താമരശ്ശേരി ചുരത്തിലൂടെ ഏകാന്തനായി ഒരു മഴ നടത്തം..

വിവരണം – Abdul Vahid.  ചിത്രങ്ങൾ – Dhaneesh Chandran, Sudhy SJ, Abdul Vahid and other respected owners.

താമരശ്ശേരി ചൊരം പണ്ടേ ഞമ്മളെ മനസ്സില് കേറിക്കൂടിനി . അത് കൊറേ മുമ്പുള്ള കഥയാ.. ഞാൻ 6 ലും 7 ലും ഒക്കെ പഠിക്കുന്ന കാലം , അന്ന് ഞമ്മളെ ചെങ്ങായിമാരൊക്കെ ഓലെ വീട്ടാരപ്പം ചൊരത്തിൽ പോയി വന്നാല് അയിനെ പറ്റി ഇങ്ങനെ ഞമ്മളോട് പറയും , ഞമ്മക്കാണെങ്കീ അതൊക്കെ കേട്ടിട്ട് ഹരം ങ്ങനെ പിടിക്കും. അതൊടപ്പം സങ്കടോം വരും. ഞമ്മളെയൊന്നും ആരും അങ്ങോട്ട് കൊണ്ടോയില്ലല്ലോ എന്നോർത്ത് . അന്നേ ഞാൻ ഒറപ്പിച്ചതാ ഒരീസം ഞമ്മളും അങ്ങോട്ട് പോവും എന്ന്. താമരശ്ശേരി ചൊരം ന്നാല് ഒരു ‘S’ അട്ടിക്കട്ടിക്ക് വെച്ച മായിരി ആയിരിക്കും, അത് നടക്കാൻ മാത്രള്ള ദൂരം ഒള്ളൂ എന്നൊക്കെയായിരുന്നു ഞാൻ അന്ന് വിചാരിച്ചിരുന്നെ .

പക്ഷെ സംഗതി ചൊരത്തിന്റെ കെടപ്പ് ആദ്യായിട്ട് വയാനാട്ടീക്ക് KSRTC യിൽ പോയപ്പളല്ലേ മനസ്സിലായെ , ചൊരം 10-13 km ഉണ്ടെന്നും അതങ്ങനെ വളഞ്ഞും പുളഞ്ഞും കാട്ടിനുള്ളിലൂടെയുമൊക്കെയായി അങ്ങനെ നീണ്ട ഒരു സാധനം ആണെന്ന് അപ്പളാ മനസ്സിലായെ. പക്ഷെ കണ്ടപ്പത്തന്നെ ഞമ്മക്ക് അയിനെ പെരുത്ത് ഇഷ്ടായിനി . ചൊരത്തിലൂടെ നടന്ന് പോയാൽ മാത്രമേ എല്ലാ കാഴ്ചയും കാണാൻ കഴിയൂ എന്ന് അന്നെനിക്ക് മനസ്സിലായി. അന്നേ വിചാരിച്ചതാ ചോരത്തിലൂടെ ഒന്ന് നടന്ന് ഫുൾ കാഴ്ചകളും കാണണംന്ന്. പക്ഷെ വിചാരിച്ചതല്ലാതെ അയിനൊട്ടുള്ള ഭാഗ്യം മ്മക്ക് കിട്ടീട്ടും ഇല്ല.

അങ്ങനെ കാലം കടന്നു പോയി. മ്മളെ ശരീരം ഒക്കെ ഫുൾ സൈസ് ആയി. ( ഞെട്ടണ്ട , ജിമ്മിൽ പോയി size ആയതല്ല. പള്ള നെറച്ച് ചോറ് തിന്നു ശരീരം size ആയതാ , വേറൊരർത്തത്തിൽ തടി വെച്ചു എന്നും പറയാം , ഏത് 😁 )
അങ്ങനെ ഇരിക്ക്ണ ഇടയിൽ ആണ് ഒരാളുടെ യാത്രാ വിവരണം വായിക്കുന്നത്. . അത് വായിച്ചപ്പോ ഞമ്മളെ പണ്ടത്തെ ആ മോഹം വീണ്ടും ഒറക്കത്തിൽ നിന്ന് എണീറ്റു ( ഏത് , ചുരത്തിലൂടെ ഉള്ള കാൽനട യാത്രതന്നേ ) . ഓൻ ഇത്ത്ര കാലം ഔടെ ഒറങ്ങി കെടക്കുവായിരുന്നു.

“എന്തേ ഇപ്പം എണീറ്റേ എന്ന് ചോയ്ച്ചു ” “അല്ല വാഹിദേ ഓന് ചൊരം മൊത്തം നടക്കാൻ കഴിഞ്ഞങ്കിൽ എന്തുകൊണ്ട് അൻക്കും പറ്റൂല ?” “ഹേ മിഷ്ട്ടർ , താനെന്താടോ ഈ പറയുന്നേ , അത് ഓൻ , ഇത് ഞാൻ . ഓന് കഴിയും . പക്ഷെ ഇച്ഛ് കയ്യൂല.” ” അതെന്താ അനക്ക് കഴിയാത്തെ ? ഓന് 2 കാലുണ്ട് , അനക്കും അതേപോലെ 2 കാലുണ്ട് , പിന്നെത്താ പ്രശ്നം ? ” ” അതല്ല മിഷ്ട്ടർ , എന്റെ പ്രശ്നം അനക്ക് അറീല്ലേ , ഞാൻ വേം കൊഴങ്ങും , ഇന്നാള് ഞമ്മള് ഇടക്കൽ ഗുഹ കാണാൻ കേറിയപ്പോ തന്നെ ഇന്റെ അവസ്ഥ അനക്ക് മനസ്സിലായില്ലേ , അന്ന് ആ steps കേറിയതിന്റെ ക്ഷീണം ഞാൻ ഇപ്പളും ഓർക്കുന്നുണ്ട് , കാല് മടക്കി ചൗട്ടി ആകെ കൊയങ്ങി ഒരു അൽക്കുൽത്ത് അവസ്ഥയിലാ അന്ന് മോളിൽ എത്തിയെ , അങ്ങനെയുള്ള എനിക്കെങ്ങനെ ആ ചൊരം മൊത്തം നടന്ന് കേറാൻ കഴിയും മിഷ്ട്ടർ ? ” ” അയിനൊരു ഐഡിയ ഉണ്ട് , ഇജ്ജ് കൊഴങ്ങാതെ ഇരിക്കാനുള്ള ഒരൈഡിയ ” ” എന്ത് ഐഡിയ ” ” ഇജ്ജ് ബസ്സിൽ നേരെ ലക്കിടിയിൽ പോയി ഇറങ്ങുക , എന്നിട്ട് ഔട്ന്ന് അടിവാരത്തേക്ക് ഇറക്കം ഇറങ്ങുക , അങ്ങാനാവുമ്പോ ഇജ്ജ് അധികം കൊയങ്ങൂല , അൻക്ക് കൊയങ്ങാതെ എല്ലാ കാഴ്ചകളും കാണാൻ കഴിയും ചെയ്യും , എപ്പടി ? ” ” അത് കൊള്ളാല്ലോ , ഇയ്യു മുത്താടാ 😘😘 , അങ്ങനാവുമ്പോ ഇച്ഛ് എല്ലാ കാഴ്ചയും ആസ്വദിച്ചു കാണാൻ കഴിയും ല്ലേ , എന്നാ ഈ ഞായറായ്ച്ച ( 17/9/2017 ) തന്നെ പോയേക്കാം.

