ദാരാപ് താഴ്‌വരയുടെ സൗന്ദര്യം തേടിയൊരു യാത്ര..

യാത്ര.. അതൊരു മരുന്നാണ്.. മനസ്സിൽ ഉണ്ടാവുന്ന കൊച്ചുകൊച്ചു മുറിവുകൾക്കുള്ള ഒറ്റമൂലി.. ശനിയാഴ്ച രാവിലെ തന്നെ അസ്വസ്ഥമായ മനസുമായി ഹോസ്പിറ്റലിൽ ഇരിക്കുമ്പോഴാണ് എടുക്കാതെ ബാക്കി കിടക്കുന്ന ലീവിനെക്കുറിച്ചു ഓർത്തത്.. പിന്നൊന്നും ആലോചിച്ചില്ല.. നേരെ ഗാങ്ടോക്കിലെ ചങ്ക് വിശാൽ ഭായിക്ക് ഒരു കാൾ.. “ഭായ് ഞാൻ ഞായറാഴ്ച രാവിലെ ഗാങ്ടോക്ക് എത്തും.. നോർത്ത് സിക്കിമിലേക്കുള്ള പെർമിറ്റ്‌ റെഡി ആക്കിക്കോളൂ.. ” കേട്ടപ്പോൾ ആശാനും ഹാപ്പി.. കാരണം കഴിഞ്ഞ വട്ടം ഞങ്ങൾ പ്ലാൻ ചെയ്തിട്ട് അവസാനനിമിഷം ഉപേക്ഷിക്കേണ്ടിവന്ന യാത്രയായിരുന്നു അത്..

പുള്ളിയെ വിളിച്ചതിനു ശേഷം ബംഗാളിലെ മലയാളി സുഹൃത്ത് രാജേഷ് ഏട്ടനും ഒരു കോൾ.. സിലിഗുരിക്കുള്ള ടിക്കറ്റിനു വേണ്ടി.. അങ്ങനെ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അസൻസോളിൽ നിന്നും സിലിഗുരിക്ക് പോകുന്ന ‘ഗുരുനാനാക്’ ബസിൽ മൂന്നാം നമ്പർ സീറ്റും എനിക്ക് സ്വന്തം.. ഞാൻ കുറച്ചായി സ്ഥിരം യാത്ര ചെയ്യാറുള്ള വണ്ടി ആയതുകൊണ്ട് ജീവനക്കാരുമായി അത്യാവശ്യം പരിചയം ആയിരുന്നു.. ആ പരിചയം മുതലെടുത്തുകൊണ്ട് രാത്രി ആയപ്പോൾ ഞാൻ മെല്ലെ ഡ്രൈവർ ക്യാബിനിലേക്ക് കടന്നു.. രാത്രി ഡ്രൈവിങ്ങിന്റെ ഭീകരതയും ത്രില്ലിങ്ങും അറിയണമെങ്കിൽ ഇവിടെ ഇതാ ഇങ്ങനെ ഇരിക്കണം..

എയർ റ്റയിറ്റ് ഡോറിനുള്ളിൽ പുഷ്ബാക്ക് സീറ്റിൽ മലർന്നുകിടന്നാൽ കിട്ടുന്ന ‘ടൂറിസ്റ്റ് ‘ ഫീലിംഗിനെക്കാൾ എനിക്കെന്നുമിഷ്ടം ഡ്രൈവർ ക്യാബിനിൽ ഇരുന്നു പോറൽ വീണ ഫ്രണ്ട് ഗ്ലാസ്സിലൂടെ കാണുന്ന രാത്രിക്കാഴ്ചകളായിരുന്നു.. ഡ്രൈവർ ബാബു ഭായ് പതിവുപോലെതന്നെ വാക്ക് പാലിച്ചു.. പറഞ്ഞതിനേക്കാൾ അരമണിക്കൂർ മുന്നേ സിലിഗുരി.. സിലിഗുരി ഇറങ്ങി വിശാൽ ഭായിക്ക് ഒരു ഫോൺ.. അതായിരുന്നു ഈ യാത്രയിലെ ടേണിങ് പോയിന്റ്.. ഗാങ്ടോക്കിലെ പ്രധാന ടൂർ ഓപ്പറേറ്റർമാരിൽ ഒരാളാണ് വിശാൽ ഭായ്..

ഫോൺ ചെയ്തപ്പോളാണ് വിശാൽ ഭായ് സങ്കടത്തോടെ ഈ വാർത്ത പറഞ്ഞത്. ഇറ്റലിയിൽ നിന്നും വന്ന കുറച്ചു സഞ്ചാരികളുടെ കൂടെ വിശാൽ ഭായ് ഒരു യാത്ര പോവുകയാണ്.. തിരിച്ചെത്താൻ മൂന്ന് ദിവസം എടുക്കുമത്രേ.. എന്നോട് കടയിൽ വന്നു അങ്ങേരുടെ റൂമിന്റെ കീയും എടുത്തു റൂമിൽ പോയി താമസിച്ചോളാൻ പറഞ്ഞു..
പക്ഷേ അത്രയും ലീവ് കൈവശം ഇല്ലാത്തതിനാൽ പിന്നീട് ഒരിക്കൽ വരാം എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു..

സങ്കടത്തോടെ സിക്കിം മാപ്പിൽ വെറുതെ പരാതിക്കൊണ്ടിരുന്നപ്പോളാണ് ഇത്തിരി മാറി കിടക്കുന്ന പെല്ലിംഗ്‌ കണ്ണിൽ പെട്ടന്ന്.. പെല്ലിങ്ങിനെക്കുറിച്ചു മുൻപ് കേട്ടിട്ടുണ്ടായിരുന്നു എന്നതൊഴിച്ചാൽ കാര്യമായ ഐഡിയ ഇല്ല.. ഗൂഗിൾ.. അങ്ങനെയാണ് പെല്ലിങ്ങിനോട് ചേർന്ന് കിടന്നുറങ്ങുന്ന ആ സുന്ദരിയെക്കുറിച്ചു വായിച്ചത്.. #Darap_valley.. പിന്നൊന്നും നോക്കിയില്ല.. നടന്നു നേരെ സിക്കിം നാഷണൽ ടൂറിസം ബസ്സ്റ്റാൻഡിലേക്ക്.. പെല്ലിങിലേക്ക് ഒരു ദിവസം ഒരേ ഒരു ബസ് മാത്രമേ ഉള്ളൂ.. രാവിലെ 10. 30 ന് .. ഏതാണ്ട് 6 മണിക്കൂർ എടുക്കുന്ന യാത്ര.. (കാലാവസ്ഥ അനുസരിച്ചു അതിലും കൂടാറുണ്ട് മിക്കപ്പോഴും.. ).

ടിക്കറ്റ് എടുത്തു.. പലവിധ സാധനങ്ങൾ ബസിന് മുകളിൽ കയറ്റുന്ന തിരക്കിലാണ് ഡ്രൈവറും കണ്ടക്ടറും.. മെല്ലെ തഞ്ചം നോക്കി ഒരു പരിചയപ്പെടൽ.. ലക്ഷ്യം ബസിലെ ഹോട്ട് സീറ്റ്‌ ആണ്.. അതുകിട്ടാൻവേണ്ടി നമ്മൾ എന്തും ചെയ്യും.. നല്ല വൃത്തിക്ക് തള്ളേണ്ടിവന്നു കണ്ടക്ടറോട്.. ഫലമോ മുന്നിൽ തന്നെയുള്ള ഹോട് സീറ്റും.. കൃത്യം 10. 30 നു തന്നെ ഡ്രൈവർ ബസ് എടുത്തു.. സിലിഗുരിയുടെ തിരക്കിലൂടെ ബസ് മെല്ലെ നീങ്ങി.. ടീസ്റ്റ മാർക്കറ്റ് വരെ എന്റെ പതിവ് വഴി തന്നാണ്.. മാർക്കറ്റിൽ നിന്നും വഴി രണ്ടായി പിരിയുന്നു.. ഒന്ന് ഗാങ്ടോക്കിലെക്കും മറ്റൊന്ന് പെല്ലിങിലേക്കും

ഇവയാണ് ബസ് കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ..: മല്ലഗുരി-ബംഗാൾ സഫാരി ഏരിയ- ടിസ്റ്റാ ബസാർ- മെല്ലി- കിതം വന്യജീവി സങ്കേതം- നയാ ബസാർ-ജോർത്തങ്-സിസ്‌നി- മബോങ്- മിയോങ്- മയോങ്-ഗ്യാൽഷിങ്- ലെഗ്‌ഷിപ്-യാങ് ടെയ്- സക്യോങ്‌-പെല്ലിംഗ്‌ -പെല്ലിങ് സിറ്റി.. തുടക്കത്തിൽ അത്യാവശ്യം നിലവാരം ഉണ്ടായിരുന്ന വഴി പിന്നീട് മോശമാവാൻ തുടങ്ങി.. ചൂടും തണുപ്പും കലർന്ന സമ്മിശ്ര കാലാവസ്ഥ.. ബസ് മുടിപ്പിൻ വളവുകൾ ഓരോന്നായി കീഴടക്കിക്കൊണ്ടിരുന്നു.. ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും റോഡുകളെ ഓർമ്മിപ്പിക്കുന്ന വഴി..

യാത്രക്കാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.. റോഡിപണിമൂലം പലയിടത്തും ചെറിയ തോതിൽ ബ്ലോക്ക്‌ ഉണ്ടായിരുന്നതിനാൽ പറഞ്ഞതിലും ഇത്തിരി വൈകിയാണ് ബസ് പെല്ലിങ്ങിൽ എത്തിയത്.. വൈകുന്നേരം 4 മണിയായപ്പോളേക്കും വഴികളിൽ ഇരുട്ട് പരന്നിരുന്നു.. ഏതാണ്ട് 6 മണിയോടടുപ്പിച്ചു ബസ് പെല്ലിങ്ങിൽ എത്തി.. രാവിലെ 10. 30 നു തുടങ്ങിയ യാത്രയാണ്..

യാതൊരു മുൻപരിചയവും ഇല്ലാത്ത സ്ഥലം.. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാവണം ഡ്രൈവർ ബസ് ഒതുക്കിയിട്ട് ഇറങ്ങി വന്നു.. അയാൾ തന്നെയാണ് 200 രൂപയ്ക്ക് മുറി കിട്ടുന്ന വീട്ടിലേക്കുള്ള വഴിയും കാണിച്ചു തന്നത്.. ഒരു മുത്തശ്ശിയും അവരുടെ മക്കളുമാണ് നടത്തിപ്പുകാർ.. ഓഫ്‌ സീസൺ ആയതുകൊണ്ടുതന്നെ എല്ലാ മുറികളും കാലിയാണ്.. മുത്തശ്ശി മുറികാണിച്ചുതന്നു.. ചെറുതാണെങ്കിലും വൃത്തിയുള്ള മുറി.. ഇനിയുള്ള മൂന്ന് ദിവസം ഇവിടെത്തന്നെ.. മനസ്സിലുറപ്പിച്ചു.. സാധനങ്ങൾ എല്ലാം ഒതുക്കിയതിനുശേഷം ചൂടുവെള്ളത്തിൽ ഒരു കുളിയും പാസാക്കി മെല്ലെ നടക്കാനിറങ്ങി..

വലിയ ഒച്ചപ്പാടും ബഹളവുമില്ലാത്ത ഒരു കൊച്ചുഗ്രാമം.. കൂടുതലും ഹോട്ടലുകളാണ്.. ഇപ്പോൾ സഞ്ചാരികൾ ഇല്ലാത്തതിനാൽ തീർത്തും ഗ്രാമം ഉറക്കത്തിലാണെന്ന് പറയാം.. നടത്തത്തിനു ശേഷം ഭക്ഷണവും കഴിച്ചിട്ടാണ് മുറിയിൽ എത്തിയത്… പർവത ഗ്രാമങ്ങളിലെല്ലാം കടകൾ നേരത്തെ അടയ്ക്കും എന്നുള്ളതിനാൽ രാത്രിക്കത്തേക്കുള്ള മോമോസും പാർസൽ വാങ്ങിയിരുന്നു..

വളരെ പെട്ടെന്നാണ് തണുപ്പ് കൂടിയത്.. റൂമിലെ കമ്പളികൾക്കും ചെറുത്തുനിൽക്കാനാവാത്ത തണുപ്പ്.. കൂടെ ചെറുതായി പെയ്യുന്ന മഴയും.. ഞാൻ മെല്ലെ സ്ലീപ്പിങ് ബാഗിലേക്ക് നൂണ്ടുകയറി.. സിക്കിമിനെ ചുറ്റിപറ്റി ഒരുപാട് പ്രേതകഥകൾ കേട്ടിട്ടുണ്ട്.. ആഭിചാരം വളരെ നന്നായി നടക്കുന്ന, ഒരുപാട് അന്ധവിശ്വാസങ്ങളും രഹസ്യങ്ങളും ഉറങ്ങുന്ന മണ്ണാണിത്.. മാത്രവുമല്ല ബാക്കി റൂമുകളെല്ലാം കാലിയും.. മൂന്ന് ദിവസവും ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ്‌ ചെയ്തിരുന്നില്ല..

#ദിവസം_1 രാവിലെ തന്നെ എണീറ്റു.. (തണുപ്പ് കാരണമാണ് കേട്ടോ ). ഇന്ന് പോകാൻ ഉദ്ദേശിച്ചത് Darap വില്ലേജിലേക്കാണ്.. പെല്ലിങ്ങിൽ നിന്നും ഏതാണ്ട് 7 കിലോമീറ്റർ മാറി അധികമാരുടെയും കണ്ണിൽപെടാതെ കിടക്കുന്ന സ്വർഗതാഴ്വരയാണ് ദരപ് വാലി.. ഈ ഗ്രാമത്തിലൂടെയാണ് റിമ്പി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി പോകുന്നത്. എല്ലാം കൂടി ഒരു വശത്തേക്ക് ഏതാണ്ട് 13-14 കിലോമീറ്റർ വരും.. ടാക്സി സ്റ്റാൻഡിൽ ചോദിച്ചപ്പോൾ പ്രതീക്ഷിച്ചതുപോലെ പ്രതീക്ഷിച്ചതുപോലെ തന്നെ.. നല്ല കത്തി.. അവരോടു ഒരു സലാമും പറഞ്ഞു നടക്കാൻ തുടങ്ങി..

അപ്പർ പെല്ലിംഗ്‌, ലോവർ പെല്ലിംഗ്‌.. പിന്നീടങ്ങോട്ട് വഴി നീണ്ടുകിടക്കുകയാണ്… എവിടെ നോക്കിയാലും മുളങ്ങൂട്ടങ്ങൾ.. മുളകളുടെ താഴ്വരയാണിത്.. കോടമഞ്ഞു പുതച്ചുനിൽക്കുന്ന മലഞ്ചരിവുകൾ.. അരിച്ചുകയറുന്ന തണുപ്പ്.. മഞ്ഞുതുള്ളികൾക്കിടയിലൂടെ ഇടയ്ക്ക് അരിച്ചിറങ്ങുന്ന സൂര്യരശ്മികൾ.. ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ പ്രഭാതങ്ങളിൽ ഒന്ന്.. സ്കൂളുകളിലേക്ക് പോവുന്ന കുട്ടികൾ.. പണിക്ക് പോവുന്ന മുതിർന്നവർ..
സിക്കിമിന്റെ കാണാക്കാഴ്ചകളിലൂടെ മഞ്ഞുത്തുള്ളികളുടെ കൂടെ ഒരു നടത്തം.. ഏതാണ്ട് 2 മണിക്കൂറിൽ കൂടുതൽ എടുത്തു ദാരാപ് താഴ്‌വരയിൽ എത്താൻ..

വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആവാത്ത ഭംഗി.. നിറഞ്ഞ പച്ചപ്പ്‌.. വൃത്തിയുള്ള ഗ്രാമം.. മുളകൾ കൊണ്ട് പണിത വീടുകൾ.. കുറച്ചു സമയം ഗ്രാമക്കാഴ്ചകളിലൂടെ കറങ്ങി നടന്നു.. ഇടയ്ക്ക് സമയം നോക്കിയപ്പോളാണ് രാവിലെ ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തത്.. നേരെ കണ്ട ചെറിയ ഹോട്ടലിലേക്ക് കയറി. ചൂടു കട്ടൻചായയും രണ്ടര പ്ലേറ്റ് മോമോസും.. സംഗതി കുശാൽ. വീണ്ടും നടത്തം.. റിമ്പി വെള്ളച്ചാട്ടം ആണ് ലക്ഷ്യം.. ഏതാണ്ട് 5-6 കിലോമീറ്റർ..

വഴികളിൽ നിറയെ പ്രകൃതിയുടെ നിറക്കൂട്ടുകൾ.. വെള്ളച്ചാട്ടത്തിന്റെ ഭംഗിയിൽ മയങ്ങി കുറച്ച് നേരത്തെ വിശ്രമം.. നേരം ഇരുളുന്നതിനുമുന്നെ തിരിച്ചെത്തണം എന്ന കണക്കുകൂട്ടലിൽ മടക്കയാത്ര ആരംഭിച്ചു.. മെല്ലെ മെല്ലെ കൂടിവരുന്ന തണുപ്പും മഴ പെയ്യാൻ വെമ്പി നിൽക്കുന്ന ആകാശവും മടുത്തിരുന്നിട്ടുകൂടി നടത്തത്തിന്റെ വേഗം കൂട്ടി.. തിരികെ റൂമിലെത്തിയപ്പോളേക്കും നന്നായി തളർന്നിരുന്നു.. കാലുകളിൽ നല്ല വേദനയും.. വേഗം തന്നെ ഭക്ഷണം കഴിച്ചു കിടന്നതേ ഓര്മയുണ്ടായിരുന്നുള്ളൂ..

#ദിവസം_2 – തലേന്നത്തെ ക്ഷീണം കാരണം താമസിച്ചാണ് എഴുന്നേറ്റത്.. കാലിന്റെ വേദന ചെറുതായി കുറഞ്ഞിരിക്കുന്നു.. ഇന്നും നടക്കാതിരുന്നാൽ നാളെ കാലിനു പണികിട്ടും എന്നുറപ്പ്. മാപ്പിൽ അടുത്തുള്ള സ്ഥലങ്ങൾ പരതാൻ തുടങ്ങി.. ഒന്ന് രണ്ടു മൊണാസ്ട്രികൾ ഉണ്ട് അടുത്തായി.. ഇന്നിനി അവിടേക്ക് തന്നെ.. ഉറപ്പിച്ചു..
കാരണം വലിയ ദൂരത്തിലല്ല.. ഏതാണ്ട് ഒരു മണിക്കൂർ നടന്നാൽ മതി..

മാഗിയും കട്ടനും അടിച്ച് ജാക്കറ്റുമെടുത്ത് ഇറങ്ങി.. ഇന്ന് കാലാവസ്ഥ ചെറിയ മാറ്റമുണ്ട്.. തണുപ്പ് ഇന്നലത്തേക്കാളും കുറവാണ്.. രണ്ടു കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോളേ ദൂരെ മലയുടെ മുകളിലായി മൊണാസ്റ്ററി കണ്ടുതുടങ്ങി.. കുത്തനെയുള്ള കയറ്റമാണ്.. നടന്നും ഇരുന്നും മെല്ലെ കയറിക്കൊണ്ടിരുന്നു.. ഇടയ്ക്ക് മലയിറങ്ങി വരുന്ന ചില ലാമകളും പണിക്കാരുമൊഴിച്ചാൽ വഴി വിജനമായിരുന്നു.. അത്യാവശ്യം ചൂട് ആയി ശരീരം.. വഴികൾക്കിരുവശവും തണൽ വിരിച്ചു നിൽക്കുന്ന ദേവദാരു മരങ്ങൾ.. താഴെ പൊട്ടുപോലെ കാണുന്ന പെല്ലിംഗ്‌, സമീപ പ്രദേശങ്ങളും..

മനോഹരമായ അന്തരീക്ഷം.. തണുത്ത കാറ്റ്.. മൊണാസ്ട്രിയിലേക്ക് അടുത്തുകൊണ്ടിരുന്നു.. ചെറുതെങ്കിലും സുന്ദരമായ മൊണാസ്ട്രി.. ഒരുഭാഗത്ത് വലിയൊരു പ്രതിമയുടെ നിർമാണം നടക്കുന്നു.. നേപ്പാളിൽ നിന്നുള്ളവരാണ് പണിക്കാർ.. അതിനൊരു വശത്തുകൂടെ കാട്ടിലേക്ക് നീണ്ടുകിടക്കുന്ന നടപ്പാത.. ആ നടപ്പാത ഉൾക്കാട്ടിലേക്കാണ് നീളുന്നത്.. ഏതാണ്ട് മൂന്നു മണിക്കൂർ നടന്നാൽ കാട്ടിനുള്ളിലെ ഏതോ രാഞ്ജിയുടെ അമ്പലത്തിൽ എത്താമത്രെ..
സാഹസത്തിനു മുതിർന്നില്ല.. മെല്ലെ മലയിറങ്ങാൻ തുടങ്ങി… തിരിച്ചു പെല്ലിങ്ങിൽ.. ഭക്ഷണത്തിനു ശേഷം വീണ്ടും ഒരു നടത്തം..അവസാനത്തെ കാഴ്ചകളിലൂടെ.. നാളെ രാവിലെ മടക്കം..

#ദിവസം_3 –  ഇന്നും നല്ല തണുപ്പുണ്ട്.. രാവിലെ 7.00 മണിക്കാണ് ബസ്.. ഇങ്ങോട്ട് വന്ന അതേ ബസും ജീവനക്കാരുമാണ്.. രാവിലെ എണീറ്റു ഒരു ചായയും കുടിച്ചു മുത്തശ്ശിയോട് യാത്രയും പറഞ്ഞു ബസ് സ്റ്റോപ്പിലേക്ക്.. 6.45 ആയപ്പോളേ ബസ് വന്നു.. ചിരിയിലൂടെ ഡ്രൈവറും കണ്ടക്ടറും പരിചയം പുതുക്കി.. ഇത്തവണ ചോദിക്കാതെതന്നെ കണ്ടക്ടർ ഹോട് സീറ്റ്‌ എനിക്ക് തന്നു.. ആ തണുപ്പിലൂടെ, മഞ്ഞിനെ വകഞ്ഞുമാറ്റിക്കൊണ്ട് ബസ് മലയിറങ്ങാൻ തുടങ്ങി..

ഇനിയും വരണം.. കാണാക്കാഴ്ചകൾ ഒരുപാടുണ്ട് ഈ താഴ്‌വരയിൽ.. യാത്രയിൽ പലവിധത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി.. മാഗിയുണ്ടാക്കിത്തന്ന ചേച്ചിക്കും, ഹോട് സീറ്റ്‌ തന്ന കണ്ടക്ടർക്കും ഒരുപാട് സഹായിച്ച ഡ്രൈവർക്കും.. എല്ലാവരും മനസിലുണ്ട്.

വിവരണം – ജിതിന്‍ ജോഷി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply