ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ബക്കര്‍ അബു.
1971 December 3. ബംഗ്ലാദേശിന്റെ വിമോചന ലഹളയെത്തുടര്‍ന്ന് പതിനൊന്ന് ഇന്ത്യന്‍ എയര്‍ബേസുകളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ട് പാകിസ്താന് ഇന്ത്യക്കെതിരെ യുദ്ധമാരംഭിച്ചു. അന്നേ ദിവസം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ഇന്ത്യാപാക് യുദ്ധം പ്രഖ്യാപിക്കുന്നു. കരയിലും, ആകാശത്തും, കടലിലും നടന്ന പതിമൂന്നു ദിവസത്തെ ആ യുദ്ധത്തില്‍ കടല്‍ പറഞ്ഞ ചരിത്രകഥകളിലൂടെ നമുക്കൊരിക്കല്‍ കൂടി കടന്നുപോവാം.
അതിര്‍ത്തിയില്‍ വേലികെട്ടി വേര്‍തിരിച്ച് യുദ്ധം ചെയ്യുന്നവന്റെ മുഖം കാണാത്ത കടല്‍, ആ കടലിന്റെ ആഴത്തിലേക്ക് എടുക്കുന്ന ജീവന്റെ കണക്കുകളില്‍ രാജ്യങ്ങളുടെ പതാകകള്‍ ഒരിക്കലും പാറിക്കളിക്കാറില്ല. നിര്‍ജ്ജീവമായി, പിന്നെ ഉപ്പുവെള്ളത്തിന്റെ സാന്ദ്രതയില്‍ അഴുകിപ്പോവുന്ന വെറും ശവങ്ങളാണ് മനുഷ്യര്‍.
പി എന്‍ എസ് ഖാസിയില്‍ അവസാനിക്കാത്ത ആ ചരിത്രം തുടരുന്നു. പി എന്‍ എസ് ഖാസിയുടെ ദുരന്തത്തിനും മുന്‍പും അതിനുശേഷവും എന്ത് സംഭവിച്ചു?
ഒരു യുദ്ധം ഏത് സമയവും സംഭവിച്ചേക്കാമെന്ന നിഗമനത്തില്‍ രണ്ടു രാജ്യങ്ങളും പടയൊരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയിരുന്നു. 21 നവംബര്‍ 1971 – Daphné-Class പാകിസ്താന് അന്തര്‍വാഹിനി ‘ഹങ്കോര്‍’ യുദ്ധക്കപ്പലുകളുടെ രംഗനിരീക്ഷണ യാത്രയാരംഭിക്കുന്നു. യാത്രയുടെ ഓരോ ഘട്ടത്തിലും പി എന്‍ എസ് ഖാസിയുമായി ‘ഹങ്കോര്‍’ ആശയവിനിമയം നടത്തി ഇന്ത്യന്‍ നേവിയുടെ നീക്കങ്ങള്‍ പരസ്പരം കൈമാറുന്നുണ്ടായിരുന്നു. രംഗനിരീക്ഷണത്തില് ഐ എന്‍ എസ് മൈസൂര്‍ അടക്കമുള്ള ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ നേവല്ഫ്ലീറ്റ്ന്റെ നീക്കങ്ങളെ പാകിസ്ഥാന് ഇന്റ്റെലിജെന്സിന് ‘ഹങ്കോര്‍’ കൈമാറി. കറാച്ചിക്കടുത്ത് ഇന്ത്യന്‍ നേവിയുടെ ശക്തമായ ഒരാക്രമണം ഏത് സമയവും പ്രതീക്ഷിക്കാമെന്നു പാകിസ്ഥാന് മനസ്സിലായി. ഇതേസമയം
പാകിസ്താന് ഇന്റ്റെലിജെന്സിന് ‘ഹങ്കോര്‍’ നല്കുന്ന മോഴ്സ്കോഡ് സന്ദേശങ്ങള്‍ പിടിച്ചെടുത്ത് ഡികോഡ് ചെയ്ത് ഇന്ത്യന്‍ നേവി സന്ദേശരഹസ്യങ്ങള് യഥാസമയം തിരിച്ചറിയുന്നുണ്ടായിരുന്നു.
മുങ്ങിക്കപ്പലുകളിലൂടെ ഒരു തിരിച്ചടിക്ക് പാക്കിസ്ഥാന് ഒരുങ്ങുമെന്നുള്ള നേരത്തെയുള്ള കണക്ക് കൂട്ടലില്‍ പ്രതിരോധത്തിന്റെ ബലം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ നേവി ASW ക്ലാസ് ഫ്രിഗെറ്റുകളായ ഐ എന്‍ എസ് കുക്രിയെയും, ഐ എന്‍ എസ് ക്രിപാണിനേയും അടിയന്തരമായി, സാധ്യമാവുന്ന യുദ്ധമുഖത്തേക്കയച്ചു. ഇതിനിടയില്‍ പാകിസ്ഥാന്റെ രാജ്യാഭിമാനമായ അന്തര്‍വാഹിനി പി എന്‍ എസ് ഖാസി വിശാഖപട്ടണം തുറമുഖത്ത് വെച്ച് തകര്‍ക്കപ്പെട്ടത് അവര്‍ക്കേറ്റ വലിയ ഒരു തിരിച്ചടിയായി. ഡിസംബര്‍ മൂന്നിന് പി എന്‍ എസ് ഖാസി വിശാഖപട്ടണത്ത് വെച്ച് തകര്‍ക്കപ്പെടുമ്പോള്‍ അവരുടെ മാറ്റൊരു മുങ്ങിക്കപ്പലായ പി എന്‍ എസ് ഹങ്കോര്‍ ഇന്ത്യയുടെ വെസ്റ്റേണ്‍ നേവല്‍ ഫ്ലീറ്റിനെ അനക്കങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരുന്നു.
കറാച്ചിക്ക് നേരെ അതിശക്തമായ മിസ്സൈല്‍ ബോട്ടുകളുടെ ആക്രമണം അഴിച്ചുവിട്ട ഇന്ത്യ കറാച്ചി തുറമുഖത്തെ തീഗോളങ്ങള്‍ കൊണ്ട് മൂടി. പടക്കപ്പലുകള്‍ക്കും വാണിജ്യകപ്പലുകള്‍ക്കും സപ്ലൈ ചെയ്യാന്‍ വെച്ചിരുന്ന ഫ്യുയല്‍ ഓയില്‍ കേന്ദങ്ങള്‍ തകര്ത്ത്കൊണ്ടായിരുന്നു ഇന്ത്യയുടെ ആക്രമണം കൊടുമ്പിരിക്കൊണ്ടത്. പാകിസ്താന് നേവിയുടെ നടുവൊടിച്ചു കൊണ്ട് അവരുടെ നേവല്‍ ഷിപ്പുകളും നേവികപ്പലുകള്ക്ക് ഫ്യുവല്‍ കൊടുക്കുന്ന മെര്‍ച്ചന്റ് കപ്പലുകളും ഇന്ത്യന്‍ നേവിയുടെ ആക്രമണത്തില്‍ കത്തിച്ചാമ്പലായി. പ്രതികാരത്തിനു വരുന്ന പാകിസ്താന് അന്തര്‍വാഹിനികളുടെ ആക്രമണത്തിനെ പ്രതിരോധിക്കാന്‍ ഈ സമയം ഇന്ത്യന്‍ നേവി ASW ക്ലാസ് ഫ്രിഗെറ്റുകളായ ഐ എന്‍ എസ് കുക്രിയും, ഐ എന്‍ എസ് ക്രിപാണും ഗുജറാത്ത് തീരത്തേക്ക് കുതിച്ചു.
9 ഡിസംബര്‍ 1971: പി എന്‍ എസ് ഖാസി തകര്‍ക്കപ്പെട്ട ചരിത്രം ഇന്ത്യ ലോകത്തിനെ അറിയിക്കുന്നു. അന്നേ ദിവസം ഏകദേശം രാത്രി എട്ടുമണിക്ക് ലോകം മറ്റൊരു ചരിത്രത്തിനു സാക്ഷിയായി.
9 ഡിസംബര്‍, രാത്രി എട്ട് മണിയോടടുക്കുമ്പോള് ഫ്രിഗേറ്റ് ഐ എന്‍ എസ് ക്രിപാണിലെ ജാഗ്രതാ നിരീക്ഷകന്, കൂടെയുള്ള മറ്റൊരു യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കുക്രി അവരുടെ എല്ലാ നാവിഗേഷന്‍ ലൈറ്റുകളും സ്വിച്ച്ഓഫ് ചെയ്ത് പാകിസ്താന് അന്തര്‍വാഹിനിയെ തിരയുന്നത് കാണുകയായിരുന്നു. ആ ഗൂഡാന്ധകാരത്തില് ഐ എന്‍ എസ് കുക്രിയെ മറ്റൊരാളും കൂടി കാണുന്നുണ്ടായിരുന്നത് അവര്‍ അറിഞ്ഞതേയില്ല. അവിടെ വേട്ടക്കാരനെ വേട്ടയാടുന്ന ഒരിര കടലിനടിത്തട്ടില് അവരെയും കാത്തിരിപ്പുണ്ട്. അഞ്ച് കിലോമീറ്റര്‍ ഇപ്പുറം അറുപതു മീറ്റര്‍ കടല്‍ അടിത്തട്ടില്‍ Daphné-Class പാകിസ്താന് മുങ്ങിക്കപ്പല്‍ ഹങ്കോറിന്റെ നേവികമാണ്ടര് അഹമദ് തസ്നീം രണ്ട് ഇന്ത്യന്‍ കപ്പലുകളുടെ ചലനം സോണാര്‍ ഡിറ്റെക്ട്ടെറില് പിടിച്ചെടുത്തുകൊണ്ട് അവരെ ലക്ഷ്യമാക്കി നീങ്ങി.
ഐ എന്‍ എസ് കുക്രിക്ക് പാകിസ്താന് മുങ്ങിക്കപ്പലിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. ആ സമയം പുതിയൊരു വേര്‍ഷന്‍ സോണാറിന്റെ ടെസ്റ്റിനു വേണ്ടി തീരെ വേഗതകുറച്ച് നീങ്ങുകയായിരുന്നു കുക്രി. ഇന്ത്യന്‍ ഫ്രിഗേട്ടുകളുടെ ചലനം പിന്തുടര്‍ന്ന പി എന്‍ എസ് ഹങ്കോര്‍ തൊടുത്തുവിട്ട ഒന്നാമത്തെ ടോര്‍പിഡോ ഐ എന്‍ എസ് ക്രിപാണിനേല്ക്കാതെയും സ്ഫോടനമുണ്ടാക്കാതെയും ക്രിപാണിന്റെ അടിത്തട്ടിലൂടെ കടന്നുപോയി. പാകിസ്താന് മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ഡിറ്റെക്ട് ചെയ്ത ക്രിപാണ്‍ Anti-Submarine mortars കൊണ്ട് ഹങ്കോറിനെ തിരിച്ചടിച്ചു. ഇന്ത്യന്‍ ഫ്രിഗേറ്ററും പാകിസ്ഥാന് മുങ്ങിക്കപ്പലും കടല്‍ വീഥിയില്‍ പരസ്പരം യുദ്ധം ആരംഭിച്ചപ്പോള്‍ ഐ എന്‍ എസ് കുക്രി വേഗതയാര്ജിച്ചു മുങ്ങിക്കപ്പലിനെതിരെ നീങ്ങി.
ഹങ്കോര്‍ തൊടുത്തുവിട്ട രണ്ടാമത്തെ ടോര്‍പിഡോ ഐ എന്‍ എസ് കുക്രിയുടെ ഓയില്‍ ടാങ്ക് തുളച്ചുകൊണ്ട് കടന്നുപോയി, ഇരുനൂറ്റി അറുപത്തൊന്നുപേരുടെ അന്തകനായിട്ടായിരുന്നു രണ്ടാം ടോര്‍പിഡോയുടെ വരവ്. ടോര്‍പിഡോ തകര്‍ത്ത കുക്രിയിലേക്ക് സമുദ്രജലം ടണ്‍ കണക്കില്‍ പ്രവഹിച്ചതോടെ കുക്രി മിനിട്ടുകള്‍ക്കകം മുങ്ങാന്‍ തുടങ്ങി. ഐ എന്‍ എസ് കുക്രിയിലെ നാവിഗര് രക്ഷപ്പെടാനുള്ള പരിശ്രമത്തിലേര്പ്പെടുമ്പോള് പി എന്‍ എസ് ഹങ്കോര്‍ മൂന്നാമതൊരു ടോര്‍പിഡോ ക്രിപാണിനെതിരെ അയച്ചു. അതിസമര്‍ത്ഥമായ യുദ്ധശേഷിയിലൂടെ ക്രിപാന് അതിനെ അതിജീവിച്ചു. ഐ എന്‍ എസ് ക്രിപാന് ശക്തമായ ഡെപ്ത് ചാര്‍ജിലൂടെ പാകിസ്താന് മുങ്ങിക്കപ്പലിനെ എതിരിട്ടുവെങ്കിലും ക്രിപാണിനും പിന്നീടുള്ള ടോര്‍പിഡോ ആക്രമണത്തില്‍ കേടുപറ്റി.
ടോര്‍പിഡോ തകര്‍ത്ത ഐ എന്‍ എസ് കുക്രി അതിവേഗതയില്‍ കടലിനടിത്തട്ടിലേക്ക് താഴുകയായിരുന്നു. കടല്‍ കറുപ്പിച്ച കനത്ത ഇരുട്ടില്‍ ജീവന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഐ എന്‍ എസ് കുക്രിയിലെ 67 നേവല്‍ പടയാളികള്‍ രക്ഷിക്കപ്പെട്ടു. കുക്രിയുടെ ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ലയടക്കം 194 പേരുടെ ജീവന് എന്നെന്നേക്കുമായി ഉയര്‍ന്ന തിരമാലകളാല്‍ സാഗരം സ്വന്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നേവിയുടെ ഒരു യുദ്ധക്കപ്പല്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ തകര്‍ന്നു മുങ്ങിപ്പോവുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരു യുദ്ധക്കപ്പലിന്റെ നഷ്ടവും കൊണ്ട് ഐ എന്‍ എസ് കുക്രിയുടെ അന്ത്യം ഇന്ത്യാ-പാക് യുദ്ധത്തിലെ മറക്കാനാവാത്ത ഒരു ഭാഗമായിത്തീര്‍ന്നു.
ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മുല്ലയുടെ നാമം ഉച്ചരിക്കാതെ ഇന്ത്യക്കോ, ഇന്ത്യന്‍ നേവിക്കോ ഒരു ചരിത്രമുണ്ടാവില്ല. തന്നാല്‍ കഴിയുന്ന വിധത്തില്‍ രക്ഷപ്പെടുത്താന്‍ കഴിയുന്ന എല്ലാ നേവല്‍ പടയാളികളെയും രക്ഷപ്പെടുത്തി സ്വയം രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും, ഇരമ്പിക്കയറുന്ന സമുദ്രജലത്തില്‍, കനപ്പെട്ട് താഴ്ന്നുപോവുന്ന ഐ എന്‍ എസ് കുക്രിയുടെ കൂടെ ക്യാപ്റ്റന്‍ മഹേന്ദനാഥ് മുല്ല തനിക്ക് രക്ഷപ്പെടുത്താന്‍ കഴിയാത്ത നൂറ്റിതൊണ്ണൂറ്റിമൂന്ന് പേരുടെ ജീവന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മരണത്തിന്റെ തിരവേരുകള് ഏറ്റുവാങ്ങി ആഴത്തിലേക്കാണ്ടുപോയി. തനിക്ക് രക്ഷപ്പെടുത്താന്‍ കഴിയാത്ത തന്റെ കപ്പലും അതിലെ പടയാളികളും പ്രിയപ്പെട്ട ലോകത്തു നിന്നും മുങ്ങിത്താഴുമ്പോള്‍ രാജ്യരക്ഷയുടെ അഭിമാനം ശിരസ്സിലേറ്റുന്ന ഒരു ക്യാപ്റ്റന്‍ രക്ഷയുടെ നീതിബോധത്തെക്കാള്‍ വലുതായിരുന്നില്ല ശേഷിക്കുന്ന പില്ക്കാല ജീവിതം. രക്ഷപ്പെടാനുള്ള അവസാന അവസരത്തിലും തന്റെ ലൈഫ് ജാക്കറ്റ് ഒരു ജൂനിയര്‍ ഓഫീസറിന് അഴിച്ചു കൊടുത്ത് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ട്കൊണ്ട് ക്യാപ്റ്റന്‍ മഹേന്ദ്രനാഥ് മരണം ഏറ്റുവാങ്ങി.
മുപ്പത്തഞ്ച് വര്‍ഷത്തിനു ശേഷം ഒരു കൂടിക്കാഴ്ചയില്‍ അദ്ധേഹത്തിന്റെ ഭാര്യ സുധാമഹേന്ദ്രനാഥ് അതോര്‍ക്കുന്നു.
“”Thirty five years have passed since that fateful night, and it seems as if time has moved, and yet stood still. The navy has been my home away from home. It has always been there for me. To me, the defence services are the finest examples of brotherhood, family spirit and nation building. Thank you for making me a part of this great defence family.” General Cardozo അഭിമാനത്തോടെ ആ ധീരജവാന്റെ ഭാര്യയുടെ വാക്കുകള്‍ക്ക് ദേശബോധത്തിന്റെ നീതിമാനമേകി ഇങ്ങനെ തുടര്‍ന്നു. “Captain Mahendra Nath believed that the nation comes first, that the men he commands come next, and his safety comes last. This is the motto which every army officer is reared on. He was a naval officer who made this come true and made it an example for all of us to follow,”
രാജ്യങ്ങളുടെ പതാകയുടെ വര്‍ണ്ണമോ, അതിര്‍ത്തിയിലെ വേലിയുടെ ഉയരമോ എന്താണെന്നറിയാതെയാണ് കടല്‍ അതിന്റെ ആഴങ്ങളിലേക്ക് മനുഷ്യജീവനുകളെ വലിച്ചെടുക്കുന്നത്. ബോംബുകള്‍ സൃഷിക്കുന്ന അഗ്നിഗോളങ്ങള്‍ക്ക് ആരാണ് ശത്രു ആരാണ് മിത്രം എന്ന തിരിച്ചറിവ് ഇന്നേവരെ ഉണ്ടായിട്ടുമില്ല… യുദ്ധം അവസാനിക്കുകയായിരുന്നില്ല. ഇന്ത്യ യഥാര്‍ത്ഥ യുദ്ധം അവിടെ തുടങ്ങി. കത്തിയെരിയാന്‍ മാത്രം പകുത്തുകൊണ്ട് പോയ ഒരു രാജ്യത്തിന്റെ ഭാഗധേയം അതിര്‍ത്തിക്കപ്പുറം പിന്നെയും ബാക്കിയായിരുന്നു.
കുക്രിയുടെ അന്ത്യത്തിന് മുന്‍പ് തന്നെ യുദ്ധത്തിന്റെ തീവ്രത തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ണ്ട് ഒരു ഭാഗത്ത് പാകിസ്താനിലേക്കുള്ള കപ്പലുകളുടെ വരവുകള്‍ തടഞ്ഞു കൊണ്ട് നേവല്‍ ബ്ലോക്ക് തീര്‍ത്തു. ഐ എന്‍ എസ് വിക്രാന്തും, വിക്രാന്തിന്റെ സപ്പോര്‍ട്ട് വെസ്സെലുകളുമായ ഐ എന്‍ എസ് ഗുല്ധര്, ഐ എന്‍ എസ് ഘരിയല്‍, ഐ എന്‍ എസ് മഗര്‍, അന്തര്‍വാഹിനി ഐ എന്‍ എസ് ഖന്ധേരിയൊക്കെ ഈസ്റ്റ് പാകിസ്ഥാനെതിരെയുള്ള ആക്രമണത്തില്‍ പങ്കാളികളായി. വിക്രാന്തില്‍ നിന്നും പറന്നുയര്‍ന്ന Hawker Sea Hawk വിമാനങ്ങള്‍ ചിറ്റഗോങ്ങിലും , കോക്സ്ബസാറിലും ആകാശാക്രമണങ്ങള്‍ നടത്തി. ഇന്ത്യന്‍ നേവിയുടെ അതിഭീകരമായ ആക്രമണത്തില്‍ ഈസ്റ്റ് പാകിസ്താന് ഒറ്റപ്പെട്ടും വിറങ്ങലിച്ചു നിന്നു.
1965ല്‍ പാകിസ്താന് കണ്ട ഇന്ത്യന്‍ നേവിയായിരുന്നില്ല 1971ലെ യുദ്ധമുഖത്ത് അവര്‍ കണ്ടത്. ഇന്ത്യയോടൊപ്പം നിലകൊള്ളാന്‍ ഒരേയൊരു സോവിയറ്റ്യൂണിയന് ഉണ്ടായിരുന്നപ്പോള്‍ പാകിസ്ഥാന് യുദ്ധത്തില്‍ തുണയേകിവന്നത് അമേരിക്ക, ബ്രിട്ടന്, ,സൌദിഅറേബ്യ, ഇറാന്, ജോര്‍ദാന്‍, ഇന്തോനേഷ്യ ചൈന തുടങ്ങിയ രാജ്യങ്ങളായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സന് ജോര്‍ദാനോടും ഇറാനോടും മിലിട്ടറി സപ്ലൈ നല്കി പാകിസ്ഥാനെ സഹായിക്കാനും ചൈനയോട് നിലവിലുള്ള സപ്ലൈ തീവ്രമായി കൂട്ടാനും ആവശ്യപ്പെട്ടു. ഇറാനിനോടും ജോര്‍ദാനോടും അവരുടെ F-5, F-86, F-104 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പാകിസ്ഥാന് കൊടുത്ത് യുദ്ധത്തില്‍ സഹായിക്കാന്‍ ആധികാരികമായ സന്ദേശങ്ങള്‍ നല്കി നിക്സന് പാകിസ്ഥാനോടുള്ള അമേരിക്കന്‍ താല്പര്യം തുറന്നുകാട്ടി.
ലോക സമ്മര്‍ദ്ധങ്ങളെ അതിജീവിക്കാന്‍ പ്രാഗല്ഭ്യം കാണിച്ച ഒരു പ്രധാനമന്ത്രിയും ഭരണസംവിധാനവും ഇന്ത്യയുടെ മൂന്ന് പ്രതിരോധ മേഖലയും ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ പാകിസ്ഥാനെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യ യുദ്ധത്തെ മറ്റൊരു വഴിക്ക് കൊണ്ട് പോയി. പാകിസ്താന് എന്ന രാജ്യത്തിന്റെ വാണിജ്യകേന്ദ്രവും, കടല്‍ ഗതാഗത മുനമ്പും നേവല്‍ ബേസുമായിരുന്നു കറാച്ചി. കറാച്ചിയെ സംരക്ഷിക്കാന്‍ പാകിസ്താന് അവരുടെ ഏറ്റവും ആധുനികമായ രക്ഷാകവചങ്ങള്‍ അമേരിക്കന്‍ സഹായത്തോടെ ഉപയുക്തമാക്കി ഇന്ത്യയെ എതിരിടാന്‍ തയ്യാറായി. ഗുജറാത്തിന്റെ പലഭാഗങ്ങളിലും പാകിസ്താന് ശക്തമായ ആക്രമണം അഴിച്ചുവിട്ടു നാശനഷ്ടങ്ങളുണ്ടാക്കി.
ഇന്ത്യന്‍ നേവിയുടെ സമര്‍ത്ഥമായ സൈനീക തന്ത്രങ്ങള്‍ ഈസ്റ്റ് പാകിസ്ഥാനുണ്ടാക്കിയ നാശനഷ്ടങ്ങള്‍ ഇന്ത്യയെ പ്രതിരോധിക്കാനുള്ള അവരുടെ ബലത്തെ സാരമായി ബാധിച്ചു. കറാച്ചിയില്‍ പാകിസ്താന് മൈന്‍ കപ്പല്‍ പി എന്‍ എസ് മുഹാഫിസും , അവരുടെ നശീകരണകപ്പല് പി എന്‍ എസ് ഖൈബരും, സൈഗോന്‍ വഴി അമേരിക്കന്‍ ആയുധങ്ങള്‍ നേവല്‍ ഷിപ്പുകള്‍ക്ക് എത്തിക്കുന്ന വീനസ് ചാലഞ്ചറും ഇന്ത്യന്‍ നേവല്‍ മിസൈല്‍ ബോട്ടുകളുടെ ആക്രമണത്താല്‍ തകര്‍ന്നു മുങ്ങി. പാകിസ്ഥാന് ഡിസ്ട്രോയര്‍ പി എന്‍ എസ് ഷാജഹാന് റിപ്പയര്‍ ചെയ്യാന്‍ പറ്റാത്തവിധം മിസ്സൈലേറ്റു തകര്‍ന്നു. ഇന്ത്യന്‍ മിസൈല്‍ ബോട്ടുകളുടെ ആക്രമണത്തില്‍ കറാച്ചിതുറമുഖത്തെ കേമാരി ഓയില്‍ സ്റ്റോറെജ് കേന്ദത്തിനു തീപിടിച്ചപ്പോള്‍ തുറമുഖത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തീജ്വാലകളില്‍ ഭസ്മമായി. പകരത്തിനു പാകിസ്താന് ഓക്ക തുറമുഖം ആക്രമിച്ചു ഇന്ത്യന്‍ മിസൈല്‍ ബോട്ടുകളെ തകര്‍ക്കാന്‍ തീവ്രമായ ശ്രമം നടത്തി. അപകടം നേരത്തെ മണത്തറിഞ്ഞ ഇന്ത്യ അവിടെയുള്ള ബോട്ടുകളെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നതിനാല്‍ ആ ബോട്ടുകള്‍ രക്ഷപ്പെട്ടു.
പാകിസ്ഥാന് യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങുമെന്നു മനസ്സിലാക്കിയ അമേരിക്കന്‍ പ്രസിഡണ്ട് നിക്സന് Task Force 74 വിന്യസിച്ചുകൊണ്ട് അമേരിക്കന്വിമാനവാഹിനിക്കപ്പല് USS Enterprises നെ ബംഗാള്‍ ഉള്ക്കടലിലേക്കയച്ചു. അക്കാലത്ത് ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ആയിരുന്നു ഏഴാം കപ്പല്‍പ്പടയുടെ USS Enterprises അമേരിക്കന്‍ വിമാനവാഹിനിയും അതിന്റെ എസ്കോര്‍ട്ട് യുദ്ധക്കപ്പലുകളും ഡിസംബര്‍ പതിനൊന്നിനു ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുന്നതോടെ യുദ്ധമുഖം അന്താരാഷ്ട്ര യുദ്ധവേദിയായി മാറി. എന്ത് കൊണ്ട് USS Enterprises ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയെന്നതിനു നമ്മളില്‍ പലരും അറിയാതെപോയ ചില സംഭവങ്ങളുണ്ട്. ഒരു പക്ഷെ ഇന്ത്യാ പാക് യുദ്ധം മറ്റൊരു ലോകമഹായുദ്ധത്തിനു വിറകു കൊള്ളിയായേക്കാവുന്ന കാരണങ്ങള്‍.
ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കാരിയര്‍ Eagle ഉള്‍പ്പെടെ അവരുടെ യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന റഷ്യന്‍ ഇന്റെലിജെന്‍സിന്റെ അറിയിപ്പ് പ്രകാരം, സോവിയറ്റ് ഗവര്‍മെണ്ട്, പസിഫിക് ഫ്ലീറ്റിന്റെ പത്താമത് ബാറ്റില്‍ ഗ്രൂപ്പ് കമ്മാന്‍ഡര്‍ Vladimir Kruglyakov ന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് നേവിയെ നേരിടാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നേവല്‍ പ്രതിരോധം തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.. ബ്രിട്ടീഷ് നേവിയെ തകര്‍ക്കാന്‍ മാത്രം ശക്തിയില്ലെന്നു മനസ്സിലാക്കിയ അഡ്മിറല്‍ കൂടുതല്‍ യുദ്ധക്കപ്പലുകളെ ഇന്ത്യയിലേക്കയക്കാന്‍ സോവിയറ്റ് യൂണിയനോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം വ്ലടിവോസ്റ്റൊക്കില് നിന്നും സോവിയറ്റ് ക്രൂയിസര്‍, ഡിസ്ട്രോയര്‍, ഏത് യുദ്ധക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള നുക്ലിയര് സബ്മറയിനുകളുമടങ്ങിയ ഒരു സംഘം റഷ്യന്‍ പടക്കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. സോവിയറ്റ് ബറ്റാലിയന് കപ്പലുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ സൌത്ത് മഡഗാസ്കറിലേക്ക് പിന്‍വാങ്ങി രംഗനിരീക്ഷണം തുടര്‍ന്നു.
ഈ സമയത്താണ് അമേരിക്കന്‍ വിമാനവാഹിനി USS Enterprises ഇന്ത്യയിലേക്ക് നീങ്ങുന്നത്. ന്യുക്ളിയര്‍ ഇന്ധനമാക്കി പടമുഖത്ത് വരുന്ന ഒഴുകുന്ന ന്യുക്ലിയര്‍ റിയാക്ടറാണ് അന്ന് ലോകത്തില്‍ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ ഈ വിമാനവാഹിനി. ബിഗ് ‘ ഇ ‘ എന്ന ഇരട്ടപ്പേരുള്ള USS Enterprises അന്നേവരെ നിര്‍മ്മിച്ചതില്‍ വെച്ചേറ്റവും നീളമുള്ള പടക്കപ്പലായിരുന്നു. തൊന്നൂര്‍ വിമാനങ്ങളെ ഒന്നിച്ച് വഹിച്ചുകൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള ഒരേയൊരു കപ്പല്‍. ഇതിന്റെ കൂടെ കടലില്‍ നിന്ന് കരയിലേക്ക് നിമിഷനേരത്തില്‍ പടക്കോപ്പുകളും പടയാളികളെയും എത്തിക്കാന്‍ കഴിയുന്ന Amphibious assault carrier USS Tripoli, Guided Missile Escort USS King, USS Decatur, USS Parsons, Gun Destroyers USS Bausell, USS Orleck, USS Mckean, USS Anderson ഇതിനൊക്കെ പുറമേ മനുഷ്യനാശത്തിന്റെ അവസാന കയ്യൊപ്പ് ചേര്‍ത്താന്‍ കഴിവുള്ള ന്യുക്ളിയര്‍ സബ്മറൈനും കൂടെ വന്നിരുന്നു.
ഈസ്റ്റ് പാകിസ്ഥാനെ കേന്ദ്രമാക്കി നിലകൊണ്ട ഐ എന്‍ എസ് വിക്രാന്തായിരുന്നു ഇവരുടെ ഒരു ലക്ഷ്യം. ഐ എന്‍ എസ് വിക്രാന്തിനെ വെച്ച് അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയെ പ്രതിരോധിക്കാന്‍ കഴിയുമോയെന്ന് Flag officer commanding in chief വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണനോട് ചോദിച്ചപ്പോള്‍ Just give us the order എന്നാണ് അദ്ദേഹം ഇന്ത്യന്‍ നേവിക്ക് നല്കിയ മറുപടി. ആവശ്യമായാല്‍ ഒരു അറ്റാക്കിനുള്ള സമ്മതവുമായിട്ടായിരുന്നു അമേരിക്കന്‍ എയര്‍ക്രാഫ്റ്റ് കാരിയറിന്റെ ഇന്ത്യിലെക്കുള്ള വരവ്. ഇന്ത്യന്‍ മിലിട്ടറി ബേസുകളെ ലക്ഷ്യമാക്കി ഈ കപ്പലുകള്‍ വരുന്നുവെന്ന റഷ്യന്‍ അറിയിപ്പ് റഷ്യന്‍ അഡ്മിറല്‍ V. Kruglyakov ന് ലഭിച്ചു. യാതൊരു തരത്തിലും ഈ അമേരിക്കന്‍ കപ്പലുകളെ ഇന്ത്യന്‍ ബേസിലേക്ക് അടുക്കാന്‍ അനുവദിക്കരുതെന്ന് റഷ്യയില്‍ നിന്ന് അദ്ദേഹത്തിന് മുന്നറിയിപ്പുണ്ടായി.
കമ്മാന്‍ഡര്‍ Vladimir Kruglyakov നേതൃത്വത്തില്‍ റഷ്യന്‍ നേവി, അമേരിക്കന്‍ കപ്പലുകളെ കറാച്ചി, ഡാക്ക, ചിറ്റഗോന്ഗ് വഴികളിലേക്ക് തിരിയുന്നതിനെ പ്രതിരോധിച്ചു. ഇന്ത്യാപാക് യുദ്ധം മറ്റൊരു മഹായുദ്ധമായി മാറ്റാതിരിക്കാന്‍ റഷ്യന്‍ ചീഫ് നേവി കമാണ്ടര്‍ അഡ്മിറല്‍ V. Kruglyakov നോട് ന്യുക്ളിയര്‍ മുങ്ങിക്കപ്പലുകളെ ഉപരിതലത്തില്‍ വരുത്തി അമേരിക്കന്‍ ചാര സാറ്റലൈറ്റ്കള്ക്കും അവരുടെ യുദ്ധക്കപ്പലുകള്‍ക്കും എല്ലാം തികഞ്ഞ സൈന്യത്തോടെയാണ് ഞങ്ങള്‍ ഇവിടെയുള്ളതെന്ന് അറിയിക്കാന്‍ ഓര്‍ഡര്‍ നല്കി. ന്യുക്ളിയര്‍ സബ്മറയിനടക്കം റഷ്യയുടെ മുഴുവന്‍ ഫ്ലീറ്റുകളും അമേരിക്കന്‍ കപ്പലുകല്ക്കെതിരെ ഒന്നിച്ച് അണിനിരന്നപ്പോള്‍ അമേരിക്കന്‍ Carrier Battle Group ന്റെ കമാണ്ടര്‍ Dimon Gordon അവരുടെ 7th American Fleet കമാന്ഡറിനു ഒരു മെസ്സേജ് അയച്ചു.”Sir, we are too late. There are Russian nuclear submarines here, and a big collection of battleships.”
യുദ്ധം ഗതിമാറുമെന്നുള്ള നിഗമനത്തില്‍ അമരിക്കന്‍ പടക്കപ്പലുകളും പതിയെ രംഗത്ത് നിന്ന് പിന്‍വാങ്ങി. അതെ സമയം യുദ്ധത്തില്‍ ഒരു തരത്തിലും ഇടപെടാതിരിക്കാന്‍ ചൈനക്കും സോവിയറ്റ് യുനിയന് ശക്തമായ താക്കീത് നല്‍കിയിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു വന്‍യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് അന്ന് നേരിടേണ്ടിവരുന്നത് 5 destroyers, 10 submarines, 2 frigates, 8 mine sweepers, Tankers, missile boats, Indonesian Naval vessel, American 7th fleet, British battle group ഇവയൊക്കെയായിരുന്നു. എന്തായിരിക്കുമായിരുന്നു ഇന്ത്യയുടെ സ്ഥിതി? എന്തായിരിക്കും ആ സമയത്ത് ഇന്ത്യന്‍ സൈന്യത്തിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും തലച്ചോറിലൂടെ കടന്നു പോയത്?
വന്‍ശക്തികളുടെ കളികളില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ നേവി കറാച്ചി തകര്‍ക്കുന്നതിലാണ് അന്ന് ലക്ഷ്യം വെച്ചിരുന്നത്. ഐ എന്‍ എസ് വിനാഷും, ഐ എന്‍ എസ് തല്‍വാറും, ഐ എന്‍ എസ് ത്രിശൂലും കൂടിച്ചേര്‍ന്നു ഒന്നിന് പിറകെ ഒന്നായി മിസൈലുകള്‍ വിക്ഷേപിച്ച് പാകിസ്താന് നേവിയെ മൂന്നില്‍ ഒന്നായി ചുരുക്കി. ഇവരുടെ കൂട്ട ആക്രമണത്തില്‍ ബ്രിട്ടീഷ് ഷിപ്പ് SS Harmatton കത്തിയെരിഞ്ഞ് മുങ്ങി. പാകിസ്താന് നേവിഫ്ലീറ്റ് ടാങ്കര്‍ പി എന്‍ എസ് ഡാക്ക തകര്‍ന്നു തരിപ്പണമായി. കറാച്ചിയിലെ റിസര്‍വ് ഓയില്‍ സ്റ്റൊരെജ് കേന്ദ്രങ്ങള്‍ ഒന്നൊന്നായി കത്തിയെരിഞ്ഞു. 1971ലെ കണക്കെടുപ്പില്‍ മൂന്നു ബില്ലിയന്‍ അമേരിക്കന്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ കറാച്ചിയില്‍ മാത്രം ഈ ആക്രമണത്തില്‍ പാകിസ്ഥാന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.. മൂന്ന് മേഖലകളില്‍ നിന്നും നേരിടേണ്ടിവന്ന ആക്രമണത്തില്‍ എല്ലാ രക്ഷാവാതിലുകളും അടഞ്ഞ പാകിസ്ഥാന് കീഴടങ്ങാതെ തരമില്ലയെന്നു അമേരിക്കയ്ക്കും അറിയാമായിരുന്നു.
ഒടുവില്‍ 1971 ഡിസംബര്‍ പതിനാറിന് പാകിസ്താന് കീഴടങ്ങുമ്പോള്‍ പാകിസ്ഥാന് അവരുടെ നേവല്‍ ശക്തിയുടെ മൂന്നില്‍ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. തൊണ്ണൂറായിരം പേര് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. അതില്‍ 55,692 പേര് ആര്‍മിക്കാരും, 16,354 പാരാമിലിട്ടറിക്കാരും 5,296 പോലീസുകാരും 1,000 നേവിക്കാരും 800 എയര്ഫോര്സ്കാരും ഉള്‍പ്പെട്ടിരുന്നു. ശേഷിക്കുന്നവര്‍ മാത്രമായിരുന്നു സിവിലിയന്മാര്.
ഇന്ത്യന്‍ സേന 15010 km2 ഭൂമി പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്തു. ഇരുപക്ഷത്തും കൂടി ഏകദേശം പതിമൂന്നായിരം പേര് മരിക്കുകയും ഇരുപത്തഞ്ചായിരം പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. യുദ്ധം അവസാനിച്ചപ്പോള്‍ സില കരാര്‍ പ്രകാരം 13000 km2 സ്ഥലം ഇന്ത്യ തിരിച്ചു കൊടുക്കുകയും യുദ്ധത്തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
ബംഗ്ലാദേശ് ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഓഫീസര്‍മാരും ലിബറേഷനില്‍ പങ്കെടുത്ത മുക്തിവാഹിനി ഗറില്ലായോദ്ധാക്കളും രൂപം കൊടുത്ത SCF (Sectors Commanders forum) പറയുന്നു. ഒന്‍പത് മാസത്തെ ബംഗ്ലാദേശ് പാക് വിമോചന സമരത്തില്‍ രണ്ട് ലക്ഷം ബെന്ഗാളി യുവതികള്‍ പീഡിപ്പിക്കപ്പെട്ടു. മുപ്പത് ലക്ഷം ബെന്ഗാളികള് നിര്‍ദ്ദയം കൊല്ലപ്പെട്ടു, ഒരു കോടിയിലധികം പേര് അഭയാര്‍ഥികളായി…….
നമ്മള് സമാധാനത്തെക്കാള്‍ കൂടുതല്‍ യുദ്ധത്തെക്കുറിച്ച് കേട്ടിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിതത്തേക്കാള്‍ കൂടുതല്‍ മരണത്തെക്കുറിച്ച് വായിക്കുന്നു. നിര്‍മ്മിക്കപ്പെട്ട തോക്കുകളും, കുതിച്ചുപാഞ്ഞ പടക്കപ്പലുകളും, തീനാമ്പില്‍ നിന്നൂരിത്തെറിച്ച റോക്കറ്റുകളും വിശക്കുന്നവന്റെ വയറ്റില്‍ നിന്ന് മോഷ്ടിച്ചെടുത്ത പണത്തില്‍ നിന്നുണ്ടാക്കിയതാണ്. സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും ആയുധങ്ങള്‍ കൊണ്ട് കൊന്നൊടുക്കുകയും ചെയ്യുന്നവരാണ് നാം മനുഷ്യര്‍. ഒരു കാക്കത്തണലിനുവേണ്ടി ഒരു ചെറുമരം വെച്ച് പിടിപ്പിക്കുന്ന അതേ കൈകള്‍ തന്നെ ഒരായിരം കുഞ്ഞുങ്ങളെ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പറഞ്ഞയക്കുന്ന ആയുധങ്ങളും നിര്‍മ്മിക്കും. യുദ്ധമില്ലാതെ സമാധാനമില്ലെന്ന വിചിത്ര സത്യവുമായി വളര്‍ന്നു വലുതാവുന്ന പടക്കോപ്പ് സംസ്കാരത്തില്‍ ആകാശവും, കടലും, കരയും കാത്തിരിക്കുന്നു എന്നെയും പിന്നെ നിങ്ങളെയും…..
Source – https://charitraminmalayalam.blogspot.com/2016/06/blog-post_32.html