ശനിയായിച്ച ആയപ്പോ തന്നെ ഭയങ്കര മഴ , ആഹാ , ഈ മഴ നാളെക്കൂടി ഉണ്ടേൽ പൊളിക്കും , മഴയത്ത് ആസ്വദിച്ഛ് ഒരു നടത്തം . ആ ഹ ഹ ഹ , പൊളിക്കും ട്ടോ . ഏതായാലും ചെങ്ങായിമാർ ചുരം മൊത്തം നടക്കാൻ കൂടെ പൊരുമോ എന്ന് തോന്ന്ണില്ല , നടക്കാ എന്ന് പറഞ്ഞാൽ അനെക്കെത്താ പ്രാന്ത് ഉണ്ടോ അത് മൊത്തം നടക്കാൻ എന്ന് അവർ ചോയ്ക്കിണനേക്കാളും നല്ലത് ആരോടും പറയാതെ പോവണതാ , അല്ലേലും ഒറ്റക്ക് പോവുന്നതിന്റെ റങ്ക് ഒന്നു വേറെത്തന്നെയാ , ഒറ്റക്ക് നടക്കുമ്പോ മഴ കൂടി കൂടെ നടക്കാൻ പോന്നാൽ , വാഹ് , കിടുവെ ആവും , ഓർത്തപ്പോ തന്നെ മനസ്സിൽ ഒരു കുരിള് , സോറി കുളിര് . ശനി വൈകുന്നേരം ആയപ്പോ ബോസ്സ് വിളിക്കുന്നു. ” എനിക്ക് തിങ്കൾ ഓഫീസിൽ വരാൻ കഴിയില്ല . അതോണ്ട് തിങ്കളാഴ്ച അർജെന്റ് ആയി ചെയ്യേണ്ട ഒരു വർക് ഉണ്ട് . ഇയ്യ്‌ നാളെ ഒരു 10 മണി ആവുമ്പോ മാവൂരിൽ വാ , ഞാൻ അവിടെ ഉണ്ടാവും .അവിടുന്ന് ബിൽഡിങ്ങിന്റെ മോഡൽ ഞാൻ കാണിച്ചു തരാം എന്ന് മൂപ്പര് പറഞ്ഞു.” ശെടാ ഇനിപ്പൊ ന്താ ചെയ്യാ ? രാവിലെ തന്നെ ചൊരം കയറാൻ വേണ്ടി പോവാൻ തീരുമാനിച്ചിരുന്നു.. ഇനി പ്പോ രാവിലെയുള്ള പോക്ക് നടക്കൂല , ഹാ ഏതായാലും മാവൂർ പോയി വന്നിട്ട് പോവാം . ഇപ്പൊ പോയില്ലേൽ പിന്നെ ഒരു ചാൻസ് കിട്ടീ എന്ന് വരില്ല .

രാവിലെ തന്നെ പൊരിഞ്ഞ മഴ . ആഹാ ബെസ്റ്റ് ടൈം. വേം കുളിച്ചു മാറ്റി ഒരു ബാഗും എടുത്ത് ( അതല്ലേലും അങ്ങാനാ , ഒട്ക്ക് പോവുമ്പളും ബേഗ് എടുക്കും . അപ്പളെ അയിന് ഒരു ഗമ്മ്‌ കിട്ടൊള്ളു ) ബേഗിൽ ഒരു കുടയും എടുത്ത് മഴ ഒന്ന് കുറച്ച് നേരത്തേക്ക് ക്ഷമിച്ചപ്പോൾ വേം ബൈക്കിൽ കയറി മാവൂർക്ക് വിട്ടു. എളമരം വഴി ജങ്കാറിൽ ചാലിയാർ പൊഴ കടന്നപ്പോ തന്നെ വീണ്ടും മഴ വന്നു . ഒരു രക്ഷേം ഇല്ലാത്ത മഴ , ചാലിയാറോക്കെ കര കവിഞ്ഞു ഒഴിക്കുന്നു . റെയിൻ കൊട്ട് ഇല്ലാത്തതിനാൽ അവിടെ ഉള്ള ബസ് സ്റ്റോപ്പിൽ ഇരുന്നു. അര മണിക്കൂറിന് ശേഷം മഴ ലേശം കനം കുറഞ്ഞപ്പോ വേം മാവൂർക്ക് വിട്ടു ബോസിന്റെ അടുത്ത് നിന്ന് ബിൽഡിങ് ഡീറ്റൈൽസ് വാങ്ങി നേരെ വണ്ടി മുക്കത്തോട്ടു വിട്ടു . മാവൂര്ന്ന് മുക്കത്തേക്കുള്ള റോഡ് വളരെ മനോഹരം ആണ്. രണ്ടു സൈഡും നീണ്ടു കിടക്കുന്ന പാടങ്ങൾ . അതൊരു കാഴ്ച തന്നെ ആയിരുന്നു. എപ്പളാ മഴ ശക്തി കൂടാ എന്ന് അറിയാത്തൊണ്ട് വേം മുക്കത്തേക്ക് വിട്ടു. ഇപ്പോതന്നെ സമയം 11 മണി ആയി. ഇനി എപ്പളാണാവോ ചൊരം ഇറങ്ങിക്കയിഞ് വീട്ടിൽ എത്താ……

മുക്കത്തിൽ ബൈക്ക് വെച്ച് നേരെ താമരശ്ശേരിയിലേക്കുള്ള ബസ്സിൽ കയറി . ഔട്ന്ന് നേരെ അടിവാരത്തേക്കും കേറി. അടിവാരത്തിലെ ഒരു ഹോട്ടലിൽ കയറി ഊണ് ഓർഡർ ചെയ്തു.( സമയം പന്ത്രണ്ടേ മുക്കാല് ).
ഒരു ഇലയിൽ ചോറ് വിളമ്പി കൂടെ 3,4 തരം ഇപ്പേരികളും . കൂട്ടത്തിൽ ഞമ്മളെ കൈപ്പങ്ങ ഇപ്പേരിയും . കുറെ കാലായി മൂപ്പരെ കണ്ടിട്ട് , ഏകദേശം 3,4 വർഷം ആയി കൈപ്പങ്ങ രുചിച്ചു നോക്കിയിട്ട്. ഏതായാലും കുറെ കാലത്തിന് ശേഷം കാണുവല്ലേ ഒന്ന് രുചിച്ചു നോക്കാം എന്ന് വിചാരിച്ചു തൊള്ളേൽ ഇട്ടു . എവടെ 😥
ഇതിന് ഇപ്പളും കയ്പ്പ് തന്നെ , ഒരു മാറ്റോം ഇല്ല. ഇവര് ഇത്ര കാലായിട്ടും കയ്പ്പ് ഇല്ലാതെ ഇപ്പേരി വെക്കാൻ പഠിച്ചിട്ടില്ലേ ? ശെന്തു കഷ്ടാണ് ….

വേഗം ചോറ് തിന്ന് എണീറ്റ് അടുത്തുള്ള പള്ളിയിൽ പോയി ളുഹർ നിസ്കരിച്ചു നേരെ ലക്കിടിയിലേക്ക് ബസ്സ് കയറി. അപ്പോയേക്കും മഴയും തൊടങ്ങി. ആൾക്കാരെല്ലാം വിൻഡോ ഷട്ടർ താത്തിയപ്പോ ഞാൻ മാത്രം അത് അടക്കാതെ പുറത്തെ മനോഹരമായ കാഴ്ചകളും കണ്ടു ഇരുന്നു.( എന്റെ സീറ്റിൽ ഞാൻ മാത്രം ഉണ്ടായിരുന്നൊള്ളു , അല്ലേൽ എപ്പോ അടി കിട്ടീ എന്ന് ചോയ്ച്ചാ മതി ) . ഈ കാഴ്ചകളൊക്കെ കണ്ട് തിരിച്ചു ഇതിലൂടെ നടന്നു വരാനുള്ളതാണല്ലോ എന്നോർത്തപ്പോ മനസ്സിലൊരു കുളിര് ….

ലക്കിടി എത്തി അവിടെ ഇറങ്ങി.( സമയം രണ്ടര ) മഴ ഒന്ന് ക്ഷമിച്ചിരുന്നു അപ്പൊ . പക്ഷെ എങ്ങും കോടമഞ്ഞ്. ഒരു 10 മീറ്റർ അകലത്തിൽ എന്താ ഉള്ളത് എന്ന് പോലും അറീല്ല. കൂടാതെ നല്ല തണുപ്പും . ഗേറ്റ് ന്റെ അടുത്ത് നിന്ന് ഫോട്ടോസ് എടുത്ത് താഴേക്ക് നടക്കാൻ തൊടങ്ങി. ആ നടത്തത്തിന് തന്നെ ഒരു ഒരു ഇത് ഉണ്ടായിരുന്നു. ഏത് , അതന്നെ . വ്യൂ പോയിന്റിൽ എത്തിയപ്പോ ഞാൻ ഏറെ കാണാൻ ആഗ്രഹിച്ചിരുന്ന ആ കാഴ്ച കാണാൻ കഴിഞ്ഞില്ല . നീണ്ടു പരന്നു കിടക്കുന്ന ആ മാ മലകൾ . വ്യൂ ഉള്ള ഭാഗത്തേക്ക് നോക്കിയാൽ ആകെ ഒരു വെള്ള മയം. ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്ന മായിരി. അമ്മായിരി കോടമഞ്. ഈ കോടമഞ്ഞ് തന്നെയായിരിക്കും എല്ലാ വ്യൂ പോയിന്റിലും എന്നറിഞ്ഞപ്പോൾ ചെറിയ ഒരു നിരാശ തോന്നിയെങ്കിലും നടന്നു പോകുമ്പോൾ കാണാനിരിക്കുന്ന മറ്റു കാഴ്ചകളെ കുറിച്ച് ഓർത്തപ്പോൾ ആ നിരാശ ഒക്കെ ഓന്റെ വഴിക്ക് പോയി. പക്ഷെ ഇപ്പുറത്ത് പാറയുള്ള ഭാഗത്ത് ഒരു വ്യൂ ഉണ്ടായിരുന്നു. ആൾക്കാര് നിരന്നു നിന്നു മൂത്രം ഒഴിക്കൽ 😂 .ഏതായാലും അവിടെ കുറച്ച് നേരം ചിലവഴിച്ചു തായെക്ക് നടക്കാൻ തൊടങ്ങി.

പിന്നീടങ്ങോട്ട് മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ചകളുടെ പൊടിപൂരം ആയിരുന്നു. ആഹ ഹ ഹ . ഒരു റോഡിലൂടെ നമ്മളൊറ്റക്ക് … അയിന്റെ ത്രിൽ ഒന്നും പറഞ്ഞാൽ മനസ്സിലാവൂല്ല ചെങ്ങായിമാരേ .. അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. ഒരു 10 മിനുട്ട് കഴിഞ്ഞപ്പോ തന്നെ മഴ എത്തി . ആഹാ , ഇതിനാണ് ഞമ്മള് ഇത്ര നേരം വെയ്റ്റ് ചെയ്തിരുന്നെ. മഴ കൊണ്ട് ആസ്വദിച്ചു നടക്കൽ പൂതി ഇല്ലാത്തോണ്ട് അല്ല. പിറ്റേന്ന് അർജെന്റ് ആയി ചെയ്ത് തീർക്കാൻ വർക്ക് ഉള്ളത് കൊണ്ട് ഞാൻ വേം കൊട തൊറന്നു. പിന്നീടങ്ങോട്ട് ഓരോ നിമിഷവും എൻജോയ് മൂടിൽ ആയിരുന്നു. നല്ല പൊരിഞ്ഞ മഴ . ആ മഴയത്ത് ഒരു കൊട ചൂടി ഞമ്മളും . അതും ഒറ്റക്ക് ഉള്ള നടത്തം 😍😍😍😍😍😍 . പെരും മഴയിൽ റോഡിലൂടെ ഒലിച്ചു പോകുന്ന വെള്ളത്തിൽ കാലിട്ടു കളിച്ചും വെള്ളം തട്ടി തെറിപ്പിച്ചും അങ്ങനെ നടന്നു. Look like my childhood is back ….

വേള്ളച്ചാട്ടത്തിന്റെ ഒരു കളിയും ചിരിയും ആയിരുന്നു ശേഷം അങ്ങോട്ട് . മഴ കാരണം ഉണ്ടായതും അല്ലാത്തതുമായ 35 ഓളം വെള്ളച്ചാട്ടങ്ങൾ ഞാൻ ചൊരത്തിൽ കണ്ടിരുന്നു. ഇറങ്ങാൻ കഴിയുന്ന വെള്ളാച്ചാട്ടങ്ങളിൽ എല്ലാം ഇറങ്ങി . എന്താ ഒരു തണുപ്പ് വെള്ളത്തിൽ. മുഖം കഴുകിയും കാലിട്ടും അങ്ങനെ ഇരുന്നു . ചില സ്ഥലങ്ങളിൽ പാറകളിൽ അള്ളിപ്പിടിച്ചു വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്ക് കയറി . എന്നിട്ട് ആ കാട്ടിൽ ഒറ്റക്ക് കുറച്ച് നേരം അങ്ങനെ ഇരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗണ്ടും കാടിന്റെ നിശ്ശബ്ദതയിൽ ഊന്നിയ ജീവികളുടെ സൗണ്ടും എന്റെ കാതിൽ ഒരു രാഗമായി അലൊയൊലിച്ചുകൊണ്ടേ ഇരുന്നു .. കൂട്ടത്തിൽ ചെറിയ ഒരു ഭയവും. ഇങ്ങനെയുള്ള അവസരത്തിൽ ഭയം കൂടെ ഉണ്ടായാൽ പിന്നെ പ്രതേക രസാ. കുറച്ച് നേരം അങ്ങനെ ഇരുന്നു വീണ്ടും നടപ്പ് തുടർന്ന്. സമയം വൈകുന്നേരം ആകുന്നൊള്ളുവെങ്കിലും രാത്രിയുടെ ഇരുട്ട് ഉണ്ടായിരുന്നു.

വെള്ളത്തിൽ നിന്ന് മുഖം കഴുകുന്നത് കണ്ട് അതിലൂടെ ബൈക്കിൽ പോകുന്ന 2 പേർ പറയുന്നത് കേട്ടു. ” ന്റമ്മോ , ഈ തണുപ്പ് തന്നെ സഹിക്കാൻ കഴിയുന്നില്ല , അപ്പോഴാ ഈ വെള്ളത്തിന്റെ തണുപ്പ് കൂടി. ഇവനൊക്കെ എവിടുന്ന് വരുന്നൂന്ന് ” . എനിക്ക് അത് കേട്ടപ്പോൾ ചിരി വന്നു. ഇതിന്റെ സുഗമൊന്നും ഓൽക്ക് പറഞ്ഞാ മനസ്സിലാവൂല.
ഒരു ബാഗും തൂക്കി കുട ചൂടി ഞാനിങ്ങനെ ഒറ്റക്ക് നടക്കുന്നത് കണ്ട് പലരും ഇങ്ങനെ അന്തം വിട്ട് മൊത്ത്ക്ക് നോക്കുന്നുണ്ട്. ഇവനേതാടാ ഈ പ്രാന്തൻ ന്നായിരിക്കും ഓലൊക്കെ വിചാരിച്ചിട്ടുണ്ടാവുക.

പല സ്ഥലത്തും കൊരങ്ങന്മാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു. പണ്ട് തൊപ്പിക്കച്ചവടക്കാരന് കുരങ്ങന്മാരുടെ ഏറ് കിട്ടിയ കഥ കേട്ടത് കൊണ്ട് എനിക്ക് ഇവന്മാരെ പണ്ടേ പേടിയാ.. ഞാൻ ഒരു കണ്ണ് നടക്കുന്ന ഭാഗത്തേക്കും മറു കണ്ണ് കുരങ്ങന്മാരെ വീക്ഷിച്ചും പേടിച്ചു നടക്കുമ്പോ അവർ എന്നെക്കണ്ടും പേടിച്ച് മറയുന്നു. ആഹാ ഇത് നല്ല കൂത്ത്….

സമയം 4.30 . രണ്ടു മണിക്കൂറായി നടക്കാൻ തുടങ്ങിയിട്ട്. മഴക്ക് ഒരു ശമനവും ഉണ്ടായിരുന്നില്ല. പേന്റ് ഒക്കെ ആകെ നനഞ്ഞു കുളിച്ചിരുന്നു. മഴയിൽ ആസ്വദിച്ചു സകല വെള്ളച്ചാട്ടത്തിലും ഇറങ്ങി സാവധാനം നടന്നു വന്നതിനാൽ എത്ര ഹെയർപിൻ ബെന്റ് ഞാൻ കവർ ചെയ്തു എന്ന് ശ്രദ്ധിച്ചില്ലായിരുന്നു. 2 മണിക്കൂറായല്ലോ നടക്കാൻ തുടങ്ങിയിട്ട് , ഏകദേശം അഞ്ചാമത്തെ ഹെയർ പിൻ ഒക്കെ കവർ ചെയ്തിട്ടുണ്ടാകുമെന്ന് ഞാൻ ഊഹിച്ചു. ഏതായാലും അടുത്ത വളവിൽ എത്തുമ്പോൾ ബോർഡ് നോക്കണം എന്നു വിചാരിച്ചു മുന്നോട്ട് നടന്നു. കുറച്ചു നടന്നപ്പോൾ വാഹനങ്ങളുടെ നീണ്ട നിര . അടുത്ത് തന്നെ ഒരു വളവ് ഉണ്ടെന്ന് മനസ്സിലായി. ഏകദേശം ഒരു km നടന്നപ്പോൾ ഞാൻ വളവ് കണ്ടു. ബോർഡിൽ നോക്കി. ന്റമ്മോ , സത്ത്യായിട്ടും ഞെട്ടി. #8th_ഹെയർപിൻ_ബെന്റ്.

2 മണിക്കൂർ കൊണ്ട് ആകെ എട്ടിൽ എത്തിയിട്ടൊള്ളു എന്നോർത്തപ്പോൾ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി. അപ്പൊ തന്നെ സമയം 4.40 ആയിരുന്നു. ഇനി എപ്പളാണാവോ തായെ എത്തുക എന്നൊരു ഭയം! അവിടുന്നങ്ങോട്ട് നടത്തത്തിന് സ്പീഡ് കൂട്ടി. പിന്നെ അങ്ങോട്ട് എല്ലാ വെള്ളച്ചാട്ടങ്ങളും ഇറങ്ങുന്നത് നിർത്തി. ഓരോ വെള്ളത്തിന്റെ അടുത്തും അര മിനുട്ട് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം നിന്നു നടത്തം സ്പീഡ് കൂട്ടി. സമയം ഇല്ലാ എന്നു വിചാരിച്ചു എൻജോയ് മൂഡ് ഒഴിവാക്കാൻ നിന്നില്ല. വണ്ടി വരാത്ത സമയങ്ങളിൽ മഴ കാരണം റോഡിലൂടെ ഒഴിക്കുന്ന വെള്ളത്തിൽ ചാടിക്കളിച്ച് ഓടും. 😍😍 ഹാ അയിന്റെ ഒക്കെ ഒരു രസം… അപ്പൊ അനുഭവിക്കുന്ന ഫീലിംഗ് ഒന്നും എഴുതി നിങ്ങളെ അറിയിക്കാൻ കഴിയില്ല. അത്രക്കും കിടു മൊമന്റ്‌സ് ആയിരുന്നു.

നടന്നു നടന്നു സമയം 5 മുക്കാൽ ആയി. ആ 1 മണിക്കൂറിനുള്ളിൽ ബാക്കി 4 വളവുകൾ കവർ ചെയ്ത് മൂന്നാം വളവിൽ എത്തിയിരുന്നു. അവിടെ വ്യൂ പോയിന്റിൽ കുറെ ആൾക്കാർ ഉണ്ടായിരുന്നു. അപ്പളാണ് മനസ്സിന് ഒരു സമാധാനം തോന്നിയത്( ഈ വ്യൂ പോയിന്റിൽ നിന്നാണ് എനിക്ക് ആകെ കോടമഞ്ഞ് ഇല്ലാതെ കായ്ച കാണാൻ കഴിഞ്ഞത്. ). ശേഷം അവിടെയുള്ള പള്ളിയിൽ കയറി അസർ നിസ്കരിച്ചു. അവിടെ ഉള്ള പെട്ടി പീടികയിൽ കയറി നല്ലൊരു ചൂട് ചായയും എണ്ണക്കടിയും അകത്താക്കിയപ്പോൾ മനസ്സിനൊരു ഉന്മേഷം.അതുവരെ തണുത്തു കോറി നിക്കുവായിരുന്നു. ഇപ്പൊ എന്തൊന്നില്ലാത്ത ഒരു സുഗം.

അവിടുത്തെ ചേട്ടനോട് ഇനി അടിവാരത്ത് എത്താൻ എത്ര km ഉണ്ടെന്ന് ചോയിച്ചപ്പോൾ പുള്ളി ഇനിയും 5-6 km ഉണ്ടെന്ന് പറഞ്ഞു. അത് കൂടി കേട്ടപ്പോൾ കുടിച്ച ചായ വീണ്ടും ഫ്രീസായി. സമയം ആറുമണി കഴിഞ്ഞിരുന്നു. പോരാത്തതിന് അത്യാവശ്യം നല്ല ഇരുട്ടും. ഈ ഇരുട്ടിലൂടെ ഒറ്റക്ക് നടക്കുന്നത് safe ആണോ , ഏതെങ്കിലും വണ്ടിയിൽ മഞ്ഞക്ക് കയറിയാലോ തുടങ്ങിയ ചിന്തകൾ മനസ്സിൽ വന്നു. ഏതായാലും ഇത്ര എത്തിയില്ലേ , അവരൊക്കെ അടിവാരത്തിൽ നിന്ന് ലക്കിടി വരെ കയറ്റം കയറി ഫുള് ആക്കി. ഞാൻ ഇറക്കം ആണ് ഇറങ്ങുന്നത്. ഇതുപോലും ഫുൾ ആക്കാൻ കഴിഞ്ഞില്ലേൽ അതിനെക്കാളും വലിയ നാണക്കേട് ഇല്ലാ എന്നോർത്തു വീണ്ടും നടക്കാൻ തീരുമാനിച്ചു.

നടത്തത്തിന് വീണ്ടും സ്പീഡ് കൂട്ടി. കുറെ നടന്നു . ഇരുട്ട് കൂടി കൂടി വന്നു. ഇടക്ക് ഇടക്ക് വരുന്ന വാഹങ്ങളുടെ വെളിച്ചത്തിൽ അങ്ങനെ നടന്നു. പോരാത്തതിന് അല്പം ഭയവും എന്റെ കൂടെ പൊന്നു. ഓൻ എത്തിനാ എന്റെ കൂടെ പോരുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. രണ്ടാം വളവും കഴിഞ്ഞു ഒന്നിൽ എത്തി. ദൂരെ നിന്ന് തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ ഭീമാകാരമായ സൗണ്ട്.നടത്തത്തിന്റെ സ്പീഡ് കാരണം പലപ്പോഴും സ്ലിപ്പ് ആയി പോവുന്നു. റോഡ് നല്ല പോലെ വഴുക്കുന്നു . സമയം ആറെ മുക്കാൽ ആയി. ചുറ്റും എന്തെല്ലാമോ ജീവികളുടെ പേടിപ്പെടുത്തുന്ന സൗണ്ടും. ചില സമയങ്ങളിൽ ബസ്സ് ഒക്കെ സ്പീഡിൽ വരുന്നത് കാരണം എന്നെ കാണാത്തത് കൊണ്ട് എന്നെ തട്ടി തട്ടിയില്ലാ എന്ന രൂപത്തിൽ കടന്നു പോവുന്നു. അപ്പോയൊക്കെ നല്ലൊണം പേടിച്ചിരുന്നു.

ഒന്നാം വളവിൽ നിന്ന് അടിവാരത്തേക്ക് എത്താൻ കുറെ ദൂരം ഉണ്ട്. നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല. നടത്തത്തിന്റെ സ്പീഡ് കാരണം കാല് വേദനിക്കാനും തുടങ്ങിയിരുന്നു. കുറെ ദൂരം അങ്ങ് നടന്നപ്പോൾ കാത്തിരുന്ന ആ സൈൻ ബോർഡ് കാണു. അടിവാരം എന്നെഴുതിയ ബോർഡ്. അത് കണ്ടപ്പോൾ മനസ്സിൽ 5,6 ലഡ്ഡു ഒരുമിച്ചു പൊട്ടി . yes , ഞാൻ കംപ്ലീറ്റ് ചെയ്തിരിക്കുന്നു. ജീവിതത്തിലെ ആഗ്രഹങ്ങളിൽ ഒന്നു നിറവേറ്റിയിരിക്കുന്നു.
4 അര മണിക്കൂർ ഏകാന്ത നടത്തം. കൂട്ടിന് മഴയും കൂടി ആയപ്പോൾ ജീവിതത്തിലെ എണ്ണപ്പെട്ട മണിക്കൂറുകൾ ആയിരുന്നു അത്. ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഒരു സുഗം .

NB : ചുരം കയറി നടക്കാനുള്ള സ്റ്റാമിന ഇല്ലെങ്കിൽ എന്നെപ്പോലെ മേലെ നിന്ന് താഴോട്ട് നടക്കുക. അതാകുമ്പോൾ അധികം കുഴങ്ങില്ല. നിങ്ങൾക്ക് ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത ഒരു ഫീലിംഗ് നടത്തം ലഭിക്കും .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply