സമുറായിമാർ -ജപ്പാനിലെ യുദ്ധ പ്രവരരായ വരേണ്യ യോദ്ധാക്കൾ

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Rishi Das.

ജപ്പാൻ എന്ന രാജ്യത്തെക്കുറിച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമാണ് ആയുധങ്ങളേന്തിയ സമുറായി യോദ്ധാവ്. ജപ്പാന്റെ ചരിത്രവുമായി അത്ര അഭേദ്യമായ ബന്ധമാണ് സമുറായിമാർക്കുളളത് . നൂറ്റി അമ്പതു വര്ഷം മുൻപ് വരെ ജപ്പാനിലെ കാര്യങ്ങളും വ്യവസ്ഥകളും തീരുമാനിച്ചിരുന്നത് സമുറായിമാരും , അവരുടെ നേതാകകളായ ഡെംയോമാരും, ഡെംയോകളുടെയെല്ലാം തലവനും സർവ്വസൈന്യാധിപനും , പ്രധാനമന്ത്രിയും ഒക്കെയായിരുന്ന ഷോഗനും ആയിരുന്നു . ചക്രവർത്തിക്ക് ജാപ്പനീസ് ചരിത്രത്തിൽ ഒരു ധാർമിക മുഖ്യന്റെ സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത് . ഇപ്പോഴും ജപ്പാന്റെ ഭരണം പഴയ സമുറായികളുടെ പിന്മുറ തന്നെയാണ് കൈയാളുന്നത് .

പുരാതന ജപ്പാനിലെ സർക്കാർ ഉദ്യോഗസ്ഥരെയാണ് സമുറായി എന്ന് വിളിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത് . എന്നാൽ എട്ടാം ശതമായപ്പോഴേക്കും വരേണ്യ വർഗ്ഗത്തിലെയോധാക്കകളെ സമുറായി എന്ന് വിളിക്കാൻ തുടങ്ങി . സമുറായികൾക്ക് ജാപ്പനീസ് സമൂഹത്തിൽ സർവ പ്രധാനമായ സ്ഥാനം കൈവന്നത് കുബ്ലൈ ഖാൻ അയച്ച വമ്പൻ
ചൈനീസ് സൈന്യങ്ങളെ സമുറായിമാരുടെ എണ്ണത്തിൽ വളരെ കുറവായ ജാപ്പനീസ് സൈന്യം പരാജയപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തതോടെയാണ് . തീർത്തും അസംഭവ്യം എന്ന് കരുതപ്പെടുന്ന യുദ്ധങ്ങളാണ് സമുറായികൾ ചൈനക്കെതിരെ വിജയിച്ചത് . കൊടുങ്കാറ്റുകൾ കുബ്ലൈ ഖാന്റെ കപ്പലുകളിൽ നല്ലൊരു പങ്കിനെ തകർത്തിരുന്നു വെങ്കിലും സമുറായിമാരുടെ വിജയത്തിന്റെ തിളക്കം ഒട്ടും കുറഞ്ഞില്ല . അങ്ങനെ പതിമൂന്നാം ശതകമായപ്പോഴേക്കും സമുറായിമാർ ജപ്പാന്റെ നിയമവും , വിധികർത്താക്കളും , ഭരണകർത്തകകളും ഒക്കെ ആയി മാറി .

കറ്റാനയും ലോഹവിദ്യകളും : സമുറായിമാർക്ക് അവരുടേതായ സ്വതന്ത്ര വ്യക്തിത്വം നൽകിയത് അവരുടെ ലോഹ പടച്ചട്ടയും കറ്റാന എന്നറിയപ്പെടുന്ന മൂർച്ചയേറിയ പടവാളുമാണ് . പലതരം ഉരുക്കിന്റെ പാളികളെ ഫോർജ്ജ് വെൽഡിങിലൂടെ കൂട്ടി യോജോപ്പിച്ചു വളരെയധികം മൂർച്ഛയുളളതും ,പക്ഷെ എളുപ്പത്തിൽ ഒടിയുകയോ കേടുപാടുകൾ വരികയോ ചെയ്യാത്ത പട വാളുകൾ ജാപ്പനീസ് കൊല്ലന്മാർ നിര്മിച്ചെടുത്തത് നൂറ്റാണ്ടുകളുടെ ശ്രമഫലമായാണ് . നേർക്കുനേർ നിന്നുള്ള യുദ്ധത്തിൽ ഈ പടവാളിനെ തടുക്കാൻ വെങ്കല പടച്ചട്ടകൾക്കുപോലും കഴിയുമായിരുന്നില്ല . അതുപോലെ തന്നെ കരുത്തുറ്റതും പക്ഷെ ഭാരക്കുറവുളളതുമായ പടച്ചട്ടകളും ജാപ്പനീസ് ലോഹ വിദഗ്ധർ വികസിപ്പിച്ചു . ഈ ലോഹ പട ചട്ടയും കറ്റാനയും പതിമൂന്നാം ശതകം മുതൽ ആറു നൂറ്റാണ്ടുകൾ സമുറായി മാരുടെ മുഖ മുദ്രയായി മാറി.

സമുറായികൾ അനുഷ്ഠിക്കാറുള്ള ഒരുതരം ആത്മബലിയാണ് ഹരാകിരി. സ്വയം വയറു കുത്തിക്കീറി മരിക്കലാണ് ഇത്. ഇത് അനുഷ്ഠിക്കുന്നയാൾ ഏകദേശം 25 സെ.മീ. നീളമുള്ള ഒരു വാൾ സ്വന്തം വയറിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കി അത് ഇടതുഭാഗത്തേക്കും മുകളിലേക്കും വലിച്ചശേഷം ഊരിയെടുത്ത് നെഞ്ചിൽ കുത്തിയിറക്കി ആദ്യമുറിവിനെ ഛേദിച്ചുകൊണ്ട് താഴേക്കു വലിക്കും. അതിവേദനയുണ്ടാക്കുന്ന ഒരു ക്രിയയായതിനാൽ സാമുറായികളുടെ ധീരതയുടെയും ആത്മനിയന്ത്രണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നിദർശനമായാണിതു പരിഗണിക്കപ്പെടുന്നത്.

സെങ്കോക്ക് കാലഘട്ടം എന്നറിയപ്പെട്ട ജാപ്പനീസ് ആഭ്യന്തര യുദ്ധകാലത്ത് സമുറായികളുടെ വമ്പൻ സൈന്യങ്ങൾ പ്രവിശ്യ ഭരണാധികാരികളായ ഡെംയോകൾക്കുവേണ്ടിയും , ഷോഗൺ പദവി പിടിച്ചെടുക്കാൻ വെമ്പൽ കൊണ്ട ഡെംയോകളിലെ തന്നെ പ്രബലർക്കുവേണ്ടിയും നൂറുകണക്കിന് യുദ്ധങ്ങളാണ് നടന്നത് . ഏതാണ്ട് രണ്ടു നൂറ്റാണ്ടു നീണ്ടുനിന്ന ഈ അവ്യവസ്ഥ അവസാനിപ്പിച്ചത് ടോക്‌ഗവ ഇയേയാസു എന്ന യുദ്ധ പ്രഭുവായിരുന്നു . എതിരാളികളെയെല്ലാം നിഷ്പ്രഭവമാക്കി പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ടോക്‌ഗവ ഷോഗനേറ്റ് സ്ഥാപിച്ചപ്പോൾ സമുറായികൾ യോദ്ധാക്കൾ എന്ന നിലയിൽ നിന്നും ഭരണ ഉദ്യോഗസ്ഥർ എന്ന നിലയിലേക്ക് കൂടി എത്തപ്പെട്ടു . രണ്ടര നൂറ്റാണ്ടു നീണ്ടുനിന്ന ടോക്‌ഗവ ഷോഗനേറ്റ് സമുറായിമാരുടെതായ ഭരണ വ്യവസ്ഥയായിരുന്നു . ഭരണത്തിലും സൈന്യത്തിലുമെല്ലാമുള്ള ഉന്നതസ്ഥാനങ്ങൾ സമുറായികൾ കൈയടക്കി .

ഈ വ്യവസ്ഥ രണ്ടു നൂറ്റാണ്ടോളം ജപ്പാനിൽ ശാന്തി നിലനിർത്തിയെങ്കിലും , സമുറായിമാരുടെ കടുത്ത യാഥാസ്ഥിതിക ചിന്ത എല്ലാ തരത്തിലുളള ഭൗതിക പുരോഗതിക്കും തടസമായി .യു എസ് നാവിക ഉദ്യോഗസ്ഥനായ കാപ്റ്റൻ പെറി ഏതാനും പടക്കപ്പലുകളുമായി ജപ്പാന്റെ തീരത്തെത്തി ജപ്പാനെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തപ്പോൾ സമുറായിമാർക്ക് നൂറ്റാണ്ടുകൾ പിന്നിലായിപ്പോയ അവരുടെ ആയുധങ്ങള്കൊണ്ട് ഒന്നും ചെയ്യാനായില്ല . അവസരം മുതലാക്കി മൈജി ചക്രവർത്തി ടോക്‌ഗവ ഷോഗനെറ്റിന്റെ പിരിച്ചുവിട്ടു . ഷോഗൺ പദവി നിർത്തലാക്കി . സമുറായിമാർക്കുണ്ടായിരുന്ന വിശേഷ അവകാശങ്ങളും പലതും നിർത്തലാക്കി .പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ടോക്‌ഗവ ഷോഗനെറ്റിന്റെ പതനത്തോടെ ആറു നൂറ്റാണ്ടുകൾ നീണ്ടുനിന്ന ജപ്പാനിലെ സമുറായിമാരുടെ അപ്രമാദിത്വത്തിന് അന്ത്യമായി .

പക്ഷെ സമുറായികൾക്ക് ജാപ്പനീസ് സമൂഹത്തിലുള്ള പിടിപാടിന് വലിയ കുറവൊ ന്നും സംഭവിച്ചില്ല . ഇപ്പോഴും സമുറായികളുടെ പിന്മുറക്കാർ തന്നെയാണ് ജാപ്പനീസ് രാഷ്ട്രീയത്തെയും വ്യവസായത്തെയും ഏറെക്കുറെ നിയന്ത്രിക്കുന്നത് .

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply