ആലപ്പുഴയിൽ നിന്നും കാശ്മീരിലേക്ക് 4218 കി.മീ. ഒരു സൈക്കിൾ യാത്ര..!

ജീവിതം തന്നെ മാറ്റി മറിച്ച ഒരു യാത്രയാണ്. അനുഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട്. സന്തോഷവും, സങ്കടവും, അനുഭവങ്ങളും, പുതിയ കാഴ്ചകളും, മനുഷ്യരും, പ്രകൃതിയും, ജീവിതങ്ങളും അങ്ങനെ എല്ലാം ഈ 78 ദിവസത്തിൽ അനുഭവിച്ചു. ഒത്തിരി പ്രതിസന്ധികളെ നേരിട്ടു. പക്ഷെ ഇപ്പോൾ എല്ലാം കഴിഞ്ഞു എവിടെ എത്തിയപ്പോൾ ഉള്ള അ ഒരു സന്തോഷം ഉണ്ടല്ലോ അത് പറയാൻ പറ്റില്ല..

4218 കിലോമീറ്റര്‍ അകലെ ജമ്മു-കാശ്മീരിലെ കര്‍ദുംഗ്ല ടോപ്പ്…സമുദ്രനിരപ്പില്‍നിന്ന് 18350 അടി ഉയരത്തിലുള്ള ഇവിടേക്കെത്ര ദൂരമെന്നു ചോദിച്ചാല്‍ സൂര്യനാരായണനും കൂട്ടുകാരും പറയും; ഒരു സൈക്കിള്‍ ദൂരം!

  

ഇവര്‍ നാലു പേരും സൈക്കിള്‍ യാത്രയില്‍ ഭ്രമമുള്ളവരല്ല, ഒരു ധൈര്യത്തിന് ഇറങ്ങി പുറപ്പെട്ടതാണ്. പൊന്‍കുന്നം ചന്ദ്രാലയത്തില്‍ സൂര്യനാരായണന്‍, പൊന്‍കുന്നം ചെന്നാക്കുന്ന് ഇടയ്ക്കലാത്ത് ജെറിന്‍ ജോസഫ്, ആലപ്പുഴ ചമ്പക്കുളത്തു നിന്നുള്ള ആന്റോ പി.ദേവസ്യ, ആലപ്പുഴ മാമ്മൂട്ടില്‍നിന്നുള്ള ജിനു തോമസ് എന്നിവരാണ് സൈക്കിള്‍ യാത്ര നടത്തിയത്.
78 ദിവസങ്ങള്‍, പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ സഞ്ചാരികളെ മോഹിപ്പിക്കുന്ന ‘ലേ’യിലേക്ക്. തുടര്‍ന്ന് കര്‍ദുംഗ്ല ടോപ്പിലെത്തി.

ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍നിന്ന് ബി.എ. മള്‍ട്ടിമീഡിയ പഠനം കഴിഞ്ഞപ്പോഴാണ് ഇവര്‍ യാത്ര തീരുമാനിച്ചത്. സൂര്യയും ജെറിനും പൊന്‍കുന്നത്തുനിന്ന് സൈക്കിളില്‍ പുറപ്പെട്ട് ആലപ്പുഴയിലെത്തി കൂട്ടുകാരുമായി ചേര്‍ന്നു.

നന്മയും തിന്മയും നിറഞ്ഞ മനുഷ്യര്‍ക്കിടയിലൂടെ പലപ്പോഴും ഭാഗ്യം തുണച്ചതുകൊണ്ടുമാത്രമാണ് യാത്ര തുടര്‍ന്നതെന്ന് അവര്‍ പറഞ്ഞു. ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവരുമോ എന്നുപോലും ഭയപ്പെട്ടു. മഴയായിരുന്നു യാത്രയിലുടനീളം.
ക്യാമറ പുറത്തെടുക്കാനാവാത്തവിധം മഴ പെയ്തപ്പോള്‍ കാത്തിരുന്ന ഒട്ടനവധി ചിത്രങ്ങള്‍ ഫ്രെയിമിലാക്കാനായില്ല എന്ന നിരാശയുണ്ടിവര്‍ക്ക്.

ഹരിയാനയിലെ പാനിപ്പട്ട് വരെ നാലുപേരും ഒന്നിച്ചായിരുന്നു യാത്ര. പാനിപ്പട്ടില്‍ ഒരു മേല്‍പ്പാലത്തില്‍വെച്ച് സൂര്യനാരായണന്റെ സൈക്കിളില്‍ പിന്നാലെവന്ന വണ്ടിയിടിച്ചു. ഇദ്ദേഹത്തിന് പരിക്കേറ്റു. ചികിത്സയ്ക്കായി മൂന്നാഴ്ച താമസിക്കേണ്ടിവന്നു.
ഗുര്‍ഗോണിലെ ബന്ധു മിഥുന്റെ വീട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ വിശ്രമം.

നാട്ടില്‍ നിശ്ചിതസമയത്ത് മടങ്ങിയെത്തേണ്ടതുകൊണ്ട് ജിനു തോമസ് മാത്രം ഈ സമയം യാത്ര തുടര്‍ന്നു. ജിനുവിന് കൂട്ടിനായി നാട്ടില്‍നിന്ന് സുഹൃത്ത് അര്‍ജുനെത്തി. മണാലിയിലുള്ള ബാബുസാഗര്‍ എന്നയാളിനൊപ്പം അവര്‍ സൈക്കിള്‍ യാത്ര തുടരുകയായിരുന്നു.

കാലിലെ പരിക്ക് പൂര്‍ണമായും ഭേദമായതിനുശേഷം സൂര്യനാരായണനും മറ്റു രണ്ടുപേരും യാത്ര തുടര്‍ന്നു. അപകടം ഇവരുടെ മനസ്സിനെ തളര്‍ത്തിയില്ല. വീട്ടുകാര്‍ മടങ്ങിപ്പോരാന്‍ നിര്‍ബന്ധിച്ചപ്പോഴും യാത്ര തുടരുന്നതിനുള്ള വെമ്പലായിരുന്നു ഇവര്‍ക്ക്.

കൈയിലുള്ള സാധനങ്ങള്‍ മോഷണം പോയ ദുരനുഭവമുണ്ടായി, പക്ഷേ ഇതൊന്നും മനസ്സ് മടുപ്പിച്ചില്ല. പര്‍വതശിഖരങ്ങളുടെ നാടായിരുന്നു മനസ്സില്‍ നിറയെ.

രാത്രികളില്‍ വഴിയോരത്ത് ടെന്റ് കെട്ടിയാണ് ഉറങ്ങിയത്. ഓരോ നാടിന്റേയും ഭക്ഷണം കഴിച്ച് അവിടത്തെ സ്പന്ദനങ്ങള്‍ അറിഞ്ഞ് കടന്നുപോകുമ്പോള്‍ എല്ലായിടത്തും മലയാളികളെ കാണാനായെന്നും ഇവര്‍ പറഞ്ഞു.

ഛായാഗ്രഹണത്തിലും തത്പ്പരരായ ഇവര്‍ പുറപ്പെടുമ്പോള്‍ കുറേ നല്ല ചിത്രങ്ങള്‍ എടുക്കണമെന്ന മോഹമുണ്ടായിരുന്നു. പക്ഷേ ഫ്രെയിമിലൊതുങ്ങാത്ത മനോഹരചിത്രങ്ങള്‍ മനസ്സില്‍ക്കൂടി നിറച്ചാണ് ഇവര്‍ യാത്ര പൂര്‍ത്തിയാക്കിയത്.

കടപ്പാട് – പ്രണയമാണ് യാത്രയോട്

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply