കെഎസ്ആർടിസി സർവ്വീസ് ചുരുക്കി; തൂങ്ങിക്കിടന്ന് ജീവൻ കയ്യിൽപ്പിടിച്ച് യാത്രക്കാർ..

കെഎസ്ആർടിസിയെ കരകയറ്റുവാൻ പല പരിഷ്‌കാരങ്ങളും നിലവിൽ വരുത്തുകയും ചിലതൊക്കെ നിർത്തുകയും ചെയ്യുകയാണ് എംഡിയായ ടോമിൻ തച്ചങ്കരി. അദ്ദേഹത്തിൻ്റെ ആത്മാർഥത ഒന്നുകൊണ്ടുമാത്രമാണ് ഇന്നും വലിയ കുഴപ്പമില്ലാതെ മലയാളികളുടെ സ്വന്തം ആനവണ്ടി മുന്നോട്ടു പോകുന്നതും. എന്നാൽ ഈയിടെ ഉണ്ടായ എംപാനൽ കണ്ടക്ടർമാരുടെ കൂട്ട പിരിച്ചുവിടൽ കാരണം കെഎസ്ആർടിസിയിൽ ജീവനക്കാരുടെ കുറവ് നന്നായിട്ടുണ്ട്.

പേരുകേട്ട സർവീസുകളെല്ലാം മുടക്കമില്ലാതെ ഓടുമ്പോഴും ജീവനക്കാരില്ലായെന്ന കാരണത്താൽ വെട്ടിച്ചുരുക്കുന്നത് ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവീസുകളാണ്. ഇതുമൂലം കേരളത്തിലെ മലയോര പ്രദേശങ്ങൾ അടക്കമുള്ള ഉൾപ്രദേശങ്ങളിലുള്ളവർ യാത്രാസൗകര്യമില്ലാതെ വലയുകയാണ്. അതിൽ പ്രധാനമായും എടുത്തു പറയേണ്ട ഒരു സ്ഥലമാണ് കോട്ടയം ജില്ലയിലെ മലയോരമേഖലയായ പൂഞ്ഞാർ. പൂഞ്ഞാർ നിയോജകണ്ഡലത്തിലെ  പറത്താനം, ചോലത്തടം, പാതാമ്പുഴ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ രാവിലെ ഉണ്ടായിരുന്ന ബസുകൾ നിർത്തിയതോടെ മൂന്ന് ബസിൽ കൊള്ളാവുന്ന ആളുകളാണ് അപകടകരമായ രീതിയിൽ ഒരു ബസിൽ യാത്ര ചെയ്യുന്നത്. 

ഈ സംഭവത്തെ അടിസ്ഥാനമാക്കി പൂഞ്ഞാർ സ്വദേശിനിയായ ആര്യ രാജ് എന്ന പെൺകുട്ടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തൻ്റെ പഴയകാല കെഎസ്ആർടിസി ഓർമ്മകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ആര്യ ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.

“കെ.എസ്.ആര്‍.ടിസി എന്‍റെ ജീവിതത്തിന്‍റെയൊരു ഭാഗമായി തീരുന്നത് 2008 ഓടുകൂടിയാണ്. കൃത്യമായി ഓര്‍ക്കാന്‍ കാരണമുണ്ട്. യു.പി സ്കൂളിലെ വല്യേച്ചികളിയുടെ രസച്ചരട് പൊട്ടി പൂഞ്ഞാര്‍ സെന്‍റ് ആന്‍റണീസിലേയ്ക്ക് ഹൈസ്കൂള്‍ ജീവിതത്തിന്‍റെ, യാത്രാക്കേശത്തിന്‍റെ, പടുകുഴിയിലേയ്ക്ക് പ്ധിം തോം എന്ന് വീണത് അക്കൊല്ലമാണ്.

അന്നും ഇന്നും പ്രൈവറ്റ് ബസ്സുകള്‍ വലിയ താല്പര്യം കാണിക്കാത്ത മലയോരപ്രദേശത്തു നിന്നും രാവിലെയും വൈകിട്ടുമായി ഒരു പറ്റം പിള്ളാരെയും ചാക്കില്‍ക്കെട്ടി ആനവണ്ടികള്‍ ഈ രാറ്റുപേട്ടയോ മുണ്ടക്കയമോ ലക്ഷ്യമാക്കി കിതച്ച് പായും. പിറകില്‍ മാത്രം വാതിലുള്ള. വാതിലിന് അടപ്പില്ലാത്ത പഴയ കേസാര്‍ടീസീ ബസ്സുകളിലായിരുന്നു അന്ന് യാത്രകള്‍. വാതില്‍പ്പടിയില്‍ തൂങ്ങി നിന്നുള്ള അപകടകരമായ യാത്രകള്‍ എത്രയോ വര്‍ഷങ്ങളില്‍ ഒരു പ്രദേശത്തിന്‍റെ ശീലമായിരുന്നു. ആ ശീലത്തിനു മുകളിലേയ്ക്ക് അടച്ചുറപ്പുള്ള പുതിയ ബസ്സുകള്‍ വന്നു. റോഡിന് കുറേ കൂടി വീതിയും മികച്ച ടാറിങും വന്നു. സുരക്ഷിതമായ യാത്രകള്‍ ഞങ്ങള്‍ക്കും സ്വന്തമായി.

അപകടകരമായ കുത്തിറക്കങ്ങളിലും കൊടും വളവുകളിലും കരഞ്ഞു തീരുന്ന ബ്രെയ്ക്കും മറ്റ് അവയവങ്ങളും കുറഞ്ഞ കളക്ഷനും പ്രൈവറ്റ് ബസ്സുകളെ പാതാമ്പുഴയില്‍ ഫുള്‍സ്റ്റോപ് ഇടീച്ചപ്പോഴും, കെസാര്‍ടീസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി കൊടുക്കുന്നതിന് എന്നും പഴി കേള്‍ക്കുന്ന, കളക്ഷന്‍ കണക്കു നിരത്തുമ്പോള്‍ കണ്‍സഷന്‍ ടിക്കറ്റുകള്‍ മാത്രം ബാക്കിയാകുന്ന എം.എല്‍.എ വണ്ടികള്‍ ഞങ്ങളെ വീട്ടില്‍ നിന്നു സ്കൂളിലേയ്ക്കും തിരിച്ചും കൊണ്ടു വന്നുകൊണ്ടേയിരുന്നു. എം.എല്‍.എ വണ്ടികള്‍- -ജനപ്രതിനിധികളുടെ താല്പര്യപ്രകാരം അവികസിത മേഖലകളിലേയ്ക്കോ ഗ്രാമപ്രദേശങ്ങളിലേയ്ക്കോ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി ഓടുന്ന വണ്ടികൾ.

മലയോരവഴികളില്‍ ബ്രെയ്ക് ഡൗണായിപ്പോയ ബസ്സുപോലെ ഞങ്ങളുടെ കാര്‍ന്നോന്മാര്‍ റബ്ബറിലും പനയിലും മണ്ണിലും നീരുവീഴ്ത്തി ഇതേ വട്ടത്തിലൊതുങ്ങിയെങ്കിലും തുടര്‍ന്നു വന്ന തലമുറയിലെല്ലാവരും സ്കൂളുകളിലേയ്ക്കും പിന്നെ കോളേജിലേയ്ക്കും ഉദ്യോഗങ്ങളിലേയ്ക്കും പറന്നു തുടങ്ങിയത് നഷ്ടക്കണക്കുകള്‍ ബാക്കിയാക്കിയും കണ്‍സഷന്‍ കാര്‍ഡുകളുടെ ബലത്തില്‍ എം.എല്‍ .എ വണ്ടികളിലേറിയുമായിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി പുസ്തകങ്ങള്‍ക്കൊപ്പം കണ്‍സഷന്‍ കാര്‍ഡും പിടിച്ച് അതേ പഴയ വഴികളില്‍ ബസ്സ് കാത്തു നില്‍ക്കുകയാണ്. അല്ല കെ.എസാര്‍ടിസിയും കാത്ത് നില്‍ക്കുകയാണ്. നഷ്ടക്കണക്കുകള്‍ക്ക് കനം കൂട്ടിയ എം.എല്‍.എ വണ്ടികള്‍ അപ്രത്യക്ഷമായ്ക്കഴിഞ്ഞു. കണ്ടക്ടര്‍ ക്ഷാമം അല്ലാത്ത ബസ്സുകളെയും ഇല്ലാതെയാക്കി. രാവിലെ ഈരാറ്റുപേട്ട റൂട്ടിലേയ്ക്കുള്ള മൂന്ന് ബസ്സുകളുടെ സ്ഥാനത്ത് കിതച്ചും ഇഴഞ്ഞും സമയം തെറ്റി ഒരെണ്ണം വന്നാലായി. അടച്ചുറപ്പുളള വാതിലുകള്‍ പാതി തുറന്നു പിടിച്ച് ഫുഡ്ബോഡില്‍ വരെ തിങ്ങി നിറഞ്ഞ ആളുകളെയും കൊണ്ട് പിന്നിടേണ്ട കിലോമീറ്ററുകള്‍ നെഞ്ചില്‍ പെരുമ്പറകൊട്ടുന്നുണ്ട്. തിങ്ങി നിറഞ്ഞ ഈ ബസ്സില്‍ ഒരുപക്ഷേ ഇരുപതോ മുപ്പതോ ടിക്കറ്റുകളേ ഉണ്ടാവൂ.

എഴുതിപ്പോവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞം വരുന്നുണ്ട്. മുന്നോട്ടുള്ളത് കുത്തിറക്കങ്ങളാണ്. പരിധിയിലധികം ഭാരവും വഹിച്ച് മലയിറങ്ങുന്ന വണ്ടിക്കോ ഡ്രൈവര്‍ക്കോ സംഭവിച്ചേക്കാവുന്ന ചെറിയൊരു പിഴവിന്‍റെ ഫലം ഭീകരമായിരിക്കും. ലാഭത്തിലോടാന്‍ മാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശീലിച്ചുതുടങ്ങിയാല്‍ പെരുവഴിയിലായിപ്പോയേക്കാവുന്ന ഒരു കൂട്ടം മനുഷ്യരാണെങ്കിലും ഈ കച്ചവടത്തില്‍ KSRTC ക്ക് ലാഭം മാത്രം ബാക്കിയാകട്ടെ എന്നാശംസിക്കുന്നു.

കൃത്യതയില്ലായ്മ,ഉത്തരവാദിത്തമില്ലായ്മ, പ്രൊഫഷനല്‍ അല്ലാത്ത സമീപനം തുടങ്ങിയ കുറ്റങ്ങളൊക്കെ അവിടെ തുടരട്ടെ. സാധാരണക്കാരായ മനുഷ്യര്‍ക്ക് ആശ്വാസമായി സ്കൂള്‍/ഓഫീസ് സമയങ്ങളിലോടുന്ന കുറച്ച് സേവനവണ്ടികള്‍ കൊണ്ടുണ്ടാവുന്ന ഭീമമായ നഷ്ടം ആദ്യം പരിഹരിക്കപ്പെടേണ്ടതു തന്നെ. സര്‍ക്കാര്‍ സംവിധാനങ്ങളല്ലാതെ ആര് സേവനം ചെയ്യുമെന്ന ചോദ്യം അറിയാതെ പോലും ഉയരാതിരിയ്ക്കട്ടെ. ഇത് കേവലമൊരു നാടിന്‍റെ കഥയല്ലെന്നറിയാം. ജീവനും കൈയ്യില്‍പ്പിടിച്ച് ദിവസവും മലയിറങ്ങുന്ന ഒരുപാടുപേരിലൊരാളായി ഇത്ര മാത്രം കുറിച്ചിടുന്നു.”

പറത്താനം – പൂഞ്ഞാർ – ഈരാറ്റുപേട്ട (മുണ്ടക്കയം – പറത്താനം – പൂഞ്ഞാർ – ഈരാറ്റുപേട്ട) റൂട്ടിൽ രാവിലെ 3 ബസുകൾ ഉണ്ടായിരുന്നു. സ്കൂള് കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ സ്‌ഥിരം യാത്ര ചെയ്യുന്ന ഈ വഴിക്കു ഇപ്പോഴുള്ളത് ആകെ ഒരു ബസ് മാത്രം. കുത്തനെയുള്ള ഇറക്കത്തിൽ ആളുകളെയും കൊണ്ട് ഈ ബസ് ഇറങ്ങിവരുന്നത് ഒന്ന് ചിന്തിച്ചു നോക്കു. നമ്മുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുമെന്ന് എന്തുറപ്പാണ് അധികാരികൾക്ക് തരാൻ കഴിയുന്നത്? കോട്ടയം – ഈരാറ്റുപേട്ട റൂട്ടില് അര മണിക്കൂർ ഇടവിട്ട് ബസ് നൽകാമെങ്കിൽ ഒരേ ഒരു ബസ് എന്തുകൊണ്ട് ഈ റൂട്ടിൽ അയച്ചു യാത്രാ ക്ലേശം അല്പമെങ്കിലും പരിഹരിച്ചുകൂടാ എന്നാണു നാട്ടുകാർ ചോദിക്കുന്നത്. ഈ ദുരിതയാത്രാ ക്ലേശം അധികാരികളുടെ കണ്ണിലെത്തി പരിഹരിക്കപ്പെടും വരെ ഷെയർ ചെയ്യൂക.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply