ഇൻഡോ – തിബറ്റൻ അതിർത്തിയായ ഗ്യു കുന്നുകളിലെ മമ്മി…

വിവരണം – സുശാന്ത് പി.

അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടേയും തിബത്തിന്റെയും അതിർത്തി ഗ്രാമമായ ഗ്യു എന്ന ഗ്രാമത്തിൽ പടർന്ന് പിടിക്കുന്ന അജ്ഞാതമായ രോഗം ശമിപ്പിക്കാൻ, ടെൻസിങ് എന്ന ബുദ്ധ സന്യാസി ,തന്റെ ഇനിയുള്ള ജീവിതം ഉപേക്ഷിച്ചു സ്വയം മമ്മിയാകാനുള്ള തീരുമാനമെടുത്തു. മരണാനന്തരം ആർജിക്കുന്ന ദൈവീക ശക്തിയാൽ ആ ഗ്രാമത്തിന്റെ പരിപാലനം ആ യോഗി അതികഠിനമായ ആഹാരവൃതത്താൽ സ്വായത്തമാക്കി. ജീവൻ വെടിയുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ആകാശത്തിൽ മഴവില്ലുകൾ പ്രത്യക്ഷമായെന്നും കാലക്രമേണ ആ ഹിമാലയൻ ഗ്രാമത്തിന്റെ ദൈവമായി ടെൻസിങ് മാറുകയും ചെയ്തു.

ദുർഘടമായ മലമ്പാതകളും അതിശൈത്യവും അല്ലെങ്കിൽ അജ്ഞാതമായ മറ്റേതോ കാരണത്താൽ ത്യാഗോജ്വലമായ ആ കഥകൾ പുറം ലോകത്തിന് അന്യമാക്കി. കാലം കടന്നുപോയി, മംഗോളിയൻ ചക്രവർത്തി ലാമമാർക്ക് തിബത്തിന്റെ അധികാരം കൊടുത്തു. ഒറ്റാരാത്രി കൊണ്ട് അമൂല്യമായ ജീവിത ദർശനം ലോകത്തിന് സമർപ്പിച്ച ലാവോയിസം മതമായി വളർന്നു. പ്രാദേശികമായ സകല ആഭിചാരക്രിയകളും ഒപ്പം കൂട്ടി ഈ സിദ്ധാന്തം ആചാരജഡിലവും മന്ത്രവാദപ്രധാനവുമാവുകയും പുരോഹിതന്മാർ നിയന്ത്രിക്കുന്ന അന്ധമായ ഒരു മതവിശ്വാസമായി പരിണമിക്കുകയും ചെയ്തു.ബുദ്ധ മതത്തിന്റെ പ്രചാരത്തോട് കൂടി ലാവോയിസം വജ്രയാനത്തിൽ (ബുദ്ധമത താന്ത്രികത) ലയിച്ചു വിസ്മൃതിയിലായി.

പരമോന്നതമായ ബുദ്ധത്വം പ്രാപിച്ചു എല്ലാ ജീവജാലങ്ങളെയും സ്വതന്ത്രരാക്കുക എന്ന ആപ്ത വാക്യം കാത്തുസൂക്ഷിക്കുന്ന തിബത്തിൽ ചൈനയുടെ അധിനിവേശത്തിന് ഇരുപതാം നൂറ്റാണ്ട് സാക്ഷിയായി. ഇന്ത്യക്കും തിബത്തിനും പുതിയ അതിർത്തി വന്നു. ടെൻസിംങ്ങിന്റെ ഗ്രാമം ഇന്ത്യക്കൊപ്പം വന്നു. ഏറെ നാൾ കഴിഞ്ഞു താൻ വിസ്മരിക്കപ്പെട്ടു എന്ന തോന്നലിലാവണം,ടെൻസിങ് ഗ്യൂ ജനതക്ക് മുൻപിൽ സ്വയം അനാവൃതനായത്.1975 ൽ ആ മേഖലയിൽ ഉണ്ടായ ഭൂചലനത്തിൽ തകർന്നുപോയ ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നാണ് ടെൻസിങ്ങിന്റെ മമ്മി നൂറ്റാണ്ടുകൾക്കിപ്പുറം നാം വീണ്ടെടുക്കുന്നത്.

വേനൽ മഴ കനത്ത ഒരു വിഷു സന്ധ്യയിൽ, സുഹൃത്തിന്റെ അമ്മ വാത്സല്യം ചേർത്ത കട്ടൻ കാപ്പി കുടിച്ചു കൊണ്ടാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് സത്യവും മിഥ്യയും വേര്തിരിക്കാനാവാത്ത വണ്ണം ആ കഥ ഞാൻ കേട്ടത്. വർഷം ഏറെ കഴിഞ്ഞാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്ന ഏക Living mummy അഥവാ sokushinbutsu ന്റെ വഴിയിലേക്ക് ഒരു യാത്ര തരപ്പെടുന്നത്. രണ്ട് മൂന്ന് ദിവത്തെ യാത്രക്ക് ശേഷമാണ് ശൈത്യം പൂജ്യത്തിനു താഴേക്ക് പോയ ആ രാത്രിയിൽ നാക്കോയിൽ എത്തിയത്.കുന്നിൻ ചെരുവിൽ ഏകാകിയായ നിന്ന ഒരു ഹോം സ്റ്റേ ഞങ്ങൾക്ക് ആതിഥേയത്വം നൽകി.ഒരു സ്ത്രീയും അവർക്ക് കൂട്ടായി നേപ്പാളിൽ നിന്ന് വന്ന ഒരു ബാലനും ആയിരുന്നു നടത്തിപ്പുകാർ. .സൗഹൃദം തിടം വെച്ച് മാതൃത്വം രൂപപ്പെടുകയും,അവർ ഏവർക്കും അമ്മയായി മാറിയതും പെട്ടന്നായിരുന്നു.നിങ്ങൾ എത്ര സമയം വേണമെങ്കിലും ഇരുന്നോളൂ പക്ഷെ ഭക്ഷണം ചൂടാറുന്നതിനു മുൻപ് കഴിക്കണം ശാസന കലർന്ന സ്വരത്തിൽ അവർ ഇടക്കിടെ ഞങ്ങളെ ഓർമിപ്പിച്ചു.

ദീരവ് എന്നായിരുന്നു അവന്റെ പേര് ,വലിയ ശബ്ദത്തിൽ മൊബൈലിൽ അവൻ തൊണ്ണൂറുകളിലെ ഹിന്ദി സിനിമാ ഗാനങ്ങൾ കേട്ട് ഭക്ഷണത്തിനുള്ള സഹായം ചെയ്തും, ഞങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയും കൂടെ നിന്നു.അവന്റെ കദന കഥയിലായിരുന്നു എന്റെ നോട്ടം. രാത്രി തീ കായുമ്പോൾ അവൻ പറയുന്ന ദരിദ്രമായ നേപ്പാൾ ഗ്രാമങ്ങളിലെ കഥകൾ.ആ കളിക്ക് നിൽക്കാതെ വിറക് കൂട്ടി കത്തിച്ചു തന്ന് ,അവൻ രാത്രി പെട്ടന്ന് തന്നെ തൊട്ടടുത്തെ ചായ്പ്പിലേക്ക് ഉറങ്ങാൻ പോയി. ഓരോ യാത്രയിലും കണ്ടു മുട്ടാറുണ്ട് ഇത്തരം നൊമ്പരപ്പെടുത്തുന്ന ജീവിതങ്ങളെ. ഈ യാത്രയിൽ ഏറെയും കൗമാരം പിന്നിടാത്തവർ ആയിരുന്നു.

ബാല്യം വരച്ചു തുടങ്ങുന്ന ഒരു ചിത്രമുണ്ട്. രണ്ടു മല,ഉദയ സൂര്യൻ, ഒരു വീട് ഇതിനിടയിൽ കൂടി ഒഴുകുന്ന നദി.ഏതാണ്ടിതുപോലെയായിരുന്നു പ്രഭാതത്തിലെ കാഴ്ച്ച. രാവിലെ ഭക്ഷണവും കഴിച്ചു ഞങ്ങൾ അവിടെ എത്തിയതിന്റെ ഓർമ്മക്കായി ഒരു ഗ്രാഫ്റ്റിയും വരച്ചു ദുർബലമായ പർവത നിരകൾ ചുറ്റി കാസയിലേക്ക് പോകുന്ന വഴിയിലൂടെ യാത്ര തുടർന്നു.പോകുന്ന വഴിയിൽ ആർമി റോഡിന്റെ സുരക്ഷ ഉറപ്പു വരുത്താൻ സദാ ജാഗരൂഗരായി കാവലുണ്ടായിരുന്നു. ഇടക്കിടെ മണ്ണിളകി റോഡിൽ തടസ്സം വരുന്നത് ഇവിടെ പതിവാണ്.

അടുത്ത വാസയോഗ്യമായ സ്ഥലം “സ്‌മുണ്ടോ” ആണ്. അവിടെ വെച്ചാണ് ടിബറ്റിൽ നിന്ന് ഉത്ഭവിക്കുന്ന “പാർച്ചു ” നദി സ്പിറ്റിയിൽ കൂടിച്ചേരുന്നത്. അതിനു മുൻപാണ് ടിബറ്റൻ അതിർത്തിഗ്രാമമായ കൗരിക്കിലേക്കുള്ള വഴി തുടങ്ങുന്നത്. കുറച്ചു കൂടി മുൻപോട്ടു പോയാൽ ഒരു ചെക്ക്പോസ്റ്റും അതു കഴിഞ്ഞ് ഒരു പാലവും വരും. ഇടത്തോട്ടേക്ക് ഒരു ചെറിയ വഴി മല കയറി പോകുന്നത് കാണാം. ഗ്യൂവിൽ അവസാനിക്കുന്ന ,തിബത്തിൽ നിന്നും വെറും 10 km മാത്രം അകലം ഉള്ള ടെൻസിങിന്റെ ഗ്രാമത്തിലേക്കുള്ള വഴിയാണ് അത്. പൊട്ടിപ്പൊളിഞ്ഞതും താറിടാത്തതുമായ ചെമ്മണ് പാതയിലൂടെ 20 km ഉണ്ട് ആ ഗ്രാമത്തിലേക്ക്. ഗ്രാമത്തിൽ അവസാനം ഒരു പ്രാഥമിക വിദ്യാലയവും ഇടതു പാർശത്തിൽ ഒരു ഹെല്ത്ത് സെന്ററും ഉണ്ട്. മുപ്പതോളം കുടുംബങ്ങൾ മാത്രമാണ് ഈ ഗ്രാമത്തിൽ വസിക്കുന്നത്. ആശുപത്രിക്ക് വലത് വശത്തിലൂടെ ഒരു ചെറിയ വഴി റെൻസിങിന്റെ മമ്മി സൂക്ഷിച്ച ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.

അവിടെയെത്തുമ്പോൾ ഹെല്ത്ത് സെന്റർ വരാന്തയിൽ ഒരാൾ സാകൂതം ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. മാറിൽ തളർന്ന് ഉറങ്ങുന്ന അയാളുടെ മകനുമായി ഡോക്ടർക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അയാൾ എന്ന് തോന്നുന്നു. ഓർത്തു നോക്കുമ്പോൾ ഓർമയുടെ അറ്റത്തെവിടെയോ ഉണ്ട് ആ കാലം.വിഹ്വലമായ അമ്ലമഴകൾ പെയ്യുന്നത് സ്വപ്നം കണ്ട് പനിച്ചൂടിൽ കഴിച്ചു കൂട്ടുന്ന രാത്രികൾ. ഇടക്കിടെ കുട്ടിക്ക് വിയർത്തോ എന്ന് നോക്കുന്ന സ്നേഹത്തിന്റെ ഇളം തണുപ്പുള്ള ചുളിവ് വീണ കൈത്തലങ്ങൾ.ആർത്ത്പെയ്യുന്ന ഇടവപ്പാതിയിൽ പൂമുഖകസേരയിൽ ഒരു ഗ്ലാസ് ചുക്ക് കാപ്പികൊണ്ട് തോൽപ്പിക്കുന്ന പനി ചൂടുകൾ. പനിക്കാലം അതൊരാഘോഷമായിരുന്നു അലസമായി ഇരുന്ന് കിനാവ്കാണാനുള്ള വലിയൊരു സാധ്യത. കാലം കഴിഞ്ഞ അര നൂറ്റാണ്ട് എത്ര പെട്ടെന്നാണ് ഓടി തീർത്തത്. ഗൃഹാതുരത്വമുണർത്തുന്ന പനിക്കാലത്തിന്റെ ഓർമകളെ വിട്ട് ക്ഷേത്രാങ്കണത്തിൽ എത്തി.

BBC കുറച്ചു വർഷങ്ങൾക്ക് മുൻപാണ് മിസ്റ്ററിസ് ഓഫ് ടിബറ്റൻ മമ്മീസ് എന്ന ഡോക്യൂമെന്ററി ഇതിനാസ്പധമായി നിർമ്മിച്ചത്. പ്രൊഫെസർ മേയർക്ക് ആകെ 5 ദിവസം മാത്രമാണ് ചൈന അവകാശ വാദം ഉന്നയിക്കുന്ന ഈ ഗ്രാമത്തിൽ ഇന്ത്യൻ ഗവണ്മെന്റ് സമയം അനുവദിച്ചത്.വെറും ആറ് മണിക്കൂറാണ് പഠനത്തിനായി മമ്മി ഇവർക്ക് വിട്ടു നൽകിയത്.ഇത്രയേറെ കര്ശനമുള്ള ആ മമ്മി സൂക്ഷിച്ച കെട്ടിടത്തിന്റെ താക്കോലാണു തൊട്ടടുത്ത ചായകടക്കാരൻ സൂക്ഷിക്കുന്നതും ,അത്രെയേറെ വിശ്വാസിത യില്ലാത്ത മുഖമുള്ള ഞങ്ങളുടെ കയ്യിലേക്ക് വെച്ചു തന്നതും.

മുറി തുറന്നതും ചില്ലു കൂട്ടിലെ സന്ഗ ടെൻസിൻ ഒരു ചെറിയ നാളത്തിൽ പ്രത്യക്ഷമായി,ചില്ലുകൂട്ടിൽ നിരോധിക്കപ്പെട്ടതും പെടാത്തതുമായ ചെറു നോട്ട് കൂമ്പാരത്തിനു നടുവിൽ മുട്ടുകാലിന് മുകളിൽ തലയും വെച്ചു സന്ദർശകരെ ഉറ്റു നോക്കുന്ന ടെൻസിങ്.വജ്രയാനത്തിൽ പത്മാസനം എന്നറിയപ്പെടുന്ന ഇരുപ്പ്,സൂക്ഷിച്ചു നോക്കിയാൽ കഴുത്തിലൂടെ ദ്രവിച്ച ഒരു ഷാൾ കാണാം. ഈ അവസ്ഥയിൽ വർഷങ്ങളോളം ധ്യാന നിമഗ്നവാൻ സഹായിച്ചത് ആ ഷാൾ എന്നാണ് നിഗമനം. ശബരിമലയിൽ ചിന്മുദ്രയോടെ ഉദുങ്കാസനത്തിൽ ഇരിക്കുന്ന ശാസ്താവിന്റെ വിഗ്രഹത്തിലും കാണാം കാലിൽ ഒരു കെട്ട്.

തിബത്തുകാരുടെ വിശ്വാസത്തിൽ സ്വയം മമ്മിയാവുക അഥവാ ജീവിക്കുന്ന ബുദ്ധനാവുക എന്നാൽ “തുക്കടം” അവസ്ഥയിൽ ബുദ്ധനു സമാനമായ ബോധോദയം പ്രാപിക്കപ്പെടുക എന്നതാണ്. ഈ അവസ്ഥ പ്രാപിക്കുന്നതിന് മുൻപായി തന്നോട്ബന്ധപ്പെട്ട ജനങ്ങൾ മഴവില്ലു കാണും എന്നാണ് വിശ്വാസം. സ്വന്തം ശരീരം മമ്മിയാക്കാൻ അതികഠിനമായ ആഹാര ശീലങ്ങൾ ആണ് ഇവർ പിന്തുടരുന്നത്. Tree based diet എന്നറിയപ്പെടുന്ന ഈ ആഹാരക്രമം ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാക്കുകയും മരണാനന്തരം സൂക്ഷ്മ ജീവികളെ അകറ്റി നിർത്താനും സഹായിക്കുന്നു. പിന്നീട് പ്രത്യേകമായി രൂപകല്പന ചെയ്ത പെട്ടിയിൽ ഇവർ സൂക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ ഉള്ള മമ്മികൾ മംഗോളിയ,ജപ്പാൻ തുടങ്ങിയ രാജ്യത്തു കാണാൻ സാധിക്കും .തായ്ലൻഡിലെ ലൗങ് പോർഡിങിന്റെ മമ്മി ഇത്തരത്തിൽ ഉള്ളതാണ്.ലോകത്ത് കണ്ടെടുത്തവയിൽ ഏറ്റവും പഴക്കം ചെന്നത് ടെൻസിങ്ന്റേതാണ് എന്നാണ് തോന്നുന്നത്.

അല്പ നേരം അവിടെ ചിലവഴിച്ച ശേഷം മുറിക്ക് പുറത്തിറങ്ങി. ചുറ്റും ഹൃദയത്തിൽ മഞ്ഞു സൂക്ഷിക്കുന്ന പർവതങ്ങളാണ്,അതിനപ്പുറത്ത് തിബത്ത്,ആഞ്ഞടിക്കുന്ന കാറ്റിന്റെ ഹുങ്കാരം. മുൻപ് എത്ര കാണാൻ കൊതിച്ചതാണ് ഈ പർവത ശിഖരങ്ങൾ. വിദ്യാലയത്തതിന് പിറകിലുള്ള കുന്നിൻ പുറത്തേക്ക് ഉച്ചയൂണിന് ശേഷം അര മണിക്കൂർ അധികം കിട്ടുന്ന വെള്ളിയാഴ്ചകളിലെ സഹസികയാത്രകളിലെ ഓര്മകളുമായാണ് പഴയ കുട്ടി വീണ്ടും ഓർമകളിൽ തിരിച്ചു വന്നത്. ആ കുന്നിൻ പുറത്ത് നിന്നാൽ അറബിക്കടൽ കാണാം. മേഘങ്ങളൊഴിഞ്ഞ നേരത്ത് ഹിമാലയവും കാണാനാവും എന്നാണ് കൂട്ടുകാർ അന്ന് പറഞ്ഞത്.

ഉച്ചയൂണിന് ശേഷം കൂട്ടുകാർക്കൊപ്പം ഒരു ഓട്ടമുണ്ട് ആ കാഴ്ചകൾ കാണാൻ. കുന്നിൻ വിജനതയിൽ കടൽ കണ്ട് അങ്ങനെ ഇരിക്കും. മനസ്സിലാണ് ഘടികാരം,ചിലപ്പോൾ കാഴ്ച്ചക്കൊപ്പം മനസ്സും പോകും.അപ്പോഴാണ്‌ കൊളംബിയൻ പ്ലേമേക്കർ വൾഡറാമയെ അനുസ്മരിപ്പിക്കുന്ന ഞങ്ങളുടെ പ്രധാന അധ്യാപകന്റെ പിടിയിൽ വീഴുന്നത്. കല്ലുവെട്ടാംകുഴിക്കരികെയുള്ള വൃക്ഷപടർപ്പിന് താഴെ അയാൾ ഉണ്ടാകും. തുടയിൽ വീഴുന്ന ചൂരൽ പാടുകൾ പഠനം മാത്രമാണ് ശരിയായ വഴി എന്ന് പറയും.ഇനി പോവില്ല എന്ന് മനസ്സിൽ ഉറപ്പിക്കും.മേഘങ്ങളില്ലാത്ത ആകാശം കാണുമ്പോൾ കുറ്റബോധത്തിന്റെ തുടൽ പൊട്ടിച്ച് വീണ്ടുമൊരു വെള്ളിയാഴ്ച അവൻ ആ കുന്നിലേക്ക് ഓടിത്തുടങ്ങും.

ഇന്ന് ഉച്ചക്ക് ശേഷമുള്ള ഓട്ടം കാസയിലേക്കാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പോസ്റ്റാഫീസിൽ നിന്ന് മകന് ഒരു കത്ത് അതാണ് അടുത്ത ലക്ഷ്യം. തിരിച്ചിറങ്ങി വരുമ്പോൾ ആ സ്കൂൾ ഉച്ചയൂണിനായി വിട്ടിരുന്നു. നാമമാത്രമായി കുട്ടികൾ . ആ അച്ഛൻ ഇപ്പോഴും വഴിയിലേക്ക് കണ്ണും നട്ട് കാത്തിരിപ്പാണ്. വീശിയടിക്കുന്ന കാറ്റിൽ അവിലോകിതേശ്വരന്റെ ഷഡാക്ഷരീ മന്ത്രം ഉരുവിടുന്ന ധ്വജങ്ങൾ. അന്ന് ഓടിട്ട മേൽക്കൂരയിൽ പെയ്യുന്ന മഴയുടെ താളത്തിനൊപ്പം അവൻ ഒന്ന് കൂടി പറഞ്ഞിരുന്നു, ലഡാക്കിലെ ഏതോ ബുദ്ധ വിഹാരത്തിൽ ജീവിക്കുന്ന ബുദ്ധനാവാൻ തയ്യാറാവുന്ന ബുദ്ധ സന്യാസിയെ കുറിച്ച്. മഴവില്ല് വിരിയുന്ന ഒരു ദിവസം ആ താഴ്വരയിൽ പോകുന്നതിനെ കുറിച്ച്.നീ പൂർത്തിയാക്കാതെ പോയ ആ യാത്രയിലാണ് ഞാൻ ഇന്ന്. മഴ പെയ്തൊഴിഞ്ഞ രാവിൽ ,മനസ്സിന്റെ മണ്ണിലേക്ക് ഒരു കണ്ണീർ നനവായി പടർന്നിറങ്ങിയ നിന്റെ ഓർമ്മയിൽ….

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply