2018 ലെ പ്രളയത്തിൽ ജീവനും കെട്ടിപ്പിടിച്ചുകൊണ്ടൊരു പലായനം..

ഇതൊരു യാത്രാവിവരണം അല്ല. 2018 ഓഗസ്റ്റ് 15 നു പ്രളയമെന്ന പേരിൽ വെള്ളം നാലുപാടു നിന്നും വീട്ടിലേക്ക് കുതിച്ചെത്തിയപ്പോൾ പ്രാണരക്ഷാർത്ഥം ഞങ്ങൾ വീടുവിട്ടോടിയ സംഭവ വിവരണമാണ്.

വിവരണം – പ്രശാന്ത് പറവൂർ

ഓഗസ്റ്റ് 15 – നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം. മുടക്കുദിവസം ആയതിനാൽ തലേദിവസം തന്നെ ഞാനും ഭാര്യയും കൂടി തൃശ്ശൂർ ചേറൂരിലെ ഭാര്യവീട്ടിലേക്ക് പോയി. വൈകീട്ട് തൃശ്ശൂർ റൗണ്ടിൽ ചെന്നു പിറ്റേദിവസം പൂക്കളം ഇടുന്നതിനായുള്ള പൂക്കൾ ഒക്കെ വാങ്ങി ഫ്രിഡ്ജിൽ കൊണ്ടുവന്നു വെച്ചു. പിറ്റേദിവസം രാവിലെ അമ്പലത്തിലൊക്കെ ഒന്ന് പോകണം എന്ന് വിചാരിച്ചിരുന്നതാണ്. പക്ഷേ അതിരാവിലെ തന്നെ തുടങ്ങിയ ഭയങ്കര മഴ അതെല്ലാം തകിടം മറിച്ചു. ഭാര്യ രാവിലെ തന്നെ എഴുന്നേറ്റു ഭംഗിയായി പൂക്കളം ഒക്കെ ഇട്ടു. വീടിനു മുന്നിൽ ഷീറ്റ് ഇട്ടിരുന്നതിനാൽ പൂക്കളത്തിനു മഴ ഒരു ഭീഷണി ആയിരുന്നില്ല.

മഴ ക്ഷമിക്കുന്ന ലക്ഷണമില്ല. തൊട്ടടുത്തുള്ള തോടുകൾ ഒക്കെ നിറഞ്ഞു കവിയുകയാണ്. സാധാരണ നല്ല മഴക്കാലത്ത് ഇതൊക്കെ അവിടെ പതിവായിരുന്നു. ഞങ്ങളുടെ കാർ ഇട്ടിരുന്ന സ്ഥലത്തൊക്കെ വെള്ളം ചെറുതായി കയറിയിട്ടുണ്ടായിരുന്നു. പക്ഷെ മഴക്കാലത്തെ പതിവ് കാഴ്ചകൾ ആയതിനാൽ ഞങ്ങൾ അത് കാര്യമാക്കിയില്ല. കുറച്ചു സാധനങ്ങൾ വാങ്ങുവാനായി രാവിലെ 10 മണിയോടെ ഞാൻ കാറും എടുത്തുകൊണ്ട് പുറത്തേക്ക് പോയി. ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞായിരുന്നു ഞാൻ തിരികെ വന്നത്. പോയ വഴിയൊക്കെ ഞാൻ തിരികെ വന്നപ്പോൾ വെള്ളം കയറിയിരിക്കുന്നതായി കണ്ടു. ആ വെള്ളത്തിലൂടെ കാർ ഓടിച്ച് ഞാൻ വീടിനു സമീപത്തേക്ക് പോയി. അപ്പോഴും ഞങ്ങളുടെ ഏരിയയിൽ പഴയപോലെ തന്നെയായിരുന്നു. പക്ഷേ കാർ ഇടുന്ന സ്ഥലത്ത് വെള്ളത്തിന്റെ അളവ് അൽപ്പം കൂടിയിരുന്നു. അതിനാൽ കാർ കഷ്ടപ്പെട്ട് വീടിനു മുന്നിലേക്ക് മാറ്റി. സ്ഥല പരിമിതികൾ മൂലം സാധാരണയായി അവിടെ കാർ ഇടാറില്ലാത്തതാണ്. ഇപ്പോൾ വെള്ളം പൊങ്ങിയത് കൊണ്ട് വേറെ വഴിയില്ലല്ലോ.

അങ്ങനെ വീണ്ടും വീട്ടിലേക്ക് കയറി. ഭാര്യയും അമ്മയും ഉച്ചയ്ക്കത്തെ ഭക്ഷണം ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. ഉച്ചയൂണ് ഒക്കെ കഴിഞ്ഞു ചുമ്മാ വീടിനുള്ളിൽ കിടക്കുന്ന സമയത്താണ് ഭാര്യയുടെ പാപ്പന്റെ (അച്ഛന്റെ സഹോദരൻ) മക്കൾ വന്നു വിളിക്കുന്നത്. റോഡിലൊക്കെ വെള്ളം കയറിയിട്ടുണ്ടത്രേ, കാണുവാൻ വരുന്നോ എന്ന്. ചുമ്മാ ഇരിക്കുകയല്ലേ എങ്കിലും പൊയ്ക്കളയാം എന്ന് ഞങ്ങളും കരുതി. അങ്ങനെ ഞങ്ങൾ അവിടെ അടുത്തു തന്നെയുള്ള കസിൻസ് ഒക്കെ കൂടി വെള്ളത്തിലൂടെ ഒന്ന് കറങ്ങുവാൻ തീരുമാനിച്ചു. ആ സമയത്ത് എല്ലാവര്ക്കും അതെല്ലാം ഒരു രസം ആയിരുന്നു. ഞങ്ങൾ എല്ലാവരും കൂടി വെള്ളത്തിലൂടെ നടക്കുവാനാരംഭിച്ചു.

ചിലയിടങ്ങളിൽ ഭയങ്കര ഒഴുക്കും മുട്ടറ്റം വെള്ളവും ഒക്കെയുണ്ടായിരുന്നു. ആ സമയവും മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു. രണ്ടു മൂന്നു മണിക്കൂറോളം ഞങ്ങൾ വെള്ളത്തിൽ നീന്തി നടന്നു രസിച്ചു. പിള്ളേരല്ലേ അവർക്കും നല്ല എൻജോയ്മെൻറ് ആയിരുന്നു അതൊക്കെ. ഞങ്ങൾ മാത്രമല്ല പരിസരവാസികൾ എല്ലാവരും തന്നെ വെള്ളം കാണുവാനായി പോകുന്നത് കാണാമായിരുന്നു. ഞാൻ നേരത്തെ പറഞ്ഞല്ലോ മഴ കനത്താൽ ഇതൊക്കെ അവിടെ പതിവാണെന്ന്, പക്ഷേ പതിവിലും വെള്ളം ഒരൽപം കൂടിയത് എല്ലാവര്ക്കും കൗതുകമായി. അങ്ങനെ ഞങ്ങൾ കറക്കമൊക്കെ കഴിഞ്ഞു വീടിനു സമീപത്തെത്തി. അവിടെയും റോഡിൽ വെള്ളമായിരുന്നു. ആ വെള്ളത്തിൽ നിന്നുകൊണ്ട് ഞങ്ങൾ എല്ലാവരും കൂടി വിശേഷങ്ങൾ പറയുവാനും മറ്റും തുടങ്ങി. അപ്പോഴാണ് ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചത് നിന്ന നിൽപ്പിൽ വെള്ളത്തിന്റെ അളവ് കൂടി വരികയാണ്. ഒപ്പം നല്ല ഒഴുക്കും ഉണ്ട്. തനിയെ കുറഞ്ഞോളും എന്നു സമാധാനിച്ച് എല്ലാവരും ഒന്നും കാര്യമാക്കാതെ നിന്നു.

വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങളുടെ കാർ കയറ്റി ഇട്ടിരിക്കുന്ന ഭാഗത്തേക്ക് വെള്ളം ഒഴുകിയെത്താൻ തുടങ്ങി. എന്തോ എനിക്ക് അതത്ര പന്തിയല്ലാത്തപോലെ തോന്നി. കാറിന്റെ നാലു ടയറിനു താഴെയും വെള്ളം വന്നതോടെ കാർ അവിടെ നിന്നും മാറ്റുവാൻ ഞാൻ തീരുമാനിച്ചു. പാപ്പന്റെ വീടിന്റെ പരിസരത്തു നിന്നും റോഡിലേക്ക് കാർ ഇറക്കി. റോഡിൽ അപ്പോൾ മുട്ടിനു താഴെ വെള്ളം ഉണ്ടായിരുന്നു. തൊട്ടടുത്ത വളവിൽ എത്തിയപ്പോൾ അവിടെ വല്ലാത്ത കുത്തൊഴുക്കാണ് കാണുവാൻ സാധിച്ചത്. റോഡ് ഏതാണെന്നു തിരിച്ചറിയുവാൻ പറ്റാത്ത അവസ്ഥയായി. സൈലൻസറിൽ വെള്ളം കയറല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് രണ്ടും കൽപ്പിച്ച് ഞാൻ കാർ അതിലൂടെ വളച്ചെടുത്തു. ഒഴുക്കിൽ ഒന്നുലഞ്ഞെങ്കിലും ആക്സിലേറ്റർ നന്നായി അമർത്തിയിരുന്നതിനാൽ കാർ അതിനെ അതിജീവിച്ചുകൊണ്ട് വളഞ്ഞു മുന്നിലേക്ക് ഓടി. ആ പ്രദേശം കഴിഞ്ഞതോടെ സമാധാനമായി. കുറച്ചു ദൂരം ചെന്നപ്പോൾ അതാ പിന്നെയും ഒഴുക്ക്. പതിയെ സെക്കൻഡ് ഗിയറിൽത്തന്നെ കാർ അതുവഴി എടുക്കുകയായിരുന്നു ഞാൻ ചെയ്തത്.

അവിടുന്ന് പുറത്തേക്ക് കടക്കുവാൻ രണ്ടു വഴികളാണുള്ളത്. അതിൽ ഒരു വഴി മൊത്തം വെള്ളം കേറി മുങ്ങിയിരിക്കുകയാണെന്ന് നേരത്തെ തന്നെ അറിയുവാൻ കഴിഞ്ഞു. പിന്നെയുള്ളത് അപകടാവസ്ഥയിലായ പാറത്തോട് പാലമാണ്. വേറെ വഴിയില്ലാതെ ഞാൻ പാലത്തിനരികിലേക്ക് വണ്ടിയോടിച്ചു. കാറിൽ തൊട്ടടുത്ത് ഭാര്യ കണ്ണുംപൂട്ടി ഇരിക്കുന്നതാണ് കണ്ടത്. പാറത്തോട് പാലത്തെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മലവെള്ളപ്പാച്ചിൽ പോലെ രൗദ്രഭാവത്തിൽ ഒഴുകുകയാണ്. ഒന്നും ആലോചിക്കുവാൻ സമയമില്ല, വണ്ടി ഫസ്റ്റ് ഗിയറിൽ ഇട്ടുകൊണ്ട് ഒറ്റ കുതിപ്പിന് ഞങ്ങൾ പാലം കടന്നു. അങ്ങനെ ഒരു കണക്കിന് ഞങ്ങൾ അവിടെ നിന്നും കാറും കൊണ്ട് ചേറൂരിൽ തന്നെയുള്ള സ്വാമിയുടെ ആശ്രമത്തിൽ കൊണ്ടിട്ടു. അവിടം അൽപ്പം ഉയർന്ന പ്രദേശമായതിനാൽ വെള്ളം കയറില്ലെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ.

കാർ മാറ്റിയിട്ടശേഷം ഞങ്ങൾ വീട്ടിലേക്ക് കിഴക്കേ വഴിയിലൂടെ നടന്നു. അവിടെ നിന്നും വീട്ടിലേക്കുള്ള ഇടവഴിയിൽ അപ്പോൾ നല്ല വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. അതിനിടയിൽ ഭാര്യയുടെ കുന്നംകുളത്തുള്ള ചേച്ചിയുടെ കോൾ വന്നു. കാര്യം എല്ലാം അറിഞ്ഞുള്ള വിളിയായിരുന്നു. ഞങ്ങളോട് ഉടനെ കുന്നംകുളത്തേക്ക് ചെല്ലുവാൻ ചേച്ചിയും ചേട്ടനും കൂടി നിർബന്ധിക്കുകയായിരുന്നു. സ്ഥിതിഗതികൾ മോശമാണെന്നു മനസ്സിലാക്കിയ ഞാൻ പോകാം എന്ന നിലപാടിൽ ആയിരുന്നു എങ്കിലും കുറച്ചുകൂടി നോക്കാം എന്നു രണ്ടാമത് കരുതി. അങ്ങനെ ഞങ്ങൾ വീട്ടിലെത്തി. പാപ്പന്റെ വീടിന്റെ ചവിട്ടുപടി വരെ വെള്ളം എത്തിയിരുന്നു അപ്പോൾ. അവരൊക്കെ വീട്ടു സാധനങ്ങൾ എല്ലാം ഒതുക്കുന്ന തിരക്കിൽ ആയിരുന്നു. പക്ഷേ ആരുടെയും മുഖത്ത് പേടിയൊന്നും കണ്ടില്ല.

എനിക്കെന്തോ വല്ലാത്ത പന്തികേട് തോന്നി. ഞാൻ ഉടനെ വീട്ടിൽ കയറി അമ്മയോട് കാര്യം പറഞ്ഞു. കുറച്ചു കൂടി നോക്കാം എന്ന് അമ്മ പറഞ്ഞു. അപ്പോഴാണ് മറ്റൊരു വിവരം ഞങ്ങൾ കാണുന്നത്. തൊട്ടു പിന്നിലെ വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങിയിരിക്കുന്നു. അവിടം ഞങ്ങളെക്കാൾ നന്നായി താഴ്ന്ന പ്രദേശമായിരുന്നു. കൂടാതെ അവരുടെ പിന്നിൽ ഒരു തോടും ഒഴുകുന്നുണ്ട്. അവരുടെ വീട്ടിൽ വെള്ളം കയറിയ കാഴ്ച കണ്ടതോടെ എല്ലാവരുടെയും കൺട്രോൾ പോയിത്തുടങ്ങി. എല്ലാവരും ഓരോരുത്തരുടെയും വീടുകളിൽ ചെന്ന് സാധനങ്ങൾ ഒതുക്കുവാൻ ആരംഭിച്ചു. ഞങ്ങൾ കയ്യിൽ കിട്ടിയ സാധനങ്ങൾ എല്ലാം വീട്ടിലെ ബെർത്തിലേക്ക് മാറ്റി. വിലപിടിപ്പുള്ള രേഖകളും മറ്റും ബാഗിലാക്കി എടുത്തു വച്ചു. അപ്പോഴേക്കും വെള്ളം ഞങ്ങളുടെ മുൻഭാഗത്തെ ഗേറ്റും കടന്നു കോമ്പൗണ്ടിലേക്ക് കയറിത്തുടങ്ങിയിരുന്നു. എന്തോ ആവശ്യത്തിനു വീടിൻറെ അടുക്കള വശത്തെ വാതിൽ തുറന്ന ഞങ്ങളെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കാത്തിരുന്നത്. പിന്നിലെ വർക്ക് ഏരിയയുടെ ഒരു പുഴ ഒഴുകുന്നതുപോലെ വെള്ളം. അതോടൊപ്പം തന്നെ കുളിമുറിയിലെ വെള്ളം പോകുന്ന ഓവിൽ കൂടി വീടിനകത്തേക്കും വെള്ളം കയറുന്നു. ടൈറ്റാനിക് സിനിമയിൽ കണ്ട കാര്യങ്ങൾ പച്ചയ്ക്ക് നേരിട്ട് കാണുകയായിരുന്നു ഞങ്ങൾ. പിന്നീടുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്നു മനസ്സിലാക്കിയ ഞങ്ങൾ ഉടനെ വീട്ടിൽ നിന്നും ഇറങ്ങുവാൻ തീരുമാനിച്ചു. അപ്പോഴേക്കും പ്രദേശത്തെ കൗൺസിലറും മറ്റും വന്ന് വീട് വിട്ടു ഇറങ്ങണം എന്ന് എല്ലാവരോടുമായി പറഞ്ഞു.

കയ്യിൽ കിട്ടിയ തുണികളും ബാഗിൽ കുത്തി നിറച്ചുകൊണ്ട് ഞങ്ങൾ വീടും പൂട്ടി പുറത്തേക്ക് ഇറങ്ങി. ഞങ്ങളുടെ അയൽവാസികളായ മറ്റു ബന്ധുക്കൾ അടുത്തുള്ള ഇരുനില വീടുകളിലേക്ക് മാറിയിരുന്നു. അവർ ഞങ്ങളെയും അവിടേക്ക് ക്ഷണിച്ചിരുന്നെങ്കിലും അതത്ര സുരക്ഷിതമായി തോന്നാതിരുന്നതിനാൽ ഞങ്ങൾ കുന്നംകുളത്തേക്ക് തന്നെ പോകുവാൻ തീരുമാനിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം. കുന്നംകുളത്തേക്ക് പോകണമെങ്കിൽ പുഴയ്ക്കൽ ഭാഗത്തുകൂടി പോകണം. ഇവിടെ ഇത്രയും വെള്ളം ഉണ്ടെങ്കിൽ അവിടത്തെ സ്ഥിതി എന്തായിരിക്കും? മറ്റൊരു വഴിയായ വിയ്യൂർ, വരടിയം റോഡിലും വെള്ളം കയറിയിരുന്നു എന്ന വിവരണം ഞങ്ങൾ അറിഞ്ഞു. ഇനി എങ്ങനെ പോകും? ഞാൻ ഉടനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. പുഴയ്ക്കലിൽ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും നിങ്ങൾ പോകുന്നെങ്കിൽ വേഗം അവിടം കടന്നുകൊള്ളാനും അവിടുന്ന് മറുപടി കിട്ടി.

അങ്ങനെ ഞങ്ങൾ മുട്ടിനു മീതെ വെള്ളം നീന്തി ഒരു കണക്കിന് കാർ ഇട്ടിരുന്ന സ്ഥലത്തെത്തി. കാറിൽക്കയറി കുന്നംകുളം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ചെമ്പൂക്കാവ് എത്തുന്നതിനു മുൻപായി റോഡിൽ നന്നായി വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒരു കണക്കിനു ഞങ്ങൾ അതെല്ലാം മറികടന്നുകൊണ്ട് അശ്വിനി ഹോസ്പിറ്റലിനു സമീപത്തുകൂടി യാത്രയായി. പുഴയ്ക്കൽ എത്തിയപ്പോൾ ഭാഗ്യത്തിന് അവിടെ വെള്ളം കയറി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും തിരക്കുള്ള റൂട്ടായിരുന്നിട്ടും ആ സമയത്ത് അതുവഴി വാഹനങ്ങൾ വളരെ കുറവായിരുന്നു. ആ സമയത്തും ഇടതടവില്ലാതെ പെയ്യുകയായിരുന്ന കനത്ത മഴമൂലം വണ്ടിയോടിക്കുവാൻ ഞാൻ നന്നായി പാടുപെട്ടു. പോകുന്ന വഴിയിൽ ഒന്നു രണ്ടു സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ടായിരുന്നു.

ചേച്ചിയുടെ വീട്ടിലേക്കു പോകുന്ന വഴിയിൽ ഒരു പാടം ഉണ്ടായിരുന്നു. അതുവഴി എങ്ങനെ പോകും എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ കേച്ചേരി എന്ന സ്ഥലത്തു നിന്നും പന്നിത്തടം പോകുന്ന വഴിയിലേക്ക് തിരിഞ്ഞു. അവിടെ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടിരിക്കുകയായിരുന്നു. അതെ, സംശയിച്ചതുപോലെ തന്നെ ആ റൂട്ടിലെല്ലാം വെള്ളം കയറിയിരിക്കുകയായിരുന്നു. ഇനി ആകെയുള്ള വഴി കുന്നംകുളം ടൗണിൽ എത്തുക എന്നതാണ്. വണ്ടി തിരിച്ചു വീണ്ടും മെയിൻ റോഡിൽ കയറി കുന്നംകുളത്തേക്ക് ഞങ്ങൾ യാത്രയായി. പോകുന്ന വഴിയിൽ ചൂണ്ടലിലും മറ്റു ചില സ്ഥലങ്ങളിലും റോഡിൽ വെള്ളം കയറിയിരുന്നു. ഒരു കണക്കിന് എല്ലാ വെള്ളക്കെട്ടുകളും താണ്ടി കുന്നംകുളം ടൗണിൽ എത്തിച്ചേർന്നു. അവിടുന്ന് ഗൂഗിൾ മാപ്പൊക്കെ ഇട്ടുകൊണ്ട് ഞങ്ങൾ പന്നിത്തടം ലക്ഷ്യമാക്കി വീണ്ടും നീങ്ങി. വഴിയിൽ ആണെങ്കിൽ ഒരൊറ്റ മനുഷ്യൻ പോലുമില്ല. വഴിക്കുവെച്ച് എന്തെങ്കിലും സംഭവിച്ചാൽ ഒരാളും അറിയുകയും ഇല്ല. ഈ ചിന്ത ഞങ്ങളെ കൂടുതൽ വിഷമത്തിലാഴ്ത്തി. കൂടെ ഭാര്യയും അമ്മയും മാത്രമേയുള്ളൂ. അങ്ങനെ എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഞങ്ങൾ പാതിരാത്രി 12.30 യോടെ ചേച്ചിയുടെ വീട്ടിൽ എത്തിച്ചേർന്നു. ഞങ്ങൾ വീട്ടിൽ നിന്നും പത്തുമണിയ്ക്ക് പുറപ്പെട്ടതാണ്. സാധാരണ ഒന്നേകാൽ മണിക്കൂർ എടുക്കുന്ന യാത്രയ്ക്ക് അന്ന് വേണ്ടിവന്നത് രണ്ടര മണിക്കൂർ. അത്രയും സമയം ഞങ്ങളെയും കാത്ത് അവരെല്ലാം വീടിനു വെളിയിൽത്തന്നെ നിൽക്കുകയായിരുന്നു.

അകത്തു കയറിയശേഷം ഞങ്ങൾ നാട്ടിലെ മറ്റുള്ളവരെ വിളിച്ചു കാര്യം തിരക്കി. ആ രണ്ടു രണ്ടര മണിക്കൂർ കൊണ്ട് ഞങ്ങളുടെ വീടിൻ്റെ പകുതിയോളം വെള്ളം കയറിയിരുന്നു. അവർ ഫോട്ടോസ് എടുത്തു ഞങ്ങൾക്ക് വാട്സ് ആപ്പിലൂടെ അയച്ചു തന്നു. ഫോട്ടോകൾ കണ്ട ഞങ്ങൾ ഞെട്ടിത്തരിച്ചിരുന്നു പോയി. അപ്പോഴും പുറത്ത് മഴ കനത്തു തന്നെ പെയ്യുകയായിരുന്നു. എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് ക്ഷീണം മൂലം വഴുതി വീണു.

വെളുപ്പിനെ തന്നെ പാപ്പന്റെ വീട്ടിൽ നിന്നുള്ള ഫോൺകോൾ കേട്ടാണ് ഞാൻ ഉണർന്നത്. ഇരുനില വീടിനു മുകളിൽ കയറിയ അവരെയെല്ലാം സമീപവാസികളായ ചെറുപ്പക്കാരും മറ്റും ചേർന്ന് വെളുപ്പിന് ഒന്നരയോടെ പുറത്തെത്തിക്കുകയായിരുന്നു. അപ്പോൾ കഴുത്തറ്റമായിരുന്നത്രെ വഴിയിൽ വെള്ളം. പോരാത്തതിന് ഭയങ്കരമായ കുത്തൊഴുക്കും. എല്ലാവരും പരസ്പരം കൈപിടിച്ചായിരുന്നു രക്ഷപ്പെട്ടത്. തൊട്ടടുത്ത വീട്ടിൽ സുരക്ഷിതമെന്ന് വിചാരിച്ചു കയറ്റിയിട്ടിരുന്ന പാപ്പന്റെ ഓട്ടോറിക്ഷ മുഴുവനായും വെള്ളത്തിൽ മുങ്ങിപ്പോയി. പരിസരത്തുണ്ടായിരുന്ന രണ്ടു വീടുകൾ പ്രളയത്തിൽ തകർന്നു. ഫോണിൽക്കൂടി കേട്ട വാർത്തകൾ അതിഭീകരമായിരുന്നു.

പുലർച്ചയോടെ എല്ലായിടത്തും വൈദ്യുതിയും നഷ്ടപ്പെട്ടു. അതോടെ കാര്യങ്ങൾ അറിയുവാനുള്ള വഴികൾ ഓരോന്നായി അടയുവാൻ തുടങ്ങി. രണ്ടു ദിവസം ഞങ്ങൾ എവിടേക്കും പോകാൻ പറ്റാതെ കുന്നംകുളത്ത് കുടുങ്ങിക്കിടന്നു. മൂന്നാം ദിവസം കയറിയതുപോലെത്തന്നെ വെള്ളം ഒന്നുമറിയാത്തപോലെ ഇറങ്ങിപ്പോയി. നാലഞ്ചു ദിവസമെടുത്തു വീടെല്ലാം വൃത്തിയാക്കി പഴയപോലെ ആക്കുവാൻ. ഫ്രിഡ്ജ്, കമ്പ്യൂട്ടർ, മിക്സി, വാഷിംഗ് മെഷീൻ ഒക്കെയും വെള്ളം കയറി നശിഞ്ഞു. ഇവയിൽ ഫ്രിഡ്ജും വാഷിംഗ് മെഷീനും നന്നാക്കിയെടുത്തു. ബെഡുകളും തുണികളും എല്ലാം ഒരാഴ്ച കൊണ്ടാണ് ഉണക്കിയെടുത്തത്. ഇതിലും ഭീകരമായിരുന്നു എൻ്റെ സ്വന്തം വീടായ പറവൂരിലെ അവസ്ഥ. പക്ഷെ എന്തോ ഭാഗ്യം കൊണ്ട് വെള്ളം ഞങ്ങളുടെ വീടിന്റെ മുറ്റം വരെ വന്നിട്ടു തിരികെയിറങ്ങിപ്പോയി.

മലയാളികൾ ഇന്നോളം കാണാത്ത ഒരു ഭീകര ദുരന്തത്തിനായിരുന്നു ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സാക്ഷ്യം വഹിച്ചത്. മതവും രാഷ്ട്രീയവും ഒക്കെ വെള്ളത്തിൽ ഒഴുക്കി കളഞ്ഞിട്ട് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിച്ച കാഴ്ചകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ദുരന്തമുഖത്ത് രക്ഷകരായി ഉണ്ടായിരുന്ന ഇന്ത്യൻ സൈന്യം, കേരള പോലീസ്, ഫയർ ഫോഴ്സ്, ഫിഷർമെൻ, കെഎസ്ആർടിസി, സർക്കാരുദ്യോഗസ്ഥർ, രാഷ്ട്രീയ – സാമുദായിക സംഘടനകൾ തുടങ്ങി എല്ലാവരുംതന്നെ അഭിനന്ദനമർഹിക്കുന്നു. എല്ലാം തരണം ചെയ്ത് നമ്മൾ വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങുകയാണ് ഇപ്പോൾ. വീടും കുടിയും നഷ്ടപ്പെട്ട ധാരാളം ആളുകൾ ഇന്നും പലയിടത്തും കഴിയുന്നുണ്ട്. അവർക്കുവേണ്ട എല്ലാ സഹായവും സർക്കാരും നമ്മളുമൊക്കെ ചേർന്ന് നൽകണം.. അവരെയും ജീവിതത്തിലേക്ക് പിടിച്ചുയർത്തണം നമുക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply