പി.കെ.ബി.യിലെ ഒരിക്കലും മറക്കാത്ത എന്‍റെ പ്രഭാതയാത്രകള്‍…

7 വര്‍ഷങ്ങള്‍ക്കു ശേഷമാണു കരിമ്പില്‍ നിന്നും 7:12നു കോട്ടക്കല്‍വഴി കുറ്റിപ്പുറത്തേക്കുള്ള PK.Brothers ല്‍ ഞാന്‍ വീണ്ടും കയറുന്നത്.2002 മുതല്‍ 2006 വരെ അതിലെ സ്ഥിരം യാത്രികനായിരുന്നു ഞാന്‍. PKB ഗ്രൂപ്പിലെ ഏറ്റവും ചെറിയ മിനിബസ്സായിരുന്നു അന്നു ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. കാലചക്രം കാളവണ്ടിചക്രം പോലെ കുതിച്ചപ്പോള്‍ പല മാറ്റങ്ങള്‍ ഈ ബസ്സിലും പ്രകടമായി. ബസ്സ് പാടേ മാറി, ജീവനക്കാര്‍ പലരും മാറി.

പണ്ടത്തെ ഒന്നര സീറ്റില്‍ രണ്ടാള്‍ ഇരുന്നാല്‍ അറ്റത്തു ഇരിക്കുന്നവന്‍റെ പുറത്തേക്കു തള്ളിയാണിരുന്നതെങ്കില്‍ ഇന്നത്‌ ലക്ഷ്വറി ബസ്സിനോളം കിടപിടിക്കുന്ന സ്പോഞ്ചുകുഷ്യനായി മാറിയിരിക്കുന്നു. അന്നത്തെ വിരലിലെണ്ണാവുന്ന യാത്രക്കാരില്‍ നിന്നും ഫുള്‍ ലോഡിലേക്ക് മാറിയിരിക്കുന്നു. മുമ്പില്ലാതിരുന്ന വിദ്യാര്‍ഥികളും അതിരാവിലെ തന്നെ തല കാട്ടിത്തുടങ്ങിയിരിക്കുന്നു. മാറാത്തതായി ഞാന്‍ കണ്ടത് കൊടിമരം, പൂക്കിപ്പറമ്പ്, മേലെ കൊഴിച്ചെന എന്നിവിടങ്ങളില്‍ നിന്നും കയറിയിരുന്ന ആ പഴയ മൂന്നു സ്ഥിരം യാത്രക്കാരായിരുന്നു.  ഒരു പക്ഷേ ഞാനൊക്കെ ഇതില്‍ യാത്ര ചെയ്യുന്നതിന്‍റെ മുമ്പേ അവര്‍ ഇതിലെ മുസാഫിറുകളായിരിക്കണം.

എന്‍റെ സ്വതവേയുള്ള അന്തര്‍മുഖത കാരണമായിരിക്കണം ഞാന്‍ ആരോടും സംസാരിച്ചില്ല. അതിനിടെ കരുമ്പില്‍ പള്ളിയുടെ മുമ്പിലും പാലച്ചിറമാട് വളവിലും വിദ്യാര്‍ഥികള്‍ക്കു മാത്രമായും ബസ്സ് നിര്‍ത്തിക്കൊടുത്തു.(ഇതിലെന്താണ് ഇത്ര കാര്യമെന്നല്ലേ?ബസ്സ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോടുള്ള ക്രൂരമായ സമീപനം മാത്രം വാര്‍ത്തയാക്കുന്ന ഇടത്തേക്ക് അതിനു നേര്‍വിപരീതമായതു കണ്ടപ്പോള്‍ അവിടേക്കു ഫോക്കസ് ചെയ്തു എന്നു മാത്രം.) 2002-06 കാലയളവില്‍ അതില്‍ മോഹനന്‍ എന്നു പേരുള്ള കണ്ടക്ടറുണ്ടായിരുന്നു. അന്നു ബസ് പിടിക്കാനായി കരിമ്പില്‍ അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ അതാ നമ്മുടെ PKB വര്‍ക്കുഷോപ്പിനു മുന്നില്‍ ബ്രേക്ക് ഡൌണായി കിടക്കുന്നു.

”അല്ല മോഹനേട്ടാ,ഞാനിനി എങ്ങനെ…….?”ഞാന്‍ തിരക്കി. ”നിനക്കു ……………ലേക്കു എത്തുകയല്ലേ വേണ്ടൂ.അതു ഞാന്‍ ശരിയാക്കിത്തരാം.”എന്നു മൂപ്പര്‍. മൂപ്പര്‍ എന്നെയും കൂട്ടി എതിര്‍വശത്തേക്കു കടന്നു.അതാവരുന്നു കാടാമ്പുഴയിലേക്കുള്ള പ്രണാമം ലിമിറ്റഡ് സ്റ്റോപ്പ്. അതിനെ  കൈ കാണിച്ചു നിര്‍ത്തിച്ചു. കണ്ടക്ടറോട്,”ഇവനെ ……………..യില്‍ ഇറക്കിക്കോളിന്‍.”ഞാന്‍ അതില്‍ കയറി ലക്ഷ്യസ്ഥാനത്തിറങ്ങി. PKBയും പ്രണാമും  സമയവ്യത്യാസത്തിന്റെ പേരില്‍ കക്കാട് വച്ചു പലപ്പോഴും ഉടക്കാറുണ്ടായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കുക.


ഓര്‍മ്മയിലെ മറ്റൊരു സംഭവം-കോട്ടക്കലില്‍ നിന്നും 6:25നാണു ചെമ്മാട്ടെക്കു ആദ്യട്രിപ്പ് പുറപ്പെടുക.അന്നു എന്തോ കാരണത്താല്‍ കണ്ടക്ടര്‍ക്ക് (അദ്ദേഹം ഇന്നില്ല കേട്ടോ )ആ ട്രിപ്പില്‍ കയറാന്‍ സാധിച്ചില്ല. ബസ്സ് ചെമ്മാട് പോയി,മടക്കയാത്രയില്‍ പാലച്ചിറമാട് വെച്ചാണ് മൂപ്പര്‍ ‘ചാര്‍ജ്ജെ’ടുക്കുന്നത്.അതുവരെ ബാഗില്ലാതെ,കൈയിലുണ്ടായിരുന്ന ചില്ലറയിലുമൊക്കെ അഡ്ജസ്റ്റ് ചെയ്തു താല്‍കാലിക കണ്ടക്ടര്‍ പണി ഏറ്റെടുത്തു വശം കെട്ട ക്ലീനര്‍,ആ ദേഷ്യമെല്ലാം അവിടെ വച്ചു തീര്‍ത്തു. ”ഇക്കണക്കിനാനെങ്കില്‍ നിനക്കൊക്കെ പെണ്ണും കൂടി കെട്ടിച്ചു തന്നാല്‍ എന്തായിരിക്കുമെടാ അവസ്ഥ?” പാവം പെണ്ണുകെട്ടിയോ എവിടെപ്പോയി എന്നൊന്നും പിന്നെ ഞാനറിഞ്ഞില്ല.
എല്ലാ യാത്രകള്‍ക്കും ഒരു ലക്ഷ്യമുണ്ട്. പക്ഷേ,പ്രഭാതയാത്രകള്‍ ഒരു ജിവിതത്തിന്റെ,ഒരു സ്ഥാപനത്തിന്‍റെ പ്രതീക്ഷകളുടെ ആരംഭങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. എല്ലാ യാത്രകളെയും ആ പഴയ PKBയിലെ മുന്‍ ഗ്ലാസ്സിനു മുകളില്‍ എഴുതിയിരുന്ന മൂന്നു വാക്കുകളിലൂടെ ഇങ്ങനെ സംഗ്രഹിക്കാം.

കടപ്പാട് – shinesham Karumbil.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply