വനിതാ കണ്ടക്ടര്‍ യാത്രയ്ക്കിടെ നേഴ്സും അമ്മയും ആയി മാറിയപ്പോള്‍…

കെയുആര്‍ടിസി വോള്‍വോ ബസ്സിലെ യാത്രക്കാരിക്ക് അപ്രതീക്ഷിത സമയത്ത് താങ്ങും തണലുമായി ഒരു വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ സിന്ധുവാണ് തിരക്കിനിടയിലും കരുതലിന്റെ മാതൃകയായത്. ബസ്സില്‍ വെച്ച് അവശനിലയിലായ പെണ്‍കുട്ടിയെ സിന്ധു പരിചരിച്ച് സുരക്ഷിതമായി മാതാപിതാക്കളുടെ അടുത്തെത്തിക്കുകയായിരുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എസി ലോഫ്‌ലോര്‍ ബസ്സിലെ കണ്ടക്ടറായ സിന്ധു ഇന്ന് യാത്രക്കാരുടെ പ്രയങ്കരിയാണ്. ബസ്സില്‍ വെച്ച് യാത്രക്കാരിയായ പെണ്‍കുട്ടി ഛര്‍ദ്ദിച്ച് അവശയായപ്പോള്‍ തിരക്കിനിടയിലും സിന്ധു കരുതലോടെ പരിചരിച്ചു. ബസ്സിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ഷാര്‍ലെറ്റ് ഇക്കാര്യങ്ങള്‍ വിവരിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സിന്ധുവിന്റെ നന്‍മ ലോകമറിഞ്ഞത്. ആ പോസ്റ്റ്‌ ഇങ്ങനെ…

“കഴിഞ്ഞ വെള്ളിയാഴ്ച (20/04/2018 ) എറണാകുളം – തിരുവനന്തപുരം ( കോട്ടയം വഴി ) റൂട്ടിൽ ഓടുന്ന എസി ലോ ഫ്ലോർ ബസിൽ (KL 15 , JN 46 , 8778 ) 3.45 pm ന് ഞാൻ ത്രിപ്പൂണിത്തറയിൽ നിന്ന് കയറി. കുറച്ചു സമയം നിന്ന ശേഷം വൈക്കം എത്തിയപ്പോൾ ബസിൻറ മുൻഭാഗത്തുള്ള ഒരു സീറ്റ് ലഭിച്ചു.യാത്ര മുന്നോട്ട് നീങ്ങവേ ബസിൻറ മധ്യഭാഗത്ത് ഇരുന്ന ഒരു ചേട്ടൻ കണ്ടക്ടറോട് അദ്ദേഹത്തിൻറ പിറകിൽ ഇരിക്കുന്ന പെൺകുട്ടിക്ക് വയ്യ ( ലോ ഫ്ലോർ ബസിൻറ മധ്യ ഭാഗത്ത് 3 സിംഗിൾ സീറ്റുകൾ ഉണ്ട്.അതിൽ ഒന്നിൽ ആയിരുന്നു കുട്ടി ഇരുന്നത് ) എന്നു പറഞ്ഞു. ഉടൻ തന്നെ കണ്ടക്ടർ കുട്ടിയുടെ അടുത്ത് എത്തി.നോക്കുമ്പോൾ കുട്ടി ഛർദ്ദിച്ചിട്ടുണ്ട്.കൈയ്യിലിരുന്ന ഹാൻഡ് ബാഗിലും, വസ്ത്രത്തിലും,പരിസരത്തും എല്ലാം ഛർദ്ദി വീണിട്ടുമുണ്ട്. ഉടൻ തന്നെ കണ്ടക്ടർ ടൌവ്വൽ എടുത്ത് തുടക്കാൻ കൊടുത്തു.

പിന്നീട് അവിടെ കണ്ടത് ഒരു ലേഡി കണ്ടക്ടറെ ആയിരുന്നില്ല,മറിച്ച് വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഒരു നഴ്സിനെയും കരുതൽ ഉള്ള ഒരു അമ്മയുടെയും രൂപ ഭാവങ്ങൾ ആയിരുന്നു. വെള്ളം എടുത്ത് കുടിക്കാൻ നൽകി.ബാഗ് മാറ്റി വച്ചു . ഒരു ചെറിയ കവറും നൽകി. ഇടക്കുള്ള സ്റ്റോപ്പിൽ നിന്ന് ആൾക്കാർ കയറുമ്പോൾ ‘ പെട്ടന്നുറങ്ങിപ്പോയ കണ്ടക്ടർ ‘ വീണ്ടും ഉയർത്തെണീറ്റു. ശേഷം വീണ്ടും കുട്ടിയുടെ അടുത്തേക്ക്. അപ്പോഴേക്കും ആ കവർ നിറഞ്ഞിരുന്നു. ഉടൻ ബസ് നിർത്തി അത് വാങ്ങി പുറത്ത് കളഞ്ഞു , വീണ്ടും യാത്ര തുടർന്നു. അപ്പോഴേക്കും അവൾ തളർന്നു കഴിഞ്ഞിരുന്നു.

പിന്നെ ആ സീറ്റിൽ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുത്തി . ബാഗുകളും മാറ്റി വച്ചു നൽകി . ആശുപത്രിയിൽ പോകണോ എന്ന് ചോദിക്കുകയും , എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുവാണങ്കിൽ പറയണമെന്നും പറഞ്ഞ് വീണ്ടും കണ്ടക്ടർ ജോലിയിലേക്ക്. ജോലിക്കിടയിലും ചെറിയൊരു നോട്ടം ആ കുട്ടിയുടെ അടുത്തേക്ക് പായുന്നത് കാണാമായിരുന്നു.ഇടക്കിടക്ക് വെള്ളം കൊണ്ടുപോയി നൽകുകയും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് വീട്ടിൽ വിളിക്കുവാൻ സഹായിക്കുകയും ചെയ്തു.
ബസ് സംക്രാന്തി( മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ്,കോട്ടയം ) എത്താറായപ്പോഴേക്കും ആ കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തുകയും അവിടെ ഇറക്കിവിടുകയും ചെയ്തു. അതേ സ്റ്റോപ്പിൽ തന്നെ ഇറങ്ങി ഞാനും യാത്ര തുടർന്നു.

വൈക്കം മുതൽ സംക്രാന്തി വരെ അവരൊരു അമ്മയും നേഴ്സും കണ്ടക്ടറും ആയിരുന്നു.പ്രസന്നമായ മുഖത്തോടെ ജോലി ചെയ്യുന്ന തികഞ്ഞ കർമ്മധാരി.മാഡം നിങ്ങളെപ്പോലെയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം.ഞങ്ങൾക്ക് വേണ്ടത് നിങ്ങളെപ്പോലെയുള്ളവരുടെ സേവനമാണ്.നിങ്ങളെപ്പോലെയുള്ളവരുടെ മാത്രം സേവനം. Salute you Madam.”

ആറ്റിങ്ങല്‍ കവലയൂര്‍ സ്വദേശിയായ സിന്ധു എട്ട് വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറാണ്. സംഭവം മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞു പ്രശസ്തയായിട്ടും യാതൊരു തലക്കനവും ഇല്ലാതെ കൃത്യമായി തന്‍റെ ജോലി തുടരുകയാണ് സിന്ധു. ഇതുപോലുള്ളവര്‍ ഇനിയും കെഎസ്ആര്‍ടിസിയില്‍ ഉണ്ടാകണം. എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും സിന്ധു ഒരു മാതൃക തന്നെയാണ്.

വീഡിയോ – മാതൃഭൂമി.

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply