എയര്‍ കേരള വിമാന സര്‍വീസ് പദ്ധതി ഇനി സ്വപ്നം മാത്രമാകും…

പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് എയര്‍ കേരള സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. എയര്‍ കേരള സര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതു സംബന്ധിച്ച് പുനപ്പരിശോധിക്കേണ്ടതുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ഗതാഗതവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്നു ലക്ഷക്കണക്കിനാളുകളാണ് ഗള്‍ഫ് നാടുകളിലടക്കം വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും എങ്ങനെയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കണമെന്ന ലക്ഷ്യത്തോടെ കടല്‍കടന്നവരാണ്. വിശേഷാവസരങ്ങളിലോ നാലും അഞ്ചും വര്‍ഷം കൂടുമ്പോഴോ ഒക്കെ ആയിരിക്കും പലരും നാട്ടിലെത്തുന്നത്. ഇങ്ങനെ വരുമ്പോഴാവട്ടെ കടുത്ത യാത്രാദുരിതം അനുഭവിക്കേണ്ടിയും വരും. പ്രവാസികള്‍ നേരിടുന്ന ഈ ദുരവസ്ഥ പരിഹരിക്കണമെന്ന് കാലങ്ങളായി വിവിധ കോണുകളില്‍ നിന്ന് നിരന്തര ആവശ്യം ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്നാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സഹായകമാവുന്നതിനായി കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് എന്ന നിലയില്‍ എയര്‍ കേരള പദ്ധതിക്ക് രൂപം നല്‍കിയത്. പ്രവാസികളുടെ വിമാനയാത്രാ ചെലവു ചുരുക്കുക, യാത്ര സുഗമമാക്കുക എന്നിവയായിരുന്നു ലക്ഷ്യം.

2006 ഫെബ്രുവരിയില്‍ അന്നത്തെ സര്‍ക്കാര്‍ എയര്‍ കേരള വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിക്കുകയും ഇതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ അനുബന്ധമായി എയര്‍ കേരള ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും രൂപീകരിച്ചു. തുടര്‍ന്ന് സിയാലിന്റെ നേതൃത്വത്തില്‍ എയര്‍ കേരള ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ രീതിയില്‍ തന്നെ സാധ്യതാപഠനവും നടത്തിയിരുന്നു. എന്നാല്‍, സ്വപ്‌നസാക്ഷാല്‍ക്കാരം നീണ്ടുപോവുകയാണ്. എയര്‍ കേരള പ്രാവര്‍ത്തികമാവണമെങ്കില്‍ ഒട്ടേറെ തടസ്സങ്ങളും കടമ്പകളും മറികടക്കേണ്ടതുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വ്യോമയാന നയപ്രകാരം രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് 20 വിമാനങ്ങളോ അതല്ലെങ്കില്‍ മൊത്തം സീറ്റുകളുടെ 20 ശതമാനമോ ആഭ്യന്തര സര്‍വീസുകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടതായിട്ടുണ്ട്. ആഭ്യന്തരമേഖലയില്‍ അഞ്ചു വര്‍ഷത്തെ വിമാനഗതാഗത പരിചയം വേണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും ഇത് പുതിയ നയത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനില്‍ക്കുകയാണ്.

ഇത് എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു തടസ്സമാണെന്നും അതിനാല്‍ പദ്ധതി പുനപ്പരിശോധിക്കേണ്ടതുണ്ടെന്നുമാണ് വിവരാവകാശപ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ഗതാഗത (ഡി) വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ എസ് പ്രീത നല്‍കിയിരിക്കുന്ന മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നു മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെയും മറ്റു വകുപ്പുകളുടെയും ഭരണാനുമതികളും സാങ്കേതികാനുമതികളും എയര്‍ കേരളയ്ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ഗതാഗതവകുപ്പില്‍ നിന്നു ലഭിച്ചിരിക്കുന്ന മറുപടിപ്രകാരം പ്രവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം സ്വപ്‌നമായി തന്നെ അവശേഷിക്കുമെന്നാണു വ്യക്തമാവുന്നത്.

കടപ്പാട് – തേജസ്‌.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply