ഒരു ഡോക്ടറുടെ കെഎസ്ആര്‍ടിസി ഓര്‍മ്മകളും ഇഷ്ടവും…

കെഎസ്ആര്‍ടിസി സാധാരണക്കാരുടെ മാത്രം വാഹനമല്ല. സമൂഹത്തിലെ എല്ലാത്തരം ആളുകളും ഉപയോഗിക്കുന്ന ഒരു സേവനം.. അതാണ്‌ നമ്മുടെ കെഎസ്ആര്‍ടിസി. ഡോക്ടറായ ജോഗേഷ് സോമനാഥന്‍ കെഎസ്ആര്‍ടിസി തന്‍റെ ജീവിതത്തില്‍ എങ്ങനെയെല്ലാം സ്വാധീനിച്ചിരിക്കുന്നു എന്നു എഴുതിയ കുറിപ്പാണ് താഴെ കൊടുത്തിരിക്കുന്നത്. അതൊന്ന് വായിച്ചു നോക്കാം.

“സ്വന്തമായി ഒരു ബസ്സില്ലാത്ത വിഷമം ഏതാണ്ട് മറന്നു തുടങ്ങിയിരിക്കുന്നു…. ദേ ഈ രാജകീയമായി പാഞ്ഞുവന്നത് നമ്മുടെ സ്വന്തം ശകടം തന്നെ… ഡിസ്‌പ്ലെ എൽഇഡി ബോർഡൊക്കെ വച്ച് ഒരു ചുവന്ന സുന്ദരി…..(made in Kondody). എല്ലാ ആഴ്ച്ചയും തിങ്കളാഴ്ച്ച എന്നൊരു ദിവസമുണ്ടെങ്കിൽ മക്കൾ രണ്ടും വെളുപ്പിന് അഞ്ച് മണിക്ക് ഇതിൽ കയറിപ്പോകും…. ഒന്ന് തിരുവല്ലായ്ക്കും ഒന്ന് ചങ്ങനാശേരിക്കും. ഇതിൽ കയറ്റിവിട്ടാൽ പിന്നെ അവരെയങ്ങു ഹോസ്റ്റലിൽ നേരിട്ടെത്തിച്ച ഒരു മനസ്സമാധാനമുണ്ട്… ഒറ്റ പ്രാവശ്യം പോലും ചതിച്ചിട്ടില്ല.

 

KSRTC യുമായി ചങ്ങാത്തം തുടങ്ങിയിട്ട് ഒരു നാൽപ്പത്തിരണ്ട്‌ വർഷമെങ്കിലും ആയിക്കാണും. അഞ്ചാം ക്ലാസ്സിൽ ഇന്ഗ്ലീഷ് മീഡിയത്തിൽ പഠിക്കണമെന്നുള്ള മോഹവുമായി എത്തിപ്പെട്ടത് ദേശത്ത് നിന്നും ദൂരെ വാളകം എന്ന ഗ്രാമത്തിൽ… ദിവസവും അവിടം വരെ നമ്മുടെ സ്വന്തം ആനവണ്ടിയിൽ യാത്ര ശീലമാക്കി തുടങ്ങിയതാണീ ചങ്ങാത്തം…നിയമങ്ങളും നിർദേശങ്ങളും പലതും പഠിച്ച് പാലിച്ച് തുടങ്ങിയതും KSRTC യിൽ നിന്ന് തന്നെയാണ്… “കയ്യും തലയും പുറത്തിടരുത്” (ഇത് വരെ ഇട്ടിട്ടില്ല..!), സ്ത്രീകളുടെ സീറ്റിൽ ഇരിക്കരുത് (ഇരുന്നാലും എഴുന്നേറ്റു കൊടുക്കാറുണ്ട് !). സ്‌കൂൾ വിട്ടാൽ നമ്മുടെ സ്വന്തം വണ്ടിയിൽ കയറിപ്പറ്റാനുള്ള തന്ത്രപ്പാടിൽ നിന്നാണ് ആദ്യമായി എന്തിലും ഒന്നാമതെത്താനുള്ള മത്സരബുദ്ധി മനസ്സിൽ സ്ഥാനം പിടിച്ചതെന്നും തോന്നുന്നു. മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്തും നമ്മുടെ ഇഷ്ടവാഹനത്തിൽ ഒരു മാറ്റവും വന്നില്ല. പാലോട് ഫാസ്റ്റിൽ ആലപ്പുഴക്കുള്ള യാത്ര മൂന്നാല് വർഷം കടന്നപ്പോൾ പല കണ്ടക്ടർമാരും സ്റ്റോപ്പില്ലായിരുന്നിട്ടുകൂടി ഹോസ്റ്റലിന് മുന്നിൽ വണ്ടി നിർത്തിത്തരുമായിരുന്നു..

ജീവിതത്തിൽ രണ്ടേ രണ്ട് പ്രാവശ്യമാണ് പ്രതിഭാഗത്തായി പോലീസ് സ്റ്റേഷൻ കയറേണ്ടി വന്നിട്ടുള്ളത്. രണ്ടിലും വില്ലൻ KSRTC തന്നെ. മൂന്നാം വർഷം എംബിബിഎസ് സമയത്താണ് മെഡിക്കോസ് ഒന്നടങ്കം പങ്കെടുത്ത, കരുണാകര സർക്കാരിനെ മുട്ടുകുത്തിച്ച സ്വാശ്രയവിരുദ്ധ സമരം തട്ടിൽക്കയറിയത്. സമരം മൂത്ത് മൂത്ത് NH 47 ബ്ലോക്ക് ചെയ്യുന്നത് വരെയെത്തിയ ഒരു ദിവസം ആരോ ഒരു വീരൻ ആ വഴി വന്നൊരു സൂപ്പർ ഫാസ്റ്റിന്റെ സൈഡ് ഗ്ളാസങ്ങു പൊട്ടിച്ചു. പുന്നപ്ര പോലീസ് ഞങ്ങളൊരു പത്തിരുന്നൂറു പേരെയങ്ങു പൊക്കി.(ആധാറും ഫോട്ടോ കാർഡുമൊന്നും അന്ന് നിലവിലില്ലാതിരുന്നതിനാൽ ഡാർവിനെന്നോ മറ്റോ ആണ് അന്ന് സ്റ്റേഷൻ രജിസ്റ്ററിൽ പേരെഴുതി രക്ഷപ്പട്ടത് …അന്നാണ് ഈ സ്റ്റേഷൻ ജാമ്യം എന്ന സംഗതിയൊക്കെ ആദ്യമായി കേൾക്കുന്നത്). പിന്നെയും പലയിടത്തും ഗ്ലാസ്സുകൾ പൊട്ടി. പക്ഷെ സമരം പൊട്ടിയില്ല… അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ആദ്യമായി സ്വാശ്രയത്തിൽ അനുവദിച്ച രണ്ട് ഒഫ്ത്താൽ പിജി സീറ്റ് ഗവർമെന്റിന് പിൻവലിക്കേണ്ടിവന്നു…(KSRTC ക്ക് പ്രത്യേകം നന്ദി..)…വർഷങ്ങൾ കഴിഞ്ഞ്, ഇക്കണ്ട ഗ്ലാസ്സെല്ലാം പൊട്ടിച്ച് ഞങ്ങൾ കൂട്ടിലടച്ച ഭൂതത്തെ ആന്റണി സർക്കാർ വീണ്ടും തുറന്നു വിട്ടു എന്നുള്ളത് ചരിത്രം.

രണ്ടാം പ്രാവശ്യം സ്റ്റേഷൻ കയറിയത് സൂപ്പർഫാസ്റ്റിന്റെ മൂട്ടിൽ കൊണ്ട് കാർ കയറ്റിയതിന്. മുന്നിൽ പോകുന്ന ശകടവുമായി കാര്യമായ അകലം പാലിക്കാതിരുന്നത് എന്റെ തെറ്റ്…. സൂപ്പർഫാസ്റ്റിനുള്ള അത്ര ബ്രേക്ക് ഡോക്ടറായി ആദ്യം സ്വന്തമാക്കിയ മരുതിക്കാറിന് ഇല്ലാതെ പോയി….

വർഷങ്ങൾ പലത് കഴിഞ്ഞു. കാറുകൾ പലതും മാറി..നാട്ടുകാർക്ക് കുശുമ്പ്കുത്തുന്ന ആഡംബരക്കാറുകളും വന്നു.. എന്നിട്ടും ഹൈവേ വഴിപോകുമ്പോൾ ആ ഓറഞ്ജ് ലോഫ്ലോർ സുന്ദരികൾക്ക് വേണ്ടി ഒതുങ്ങിക്കൊടുക്കുമ്പോൾ അഭിമാനമേ തോന്നിയിട്ടുള്ളൂ… KSRTC നമ്മുടേതാണെന്നൊരു കരുതൽ നാട്ടുകാർക്കും അതിലെ ജീവനക്കാർക്കും തോന്നിത്തുടങ്ങിയാൽ തീരുന്ന പ്രശ്നങ്ങളേ ഇവിടുള്ളൂ. ശ്രീ. ടോമിൻ തച്ചങ്കരിയുടെ മുൻകാല ട്രാക്ക് റെക്കോർഡ് എന്തുമായിക്കൊള്ളട്ടെ. അദ്ദേഹം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന തീരുമാനങ്ങൾ ഈ സ്ഥാപനത്തെ സർവകാല പ്രൗഢിയിലും ഉന്നതിയിലുംഎത്തിക്കുമെന്ന്‌ തന്നെയാണ് എന്റെ ഉറച്ച വിശ്വാസം… എന്റെ വിശ്വാസം KSRTC യെ രക്ഷിക്കട്ടെ……

(Tail piece..: പ്രിയ ജീവനക്കാരെ ആ തിരുവല്ല ബസ്സ്റ്റാൻഡ് പോലെ നിങ്ങൾക്ക് എല്ലാ സ്റ്റാന്റ്കളും പോസ്റ്ററൊട്ടിക്കാതെ ബാനർ വലിച്ചു കെട്ടാതെ, വൃത്തിയായങ്ങ് സൂക്ഷിച്ചൂടെ… പറ്റില്ല അല്ലേ..?? സാരമില്ല ചുമ്മാ ചോദിച്ചതാ… ക്ഷമി…).”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply