കേരളം തമിഴ്‌നാടിനു വിട്ടുകൊടുത്ത കന്യാകുമാരിയും ചരിത്രവും…

ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള മുനമ്പും ഇതു സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ലയാണ് ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ‘കേപ്‌ കൊമറിൻ’ എന്നറിയപ്പെട്ടിരുന്ന കന്യാകുമാരി. കന്യകയായ കുമാരീദേവിയുടെ സങ്കേതമെന്ന നിലയ്‌ക്കാണ്‌ മുനമ്പിന്‌ കന്യാകുമാരി എന്ന പേര്‍ ലഭിച്ചത്‌. കന്യാതീര്‍ഥം, കന്യാകൂപം, കുമരിക്കോട്‌, കുമരിയംപദി എന്നിങ്ങനെ പല രീതിയില്‍ പുരാണങ്ങളിലും മറ്റും കന്യാകുമാരിയെ പരാമര്‍ശിച്ചിട്ടുണ്ട്‌. ഗോകര്‍ണം മുതല്‍ തെക്കോട്ടു നീണ്ടുകിടന്നിരുന്ന കേരളത്തിന്റെ ദക്ഷിണാഗ്രമായാണ്‌ കന്യാകുമാരി വ്യവഹരിക്കപ്പെട്ടിട്ടുള്ളത്‌. സാഗരത്രയങ്ങളുടെ സംഗമഘട്ടമായ കന്യാകുമാരി ചരിത്രാതീതകാലം മുതല്‌ക്കേ ഭാരതത്തിലെ പുണ്യതീര്‍ഥങ്ങളിലൊന്നാണ്‌. ഇന്ത്യയിലെ ഒരു സുപ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഉത്തരോത്തരം വികസിച്ചുവരുന്ന കന്യാകുമാരി വിവേകാനന്ദകേന്ദ്രമെന്ന നിലയിലും പരക്കെ അറിയപ്പെടുന്നു.

നൂറ്റാണ്ടുകളായ്‌ ആദ്ധ്യത്മിക കേന്ദ്രവും കലാ കേന്ദ്രവുമാണ്‌ കന്യാകുമാരി. കന്യാകുമാരി ഒരു വ്യാപാര കേന്ദ്രവുമായിരുന്നു. ചേര, ചോള, പാണ്ട്യ, നായക രാജാക്കന്മാർ കന്യാകുമാരി ഭരിച്ചിട്ടുണ്ട്‌. പിൽക്കാലത്ത്‌ കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായിത്തീർന്നു. വേണാട്‌ ഭരിച്ചിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ 1729 മുതൽ 1758 വരെയുള്ള കാലഘട്ടത്തിൽ വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ച്‌ തിരുവിതാംകൂർ സ്ഥാപിച്ചതിനു ശേഷം കന്യാകുമാരി ജില്ല തെക്കൻ തിരുവിതാംകൂർ എന്ന് അറിയപ്പെടുന്നു. 1741-ഇൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ടവർമ്മ മഹാരാജാവ്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തി. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായ്‌ തുടർന്നു. 1947-ഇൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും രാജഭരണം അവസാനിക്കുകയും ചെയ്തു. 1949 -ഇൽ തിരു-കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമാക്കി‌ മാറ്റി. 1956-ഇൽ ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പുനർനിർമ്മിക്കുകയും ചെയ്തു കന്യാകുമാരിയെ തമിഴ്‌ നാട്‌ സംസ്ഥാനത്തിന്റെ ഭാഗമായി‌ മാറ്റി.

കന്യാകുമാരി മുനമ്പിൽ നിന്നുള്ള സൂര്യ ഉദയ, അസ്തമയ കാഴ്ച്ചകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്‌. അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനമാണ്‌ കന്യാകുമാരി. പശ്ചിമഘട്ടവും പൂർവ്വഘട്ടവും അവസാനിക്കുന്നത്‌ കന്യാകുമാരിയിലാണ്‌. വടക്കും കിഴക്കും തിരുനെൽവേലി ജില്ലയുമായും, പടിഞ്ഞാറും വടക്കു പടിഞ്ഞാറും തിരുവനന്തപുരവുമായും അതിർത്തി പങ്കിടുന്നു.

1956-ഇൽ കന്യാകുമാരി ജില്ലയെ തിരു-കൊച്ചിയിൽ നിന്നും വേർപെടുത്തി തമിഴ്‌ നാട്ടിൽ ലയിപ്പിച്ചെങ്കിലും, അന്ന് നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണകൂടങ്ങളെ 1962 വരെ അതേപടി തുടരാൻ അനുവദിച്ചു. 1959-ലെ തമിഴ്‌ നാട്‌ പഞ്ചായത്ത്‌ നിയമം 1962 ഏപ്രിൽ 1-നാണ്‌ കന്യാകുമാരി ജില്ലയിൽ നിലവിൽ നന്നത്‌. 59 നഗര പഞ്ചായത്തുകളും 99 ഗ്രാമപഞ്ചായത്തുകലും കന്യാകുമാരി ജില്ലയിലുണ്ട്‌. നാഗർകോവിൽ, പത്മനാഭപുരം, കുളച്ചൽ, കുഴിത്തുറ എന്നീ നാല്‌ നഗരസഭകളാണ്‌ ജില്ലയിലുള്ളത്‌. നാഗർകോവിൽ നഗരമാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. അഗസ്ഥീശ്വരം, രാജാക്കമംഗലം, തോവാള, മുഞ്ചിറ, കിള്ളിയൂർ, കുരുന്തൻകോട്‌, മേൽപ്പുറം, തിരുവട്ടാർ, തക്കല എന്നിവയാണ്‌ ജില്ലയിലെ പഞ്ചായത്ത്‌ യൂണിയനുകൾ. സംസ്കാരസമ്പന്നമാണ്‌ കന്യാകുമാരി ജില്ല. തമിഴും മലയാളവുമാണ്‌ പ്രധാന ഭാഷകൾ.

കന്യാകുമാരി മുനമ്പില്‍ ഒരു സ്ഥാനത്തുതന്നെ നിന്ന്‌ സൂര്യന്റെ ഉദയാസ്‌തമയങ്ങള്‍ മാത്രമല്ല പൗര്‍ണമിനാളില്‍ ഒരേ സമയത്തു തന്നെ ചന്ദ്രാദയവും സൂര്യാസ്‌തമയവുമോ; സൂര്യോദയവും ചന്ദ്രാസ്‌തമയവുമോ ദര്‍ശിക്കാന്‍ കഴിയും.

വിവേകാനന്ദപ്പാറ : കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻ പ്രസിഡണ്ടും ശ്രീ ഏകനാഥ രാനഡെ സെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു.

തിരുവള്ളുവർ പ്രതിമ :വള്ളുവർ പ്രതിമ മതേതര ധാർമ്മികതയും സദാചാരവും ഉള്ള തമിഴ് കവി, തിരുക്കുറലിന്റെ എഴുത്തുകാരൻ തത്ത്വചിന്തകനായ തിരുവള്ളുവറിന്റെ 133 അടി (40.6 മീ) ഉയരമുള്ള ശിൽപമാണ്. കന്യാകുമാരി തീരത്ത് സ്ഥിതി ചെയ്യുന്ന കന്യാകുമാരിയിലെ ഒരു ചെറിയ ദ്വീപിനടുത്താണ് കൊറമാണ്ടൽ തീരം. രണ്ട് കടലുകൾ (ബംഗാൾ ഉൾക്കടൽ, അറബിക്കടൽ), ഒരു സമുദ്രം (ഇന്ത്യൻ മഹാസമുദ്രം) എന്നിവ തമ്മിൽ ഇവിടെ കൂടിച്ചേരുന്നു. ഇന്ത്യൻ ശിൽപിയായ ഡോ. വി. ഗണപതി സ്താപതിയാണ് പ്രതിമ നിർമ്മിച്ചത്. ഇദ്ദേഹം ഇരിവിയൻ ക്ഷേത്രവും, സൂര്യദേവൻെറ പ്രതിമ നിർമ്മിക്കുകയും 2000 ജനുവരി 1 മില്ലേനിയം ദിവസം അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കാലത്ത് അനാച്ഛാദനം ചെയ്യുകയും ചെയ്തു.

വിവേകാനന്ദകേന്ദ്രത്തിന്റെ ധര്‍മപ്രവര്‍ത്തനങ്ങളും മറ്റും വിനോദസഞ്ചാരകേന്ദ്രമെന്ന നിലയ്‌ക്കുള്ള കന്യാകുമാരിയുടെ ആകര്‍ഷകത്വം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു. തിരുവനന്തപുരത്തു നിന്ന്‌ കന്യാകുമാരി വരെ ദീര്‍ഘിപ്പിച്ച റെയില്‍പ്പാതയും സുഗമമായ റോഡുകളും ഇവിടേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തിയിട്ടുണ്ട്‌. നാഗര്‍കോവില്‍, തിരുനെല്‍വേലി, മധുര, കോയമ്പത്തൂര്‍, കോവളം, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിലേക്ക്‌ ധാരാളം ബസ്‌സര്‍വീസുകളുണ്ട്‌. മദ്രാസില്‍ നിന്ന്‌ മധുരവഴി തിരുനെല്‍വേലിവരെ എത്തിയിട്ടുള്ള റെയില്‍പ്പാത നാഗര്‍കോവില്‍ വരെ നീട്ടിയതോടെ കന്യാകുമാരിയും ഇന്ത്യാ ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ നഗരങ്ങളുമായി റോഡുമാര്‍ഗവും റെയില്‍ മാര്‍ഗവും സുഗമമായ ഗതാഗതബന്ധം സ്ഥാപിച്ചു.

സഞ്ചാരികളെ വീണ്ടും വീണ്ടും വിളിക്കുന്നിടമാണ് കന്യാകുമാരി. പരസ്പരം പുണരുന്ന കടലുകൾ. ഓരോ യാത്രികനേയും പിന്നെയും പിന്നെയും അടുപ്പിക്കുന്നത് ഈ കാഴ്ചയാണ്. ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ മൂന്ന് അലയാഴികളുടെ തലോടലാലും കന്യാകുമാരിദേവിയുടെ സാന്നിദ്ധ്യത്താലും അനുഗ്രഹീതമായ പ്രദേശം. വെറുമൊരു യാത്രയല്ല കന്യാകുമാരിയിലേക്കുള്ളത്, പഴമയും ഐതിഹ്യവും നിറഞ്ഞു നിൽക്കുന്ന ചരിത്രം തേടിയുള്ള യാത്ര കൂടിയാണത്. ഒപ്പം ഒരു തീർത്ഥാടനവും. ശുചീന്ദ്രം ക്ഷേത്രം, മണ്ടയ്ക്കാട് ദേവീ ക്ഷേത്രം, കുമാര കോവില്‍ എന്നീ പുണ്യ ക്ഷേത്രങ്ങല്‍ കന്യാകുമാരി ജില്ലയിലാണ്.  തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്നും ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് റെ​യിൽ – ബ​സ് ഗ​താ​ഗത മാർ​ഗ​ങ്ങൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കടപ്പാട് – വിക്കിപീഡിയ, വിവിധ മാധ്യമങ്ങൾ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply