ആരാണ് ഈ ഡിങ്കന്‍; എങ്ങനെയാണ് ഡിങ്കന്‍ എന്ന കഥാപാത്രം ഉണ്ടായത്?

മംഗളം സ്‌ഥാപക പത്രാധിപർ എം.സി. വർഗീസ്‌ 1980-ലാണ് കുട്ടികൾക്കായി ബാലമംഗളം ആരംഭിച്ചത്‌. 1983-ൽ ഡിങ്കൻ എന്ന കഥാപാത്രം പിറന്നു. എൻ. സോമശേഖരൻ – പി. ബേബി കൂട്ടുകെട്ടിലാണ് ഡിങ്കൻ പിറന്നത്‌. ഈ കൂട്ടുകെട്ടിൽ നമ്പോലൻ, കൊച്ചുവീരൻ, പക്രു തുടങ്ങിയ കഥാപാത്രങ്ങളും പിറവിയെടുത്തിരുന്നു. ‘എതിരാളിക്കൊരു പോരാളി, ശക്‌തരിൽ ശക്‌തൻ’ എന്ന ടാഗ്‌ലൈൻ ഡിങ്കനായി ഉപയോഗിച്ചിരുന്നു.

25000 കോപ്പികളുമായാണ് ആദ്യലക്കം ബാലമംഗളം പുറത്തിറങ്ങിയത്. ആരംഭകാലത്തു തന്നെ പി. ബേബി മംഗളത്തിൽ ആർട്ടിസ്റ്റായി ഉണ്ടായിരുന്നു. ഡിഗ്രിപഠനം കഴിഞ്ഞ സോമശേഖരൻ 1981-ലാണു ബാലമംഗളത്തിൽ എത്തിയത്. ആദ്യകാലത്ത് കഥകൾക്കായിരുന്നു ബാലമംഗളത്തിൽ പ്രാമുഖ്യം നൽകിയിരുന്നത്‌. എന്നാൽ ഇതിൽ മാറ്റം വരണമെന്നും കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്‌ടിക്കണമെന്നും എം.സി. വർഗീസ്‌ എഡിറ്റോറിയൽ വിഭാഗത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ചർച്ചകൾ പലതു നടന്നെകിലും കഥാപാത്രങ്ങൾ ഒന്നും സൃഷ്ടിക്കപ്പെട്ടില്ല. ഡിഗ്രി പരീക്ഷാഫലം ലഭിച്ചതോടെ സോമശേഖരൻ ജേർണലിസം പഠിക്കാനായി മംഗളത്തിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട്ടേയ്ക്ക്‌ യാത്രയാകാൻ തീരുമാനിച്ചു. എന്നാൽ വർഗ്ഗീസ് സോമശേഖരനോടായി ‘പഠിച്ചുകൊള്ളൂ അതിനൊപ്പം ഇവിടെ ജോലിയും ചെയ്യാം പഠിച്ചിറങ്ങിയാലും സോമനുള്ള കസേര ഇവിടെ ഒഴിച്ചിട്ടേക്കും’ എന്നും പറഞ്ഞ് യാത്രയാക്കി.

സോമശേഖരൻ കോഴിക്കോട്ടേയ്ക്ക്‌ മാറിയെങ്കിലും പുതുതായി രൂപം നൽകേണ്ട കാർട്ടൂൺ കഥാപാത്രത്തെക്കുറിച്ചുള്ള ചിന്ത അവസാനിപ്പിച്ചിരുന്നില്ല. അതിനായി 1982-ൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജേർണലിസം പഠിച്ചിരുന്ന മുപ്പതുവിദ്യാർഥികളുമായി കഥാപാത്ര സൃഷ്ടിയെക്കുറിക്ക് ചർച്ചകൾ നടത്തിയിരുന്നു. ചിലർ ഇതിനെ തമാശയായി കണ്ടെങ്കിലും ചിലർ അതിനെ ഗൗരവമായി എടുക്കുകയും അമാനുഷിക ശക്‌തിയുള്ള കഥാപാത്രങ്ങൾക്കായി ശ്രമിക്കുകയും ചെയ്തു.

ഇത്തരം ചർച്ചകൾക്കൊടുവിലാണ്‌ എലിക്ക്‌ അമാനുഷിക ശക്‌തി നൽകുന്നതിന്‌ സോമശേഖരൻ തീരുമാനമെടുത്തത്‌. ഡിസംബറിൽ അവധിസമയത്ത് കോഴിക്കോട്ടുനിന്നു കോട്ടയത്ത് എത്തിയ സോമശേഖരൻ എം.സി. വർഗീസിന്റെ ചോദ്യം നേരിടേണ്ടിവന്നു. ‘കാർട്ടൂണിനായി കഥാപാത്രത്തെ കിട്ടിയോടോ…’ എന്ന ചോദ്യത്തിനു തന്റെ ആശയം വ്യക്തമാക്കി. അതിനായി സമ്മതം നൽകിയ വർഗീസ് ചിത്രം വരയ്ക്കാൻ ബേബിയെ ഏൽപ്പിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു.

എലിക്ക്‌ അമാനുഷിക ശക്‌തിനൽകാമെന്നു തീരുമാനിച്ച ശേഷം കഥാപാത്രത്തിനു പേരു നൽകാനുള്ള ശ്രമത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യമാകുന്ന പേരുവേണമെന്ന് മനസിൽ കരുതിയ സോമശേഖരൻ ഇതിനു ‘ഡിങ്കൻ’ എന്ന പേരു നൽകി. തുടർന്ന് രൂപകൽപനചെയ്യുന്നതിനായി ഒപ്പം ബേബിയെയും കൂട്ടി. തുടർന്ന് 1983-ൽ മസിൽ വീർപ്പിച്ച്‌ മഞ്ഞ ഉടുപ്പും ചുമപ്പ്‌ ട്രൗസറും അണിഞ്ഞ് നെഞ്ചത്തൊരു നക്ഷത്രവുമായി ഡിങ്കൻ ബാലംബഗളത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.

മാതാപിതാക്കളെ അനുസരിക്കാതെ തന്നിഷ്‌ടം കാണിച്ചു നടന്നിരുന്ന ഒരു സാധാരണ എലി മാത്രമായിരുന്നു ഡിങ്കൻ. അങ്ങനെയിരിക്കെ ഒരു ദിവസം അന്യഗ്രഹത്തിൽ നിന്നെത്തിയ ജീവികൾ ഡിങ്കനെ പിടിച്ച് ചില പരീക്ഷണങ്ങൾക്കു വിധേയനാക്കുകയും അതോടെ ഡിങ്കന്‌ അസാധാരണ ശക്‌തിയും കഴിവുകളും ലഭിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഡിങ്കൻ തന്റെ കഴിവും ശക്തിയും മൃഗങ്ങളുടെയും കാടിന്റെയും നന്മയ്‌ക്കായി ഉപയോഗിക്കാൻ തീരുമാനിക്കുന്നതുമാണ്‌ ആദ്യരണ്ടുലക്കങ്ങളിൽ ഇതിവൃത്തമാക്കിയത്‌. തുടർന്നാണ് ഡിങ്കന്റെ ആസ്‌ഥാനമായ പങ്കിലക്കാടും എതിരാളികളായ കരിങ്കാടനും കേരകനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളെ രംഗപ്രവേശം ചെയ്യിക്കുന്നത്‌.

ബാലമംഗളത്തിൽ ഡിങ്കനെ ഉൾപ്പെടുത്തിയതോടെ കോപ്പികളുടെ എണ്ണം 1.5 ലക്ഷം വരെയെത്തിയിരുന്നു.] പരീക്ഷക്കാലങ്ങളിൽ കുട്ടികളുടെ ഇത്തരം പ്രസിദ്ധീകരണൾക്ക് ഇടിവു സംഭവിക്കുക സാധാരണമാണ്. എന്നാൽ ബാലംഗളത്തിനു ആ കാലത്തും ഇടിവു സംഭവിക്കാതിരുന്നത് മുതിർന്നവരും ഈ പ്രസിദ്ധീകരണം വായിക്കുന്നതു മൂലമാണെന്ന് ഇക്കണോമിക്‌സ് ടൈംസ്‌ നടത്തിയ സർവേയിൽ കണ്ടെത്തി. പിന്നീട് സാങ്കേതിക കാരണങ്ങളാൽ ബാലമംഗളം പ്രസിദ്ധീകരണം നിർത്തി.

അന്ധമായ മതവിശ്വാസത്തിനും മത തീവ്രമാദത്തിനെയും പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസം എന്ന ഗ്രൂപ്പ് രൂപപ്പെട്ടത്. മതങ്ങളുടെയും അന്ധമായ മത്വിശ്വാസങ്ങളുടെയും ഇടയിൽ കിടന്നു നട്ടം തിരിഞ്ഞ ഒരു പറ്റം ആളുകൾ ചേർന്ന് ഡിങ്കോയിസം എന്ന സ്പൂഫ് മതം രൂപീകരിച്ചപ്പോൾ ആദ്യം അതൊരു കളിയായി മാത്രമാണ് കേരള ജനത കണ്ടത്. എന്നാൽ, അത് കളിയല്ല, കാര്യമാണ് എന്ന് തെളിയിക്കുകയാണ് ഡിങ്കോയിസത്തിന്റെ വർദ്ധിച്ചു വരുന്ന ഫോളോവേഴ്സ്.

ആദ്യകാലത്ത് ഫേസ്ബുക്കിൽ മാത്രം ഉണ്ടായിരുന്ന ഡിങ്കമത വിശ്വാസികൾ ഇപ്പോൾ ജനങ്ങൾക്കിടയിലെക്കും ഇറങ്ങി ചെല്ലുകയാണ്. മതങ്ങളെയും വിശ്വാസങ്ങളെയും അല്ല, മറിച്ച് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അന്ധമായ മതാനുകരണങ്ങളെയും മതത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന നിലവിലെ സാമൂഹിക വ്യവസ്ഥിതെയും ആണ് ഡിങ്കോയിസ്റ്റുകൾ ചോദ്യം ചെയ്യുന്നത്. ഇതിനു പുറമേ, സമൂഹത്തിലെ ഇതു തരത്തിൽ പെട്ട ചൂഷണങ്ങൾക്കും എതിരെ ഡിങ്കന്റെ ശിങ്കിടികൾ രംഗത്തുണ്ട്.

കുട്ടികൾക്കുള്ള പ്രസിദ്ധീകരണമായ ബാലമംഗളത്തിലെ അതിഭയങ്കരമായ കഴിവുകളുള്ള കഥാപാത്രമാണ് മൂഷികനായ ഡിങ്കൻ. ഒരു സ്പൂഫ് മതമായി പിറവി കൊണ്ട ഡിങ്കോയിസവും ഡിങ്കോയിസ്റ്റ്കളും ശ്രദ്ധിക്കപ്പെടുന്നത് ദിലീപിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതിനെ തുടർന്ന് , ദിലീപിന്റെ ഹോട്ടലായ ദേ പുട്ടിലേക്ക് നടത്തിയ മാർച്ചോടെയാണ്. ഇതോടു കൂടി ഡിങ്കോയിസം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ആ സംഭവത്തോടെ, ഡിങ്കോയിസം ഫേസ്ബുക്കിൽ കൂടുതൽ കരുത്താർജിച്ചു. ഡിങ്കോയിസത്തിനായി കൂടുതൽ പേജുകൾ പ്രത്യക്ഷപ്പെട്ടു. ഡിങ്കൻ ഫാൻസ്‌ അസോസിയേഷൻ വന്നു. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തിൽ, സ്വർണ്ണകടകൾ നടത്തുന്ന പണക്കൊയ്ത്തിന് എതിരെ ‘അക്ഷയജട്ടീയ’ ദിനം ആചരിച്ച് ഡിങ്കോയിസ്റ്റുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിങ്കന്റെ വസ്ത്രമായ ‘ജട്ടി’ ഭാഗ്യജട്ടി എന്ന പേരിൽ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം.

സമരങ്ങളോ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധങ്ങളോ കൂടാതെ തികച്ചും ശാന്തമായി, പരിഹാസ രൂപേണ സമൂഹത്തിലെ നീതി നിഷേധങ്ങളെ നേരിടാനാണ് ഡിങ്കോയിസ്റ്റുകൾ ശ്രദ്ധിക്കുന്നത്. നിലയില കൊച്ചി, കോഴിക്കോട് ഭാഗത്ത് ഡിങ്കോയിസ്റ്റുകൾ കൂടുതലായി ഉണ്ട്.പുതു തലമുറയിൽ പെട്ട ആളുകളാണ് ഡിങ്കന്റെ ശിങ്കിടികളിൽ അധികവും ഇവരുടെ കൂട്ടത്തില്‍.

കടപ്പാട് – PSC വിജ്ഞാനകോശം.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply