സൗദി അറേബ്യയിൽ ആരും അറിയപ്പെടാത്തൊരു ലഡാക്ക്…

വിവരണം – അബു. വി.കെ.

വർഷങ്ങൾക്ക്‌ മുൻപ് ജോലി ആവശ്യാർഥം സ്ഥിരമായി യാത്ര ചെയ്യാറുള്ള സൗദി അറേബ്യയിലെ ചില സ്ഥലങ്ങൾ ഉണ്ട് ഒരു പക്ഷേ അധികമാരും യാത്ര ചെയ്യാത്തൊരിടം എന്ന് തോന്നുന്നു അത് കൊണ്ട് തന്നെയാണ് ഇതിവിടെ ഒരൽപ്പം കാച്ചിക്കുറിക്കണമെന്നു തോന്നിയത്. സൗദിയിലെ കാഴ്ച്ചകൾ നുകർന്ന് നൽകുന്ന ചില പ്രദേശങ്ങളുണ്ട് പറഞ്ഞരിക്കാൻ കഴിയാത്ത പ്രദേശങ്ങൾ ഉണ്ട്. ഒരോ ദിവസവും വിത്യസ്ത കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നൊരിടം അതിനു പ്രത്യേക അതിർ വരമ്പുകൾ ഞാൻ നിശ്ചയിക്കുന്നല്ല കാരണം ഈ കാഴ്ചകളൊക്ക വിവിധ ഇടങ്ങളിലായി പരന്നു കിടക്കുന്നത് കൊണ്ടാവും, കാഴ്ചകൾ സമ്മാനിക്കുന്ന ഈ മരുഭൂമിയിലെ വിസ്മയങ്ങൾ വിവരണങ്ങൾക്കും കാഴ്ചകൾക്കും അപ്പുറത്തുള്ള ഒരു ലോകം എനിക്ക് സമ്മാനിച്ചത് .

അതേ ! അതിനെ സൗദിയുടെ ലഡാക്ക് എന്ന് വിശേഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട് അത്രമേൽ സുന്ദരമാണ് ഒരോ വഴികളും പർവ്വതങ്ങളും കാഴ്ചകളും . ഇന്ത്യയിലെ ലഡാക്കിൻ സമാനമായ എല്ലാം തന്നെ ഈ ഇടങ്ങളിലും വഴിയോരങ്ങളിലും നിറഞ്ഞ് നില്പ്പുണ്ട്, ഒരോ യാത്രികരും ആ സ്ഥലത്തിന് വിശേഷണച്ചാർത്ത് നൽകുമെന്ന പ്രതീക്ഷയോടെ ഒരോ യാത്രികരെയും ഉറ്റുനോക്കുന്ന ഇടങ്ങളാണിവയെല്ലാം .

ദിവസവും പുലർച്ചെ മൂന്നുമണിക്ക് വണ്ടി സ്റ്റാർട്ട്‌ ചെയ്യുo നേരെ വെച്ചു പിടിക്കും ഹെഖൽ റോഡ് ലക്ഷ്യമാക്കി..
പോകുന്ന വഴി പുലർച്ചെ ആയതിനാൽ റോഡ് എല്ലാം വളരെ ഫ്രീ ആയിരിക്കുo അര മണിക്കൂർ റൺ ചെയ്തു കഴിഞ്ഞാൽ ജിദ്ദ ഔട്ടർ ചെക്ക് പോസ്റ്റിലെത്താം, ചെക്ക്പോസ്റ്റും കഴിഞു ഒന്നര മണിക്കൂർ യാത്ര ചെയ്താൽ അൽ ലൈത്ത് എന്ന സ്ഥലത്തെത്തും

ജിസാൻ റോഡിന്റെ ഇരുവശങ്ങളിലും മേയുന്ന ഒട്ടകങ്ങളും കാണാം ഒരു ടെന്റും നിറയെ ചെമ്മരിയാടിന് കൂട്ടങ്ങളും പതിവ് കാഴ്ചയാകുന്നു. ചുട്ട് പഴുത്ത മണലാരുണ്യത്തിന്റെ പറക്കുന്ന ചുടു ഗദ് ഗദ്ദങ്ങൾ അങ്ങ് അകലങ്ങൾ വരേയ്ക്കും തിളച്ചു കൊണ്ടിരിക്കും… ആ മണലാരുണ്യത്തിൽ കഴിച്ചു കൂട്ടുന്ന ബെന്യാമിന്റെ ആടു ജീവിതങ്ങൾ അതിൽ ഒത്തിരിയുണ്ട് , ഏച്ചു കൂട്ടിയ കൂരകൾക്കുള്ളിൽ നിന്നും തേങ്ങുന്ന ആട് ജീവിതങ്ങളും ഈ വഴിയോര കാഴ്ചകളിലുണ്ട്. അൽ ലൈത്ത് എത്തുന്നതിന്റെ മുൻപും ഒരു ചെക്ക് പോസ്റ്റ്‌ കൂടേ കടന്ന് പോകാനുണ്ട്

അൽ ലൈത്ത് ബീച്ച് : ലിമത്ത് താഴ്വരയിൽ നിന്നാണ് അൽ ലിത്ത് എന്ന പേര് കിട്ടിയത്, ഗുവായാഖാ ഗ്രാമത്തിനടുത്തുള്ള കിഴക്ക് സ്ഥിതിചെയ്യുന്ന അൽ ലൈത് മക്കാ പ്രവിശ്യയിലായിട്ടാണ് നിലകൊള്ളുന്നത്.
ഹെജാസ് പർവതനിരകൾ, കിഴക്ക് ആധാം, ടേഫ് എന്നീ നഗരങ്ങൾ വ്യാപിച്ചു കിടക്കുന്നു. അൽഖുൻഫുദ നഗരത്തിന്റെ തെക്ക് വരെ നീളുന്നു അൽ ലൈത്ന്ന്റെ അതിരുകൾ.

മുൻകാലങ്ങളിൽ ജിസാൻ, യെമൻ, ആഫ്രിക്കയുടെ തീരങ്ങളിൽ നിന്നുള്ള കപ്പലുകൾ എന്നിവ ചരക്കുകൾ വാങ്ങുകയും അതിനുശേഷം മക്ക, ജിദ്ദ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമായിരുന്നെങ്കിൽ ഇന്ന് ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ചരക്കുകളും സ്വീകരിക്കുന്ന ഒരു വാണിജ്യകേന്ദ്രമായി അൽ ലിത്ത് മാറുകയും ചെയ്തു. യെമനിലേക്ക് പോകുന്ന അന്താരാഷ്ട്ര തീരദേശ റോഡായ ജിദ്ദ – ജിസാൻ കടന്നുപോകുന്ന ഹൈവേയിൽലയിട്ടാണ് അൽ ലൈത് സ്ഥിതി ചെയ്യുന്നത്.

സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിൽ നിന്ന് അൽ ലിത്ത് എന്ന മനോഹരമായ ബീച്ച് ടൗണിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ ഡ്രൈവ് ചെയ്ത് എത്തിച്ചേരാം ഏകദേശം 220 km. കടൽ, കടലാമകൾ, സ്രാവുകൾ, ആകർഷണീയമായ പവിഴപ്പുറ്റുകൾ എന്നിവയെ ഇവിടെ കാണാൻ കഴിയും കൂടാതെ അൽ ലിത്ത് അണ്ടർവാട്ടർ ഡൈവിംഗ് സൈറ്റുകളും ഇവിടെ ഉണ്ട്. അൽ ലൈത് പിന്നിടുമ്പോൾ നേരം വെളുത്തു തുടങ്ങും പിന്നീടങ്ങോട്ട് കാഴ്ചകളുടെ വഴിത്താരകൾ തുറന്ന് വരും പിന്നിടുന്ന ഒരോ കിലോമീറ്ററിലും മനോഹരമായ മരുഭൂമികൾ കാണാൻ കഴിയും, ഒറ്റപെട്ടു കിടക്കുന്ന വൃക്ഷങ്ങളും മണൽ കൂനകളും പ്രഭാതത്തിൽ കൺ കുളിർമയേകുന്ന കാഴ്ചകളാകുന്നു.

അൽ ലൈത് നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ ഒമൈഗ, അയാർ, നേരെ ഹെഖൽ, ആദം, റബൂ അല്യുൻ , അൽ മോഹ്ദർ , പോകുന്ന റോഡുകൾ കാണും. നമ്മുടെ നാടിനെ ഓർമിപ്പിക്കും വിധം ഉയരം കുറഞ്ഞ വൈദുതി പോസ്റ്റുകളും സിംഗിൾ റോഡുകളും കാണാനാകും. പിന്നിടുന്ന ഒരോ മണൽ കൂനകൾക്കും ഭാവ മാറ്റം സംഭവിക്കുന്നതായി കാണാം.. അൽ ലൈത് വരേ യുള്ള ഹൈവേയിൽ കണ്ട മരു-പ്രദേശമാവില്ല പിന്നീടങ്ങോട്ട് കാണുന്നത് നിറമാറ്റം സംഭവിച്ച മണൽ തരികളെയാണ് കഅബാനിടയാവുക. ചില യിടങ്ങളിൽ ഉപ്പു പാടം കണക്കെ പരന്നു കിടക്കുന്ന വെള്ള മണൽ തരികളും….. കുറേ ദൂരം സഞ്ചരിച്ചാൽ തവിട്ട് നിറമുള്ളതും മഞ്ഞയും, ചുമപ്പും, നിറങ്ങളിലുള്ള മരു പ്രദേശങ്ങൾ ഇടവിട്ട് കാണാൻ കഴിയും.

ചെറിയ റോഡുകളും എന്നാൽ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന തിരക്കില്ലാത്ത റോഡുകളുമാണ് ഇവിടുത്തെ പ്രത്യേകതയായി തോന്നിയത്, വിസ്മയപ്പെടുത്തുന്ന മറ്റൊരു കാഴ്ച പല നിറങ്ങളിലേക്ക് പ്രച്ഛന്ന വേഷമിടുന്ന മണൽ കൂനകളും മണൽ തരികളുമാണ് ഇത് വഴിയുള്ള ഏതൊരു യാത്രികനെയും ഇതൊക്കെ അത്ഭുത പെടുത്തി കൊണ്ടേ ഇരിക്കും…

ഒമൈഗ ഹോട്ട് സ്പ്രിങ് വാട്ടർ : അൽ ലൈത് നിന്നും 49 km സാഞ്ചെരിച്ചാൽ ചുടു വെള്ളം തിളയ്ക്കുന്ന ചുടു നീരുറവയിൽ എത്തി ചേരാം. ഒമൈഘ നിന്ന് ഇടത്തോട്ട്. ചുടു നീരുറവയെന്ന പ്രകൃതിയുടെ ഒരത്യപൂര്‍വ്വ പ്രതിഭാസം നേരില്‍ കാണുകയെന്ന ഉദ്ധേശത്തോടെയാണ് ഒരിക്കൽ അവിടെ പോയത്. കുന്നിന്‍ചെരുവില്‍ ഒരു ഫൈബര്‍കൂരകൾ.. ആ ‍കൂരകൾ അടുത്ത് ചെറിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആവിയോടെ ഒഴുകുന്ന ഒരു നീരുറവ. ചുറ്റും ഫൈബര്‍കൊണ്ട് കൂര പണിതിരിക്കുന്നത്… കുറച്ച് സമയം അവിടെ ചിലവഴിച്ചു ഇവിടേക്ക് സ്വദേശികളും വിദേശികളുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. ഇതിന് ഐതിഹ്യം പലതുമുണ്ട്. പലതരം മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഈ നീരുറവ ത്വക്ക് സംബന്ധമായ അസുഖത്തിനു ഫലപ്രദമായ ഒരു ഔഷധമാണ്. ഇത്തരത്തില്‍ ഉള്ള ഒരു ചൂട് നീരുറവ നമ്മുടെ ഇന്ത്യയിലെ ഹിമാചലിലും ഉണ്ട്.

പാറക്കൂടങ്ങള്‍ക്കും കാട്ടുപൊന്തകള്‍ക്കും നടുവിലൂടെ തെളിഞ്ഞ ശുദ്ധജലത്തില്‍ ചെറിയ മീനുകളാല്‍ ഒഴുകുന്ന ഒരു കാട്ടുചോല. കല്ലുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു ചെറിയ തടയണയും ഉണ്ട്. പ്രകൃതി വിരിയിച്ച പുൽ നാമ്പുകളും പുൽ കൊടിയും കൊണ്ട് മനോഹരമായ ഒരിടം. ആധുനികമായ കെട്ടിപോക്കലുകൾ ഒന്നും തന്നെ ഇല്ല എന്നതാന് അവിടെ ഏറെ ആശ്ചര്യമായി തോന്നിയത്.

ഒമൈഘ നിന്ന് ഇടത്തോട്ട് പോകുന്ന തൊരീഖ് അയാർ റൂട്ടിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാൽ ഇടത്തോട്ട് ഹഖൽ റോഡിലൂടെയാണ് ഇനി യാത്ര പശ്ചിമഘട്ട മലനിരകളെ വെല്ലുന്ന തരത്തിലുള്ള പർവതനിരകൾ ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകൾ എങ്ങിനെയാണോ അതേ പോലെയാണ് സരവാത്ത് മലനിരകള്‍. ജോര്‍ദാന്‍ മുതല്‍ സൗദി അറേബ്യയിലൂടെ യെമന്‍ വരെ എത്തി നില്‍ക്കുന്ന ഈ മലനിരകളില്‍ അറേബ്യൻ ഉപദ്വീപിലെ പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഒരു പർവത നിരയാണ് സരാവത്ത്. ഇതിന്റെ കാഴ്ചകളിലേക്ക് ആണ്  പോയിക്കൊണ്ടിരിക്കുന്നത്. റോഡ് ഒന്ന് റബൂ അൽയെന് ലേക്കും മറ്റൊന്ന് അൽ മുഹ്ളർ റിലേക്കും തിരിയും.

അൽ മുഹ്ളർ നിന്നും 40 കിലോമീറ്റർ വഴി അൽ ഷഫീ മൗണ്ടൈൻ പാസ്സ് വഴി തായിഫ് ചുരം പോലെ അതിനേക്കാളും ഡൈൻഞ്ചർ എന്ന് തോന്നിക്കുന്ന കുത്തനെയുള്ള താഇഫിന്റെ മല നിരകളുടെ പടിഞ്ഞാറ് ഭാഗങ്ങളി പെട്ട ഒരു അടാർ ചുരം കയറാൻ തുടങ്ങും. വീതികുറഞ്ഞ നല്ല വൃത്തിയുള്ള റോഡ് വലിയ വലിയ ഉരുളൻ പാറകൾ അടങ്ങിയ വലിയ ഒരു മല കയറാൻ തുടങ്ങും. കുത്തനെയുള്ള കയറ്റവും വലിയ വലിയ വളവുകളും ചുരത്തിലുണ്ട്. ചുരം കയറിത്തുടങ്ങുമ്പോൾ വലതു വശം അഗാധമായ കൊക്കകൾ കാണാം. കൺട്രോൾ എങ്ങാനും പോയാലുണ്ടല്ലോ ഒരു പൊടിപോലും ബാക്കിയെടുക്കാനുണ്ടാവില്ല. അത്രെയും വലിയ കൊക്കകളും ഉരുളൻ പാറകളുമാണ് ഒരു വശം. എന്നാൽ ഇടതു വശവും ഒട്ടും മോശമല്ല. ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന് തോന്നിക്കുന്ന പാറകളും ചെരിഞ്ഞ കല്ലുകളും കാണും. മൊത്തത്തിൽ പറഞ്ഞാൽ ചുരം വളരെ സാവധാനം ഒരോ വളവുകളും ഹോൺ മുഴക്കിയാണ് പോകുന്നത്. എതിരെ നിന്നെങ്ങാനും വണ്ടി വന്നാൽ ക്രോസ്സ് ചെയ്യാൻ ബുദ്ധിമുട്ടാകും. മാത്രവുമല്ല വലിയ കല്ലുകളും ലാൻഡ് സ്ലൈഡിങ്ങും ഇടയ്ക്കിടെ ഉണ്ടാകാറുണ്ടത്രേ. ഈ ചുരത്തിൽ വേണ്ടുവോളം മുന്നറിപ്പ് ബോർഡുകളും കാണാം. ചുരം കയറി ടോപിലെത്തിയാൽ അറിയാൻ കഴിയും ചുരം എത്ര മാത്രം ഭീകരമാണെന്നത്… അങ്ങിനെ കയറിയ ചുരം ഇറങ്ങാൻ തുടങ്ങും. അല്ലേലും ഒരു കയറ്റത്തിന്റെ മറുവശമല്ലേ ഇറക്കം എന്നത് അത് ഇവിടെയുമുണ്ട്..

ചുരം ഇറങ്ങുകയാണ് ഇരുപത്തിയഞ്ച് കിലോമീറ്റർ യാത്രകൂടിയൊള്ളു ലക്ഷ്യ സ്ഥാനത്തെത്താൻ. ചുരം ഇറങ്ങി തഖ്‌ഈഫ് എന്ന പട്ടണം എത്തുന്നതിന് മുൻപ് ചുരംഇറങ്ങും. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ചുരം ഇറങ്ങിയുള്ള ഡ്രൈവിംഗ്. ചുരം കയറ്റം – ഇറക്കമൊക്കെ കഴിഞ്ഞാൽ പിന്നെ നിരപ്പായ ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത്. അവിടുത്തെ വഴികൾ എന്ന് പറഞ്ഞാലുണ്ടല്ലോ നല്ല കിടുക്കാച്ചി സിംഗിൾ റോഡുകൾ. കുറേ ദൂരം സ്‌റൈറ് റോഡ് പിന്നെ ചെറിയ ഒരു വളവും ചെറിയ ഒരു ഇറക്കവും കാണും. അതിന് ശേഷം സാഹസികമായ ഒരു പതി ഒളിഞ്ഞു കിടപ്പുണ്ടാകും. എന്താ പറയാ… വീഗാലാന്റിൽ ടൂബിൽ ഇരുന്നു പോകുന്ന ഒരു ത്രില്ല് വണ്ടിക്കുള്ളിൽ നിന്നു അനുഭവപ്പെടും. പൊക്കത്തിൽ നിന്നും പെട്ടൊന്ന് താഴോട്ട് ഇടുന്ന ഫീലിംഗ്. സാഹസികത ഇഷ്ട്ടപ്പെടുന്നവർക്ക് സഞ്ചരിക്കാൻ പറ്റിയ വഴികൾ.

വിവിധയിനം പക്ഷികളും ചെറു മൃഗങ്ങളേയും ഇവിടങ്ങളിൽ കാണാറുണ്ട്. തായിഫ് മലയിടുക്കുകളിൽ കണ്ട് വരുന്ന കുരങ് വർഗം ഇവിടെയും ധാരാളമായി കാണാൻ കഴിയും, ഇടയ്ക്കിടെ മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് ഞാൻ യാത്ര പോയിട്ടുള്ള ഒട്ടുമിക്ക ദിവസങ്ങളിലും ഇടവിട്ട് ഇവിടെ മഴ പെയ്തിട്ടുണ്ടായിരുന്നു അത്കൊണ്ട് എപ്പോഴും ഒരു പച്ചപ്പ്‌ ഈ മലഞ്ചെരുവിൽ നിലനിൽക്കുന്നുണ്ട്. മലയിടുക്കിലൂടെ മലവെള്ളം കുത്തിയൊലിച്ച് റോഡ് എല്ലാം കേടുവരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. റോഡുകളിൽ വാട്ടർ ക്രോസ്സ് പലയിടങ്ങളിലായിട്ടും കാണാം, ചെറു ജല സംഭരണികളും സുലഭമായിട്ടുണ്ട് സൗദിയിൽ ഒഴുകുന്ന ചെറു നദിയും ഈ മലകൾക്കിടയിലൂടെ ഒഴുകുന്നത് കാണാം.

മലകൾക്കിടയിലെ ചെരുവുകളിലൂടെ ഒഴുകുന്ന ചെറു നദിയും പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ മലകളും… ഇടയിലൊക്കെ തളിർത്തു നിൽക്കുന്ന മരങ്ങളും ചെറു സസ്യങ്ങളും… ഇവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ റോഡുകളും.. സമതലങ്ങളിലെ കൃഷികളും, മേയുന്ന ആട്ടിൻ പറ്റവും.. എത്ര മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്…..

വട്ടവടയിലും പൂപ്പാറയിലും കണ്ടിട്ടുള്ള തട്ട് തട്ടുകളായി അടുക്കി വെച്ച കൃഷിയിടം ഒരു നിമിഷം സൗദി അറേബ്യയല്ല എന്നുവരേ തോന്നിപ്പോകും, ഇതൊക്കെയും ഈ പ്രദേശത്തെ വീണ്ടും വീണ്ടും മാറ്റ് ഇരട്ടിക്കുന്നുണ്ട്…പിന്നീടങ്ങോട്ട് കൃഷി ചെയ്യുന്ന ഗ്രാമീണ കാഴ്ചകൾ കാണാം എല്ലാ വിധ കൃഷികളും ഇവിടങ്ങളിൽ ചെയ്യുന്നുണ്ട്. ഉൾപ്രദേശങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ അവിടെങ്ങളിൽ ധാരാളം തോട്ടങ്ങൾ ഉണ്ട്. ഓറഞ്ച്, മുന്തിരി, കാരറ്റ് തുടങ്ങിയവ കുടാതെ കിണറുകളും, കുളങ്ങളും, അരുവികളും എല്ലാം ഉണ്ട്. കാഴ്ചകൾ ഒന്നും ഇവിടങ്ങളിൽ അവസാനിക്കുന്നില്ല, പുതുമയുള്ള ഓരോന്നും ഈ മലമടക്കുകളിൽ ഒളിഞ്ഞിരിക്കുന്നുണ്ട് തീർച്ച.

സ്ഥിരം കാഴ്ചകളും വഴികളും പിന്നിട്ട് ഒരുപാട് നാളായി. കൈവശം ഉണ്ടായിരുന്ന ഭംഗിയുള്ള ചിത്രങ്ങളും മൊബൈലിന്റെ തിരോധാനത്തിൽ മണ്മറഞ്ഞു പോയി.. ചില ഫോട്ടോസുകൾക്ക് ഗൂഗിൾ നെ ആശ്രയിക്കേണ്ടി വന്നു…. ക്ഷമിക്കുക .

Nb : സാഹസികത ഇഷ്ട്ടപ്പെടുന്നവർക്ക് സഞ്ചരിക്കാൻ പറ്റിയ വഴികൾ. വാഹനം പറ്റുമെങ്കിൽ 4×4 landcruiser pick up toyata hilux , patrol, ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നതാകും ഉത്തമം. ഫുഡ്‌ കരുതുന്നത് നല്ലതാ. എല്ലാ സീസണിലും യാത്രചെയ്യാൻ പറ്റിയ ഇടങ്ങൾ ആണിത്.

Check Also

രാമക്കല്‍മേട് – ഇടുക്കിയിൽ ശ്രീരാമന്‍ കാല് കുത്തിയ ഇടം

വിവരണം – Muhammed Unais P. ഇടുക്കി റൈഡിന്റെ നാലാമത്തെ ദിവസം വൈകുന്നേരമാണ് രാമക്കല്‍മേടിലെത്തുന്നത്. രാമക്കല്‍മേടിലെ സൂയിസൈഡ് പോയിന്റും തൊട്ടടുത്തുള്ള …

Leave a Reply