വെള്ളിക്കൊലുസണിഞ്ഞ് തൃശ്ശൂരിലെ പീച്ചി ഡാം…

വിവരണം – ഫാരിഷ് അഹമ്മദ്.

പ്രൈമറി ക്ലാസിൽ പഠിക്കുന്ന സമയത്താണ് ആദ്യമായി പീച്ചിയിൽ പോകുന്നത്. ഉപ്പ പഠിപ്പിച്ചിരുന്ന സ്കൂളിൽ തന്നെ വിദ്യാർത്ഥി ആയിരുന്നത് കൊണ്ട് എല്ലാ വര്‍ഷവും സ്കൂളിൽ നിന്ന് ടൂർ പോകുമ്പോൾ ഉപ്പയുടെ കയ്യ് പിടിച്ച് നമ്മളും പിന്നാലെ കൂടും. അന്ന് സ്ഥിരം പോയിരുന്ന സ്ഥലങ്ങളായിരുന്നു വിലങ്ങൻകുന്ന്, തൃശൂർ കാഴ്ചബംഗ്ലാവ്, പീച്ചി ഡാം. മലമ്പുഴ.

വാർഷിക പരീക്ഷക്ക് മുന്നെ ആയിരുന്നു സ്കൂൾ പഠന കാലത്ത് ടൂർ പോകുക. ഓർമ്മയിൽ ഉണ്ടായിരുന്നത് ഉണങ്ങി വരണ്ട ഡാമിന്റെ കാഴ്ചയായിരുന്നു. വീട്ടിൽ നിന്ന് 54 കിലോമീറ്ററെ ഉള്ളൂ എങ്കിലും നാലാം ക്ലാസ് കഴിഞ്ഞതിന് ശേഷം പിന്നെ അങ്ങോട്ട് പോയിട്ടില്ല. അങ്ങനെയിരിക്കെയാണ് ഈ ഒരാഴ്ചയായി പത്രങ്ങളിൽ ഡാം ഇന്നോ നാളെയോ ആയി തുറക്കും എന്ന വാര്‍ത്ത കാണുന്നത്.ഡാം തുറക്കാനുള്ള വെള്ളത്തിന്റെ പരിധിയായ 78.6 ഘനമീറ്റർ ആയിരുന്നു വ്യാഴാഴ്ചത്തെ അളവ്. 78.6 നും 78.9 ഘനമീറ്ററിനുമിടയിൽ ആയാൽ ആണ് ഡാം തുറക്കുക.

വെള്ളിയാഴ്ച പള്ളി കഴിഞ്ഞു വന്ന് ഫെയ്സ്ബുക്കിൽ കുത്തിക്കുറിച്ചിരിക്കുമ്പോഴാണ് ഡാം തുറന്നു, ജാഗ്രത പാലിക്കണമെന്ന വാര്‍ത്ത തൃശൂർ സിറ്റി പോലീസിന്റെ FB പേജിൽ കാണുന്നത്. അപ്പോൾ തന്നെ കൂട്ടുകാരെ വിളിച്ചു, എല്ലാവരും തിരക്കിലായിരുന്നു. എന്നാൽ പിന്നെ ഒറ്റക്ക് പോകാം എന്ന് കരുതി ഇരിക്കുമ്പോഴാണ് ചങ്ക് ബ്രോ ഷബീർ വാഴപ്പുള്ളി വിളിക്കുന്നത്. പീച്ചി ഡാം തുറന്നതറിഞ്ഞില്ലെ, നാളെ പോയാലോന്ന്. ശനിയാഴ്ച രാവിലെ തന്നെ പോവാം എന്ന് പറഞ്ഞു.

അങ്ങിനെ ശനിയാഴ്ച രാവിലെ 6.30 വീട്ടിൽ നിന്ന് ഇറങ്ങി. പോകുന്ന വഴിക്ക് ഹൈവേയിൽ നിന്ന് കയറി ആദ്യം കണ്ട ചായക്കടയിൽ നിന്ന് കാലി ചായയും കുടിച്ചു 8 മണിക്ക് ക്ക് പീച്ചിയിൽ എത്തി. അപ്പോൾ അവിടെ ആകെ വിരലിൽ എണ്ണാവുന്ന വണ്ടികളെ ഉണ്ടായിരുന്നുള്ളൂ. വണ്ടി പാർക്ക് ചെയതു നടക്കുമ്പോഴാണ് ഇരുട്ടടിയേറ്റ പോലെ ഒരു ബോർഡ് കാണുന്നത്. ഫോട്ടോഗ്രാഫി അനുവദനീയമല്ല. ക്യാമറയും ബാഗും എടുത്ത് നടന്ന് ടിക്കറ്റ് കൗണ്ടറിൽ എത്തി. മൊബൈൽ ഫോട്ടോഗ്രാഫി കുഴപ്പം ഇല്ലന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

പീച്ചി പഴയ പീച്ചിയല്ല. ആകെ മാറിയിരിക്കുന്നു. നേരത്തെ എത്തിയ കാരണം സന്ദര്‍ശകരുടെ തിരക്ക് കാര്യമായില്ല. കണ്ണുകളെ കുളിർമയണിയിക്കുന്നതായിരുന്നു ഡാം നിറഞ്ഞു കവിഞ്ഞുള്ള ആ കാഴ്ച. അപ്പോഴേക്കും സന്ദര്‍ശകരുടെ തിരക്കും കൂടി വന്നു. അതിനിടക്ക് അത്യാവശ്യം തരക്കേടില്ലാത്ത മഴയും കിട്ടി.

ഏകദേശം രണ്ടര മണിക്കൂറോളം അവിടെ ചിലവഴിച്ചു പത്തരയോടെ അവിടെ നിന്ന് തിരിച്ചു. ഹൈവേയിൽ കയറി ത്രിശൂർ റോഡിൽ ഒരു രണ്ടു മൂന്നു കിലോ മീറ്റർ പോയാൽ കാണുന്ന ശരവണഭവനിൽ നിന്ന് മസാല ദോശയും കഴിച്ചു നേരെ വീട്ടിലേക്ക് പോയി. നമ്മുടെ തൊട്ടടുത്ത് ഉള്ള പല സ്ഥലങ്ങളുടെയും മനോഹാരിത നമ്മൾ അറിയുന്നത് ദൂരെ ദിക്കുകളിൽ നിന്നുള്ള ആളുകൾ അവിടെ വന്നിട്ടുള്ള ഫോട്ടോസ് FB യിലൂടെയും മറ്റും കാണുമ്പോൾ ആവും.

പീച്ചി അണക്കെട്ട് – വിശദവിവരങ്ങൾ : തൃശ്ശൂർ ജില്ലയിലെ ഒരു അണക്കെട്ടാണ് പീച്ചി അണക്കെട്ട്. അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ചെറുകിട ജലവൈദ്യുതി പദ്ധതി ഇവിടെ സ്ഥാപിച്ചിരിക്കുന്നു. പ്രതിവർഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 കോടി രൂപയാണ് നിർമ്മാണച്ചിലവ്. അണക്കെട്ടിന്റെ വലതുകര കനാലിലൂടെ വേനൽക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഉല്പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടും. അണക്കെട്ടിലെ ജലം രണ്ടു ശാഖകളായാണ് തുറന്നുവിടുന്നത്. ഒന്നു മുടക്കം വരാതെയുള്ള ജനസേചനത്തിനും മറ്റൊന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. വൈദ്യുതി ഉല്പാദനത്തിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ ജലസേചനത്തിൽ മുടക്കം വരാതിരിക്കാനാണ് രണ്ടു ശാഖകളായി ജലം തിരിച്ചുവിടുന്നത്.

തൃശ്ശൂരിൽനിന്ന് പാലക്കാട് ദേശീയപാതയിലൂടെ 13 കി.മീ. സഞ്ചരിച്ചാൽ പീച്ചിറോഡ് ജങ്‌ഷനിലെത്തും. അവിടെനിന്ന് 8 കി.മീറ്റർ തെക്കോട്ടു പോയാൽ ഇവിടെയെത്താം. തൃശ്ശൂർ ശക്തൻ ബസ്‌സ്റ്റാൻഡിൽനിന്ന് പീച്ചി ഡാമിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. രാവിലെ 7 മുതൽ രാത്രി 9 മണിവരെ പത്തുമിനിറ്റ് ഇടവേളകളിൽ ബസുകളുണ്ട്‌. പാലക്കാട് നിന്നും വരുന്ന സഞ്ചാരികൾക്ക് പട്ടിക്കാട് നിന്ന്‌ പീച്ചിയിലേക്ക് ബസ് കിട്ടും. സഞ്ചാരികൾക്കുള്ള ഭക്ഷണസൗകര്യം പീച്ചി ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ട്. പകൽസമയം തങ്ങുന്നതിനുള്ള സൗകര്യവും ഗസ്റ്റ് ഹൗസിലുണ്ട്. 300 രൂപയാണ് പ്രതിദിനവാടക. രാത്രിയിൽ താമസസൗകര്യം ലഭ്യമല്ല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply