ഇറ്റലിയുടെ വിരിമാറിലൂടെ ഒരു റോഡ് ട്രിപ്പ്‌..!

ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചു നടത്തം എന്ന ആഗ്രഹം അതാണ് ഞങ്ങളെ ഇറ്റലിയിൽ കൊണ്ടെത്തിച്ചത്. കൂടാതെ 1994 വേൾഡ് കപ്പ് സമയത്ത് തുടങ്ങിയ ഇറ്റലിയൻ ടീമിനോടുള്ള ആരാധനയും…പേരുകേട്ട റോമാ സാമ്രാജ്യവും ലോകത്തിന്റെ മുമ്പിൽ തലനിവർത്തി നിൽക്കുന്ന 2 ലോകാത്ഭുതങ്ങളും, അതിലുപരി ലോകത്തിലെ ചെറിയ രാജ്യവും ഒന്ന് സന്ദർശിക്കണം.. അത് കഴിഞ്ഞു മ്മടെ ആലപ്പുഴൻ പതിപ്പ് എന്ന് പറയപ്പെടുന്ന വെനീസ് എന്ന ദേശത്തെയും കണ്ണ് മുഴുക്കെ കാണണം… പറ്റിയാൽ ഇറ്റാലിയൻ ഗ്രാമീണ സൗന്ദര്യവും ആവോളം നുകരണം….അതെ.. ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷയോടെയുമാണ് ഈ ഇറ്റാലിയൻ സഞ്ചാരം..

മഞ്ഞു കാലം കഴിഞ്ഞുള്ള ഒരു മാർച്ച് മാസത്തിലാണ് ഞങ്ങൾ സന്ദർശനത്തിനായി തിരഞ്ഞെടുത്തത്.. ഈ സീസൺ ആണ് പൊതുവെ നല്ലതെന്ന് തോന്നുന്നു.. കാരണം ഇത്തിരി മഞ്ഞും ആവശ്യത്തിന് തണുപ്പും എല്ലാം ഉണ്ട്… എല്ലാം പാകത്തിന്… അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.. “ഞങ്ങൾ” എന്ന് പറഞ്ഞാൽ, എന്‍റെ യാത്രകളിൽ എന്നും എന്റെ നിഴലായ Anwershine.. അല്ലെങ്കിൽ വേണ്ട.. അവന്റെ നിഴലായി ഞാനും പിന്നെ Mirshad Moopan എന്ന മറ്റൊരു യാത്രികനും അവന്‍റെ 2 കൊച്ചുങ്ങളുടങ്ങിയ കുടുംബവും… അപ്പൊ ടീം റെഡി…. ഇനി യാത്ര തുടങ്ങാം. ല്ലേ..

ദുബായിലെ വാഫിസിറ്റിയിലുള്ള vfsglobal (www.vfsglobal.com) ഏജൻസിയിൽ യാത്ര പോകുന്നതിനു മുമ്പ് 3 മാസ ത്തിനുള്ളിലായി 6 മാസം UAE വിസ വാലിഡിറ്റി ഉള്ള പാസ്പോർട്ടും , 3 മാസത്തെ BANK statement, confirmed return flight ticket, hotel booking,travel insuarance , കമ്പനിയിൽ നിന്നുള്ള NOC സർട്ടിഫിക്കറ്റ് സഹിതം നിശ്ചിത അപേക്ഷ ഫോമിൽ വിവരങ്ങൾ ചേർത്ത് അപേക്ഷിച്ചാൽ 15 ദിവസം കൊണ്ട് വിസ കിട്ടുന്നതാണ്. ബാങ്കിൽ നിശ്ചിത തുക ഡെപ്പോസിറ് വേണമൊന്നും ഇല്ല. പക്ഷെ ബാങ്കിലൂടെ ക്ര്യത്യമായി ക്രയ വിക്രയങ്ങൾ നടത്തിരിക്കണം.

ദുബായ് എയർപോർട്ടിൽ നിന്നും 9 മണിക്കുള്ള എമിറേറ്റ്സ് A380 വിമാനത്തിലാണ് ഞങ്ങളുടെ യാത്ര പുറപ്പെടുന്നത്. എല്ലാ യാത്രികരെയും പോലെ പുതിയ പ്രദേശത്തേയ്ക്കുള്ള യാത്രയായത്‌ കൊണ്ട് മനസ്സിൽ ഒരു പാട് ജിജ്ഞാസകൾ മുള പൊട്ടുന്നുണ്ട്, അതിലേറെ ആകാംക്ഷ, യൂറോപ്യൻ റോഡുകളി ലൂടെയുള്ള ഡ്രൈവിങ് എന്ന സ്വപ്നം പൂവണിയാൻ പോകുകയാണ് എന്ന കാര്യമാണ്‌. ദുബായിലെ മംസാർലുള്ള ടൂറിംഗ് ക്ലബ്ബിൽ 170 ദിർഹവും UAE ലൈസൻസ് കോപ്പിയും കൊടുത്താൽ 10 മിനിറ്റ് കൊണ്ട് 1 വർഷത്തേക്ക് ഇന്റർനാഷണൽ ലൈസൻസ് കിട്ടും. ഒരു വർഷം വാലിഡിറ്റിയുള്ള നെതെർലാൻഡ് എംബസിയിൽ നിന്നെടുത്ത ഷെൻഗെൻ വിസയുമായി ഇറ്റലിയിലെ FCO ഇന്റർനാഷണൽ എയർപോർട്ടിൽ ഉച്ചയ്ക്ക് 12.50 ന് ലാൻഡ് ചെയ്‌തു.. എമിഗ്രേഷനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എമിഗ്രേഷൻ ഓഫിസറുടെ ചോദ്യാന്വേഷണങ്ങളും രേഖകൾ ഒത്തു നോക്കലും എല്ലാം കൂടി കഴിഞ്ഞു ബാഗ്ഗജ് എല്ലാം എടുത്ത് പുറത്തെത്തിയപ്പോൾ സമയം 2 മണി! അടുത്ത പരിപാടി Rent a car office ഏരിയ തപ്പലാണ്.. അവിടെ സഹയാത്രികൻ Anwershine അവന്‍റെ സ്പെയിൻ സ്വിസ് സന്ദർശനം കഴിഞ്ഞു കാത്തിരിക്കുന്നുണ്ട്…..

www.Rentalcar.com എന്ന വെബ്‌സൈറ്റിൽ നിന്നും Thrifty കമ്പനിയുടെ 7 സീറ്റർ വാൻ ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.. 2 ദിവസത്തെ വാടക 1300 ദിർഹത്തോളം വരും കൂടാതെ GPSന്റെയും മറ്റ് ചിലവുകളും പുറമെ. കുറച്ചു കറങ്ങി ആണെങ്കിലും അവസാനം ഓഫീസ് കണ്ടു പിടിച്ചു. ഓഫീസ് ഫോർ മാലിറ്റിയൊക്കേ കഴിഞ്ഞു ആദ്യം കാണാൻ പോകുന്ന സ്ഥലത്തിന്റെ ദിശയും GPSൽ ഓഫീസ്‌ ഉദ്യാഗസ്ഥനെ കൊണ്ട് തന്നെ അടയാളപ്പെടുത്തി GPS ഉപകരണവും എടുത്ത് കാറിലെത്തി. ദുബായിലെ പോലെ ഇടത് വശത്ത് തന്നെയാണ് ഡ്രൈവർ സീറ്റ്. ബാഗ്ഗേജെല്ലാം അകത്ത് വെച്ച് കാറുമായി പാർക്കിങ് ഏരിയയിൽ നിന്നും പുറത്തിറങ്ങി.

ആദ്യമായി ഞങ്ങളെ വരവേറ്റത് ഒരു ചെറിയ ചാറ്റൽ മഴയാണ്. പുറത്തേക്ക് നോക്കിയപ്പോൾ കുടകൾ ചൂടിയും റെയിൻ കോട്ടണിഞ്ഞും ആളുകളും സഞ്ചാരികളും നടക്കുന്നത് കാണാമായിരുന്നു. തുടക്കം ഗംഭീരമായോ ? പണികിട്ടിയോ എന്നൊരു തോന്നൽ മനസ്സിൽ വന്നു. കുറച്ച് നേരത്തേക്കേ മഴ തുടർന്നുള്ളൂ. ഞങ്ങളെയും വഹിച്ചു കൊണ്ട് GPS പറയുന്നുത് പോലെ വാൻ റോഡിലൂടെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്… പഴയ ആ റോമാ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ സ്മാരകങ്ങളായി എങ്ങും കാണാമായിരുന്നു. കറങ്ങിത്തിരിഞ് കൊളോസിയത്തിന്റെ മുന്നിലെത്തി. പക്ഷെ, കാർ എവിടെ പാർക്ക് ചെയ്യുമെന്നറിയാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് അതി പുരാതനമായ ചില കെട്ടിടങ്ങൾ കൺമുന്നിൽ തെളിഞ്ഞത്.. കാർ ഒരിടത്ത് പാർക്ക് ചെയ്തു പുറത്തിറങ്ങി നോക്കി…

#Ancient ruins of Romans : അതൊരു ചെറിയ പ്രദേശമാണ്… വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു നൂറ്റാണ്ട് മൊത്തം അടക്കി വാണ രാജാക്കന്മാരുടെ കൊട്ടാരങ്ങളും അതിനോടനുബന്‌ധിച്ചുള്ള കുറെ കെട്ടിടങ്ങളും. എങ്ങും ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു ഓട്ട പ്രദക്ഷിണം നടത്തി വീണ്ടും കൊളോസിയ ത്തിനടുത്തുള്ള പാർക്കിങ് ഏരിയ തപ്പി നോക്കൽ തുടർന്നു…. അവസാനം കുറച്ചകലെയായി 1 യൂറോ മെഷീനിൽ നിക്ഷേപിച്ച്‌ കാർ പാർക്ക് ചെയ്തു പുറത്തിറങ്ങി. നോക്കിയപ്പോൾ കുറെ റെസ്റ്റാറ്റന്റുകൾ നിരയായി ഞങ്ങളെ മാടി വിളിക്കുന്നു.. വയറിനകത്ത് നിന്നും സിഗ്നൽ കിട്ടിയതും ഒരുമിച്ചായിരുന്നു… ആദ്യമായിട്ട് ഒറിജിനൽ ഇറ്റാലിയൻ പിസ്സ ഇറ്റലിയിൽ വെച്ചു കഴിച്ചു. ബാക്കിയുള്ള ഇറ്റലിയിലെ ദിവസങ്ങളിൽ പിസ്സ തന്നെയായിരുന്നു ഞങ്ങളുടെ ആഹാരം!ഭക്ഷണം കഴിച്ചു കൊളോസിയം എന്ന ലോകാദ്ഭുതം കാണാനായി നടന്നു…ആരെയും വിസ്‍മയിപ്പിക്കുന്നതാണ് കൊളോസിയം എന്ന മഹാത്ഭുതം!

#Colosseum : AD 72ൽ വെസ്‌പെസിയൻ ചക്രവർത്തി പണി തുടങ്ങി മകൻ ടൈറ്റസ് ചക്രവർത്തി മുഴുമിപ്പിച്ച കല്ലും മണലും മാത്രം ഉപയോഗിച്ച്‌ നിർമ്മിച്ച 240 തോളം കാമനങ്ങളോട് കൂടിയ 8000 കാണികളെ ഉൾക്കൊള്ളാനുതകു ന്ന ഒരു ഓപ്പൺ എയർ വിനോദ കേന്ദ്രം (Amphitheater) എന്ന് കൊളോസിയത്തെ വിശേഷിപ്പിക്കാം. റോമൻ രാജാക്കന്മാർ അവരുടെ കായിക പ്രകടനങ്ങൾക്കും യുദ്ധ മുറകൾ പരീക്ഷിക്കാനും ഉപയോഗിച്ചിരുന്ന ഒരു പാട് നിഗൂഢത നിറഞ്ഞ ഒരു മഹാ വിസ്മയം.. റോമൻ രാജാവായിരുന്ന “നിറോ”ചക്രവർത്തി സ്വയം സ്ഥാപിച്ചിരുന്ന കൊളോസസ് എന്ന പ്രതിമയുടെ പേരിൽ നിന്നാണ് കൊളോസിയം എന്ന ലോകാത്ഭുതത്തിന്റെ പേര് രൂപം കൊള്ളുന്നത്. ( അതെ റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തി തന്നെ ). അങ്ങിങ്ങായി അണിഞ്ഞൊരുങ്ങി നടക്കുന്ന ഗ്ലാഡിയേറ്റർ എന്ന പേരിൽ അറിയപ്പെടുന്ന ഭടന്മാരെ കാണുമ്പോൾ ഹോളിവുഡ് ത്രില്ലർ മൂവി ‘ഗ്ലാഡിയേറ്റർ’ മനസ്സിലേക്ക് ഓടി വന്നു. ഫോട്ടോ സെഷനു വേണ്ടി അവർ നമ്മെ സഹായിക്കുമെങ്കിലും അവസാനം ടിപ്സ് ചോദിക്കുന്ന ഒരു രീതി അവർക്കുണ്ട്…കൊളോസിയത്തിനു അകത്തു കാണണമെങ്കിൽ ഓൺലൈൻ വഴി ബുക്ക് ചെയ്‌താൽ ടിക്കറ്റെടുക്കാനുള്ള തിരക്ക് ഒഴിവാക്കാം. ആ വിസ്മയ കാഴ്ച ഇമ വെട്ടാതെ കുറെ നേരം കണ്ടു അവിടെ നിന്നിറങ്ങി… മടങ്ങാൻ തോന്നുന്നില്ല… മനസ്സ് നൂറ്റാണ്ടുകൾ പിറകോട്ടു പോയി..

ഓൺലൈൻ(www.booking.com)വഴി ബുക്ക് ചെയ്ത റൂം കണ്ടെത്തുകയാണ് അടുത്ത ജോലി. അതിനായ് GPS പറഞ്ഞു തരുന്ന വഴിയിലൂടെ യാത്ര തുടർന്നു കൊണ്ടിരി ക്കുകയാണ്. അതിനിടയിൽ ഒരു ഫൗണ്ടൈൻ കാണാനിടയായി. ചില ടൂറിസ്റ്റുകൾ ഫോട്ടോ എടുക്കുന്നതും കണ്ടു. ഞങ്ങൾ കരുതി ഞങ്ങളുടെ ലിസ്റ്റിലുള്ള ‘ട്രെവി ഫൗണ്ടൈൻ’ ആയിരിക്കുമെന്ന്.. ഇറങ്ങി ഒന്ന് ചുറ്റി നടന്നു. അതിനിടയിൽ കണ്ട സായ്പ്പിനോട് ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് അമളി പറ്റിയ കാര്യം മനസ്സിലായത്.അത് വേറെ ഫൗണ്ടൈൻ ആണ് പോലും. വേഗം അവിടെ നിന്നും സ്ഥലം കാലിയാക്കി നേരെ ഹോട്ടൽ റൂമിലേക്ക് വെച്ചു പിടിച്ചു. ചെക് ഇൻ ചെയ്തു ഒന്ന് ഫ്രഷ് ആയി രാത്രിയിലെ റോമാ നഗരം കാണാൻ വീണ്ടും സിറ്റിയിലേക്ക്….

#Pantheon എന്ന പഴയ റോമൻ ക്ഷേത്രം ആയിരുന്നു ആദ്യ ലക്ഷ്യം.27 BC യിൽ നിർമ്മിച്ചെന്ന് പറയപ്പെടുന്ന Pantheonന്റെ അടുത്തെത്തി നോക്കിക്കണ്ടു.7 മണി വരെ അകത്തേക്ക് സന്ദർശനമുള്ളൂ വണ്ടി പാർക്ക് ചെയ്യാൻ കുറച്ചു കറങ്ങി തിരിയേണ്ടി വന്നു.. ഇപ്പോഴതു കൃസ്തീയ ദേവാലയം ആണ്.അവിടെ നിന്നും തിരിച്ചു സിറ്റിയിലെ ഉൾവശങ്ങളിലൂടെ സഞ്ചരിച്ച്‌ അവസാനം കാർ പാർക്ക് ചെയ്യാൻ ഒരു സ്ഥലം കിട്ടി.. പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് 8 മണിയാകുമ്പോഴേക്കും ഒരു വിധം വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചു കഴിഞ്ഞിരുന്നു. ലേശം ചാറ്റൽ മഴയുമുണ്ട്. നടന്ന് നടന്നു ഒരു ചവിട്ടു പടികൾക്ക് മുന്നിലെത്തി.

അതാണ് “സ്പാനിഷ് സ്റ്റെപ്!” പേര് കേട്ടിട്ട് സ്പെയിനി ലേക്കുള്ള വഴിയൊന്നുമല്ല. 316 ചവിട്ടു പടികളുള്ള ഒരു കുത്തനെയുള്ള സ്റ്റെപ്. മേലോട്ട് കയറാനൊന്നും നിന്നില്ല. മുകൾ ഭാഗത്തായി ഒരു കൃസ്തീയ ദേവാലയവും കാണാമായിരുന്നു. വീണ്ടും മുന്നോട്ടു പോയി. എങ്ങും പ്രതിമകളും പഴയ കെട്ടിടാവശിഷ്ടങ്ങളും കാണാമായിരുന്നു. എല്ലാം വളരെ ഭംഗിയായി സംരക്ഷിച്ചു നിറുത്തുന്ന അധികാരികളെയും സർക്കാരിനെയും സമ്മതിക്കണം… ഒന്ന് കൂടി കറങ്ങി തിരിഞ്ഞു കാൻഡിൽ ലൈറ്റിന്റെ വെട്ടത്തിലിരുന്ന് ഒരു ഇറ്റാലിയൻ പിസ്സയും കൂടി കഴിച്ചു…ഇനി ഉറങ്ങാനായി റൂമിലേക്ക് തിരിക്കാം…. രാവിലെ ഹോട്ടലിൽ നിന്ന് ഫ്രീയായി കിട്ടുന്ന ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഹോട്ടൽ ചെക്ക് ഔട്ടും ചെയ്തു നേരെ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിലേക്ക്……

#Vatican :ഇറ്റലിയുടെ അകത്ത് തന്നെയാണെങ്കിലും പ്രത്യേക ഭരണഘടനയോ പോലീസ് സന്നാഹങ്ങളോ ഇല്ലാത്ത വെറും 0.44 സ്‌ക്വയർ കിലോമീറ്റർ വലിപ്പമുള്ള ഒരു കുഞ്ഞു പരിശുദ്ധ രാജ്യം! മാർപാപ്പയാണ് ഈ കുഞ്ഞു രാജ്യത്തിൻറെ അധികാരി. സെന്റ്.പീറ്റേഴ്‌സ് ബസേലിക്ക എന്ന ലോകത്തിലെ വലിയ ചർച്ച് ആണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. ചർച്ചിനടുത്ത് തന്നെ കാർ പെയ്ഡ് പാർക്കിങ് ചെയ്തു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഒരു കവാടത്തിൽ കൂടി അകത്തേക്ക് പ്രവേശിച്ചു. പ്രേത്യേക പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. ആദ്യം കണ്മുന്നിൽ കണ്ടത് ദേവാലയം. വിസ്മയമായിരുന്നു 1000 ലധികം വർഷം പഴക്കമുള്ള ആ ചർച്ച്. മുന്നിൽ അനന്തമായി നീണ്ടു കിടക്കുന്ന വരി എന്താണെന്നെന്നു അന്വേഷിച്ചപ്പോൾ അകത്തേക്ക് കയറാനുള്ള വിശ്വാസികളുടെയും ടൂറിസ്റ്റുകളുടെയും തിരക്കാണെന്നറിഞ്ഞത് കൊണ്ട് അകത്ത് കയറാനുള്ള ശ്രമം ഉപേക്ഷിച്ചു…. മാർപാപ്പ പ്രസംഗിക്കുന്ന സ്റ്റേജ്ഉം കണ്ടു അവിടെ ഒന്ന് കറങ്ങി തിരിഞ്ഞ് പുത്തേക്കിറങ്ങി.

വഴിയിൽ ബംഗ്ലാദേശി പൗരന്മാരുടെ ഒരു പാട് കരകൗശലവസ്‌തുക്കളുടെ ഷോപ്പുകൾ കാണാമായിരുന്നു. അവരുടെ അടുത്തു നിന്നും കുറച്ചു സാധനങ്ങളും വാങ്ങിച്ച്‌ കാറിലെത്തി… വത്തിക്കാനോടും റോം എന്ന സിറ്റിയോടും ഞങ്ങൾ വിട പറയുകയാണ്. കുറഞ്ഞ സമയം കൊണ്ട് പരമാവധി കാഴ്ചകൾ കണ്ടെന്ന സംതൃപ്‌തിയോടെ അടുത്ത നഗരമായ ഫ്ലോറെൻസിലേക്ക്…

ഫ്ലോറെൻസിലേക്കുള്ള യാത്ര അതി മനോഹരമായിരുന്നു. റോഡിനിരുവശവും കൃഷിയിടങ്ങൾ, ദൂരേ തലയുയർത്തി നിൽക്കുന്ന പർവ്വത നിരകൾ, അറ്റമില്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന ഹൈവേ…യാത്രയിൽ ഒരിക്കലും ഞങ്ങളെ മടുപ്പ് തോന്നിയില്ല. . ഉച്ച ഭക്ഷണത്തിനായി ഒരു പെട്രോൾ പമ്പിലെ പിസ്സ ഷോപ്പിൽ നിന്നും പിസ്സയും കഴിച്ചിറങ്ങി.. പുറത്തേയ്ക്കിറങ്ങിയപ്പോൾ കൂടെയുള്ള മിർഷാദിന്റെ കസ്റ്റമർ ഇറ്റലിക്കാരൻ ജോണിനെ കണ്ടു മുട്ടി.ജീവിതത്തിൽ ചിലതൊക്കെ ഇങ്ങനെ യാദൃച്ഛികമായി ഒട്ടും പ്രതീക്ഷിക്കാതെ സംഭവിക്കും….

#Florence : ഫിറെൻസി എന്ന് ഇറ്റലിക്കാർ വിളിക്കുന്ന ഫ്ലോറെൻസ് എന്ന ഇറ്റലിയുടെ മധ്യഭാഗത്തുള്ള നഗരം. ഫ്ലോറെൻസ് സന്ദർശിക്കണമെന്ന് ഞങ്ങളുടെ പ്ലാനിൽ ഉണ്ടായിരുന്നില്ല. പിസ ഗോപുരം കാണാൻ പോകുന്ന റൂട്ട് നോക്കിയപ്പോഴാണ് ആ സിറ്റിയും കണ്ടേച്ചു പോവാമെന്ന് തീരുമാനമെടുത്തത്.ആദ്യം പോയത് Doumo എന്ന ഫ്ലോറൻസ് കത്രീഡലിലേക്കാണ്. AD 1200 കളിൽ നിർമ്മാണം തുടങ്ങി AD1400നടുത്തു പണി പൂർത്തിയാക്കിയ കളർ മാർബിൾ കൊണ്ടുണ്ടാക്കിയ അതി മനോഹരമായ ചർച്ച് ! തവിട്ടു കലർന്ന ചുവപ്പ് നിറമുള്ള അതിന്റെ താഴികക്കുടം മനോഹാര്യത തുളുമ്പുന്നതായിരുന്നു. പുറത്തെ വാസ്തു ശിൽപാഭുതം പോലെ തന്നെയായാണ് അകത്തും അതിന്റെ കാഴ്ചകൾ.അത് കണ്ട് കഴിഞ്ഞു സിറ്റിയിലൊന്നു കറങ്ങാൻ തീരുമാനിച്ചു. കറങ്ങുന്നതിടയിൽ Uffizi gallery എന്ന മ്യൂസിയം കാണാനിടയായി. 16 ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു പാട് പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും കൊണ്ട് നിറഞ്ഞ ഒരു വലിയ മ്യൂസിയം!ഇറങ്ങി കവാടത്തിനടുത്തിയപ്പോൾ കണ്ടത് ടിക്കറ്റെടു ക്കാനുള്ള നീണ്ട നിര!! ആ ദർശനം ഉപേക്ഷിച്ച് കാറിൽ കയറി നീങ്ങിയ ഞങ്ങൾ കണ്ടത് ഒരു അതി പുരാതന പാലമാണ്.

Ponte vechio bridge- ആ പാലത്തിന്റെ പ്രത്യേകത എന്നത് കുറെ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളൂം മറ്റ്‌ ഷോപ്പുകളും അതിന്മേൽ ഒരുക്കിയിരിക്കുന്നതാണെന്നാണ്. തട്ടുകളായിട്ടു ഒഴുകുന്ന നദിയും അതിനെ കൂടുതൽ മനോഹരമാക്കുന്നു. അര മണിക്കൂറിലധികം കുറെ ഗ്രാമപാതകൾ പിന്നിട്ട് ഞങ്ങൾ പിസ നഗരത്തിൽ എത്തി ചേർന്നു. 2ആമാതൊരു ലോകാഭുതം കാണാനുള്ള തിടുക്കമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. കാർ ഒരു പെയ്ഡ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു ഗോപുരം ലക്ഷ്യമാക്കി നടന്നു. അടുത്തെന്തോറും കൂടുതൽ ആകർഷണതോയോടെ ഞങ്ങളെ മാടി വിളിക്കുകയായിരുന്നു ആ കെട്ടിടാത്ഭുതം. സുവനീർ ഷോപ്പുകൾ പിന്നിട്ട് മെയിൻ കവാടത്തിൽ എത്തിച്ചേർന്നു. ഇപ്പൊ താഴേക്ക് പതിക്കും എന്ന പ്രതീതിയോടെ തലയുയർത്തി നിൽക്കുന്ന പിസ എന്ന ചെരിഞ്ഞ ഗോപുരം!

#pisa leaning tower : 840 വർഷങ്ങൾക്ക് മുമ്പ് പണിയാരംഭിച്ചു 14 ആം നുറ്റാണ്ടിൽ പണി പൂർത്തിയാകുമ്പോഴേക്കും ഒരു വശം ചെരിഞ്ഞു പോയ് കൊണ്ടേയിരുന്നു പിസയിലെ ചരിഞ്ഞ ഗോപുരം .20 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചെറുതായൊന്ന് ചെരിവ് നിവർത്തിയതല്ലാതെ ഈ സമയത്ത് വരെ അത് താഴേക്ക് വീഴുകയോ മറ്റോ ഉണ്ടായിട്ടില്ല! ലോക മഹായുദ്ധകാലത്ത് അമേരിക്ക എല്ലാ കെട്ടിടങ്ങളും ബോംബിട്ട് നശിപ്പിച്ചപ്പോഴും ഇതിനെ മാത്രം വെറുതെ വിട്ടു. കാരണം ആ ഗോപുരം സ്വമേധേയ വീണു കൊള്ളുമെന്ന് അവർ അനുമാനിച്ചെന്നു പറയപ്പെടുന്നു. ഗോപുരത്തിന്റെ ഉയരം 55.86 മീറ്ററാണ്. ഗോപുരത്തിന് 294 പടികൾ ഉണ്ട്. ഏഴാമത്തെ നിലയിൽ വടക്കുവശത്തേക്കുള്ള കാൽവയ്പിൽ രണ്ടു പടികൾ കൂടി ഉണ്ട്. 1990 നും 2001 നുമിടയിൽ നിർമിച്ച പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻപ് 5.5 ഡിഗ്രി കോണിലാണ് ഈ ഗോപുരം നിലനിന്നിരുന്നത്. എന്നാൽ ഇപ്പോഴും ഗോപുരത്തിന്റെ ചരിവ് 3.99 ഡിഗ്രിക്ക് മുകളിലുണ്ട്.അതിനടുത്തായി വലിയ താഴിക കുടം ചാർത്തിയ ഒരു കത്രീഡലും കാണാമായിരുന്നു. മിക്ക ടൂറിസ്റ്റുകളും പിസ ഗോപുരം സ്വയം തള്ളി നിൽക്കുന്നതോ അല്ലെങ്കിൽ താങ്ങി നില്കുന്നതോ ആയ ഫോട്ടോ എടുക്കുന്ന തിരക്കിലാണ് .ആ ലോകാത്ഭുതം ഒന്നു കൂടി കൺ മുഴുക്കെ കണ്ടു തിരികെ കാറിലേക്ക് നടന്നു.

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. അടുത്ത ലക്ഷ്യസ്ഥാനമായ വെനീസിലേക്കുള്ള യാത്ര തുടങ്ങി. വിജനമായ റോഡുകളും മലയോര പാതകളും വളരെ ദൈർഘ്യമേറിയ തുരങ്കങ്ങളും പാലങ്ങളും പിന്നിട്ട് ഞങ്ങൾ കുതിച്ചു കൊണ്ടിരിന്നു. അതിനിടയിൽ ചില സ്ഥലങ്ങളിൽ ചുങ്കം അടക്കുന്ന പാതകളും ഞങ്ങൾക്ക് പിന്നിടേണ്ടി വന്നു. രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ ഏകദേശം ഇറ്റലിയുടെ തീരദേശത്ത് എത്തിപ്പെട്ടു. വെനീസിന്റെ വിദൂര ലക്ഷണങ്ങൾ കാണാമായിരുന്നു. ഒരു വലിയ കടൽ പാലം കടന്നു വേണം വെനീസ് എന്ന ദ്വീപ സമൂഹങ്ങളിലേക്ക് എത്തിച്ചേരാൻ. ആ പാലം അവസാനിച്ചത് കാർപാർക്കിങ് ബിൽഡിങ്ങുകളുടെ അടുത്തായിരുന്നു. അവിടെ കണ്ട പോലീസ്സുകാരനോട് മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിന്റെ കൺഫേർമഷെൻ പേപ്പർ കാണിച്ചപ്പോൾ കാർ ഇവിടെ പാർക്ക് ചെയ്ത് അടുത്തു കാണുന്ന ബോട്ട് സ്റ്റേഷനിൽ നിന്ന് ബോട്ട് കയറിയാലേ ഹോട്ടലി ലെത്താൻ കഴിയൂ എന്നാണറിഞ്ഞത്. അടുത്ത് കണ്ട കാർ പാർക്കിങ് ബിൽഡിങ്ങിൽ 24 മണിക്കൂർ നേരത്തേക്ക് 29 യൂറോയും കൊടുത്ത്‌ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങി!ഹെന്റമ്മോ!! തണുപ്പും കാറ്റും ഒരുമിച്ച് ശരീരത്തിലേക്ക് അരിച്ച് കയറുകയായിരുന്നു. 3 ഡിഗ്രി തണുപ്പും അതി കഠിനമായ കാറ്റും കൂടി ഞങ്ങൾക്ക് നല്ലൊരു സ്വീകരണം തന്നെ നൽകി. ബോട്ട് ജെട്ടി ലക്ഷ്യമാക്കി നീങ്ങി. ടിക്കെറ്റെടുത്തു അടുത്ത് വന്ന ബോട്ടിൽ കയറി പറ്റി. കൂടുതലും ബാഗേജുകളുമായി ടൂറിസ്റ്റുകളായിരുന്നു ബോട്ടിൽ.

#Venice : വെനീസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാവില്ല. റോഡില്ലാത്ത നാട്, കനാലുകളുടെ നാട്, പാലങ്ങളുടെ നാട് ,,… അങ്ങനെ പലതും. 118 ദ്വീപുകൾ ചേർന്ന് അവയിലേക്കുള്ള 400ലധികം പാലങ്ങളും അതിനിടയിലൂടെയുള്ള 170 ലധികം കനാലുകളും ഉൾപ്പെടുന്ന ഒരു കടൽ നഗരം ! AD 400 ൽ ഒരു പ്രേത്യക തരം വാട്ടർപ്രൂഫ് മരത്തിന്റെ മുകളിൽ കല്ലും മറ്റും കൊണ്ട് നിർമ്മിച്ച അവിടുത്തെ കെട്ടിടങ്ങൾ ഒരു വല്ലാത്ത വിസ്മയം തന്നെയാണ്. നമ്മുടെ നാട്ടിൽ സ്വന്തമായി കാറ് ഉള്ളത് പോലെ ഇവിടെ തോണിയാണ്.ഓരോ കെട്ടിടങ്ങളുടെ വാതിലുകൾ തുറക്കുന്നത് നേരെ കായലിലേക്കാണ്. അവിടെ നിന്നാണ് സ്വന്തം ഉടമസ്തഥയിലുള്ളതോ വാടകക്ക് കിട്ടുന്നതോ ആയ ‘Gondola’എന്ന ചെറിയ തോണിയിൽ സഞ്ചരിക്കുന്നത്. അവിടുത്തെ ദൈനം ദിന സഞ്ചാര മാർഗ്ഗളെല്ലാം ഈ ചെറു തോണികൾ വഴിയാണ്‌.. എങ്കിലും അവിടുത്തെ കെട്ടിടങ്ങൾ ചെറിയ തോതിൽ കടലിൽ മുങ്ങി കൊണ്ടിരിക്കുകയാണെന്ന സത്യവും നാം അറിയേണ്ടതുണ്ട്.ആ പബ്ലിക് ബോട്ടിൽ കയറി തണുപ്പും കാഴ്ചകളും ഒരുമിച്ചാസ്വദിച്ചു St.Toma എന്ന സ്റ്റേറ്റേഷനിൽ ഇറങ്ങി ഹോട്ടൽ ലക്ഷ്യമാക്കി ഞങ്ങൾ ഓടി. ഹോട്ടലിലെത്തി ഭക്ഷണവും കഴിച്ചു ബാക്കിയെല്ലാം നാളെ രാവിലെ കാണാമെന്നുറച്ചു കിടന്നുറങ്ങി.

രാവിലെ ബ്രെക്ക് ഫാസ്റ്റും കഴിച്ച്‌ വെനീസിന്റെ സൗന്ദര്യം നുകരാനിറങ്ങി.. അതി മനോഹരമായിരുന്നു ഓരോ കാഴ്ചകളും! തണുപ്പിന് ഒരു ശമനവും വന്നിട്ടില്ല. എങ്കിലും പാലങ്ങൾ കയറിയിറങ്ങി ഗ്രാൻഡ് കനാലും കുറുകെ സഞ്ചരിച്ചു അവിടുത്തെ പ്രധാന കൃസ്ത്യൻ പള്ളിയായ st mark’s Basilica യും Rialto bridgഉം കണ്ടു തിരികെ ഹോട്ടലിലെത്തി റൂം വെക്കേറ്റ് ചെയ്തു തിരിച്ചു കാർ. പാർക്കിങ്ങിനടുത്തേക്കുള്ള ബോട്ട് ജെട്ടിയിലേക്ക് പോകാനായി പബ്ലിക് ബോട്ടിൽ കയറി. വീണ്ടും കാഴ്ചകൾ സമ്മാനിക്കുകയാണ് വെനീസ്! കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ചകൾ… ബോട്ടിൽ നിന്നും കാറിനടുത്ത് എത്തി നേരെ വെനീസ് Marco polo എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി. മിർഷാദ്നെ സ്വിറ്റ്സർലൻഡ് സന്ദർശിക്കാനായി ആ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു ഞാനും അൻവറും വെനീസിലെ തന്നെ വേറെ ഒരു എയർപോർട്ടായ Treviso ഇന്റർനാഷണൽ എയർപോർട്ടിലേക്കു പോന്നു.. അവിടെ ഞങ്ങൾ റെന്റിനെടുത്ത കാർ തിരിച്ചേൽപ്പിക്കണം. അത് കഴിഞ്ഞു അടുത്ത ലക്ഷ്യമായ ജർമ്മനിക്ക് പിടിക്കണം.

സഞ്ചാരിക്ക് വിശ്രമമില്ല, സഞ്ചാരം അവസാനിക്കുന്നുമില്ല !!!

NB : ഞങ്ങൾ എപ്പോഴും ചെലവ് കുറഞ്ഞ യാത്ര രീതികളാണ് അവലംബിക്കാറ്. ഇപ്രാവശ്യവും എല്ലാം ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്തത് കൊണ്ട് പരമാവധി ചിലവും സമയവും ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്.ഞങ്ങൾ ഇറ്റലിയിൽ 1000 km ലധികം കാറിൽ സഞ്ചരിച്ചു. അതിൽ കൂടുതലും മിർഷാദായിരുന്നു ഡ്രൈവ് ചെയ്തത്. അവന്‍റെ ഡ്രൈവിങ് സ്‌കിൽ സമ്മതിച്ചേ പറ്റൂ.

വിവരണം – സമദ് അബ്ദുൽ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply