കെഎസ്ആര്‍ടിസിയുടെ ‘ചില്‍ ബസ്’ ഓട്ടം തുടങ്ങി…

കുറഞ്ഞ ചെലവില്‍ ഏസി യാത്ര പ്രദാനം ചെയ്തുകൊണ്ട് കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസായ ‘ചില്‍ ബസ്’ സര്‍വ്വീസുകള്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഓട്ടം ആരംഭിച്ചു. കെയുആര്‍ടിസിയുടെ വോള്‍വോ ലോഫ്ലോര്‍ ബസ്സുകള്‍ ഉപയോഗിച്ചാണ് ചില്‍ ബസ്സുകളുടെ സര്‍വ്വീസ്. ‘കണക്ട് കേരള’ എന്ന മുദ്രാവാക്യവുമായാണ് എസി സർവ്വീസുകൾ ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള സർവ്വീസ് തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയിലാണ്. എറണാകുളം – തിരുവനന്തപുരം റൂട്ടില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ചില്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ ഒരോ മണിക്കൂർ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ എന്നീ സമയങ്ങളിലുമാണ് സർവീസ്. എസി ലോ ഫ്ളോർ ബസിന്റെ നിരക്കാണു ചിൽ ബസിനും.

ആദ്യ സർവ്വീസിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളം യാത്രയിൽ കെ എസ് ആർ ടി സിക്ക് ലഭിച്ചത് 27000 രൂപയുടെ കളക്ഷനാണ്. ഇത് വൻ ലാഭമാണെന്നാണ് വിലയിരുത്തൽ. ട്രെയിനുകൾ സമയ ക്രമം തെറ്റി ഓടുന്നതും ചിൽ സർവ്വീസുകളിലേക്ക് ആളുകളെ എത്തിക്കുമെന്നാണ് വിലയിരുത്തൽ. എറണാകുളത്തു നിന്നു തിരുവനന്തപുരം വരെ ട്രെയിനിൽ എസിയിൽ യാത്ര ചെയ്യണമെങ്കിൽ ജനശതാബ്ദിയിൽ 425 രൂപയും സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ 495 രൂപയുമാണു (തേഡ് എസി) നിരക്ക്. ചിൽ ബസിൽ നിരക്കു കുറവാണെന്നതു യാത്രക്കാരെ ആകർഷിക്കും.

കെ എസ് ആർ ടി സിക്ക് (KURTC) സ്വന്തമായുള്ള എല്ലാ വോൾവോ ബസുകളുടേയും സേവനം പ്രയോജനപ്പെടുത്തിയാണ് കണക്ട് കേരളാ പദ്ധതി നടപ്പാക്കുന്നത്. ഈ ബസുകളെല്ലാം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിൽ കേന്ദ്രീകരിക്കും. അറ്റകുറ്റപണിക്ക് വോൾവോയുമായി നേരിട്ട് സഹകരിക്കുന്ന പദ്ധതിയും തയ്യാറാക്കും. കുറവുകൾ പരിഹരിക്കാനും കൃത്യത പാലിക്കാനുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തേക്ക് എസി സർവ്വീസുകൾ സ്വകാര്യ ബസ് ഉടമകൾ നടത്തുന്നുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തുപരത്തേക്ക് എണ്ണൂറു മുതൽ 1500 രൂപ വരെ ഇവർ ഈടാക്കുന്നു. രാത്രി കാലങ്ങളിലും സ്വകാര്യ ബസുകളാണ് നേട്ടമുണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ദീർഘ ദൂര സർവ്വീസുകൾ സജീവമാക്കി കെ എസ് ആർ ടി സിയുടെ വരുമാനം കുത്തനെ ഉയർത്താനുള്ള തച്ചങ്കരിയുടെ പദ്ധതി.

ഓഗസ്റ്റ് ഒന്ന് മുതലാണ് ചിൽ ബസ് സർവീസ് ഔദ്യോഗികമായി തുടങ്ങുന്നത്. ആലപ്പുഴ തിരുവനന്തപുരം 4:35 മണിക്കൂറും ,ആലപ്പുഴ എറണാകുളം 1:30 മണിക്കൂറുമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം. ചിൽ ബസിന്റെ കോട്ടയം വഴിയുളള എറണാകുളം– തിരുവനന്തപുരം സർവീസും മൂന്നാർ, തൊടുപുഴ, കുമളി, ഗുരുവായൂർ, കോഴിക്കോട്, പാലക്കാട് സർവീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവിൽ വരും. കൃത്യസമയത്തു ബസ് ഉറപ്പാക്കാൻ കഴിഞ്ഞാൽ പദ്ധതി വിജയമാകുമെന്ന സൂചനയാണു പരീക്ഷണ ഓട്ടം നൽകുന്നത്. ഓൺലൈൻ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.www.keralartc.in.

ഇലക്ട്രിക് ബസ്, വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഫ്‌ളൈ ബസ് എന്നിവ കെഎസ്ആര്‍ടിസിയുടെ മറ്റു നേട്ടങ്ങളാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply