‘900 കണ്ടി’ എന്നൊരു സ്ഥലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…?
നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ…?

ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ…

പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം.

കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലിൽ നിന്ന് മേപ്പാടി – ചൂരൽമല – സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്. പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികൾ. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, ഏതൊക്കെയോ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ. മുന്നോട്ട് പോകുമ്പോൾ ഒരു കിടിലൻ വെള്ളച്ചാട്ടം. മുകളിൽ വലിയൊരു പാറ. അവിടെ നിന്നുള്ള കാഴ്ചകൾ വിവരണാധീതം.

കുന്നിൻ മുകളിൽ കാനനഭംഗി ആസ്വദിച്ച് നയന പ്രദക്ഷണം നടത്തുമ്പോൾ.. മുന്നിൽ, കാഴ്ച്ചാവിരുന്നൊരുക്കിയ ഒരു വ്യൂ പോയിന്റ്‌. രണ്ട് മലകൾ മുഖത്തോട് മുഖം സല്ലപിക്കുന്നു. മലകൾക്കിടയിൽ കൂടി ഒഴുകുന്ന അരുവി. അതിന് പകിട്ടേകി ഒരു വെള്ളച്ചാട്ടം, പിന്നെ വിശാലമായ താഴ്‌വാരവും വിജനമായ സ്ഥലങ്ങളും അങ്ങ് ദൂരെയായി… പാടങ്ങളും, കുന്നും, മലകളും, എല്ലാം…

മുകളിൽ, കാടിന്റെ സുന്ദരകാഴ്ചകൾ നുകരുമ്പോൾ.. താഴെ, കാലിൽ അട്ട ചോര നുകരുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. മുൻകൂറായി കയ്യിൽ ഉപ്പോ, ചെറുനാരങ്ങയോ, കരുതുകയോ കാലിൽ ഡെറ്റോൾ തേച്ച് പിടിപ്പിക്കുകയോ നല്ലതാണ്. സൂര്യൻ തല താഴ്ത്തും തോറും കാട് അതിന്റെ രൗദ്രഭാവം പുറത്തെടുത്ത് തുടങ്ങും, ദുർഘടമായ വഴിയിൽ വന്യജീവികളും ഇറങ്ങും. അത് കൊണ്ട് സൂര്യനിറങ്ങും മുമ്പേ തിരിക്കുക.

വയനാട് സന്ദർശിക്കുന്നവർ തീർച്ചയായും ഇവിടെ വരണം. കഴിയുന്നതും ഒരു പകൽ മുഴുവനായി ഇവിടെ ചിലവഴിക്കണം.

900കണ്ടി…ഇത് ഭൂമിയിലെ സ്വർഗ്ഗമാണ് എന്ന് പറയുന്നില്ല. എന്നാലൊന്ന് പറയാം. ‘സ്വർഗീയാനുഭൂതി’ എന്നൊന്നുണ്ടെങ്കിൽ അതിവിടെ ലഭിക്കും. അത്ര മനോഹരം… (ഇപ്പോൾ ഇവിടേക്ക് പ്രവേശനം വിലക്കിയിരിക്കുന്നു എന്നറിഞ്ഞു, ബന്ധപ്പെട്ടവരിൽ നിന്നുള്ള പെർമിഷനോടെ പ്രവേശനം ഉണ്ടെന്നും. വിശദവിവരങ്ങൾക്ക് അന്വേഷിക്കേണ്ടിയിരിക്കുന്നു)

കടപ്പാട്: ഒ.എം. അസ് ലം, സദറു. NB – സ്റ്റേ പ്രതീക്ഷിച്ച് വരുന്നവർക്ക്, ഇവിടെ അടുത്തായി ഒരു റിസോർട്ട് ഉണ്ട്.

By: Ashkar Veliancode

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply