ഒരു കൊട്ടാരം നഗരമായി മാറിയ കഥ

എഴുത്ത് – ശ്രീനാഥ്‌ വർമ.

സ്പ്ലിറ്റ് , ക്രോയേഷ്യ : വർഷം 311 AD , ഡിസംബറിലെ ഒരു തണുത്ത രാത്രി. ഡാൽമേഷ്യയിലെ ആ പടുകൂറ്റൻ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഒരു വൃദ്ധൻ ഇരിക്കുന്നു. കൊട്ടാരത്തിനുള്ളിൽ വലിയ ബഹളം. പട്ടാളക്കാർ തലങ്ങും വിലങ്ങും എന്തൊക്കെയോ തേടി പായുന്നു. ചില ഗ്രന്ധങ്ങളും പ്രതിമകളും ഒക്കെ നശിപ്പിക്കുന്നു. പക്ഷെ വൃദ്ധൻ അതൊന്നും ശ്രദ്ധിക്കാതെ മൂകനായി ഇരുന്നു. അദ്ദേഹം എന്തോ ആലോചിക്കുയാണ്. കണ്ണിൽ നിന്നും കുടുകുടെ കണ്ണുനീർ ഒഴുകുന്നു. പെട്ടെന്ന് അദ്ദേഹം നിലത്തുവീണു പിടയുന്നു.

ആ നിമിഷങ്ങളിൽ എല്ലാം കണ്ണിന്റെ മുന്നിൽ തന്റെ പ്രിയപ്പെട്ട ഭാര്യ പ്രിസ്ക , തന്റെ പ്രിയപ്പെട്ട മകൾ വലേറിയ. അവർ ആ പുതിയ മതത്തിൽ ചേർന്നില്ലായിരുന്നുവെങ്കിൽ അവർ എന്റെ കൂടെ ഉണ്ടാവുമായിരുന്നു അയാൾ ആശിച്ചു. തന്റെ എല്ലാമായിരുന്ന മാക്സിമിയൻ , എന്റെ വാക്ക് നീ അനുസരിച്ചിരുന്നു എങ്കിൽ നീയും ഇപ്പോൾ എന്റെ കൂടെ ഒരുപക്ഷെ ഉണ്ടാവുമായിരുന്നു. കുറച്ചു നേരം അദ്ദേഹം പിടഞ്ഞു അതിനുശേഷം എല്ലാം ശാന്തം.

പട്ടാളക്കാർ അപ്പോളും സാധനങ്ങൾ നശിപ്പിക്കുന്ന തിരക്കിലായിരുന്നു. ആ വൃദ്ധൻ ഒരു സാധാരണക്കാരൻ ആയിരുന്നില്ല അദ്ദേഹം ആണ് റോമൻ ചക്രവർത്തി ഡയോക്ളീഷ്യൻ , (244 -311 AD). നേരം പുലർന്നു പ്രഭാത ഭക്ഷണവുമായി വന്ന ഭ്രിത്യൻമാരാണ് ആ കാഴ്ച കണ്ടത്. ഉടനേ തന്നെ റോമിലേക്ക് സന്ദേശം അയച്ചു. ചക്രവർത്തി കോൺസ്റ്റന്റൈൻ വിവരം അറിഞ്ഞതും ഒരു മറുപടി എഴുതി അയച്ചു, “കൊട്ടാരത്തിലെ എല്ലാ പട്ടാളക്കാരും ഭ്രിത്യൻമാരും പഴയ ചക്രവർത്തിയെ ആചാരപൂർവം സംസ്കരിച്ചതിനു ശേഷം കൊട്ടാരം അടച്ചു പൂട്ടി റോമിലേക്ക് പുറപ്പെടുക.”

“ഹാ, അങ്ങനെ ആ കിഴവനും ചത്തു” കോൺസ്റ്റന്റൈൻ ചക്രവർത്തി ഒരു പുച്ഛ ഭാവത്തോടുകൂടി പറഞ്ഞു . കൊട്ടാരത്തിലെ അന്ദേവാസികളെല്ലാം ആ ആജ്ഞ അനുസരിച്ചു. ഇതറിഞ്ഞ ആളുകൾ കൂട്ടമായി കൊട്ടാരത്തിലേക്കു പുറപ്പെട്ടു. കിലോമീറ്ററുകളോളം വലിയ കൊട്ടാരം. ആരുമില്ല നോക്കാൻ. എന്തെങ്കിലും കിട്ടാതിരിക്കില്ല. അവർ വാതിൽ തല്ലിപ്പൊളിച്ചു അകത്തുകേറി ബാക്കിയുണ്ടായിരുന്നതെല്ലാം എടുത്തു കൊണ്ടുപോയി.

ആ പടുകൂറ്റൻ കൊട്ടാരം സമുദ്രതീരത്തു ഒരു സ്മാരകമായി വര്ഷങ്ങളോളം നിലകൊണ്ടു. കിലോമീറ്ററുകളോളം വലിയ പച്ചക്കറി തോട്ടങ്ങൾ കാട് കേറി നശിച്ചു. ഒരു നൂറു വര്ഷങ്ങള്ക്കു ശേഷം അതുവഴി പോയ ഒരു ക്രിസ്‌തീയ കുടുംബം ആ കൊട്ടാരം കാണാൻ ഇടയായി. താമസിക്കാൻ പറ്റിയ ഇടം അന്വേഷിച്ചു നടക്കുകയായിരുന്നു അവർ. ഇഷ്ടം പോലെ സ്ഥലം , നിറയെ പച്ചക്കറികളും ഫലങ്ങളും നിറഞ്ഞ തോട്ടം. അവർ കൊട്ടാരത്തിൽ കേറി താമസം തുടങ്ങി. താമസിയാതെ വേറെ കുറേ സഞ്ചാരികളും കൊട്ടാരത്തിൽ താമസമാക്കി.

കൊട്ടാരം വലുതായിരുന്നു എല്ലാവര്ക്കും ഓരോ മുറി. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ ആളുകളുടെ എണ്ണം വർദ്ധിച്ചു വന്നു. സ്ഥലം തികയാതെ ആയി. ആളുകൾ കൊട്ടാരത്തിന്റെ ഭാഗങ്ങൾ പൊളിച്ചു അതുകൊണ്ടു വീടുകൾ ഉണ്ടാക്കാൻ തുടങ്ങി. നൂറ്റാണ്ടുകളോളം ഇത് തുടർന്നു. കൊട്ടാരത്തിന്റെ പുറംഭിത്തിയും കുറച്ചു ഭാഗങ്ങളും മാത്രം ബാക്കിയായി. ചക്രവർത്തിയുടെ ശവകുടീരം ഒരു ക്രിസ്ത്യൻ ദേവാലയമായി.

1979 ഇൽ ദിയോക്ലേസിൻറെ കൊട്ടാരം യുനെസ്കോ ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചു. അതിനുശേഷം കൊട്ടാരം സംരക്ഷിത സ്മാരകമായി. ക്രോയേഷ്യയിലെ സ്പ്ലിറ്റ് (Split ) നഗരം ഈ കൊട്ടാരത്തിൽ നിന്നാണ് ഉണ്ടായതു. ഡയോക്ളീഷ്യൻ AD 284 മുതൽ AD 305 വരെ റോമൻ ചക്രവർത്തി ആയിരുന്നു. സ്വമേധയാ സ്ഥാനം ഒഴിഞ്ഞ ഒരേ ഒരു റോമൻ ചക്രവർത്തി എന്നുള്ള സവിഷേത കൂടി ഇദ്ദേഹത്തിനുണ്ട്. ഡാൽമേഷ്യ (ഇപ്പോളത്തെ ക്രോയേഷ്യ )യിൽ വളരേ താഴെക്കിടയിൽ ഉള്ള കുടുംബത്തിലാണ് ജനനം.

അദ്ദേഹം സൈന്യത്തിൽ കൂടെയാണ് രാഷ്ട്രീയത്തിൽ വരുന്നത് . റോമാ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ വലിയ പേരാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിന്റെ പല സാമ്പത്തിക പരിഷ്കാരങ്ങളും വളരെ പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ കാലത്താണ് ഒന്നിൽ കൂടുതൽ ചക്രവർത്തിമാർ രാജ്യം ഭരിക്കുന്ന പുതിയ രീതി കൊണ്ടുവന്നത്. പക്ഷെ ചിലരുടെ സ്വാർത്ഥത കാരണം അത് പരാജയപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഏറ്റവും കൂടുതൽ ആളുകൾ ക്രിസ്തു മതം സ്വീകരിച്ചത്.

ഇതിനെതിരെ വളരെ ക്രൂരമായ രീതിയിലാണ് ഇദ്ദേഹം ഇടപെട്ടത്. ക്രിസ്ത്യാനികളെ കൂട്ടമായി കൊന്നൊടുക്കി. ഇദ്ദേഹത്തിന്റെ ഭാര്യയും ഏക മകളും ക്രിസ്ത്യാനിറ്റി സ്വീകരിച്ചു. ഇവരെയും അദ്ദേഹം കൊന്നുകളയുകയാണ് ഉണ്ടായതു. വിശുദ്ധ ഗീവർഗ്ഗീസ് പുണ്യാളൻ ഇദ്ദേഹത്തിന്റെ പട്ടാളത്തിലെ ഉഗ്യോഗസ്ഥൻ ആയിരുന്നു എന്നാണു പറയപ്പെടുന്നത്.
രാജകല്പനകൾക്കെതിരായി സമരം ചെയ്തതിനു അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം വ്യാജമായി ചുമത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. Split ഇലെ കൊട്ടാരം ഇദ്ദേഹത്തിന് വിരമിച്ചതിനു ശേഷം താമസിക്കാനാണ് പണികഴിപ്പിച്ചത്. പക്ഷേ ചരിത്രം വേറെയായി.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply