യാത്രക്കാരുപോലും അറിയാതെ ബസ്സിനുള്ളില്‍ ഒരു സുഖപ്രസവം. അമ്മയ്ക്കും നവജാത ശിശുവിന്റെയും ജീവന് രക്ഷയായത് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായതും. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തോമാട്ടുചാല്‍ സ്വദേശി പി സുനില്‍കുമാര്‍, കണ്ടക്ടര്‍ കക്കോടി സ്വദേശി വികെ ബാനിഷ് എന്നിവരുടെ സമയോചിതമായ ഇടപെടലുകളാണ്. പ്രസവം നടന്നയുടന്‍ അമ്മയ്ക്കും കുഞ്ഞിനും ചികില്‍സ ലഭ്യമായതാണ് അപകടം ഒഴിവാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
നടവയല്‍ സ്വദേശിയായ ബിജുവിന്റെ ഭാര്യ കവിതയാണ് കഴിഞ്ഞദിവസം ബസ് യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസില്‍ പ്രസവം നടന്നു കഴിഞ്ഞാണ് ബസിലുള്ള യാത്രക്കാരടക്കം കാര്യമറിഞ്ഞതെന്ന് കണ്ടക്ടര്‍ ബാനിഷ് പറയുന്നു.
അതു തന്നെ കുറച്ചു പേര് മാത്രമേ ആദ്യം അറിഞ്ഞുള്ളു. ബസ് ആശുപത്രി വളപ്പിലേക്ക് കയറിയപ്പോഴാണ് മുഴുവനാളുകളും വിവരമറിയുന്നത്.
കോഴിക്കോടു നിന്ന് രാവിലെ 7.30 നാണ് ബത്തേരിയിലേക്ക് ബസ് പുറപ്പെട്ടത്. അവിടെ സ്റ്റാന്റില്‍ നിന്നു തന്നെ യുവതിയുള്‍പ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു. ഏറ്റവും പുറകിലത്തെ സീറ്റിന് മുന്പിലായാണ് ഇരുന്നിരുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല.
വെള്ളാരം കുന്ന് കഴിഞ്ഞ് കല്പറ്റ എത്താറായപ്പോള്‍ കെഎസ്ആര്‍ടിസി ഗാരിജിന് സമീപം വച്ച് പോലീസുകാരനായ ഒരു യാത്രക്കാരന് മുന്നോട്ടു വന്ന് ചെറുതായി പ്രശ്നം സൂചിപ്പിച്ചു. പുറകിലെത്തി നോക്കിയപ്പോള്‍ യുവതി പ്രസവിച്ചു കഴിഞ്ഞിരുന്നു. പൊക്കിള്‍ കൊടി വേര്‍പെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവര്‍ എടുത്തിട്ടുണ്ട്.
ഉടന്‍ ഡ്രൈവര്‍ സുനില്‍കുമാറിനോട് കാര്യം പറഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിച്ചു. ചെറുവാഹനങ്ങള്‍ക്കു മാത്രം കടന്നുപോകാന്‍ വീതിയുള്ള ലിയോ ആശുപത്രി റോഡിലൂടെ വേഗത്തില്‍ പായുന്ന കെഎസ്ആര്‍ടിസി ബസിനെ കണ്ട് എല്ലാവരും അമ്പരന്നു. പുതിയ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് മാറിപ്പോയതാണെന്ന് കരുതി ഡ്രൈവറോടു വഴി മാറിപ്പോയെന്ന് റോഡിലുണ്ടായിരുന്നവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ശരവേഗത്തില്‍ പാഞ്ഞ ബസ് ആശുപത്രി മുറ്റത്ത് നിര്‍ത്തിയപ്പോഴാണ് സംഭവത്തിന്റെ ഗൗരവം എല്ലാവര്ക്കും മനസ്സിലായത്. ബസിനുള്ളില്‍ നിന്നും നവജാതശിശുവിന്റെ നിര്‍ത്താതെയുള്ള കരച്ചില്. ലിയോ ആശുപത്രിയിലെത്തുമ്പോള്‍ രാവിലെ 9.30. ആശുപത്രി ജീവനക്കാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും വേഗത്തില്‍ തന്നെ കര്‍മനിരതരായി. അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. അവിടെ അവര്‍ വേണ്ടതെല്ലാം ചെയ്തതു കൊണ്ട് പ്രശ്നങ്ങളുണ്ടായില്ല.
കെഎസ്ആര്‍ടിസി ബസില്‍ പിറന്ന കുഞ്ഞിന് ഉടുപ്പുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാര്‍ ആശുപത്രിയിലെത്തി. ബത്തേരി ഡിപ്പോ സൂപ്രണ്ട് ഷീബ ബിജു, ഡിപ്പോ എന്‍ജിനീയര്‍ പ്രശാന്ത് കൈമള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയില്‍ ആശംസകളുമായെത്തിയത്.
മന്ത്രി വി.എസ്. സുനിൽകുമാർ, കലക്ടർ എസ്. സുഹാസ് എന്നിവർ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടർ പറഞ്ഞു.
Source – https://bignewslive.com/woman-gave-birth-to-newborn-in-ksrtc-bus