കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ പ്രവര്‍ത്തനം അവതാളത്തില്‍

ഉത്തര മലബാറിലെ പ്രധാന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലൊന്നായ കണ്ണൂര്‍ ഡിപ്പോ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ഓഫിസും ഗാരേജും ബസ് സ്റ്റാന്റും ഉള്‍പ്പെടെ ആകെ 4.2 ഏക്കര്‍ ഭൂമി സ്വന്തമായിട്ടുള്ള ഡിപ്പോയാണ് ബാലാരിഷ്ടതകള്‍ കാരണം അവഗണന നേരിടുന്നത്. പ്രതിദിനം 120 ഷെഡ്യൂളുകളാണ് ഇവിടെ നിന്ന് ഓപറേറ്റ് ചെയ്യാന്‍ നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ വിവിധ തസ്തികകളിലുള്ള ഒഴിവും ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാത്തതുമാണ് കണ്ണൂര്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നത്. ഇതിന്റെയെല്ലാം ദുരിതങ്ങള്‍ അനുഭവിക്കുന്നതാവട്ടെ യാത്രക്കാരാണ്.


ബസ്സ്റ്റാന്റിലെ ടാറിങ് ഇളകി പൊട്ടിപ്പൊളിഞ്ഞ് യാര്‍ഡും പരിസരവും സഞ്ചാര യോഗ്യമല്ലാതായിട്ട് ഏറെയായി. യാര്‍ഡും പരിസരവും കോണ്‍ക്രീറ്റ് ചെയ്തില്ലെങ്കില്‍ മഴക്കാലയാത്ര ദുരിതം നിറഞ്ഞതാവും. ഡിപ്പോയിലെ 125 ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഗാരേജ് സൗകര്യവുമില്ല. നിലവിലുള്ള ഗാരേജ് കെട്ടിടത്തിന് അടിയന്തിര അറ്റകുറ്റപ്പണി ആവശ്യമാണ്. വര്‍ക്ക് ഷോപ്പില്‍ ആവശ്യമായ ആധുനിക ഉപകരങ്ങളുമില്ല. സ്‌പെയര്‍ പാര്‍ട്‌സ് പോലും ലഭിക്കാത്തതിനാല്‍ ബസ്സുകള്‍ കട്ടപ്പുറത്താവുന്നത് നിത്യസംഭവമാണ്.

ഗാജേരില്‍ 8 മെക്കാനിക്ക് തസ്തിതയാണ് ഒഴിഞ്ഞു കിടക്കുന്നത്. ഡിപ്പോയില്‍ നിന്നു 120 ഷെഡ്യുളുകള്‍ ഓപറേറ്റ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ജീവനക്കാരുടെ കുറവും ബസ്സുകളുടെ ലഭ്യതക്കുറവും കാരണം ശരാശരി 98 ബസ്സുകള്‍ മാത്രമേ ഓപറേറ്റ് ചെയ്യുന്നുള്ളൂ. ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതു കാരണം യാത്രക്ലേശം രൂക്ഷമാണ്. സ്‌കൂളുകള്‍ തുറന്നതോടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് ദുരിതം പേറുന്നത്. ഡിപ്പോയില്‍ 30 ഡ്രൈവര്‍മാരുടെയും 26 കണ്ടക്ടര്‍മാരുടെയും ഒഴിവുകളുണ്ട്.
മറ്റ് വിഭാഗം ജീവനക്കാരുടെ 10 ഒഴിവുകളുണ്ട്. ഗാരേജില്‍ ജീവനക്കാരുടെ അഭാവം കാരണം ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും കാലതാമസം നേരിടുകയാണ്. ഇതാണ് ഷെഡ്യുളുകള്‍ വെട്ടിക്കുറയ്ക്കാന്‍ കാരണം. സ്ത്രീകള്‍ക്ക് പ്രത്യേകമായി കാത്തിരിപ്പ് കേന്ദ്രവും വിശ്രമ കേന്ദ്രവും നിലവിലില്ലാത്തതും തിരിച്ചടിയാണ്. രാത്രികാലങ്ങളില്‍ എത്തിച്ചേരുന്ന സ്ത്രീ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഡിപ്പോയിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ടോയ്‌ലറ്റ് സൗകര്യവുമില്ല. ഉള്ളതു തന്നെ വൃത്തിഹീനമാണ്.

കോംപൗണ്ടിനകത്ത് രാത്രി കാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ല. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ട്. യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവിന് അനുസൃതമായി തിരുവനന്തപുരത്തേക്ക് പുതിയ സര്‍വീസ് ആരംഭിക്കാത്തും തിരിച്ചടിയാണ്. എസി ലോ ഫ്‌ളോര്‍ ബസ്സുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടാത്തത് അന്തര്‍ ജില്ലാ യാത്രക്കാരെ ട്രെയിനിനെ ആശ്രയിക്കാന്‍ കാരണമാക്കുന്നുണ്ട്. കാന്റീന്‍ ഏറെക്കാലമായി തുറക്കാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാരും ജീവനക്കാരുമാണ് ബുദ്ധിമുട്ടുന്നത്.

News : Thejas

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply