമൂഴി കഴിഞ്ഞാൽ മൊബൈൽ റേഞ്ച് ഇല്ല എന്ന് ആദ്യമേ ഓർമിപ്പിക്കട്ടെ. ഗവിയിലെവിടെയൊക്കെയോ BSNL റേഞ്ച് ഉണ്ട് എന്ന് ഒരു സുഹൃത്ത് വഴി അറിഞ്ഞിരുന്നു. പക്ഷെ കണ്ടെത്താൻ പാടാണ്. ഒരു തരത്തിൽ പറഞ്ഞാൽ റേഞ്ച് ഇല്ലാത്തതാണ് നല്ലത്. കാടും കാനന ഭംഗിയും ആസ്വദിക്കാൻ മൊബൈൽ ഒരു തടസമാകൻ പാടില്ല.
ശരിക്കും പറഞ്ഞാൽ ഗവിയിൽ അത്ര ഒന്നും കാണാനില്ല. ഫുഡ് പോലും കിട്ടില്ല. ഗവിക്കു 10km മുന്നേ കൊച്ചു പമ്പ എന്ന സ്ഥലത്തു KTDC യുടെ ഒരു ചെറിയ ഹോട്ടൽ ഉണ്ട്. അത്യാവശ്യം ഫുഡ് അവിടെ നിന്നും കിട്ടും. ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഗവിയിൽ ബോട്ടിംഗ് ഉണ്ടെകിലും നേരത്തെ ബുക്ക് ചെയ്യാതെ പോയാൽ നടക്കില്ല. പ്രൈവറ്റ് ഹോട്ടൽ വകയായുള്ള സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുന്നതാണ് താമസം, ഫുഡ്, സഫാരി, ബോട്ടിംഗ്. മുൻകൂട്ടി ബുക്ക് ചെയ്തു വേണം ഇ ഹോട്ടലിലേക്ക് വരാൻ.
ഒരു ദിവസത്തേക്ക് വേണ്ടി ഉള്ളതെല്ലാം ഗവിയിലുണ്ട്. ബസ്സിൽ വന്നാൽ 11 മണി മുതൽ 3.30 വരെ അത്യാവശ്യം ഫോട്ടോസ് ഒകെ എടുത്തു, കാനന ഭംഗി ഒകെ ആസ്വദിച്ച്, ചെറിയൊരു ബോട്ടിംഗ് പിന്നെ കാനന പാതയിലൂടെയുള്ള നടത്തം. പോകുന്ന വഴിക്കും വരുന്ന വഴിക്കും ബസ് 2 സ്ഥലങ്ങളിൽ 10 മിനിറ്റ് നിർത്തി തരും.
ചുരുക്കി പറഞ്ഞാൽ രാവിലെ 6.30 ന് പത്തനംതിട്ട നിന്നും കേറി വൈകുന്നേരം 7.30 ന് തിരിച്ചു പത്തനംതിട്ട എത്തുന്നതുവരെ കണ്ണുകൾക്ക് അസ്വദിക്കാനായി ഒരുപാടുണ്ട് . 11 മണിക്ക് ഗവിയിലെത്തിയാൽ തിരിച്ചു ബസ് വരുന്ന 3.30 വരെ ഉള്ള സമയം നിങ്ങൾക്ക് ഗവി, കൊച്ചു പമ്പ എന്നിവിടങ്ങളിൽ ചിലവഴിക്കാം. പോകുന്ന വഴിയിലുള്ള പുൽമേടുകൾ, കൊടുംകാട്, ഡാം വ്യൂ, മൊട്ടകുന്നുകൾ, ഈറ്റ കാടുകൾ, ഫ്രഷ് എയർ.. ഇതൊക്കെയാണ് ഗവി യാത്ര നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഗവിയിൽ നിങ്ങൾ ബസ് ഇറങ്ങിയാൽ തിരിച്ചു കൊച്ചുപമ്പ വരാൻ ജീപ്പ് ആണ് ഏക ആശ്രയം.
മുന്നറിയിപ്പ്:
1) അത്യാവശ്യം അല്ലേ അല്പം കൂടുതൽ ഫുഡ്, വെള്ളം എന്നിവ കരുതുക. പത്തനത്തിട്ട നിന്നോ അങ്ങാമൂഴി നിന്നോ നിങ്ങൾക്കത് വാങ്ങാം.
2) ബൈക്ക് യാത്ര അനുവദനീയമല്ല. അഥവാ ബൈക്കിൽ വന്നാൽ അങ്ങാമൂഴി ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വച്ച് ബസിൽ തന്നെ പോകേണ്ടി വരും.
3) പ്രൈവറ്റ് വാഹനങ്ങൾ രാവിലെ 9 മണി മുതൽ കടത്തിവിടും. റോഡ് വലിയ കുഴപ്പമില്ല. എന്നാലും അൽപ്പം ഗ്രൗണ്ട് സ്പേസ് ഉള്ള വാഹനങ്ങൾ ആണ് നല്ലത്.
അപ്പോ ഇതൊക്കെ ആണ് ഗവി. ഈ ഉള്ളത് കൊണ്ടൊക്കെ തൃപ്തിപ്പെടാവുന്നവർക്ക് ധൈര്യമായി ഗവിക്കു ടിക്കറ്റെടുക്കാം. ആശംസകൾ നേരുന്നു.
 
© Rakesh R Unni

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply