ഒരു 26 മണിക്കൂർ മാരത്തോൺ അഡ്വെഞ്ചർ ബൈക്ക് ട്രിപ്പ്‌….

മനോഹരമായ ഈ യാത്രാവിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് ആലുവ സ്വദേശിയായ ബിനു ഗോപാൽ ആണ്.

മൂന്നാറിൽനിന്നു വട്ടവട, കൊട്ടാക്കമ്പൂർ ഫോറസ്ററ് ഓഫ്‌റോഡ് വഴി ബൈക്കിൽ കൊടൈക്കനാലിക് പോകണമെന്ന് കുറേ വർഷങ്ങളായുള്ള മോഹം, കൊച്ചിയിലെ ചേട്ടന്മാർ 90കളിലും -2000ത്തിലും yamahaRx135വും, സുസുക്കി ഷോഗൺ, ഷാവോലിനും കൊണ്ട് പോയകഥ കേട്ട് ആവേശം മൂത്ത്‌ ഒരു ദിവസമങ്ങു ഇറങ്ങി.

ഒരു 8 വർഷം മുമ്പത്തെ ട്രിപ്പ്‌ ആണേ, 2010/ഡിസംബർ/11 നു വെളുപ്പിന് 4 മണിക്ക് ആലുവയിൽ നിന്നും നാലു ബൈക്കുകളിൽ ഞങ്ങൾ 8പേർ യാത്രതിരിച്ചു. ഒരു സോണി ഹാൻഡിക്യാമറ, കാനോൻ ഡിജിറ്റൽക്യാം, ഒരു ബൈക്കിൽ ക്യാമറ ചാർജ്ജർ ഇവയെല്ലാമായി 8മണിക്ക് മൂന്നാറിലെത്തി. മൂന്നാർ സ്പെഷ്യൽ ചായയും കുടികഴിഞ്ഞു നേരെ വച്ചുപിടിപ്പിച്ചു വട്ടവടക്. പോകുംവഴി മാട്ടുപ്പെട്ടി ഡാമിൽ വെള്ളം ഫുൾലെവലിൽ നില്കുന്നു.
എല്ലപ്പെട്ടി, ടോപ്സ്റ്റേഷൻ, കോവിലൂർ ഈ സ്ഥലമെല്ലാം കടന്നു, 10മണി ആയപ്പോഴേക്കും വട്ടവടയെത്തി.

ഇവിടെയുള്ള ഞങ്ങളുടെ പഴയകാല സുഹൃത്തുക്കളെ അനേഷിച്ചുവെങ്കിലും ഈ യാത്രയിൽ അവരെ കണ്ടില്ല. എങ്കിലും ഒരു പുതിയ കൂട്ടുകാരനെ പരിചയപെട്ടു, കുട്ടപ്പായി എന്നാണ് പേര്, ആളു പുലിയാ 4wd ജീപ്പ് എക്സ്പെർട്ടാ… കുട്ടപ്പായി പുള്ളിയുടെ ജീപ്പിൽ ഞങ്ങൾക്കൊരു ഓഫ്‌റോഡ് ജീപ്പ് സവാരി ഓഫർ ചെയ്തു. ഇതുപറയുന്നതിനു മുന്പേ എല്ലാവരും ജീപ്പിനുള്ളിൽ, പിന്നെകണ്ടത് ജീപ്പ് അടുത്തുള്ള മലമുകളിൽ കേറുന്നതായിരുന്നു. ഒരു ചെറിയ ത്രില്ലിംഗ് ജീപ്പ് സവാരിക്കുശേഷം കൊട്ടാക്കമ്പൂരിലേക്ക്.
കൊട്ടാക്കമ്പൂർ എത്തി, ഒന്നുരണ്ടു കടകൾ ഉണ്ട് ഇവിടെ, ഒന്നുരണ്ടു കുപ്പി വെള്ളവും വാങ്ങി വലത്തോട്ട് തിരിഞ്ഞുള്ള റോഡിലേക്കു ബൈക്കെടുത്തു. ഈ വഴികണ്ടാൽ റോഡാണെന്നു പറയാൻ പറ്റില്ല, കിടിലൻ ഓഫ്‌റോഡ് തുടങ്ങുന്നതേയുള്ളു.

ഇനി തുടങ്ങുകയായി യുദ്ധം, മോട്ടോർ ബൈക്കും മലയിടുക്കുവഴികളും തമ്മിൽ. കൊട്ടാക്കമ്പൂരിൽനിന് കുറിഞ്ഞിമല വന്യജീവി സങ്കേതം വഴിയാണ് പോകേണ്ടത്. കുതിരകളും, 4wD ജീപ്പുകളും മാത്രം പോകുന്നവഴി, ചിലയിടങ്ങളിൽ വഴിയേ ഇല്ല. പോകേണ്ട വഴി ഇങ്ങനെയാണ്. വട്ടവട യിൽനിന്നു കൊട്ടാക്കമ്പൂർ -കടവരി, കടവരി passroad- ക്ലാവര. ഇവിടെ വരെയുള്ള 15 km ചെങ്കുത്തായ ഓഫ്‌ റോഡ് തന്നെയാണ്. ചെറിയ അരുവികളും തോടുകളും കടന്നു പാറപ്പുറത്തുകൂടിയുമുള്ള ബൈക്ക് റൈഡിങ് ഭയാനകവും ത്രില്ലിങ്ങും തന്നെ. പോകുംവഴിയിൽ ഇടക്കൊക്കെ ഗ്രാമവാസികളെ കാണാം, അവർ പച്ചക്കറികൾ കുതിരപ്പുറത്തുകയറ്റി(കോവർകഴുതയാണ്) ക്ലാവരക്കു കൊണ്ടുപോകുന്നു. 12മണിക്ക് തുടങ്ങിയ ഓഫ്‌റോഡ് റൈഡിങ്ങാണ് രണ്ടര മണിക്കൂർ കഴിഞ്ഞട്ടും വെറും 7km മാത്രം പിന്നിട്ടട്ടൊള്ളു വിശക്കുന്നുണ്ടെങ്കിലും ആവേശം കൊണ്ട് ആർക്കും ഷീണംതോന്നുന്നില്ല.

 

കടവരി താഴ്‌വര എത്തിയപ്പോൾ കാരറ്റ്, കാബേജ് എന്നിവ വിളഞ്ഞു നിൽക്കുന്നു. അതിമനോഹരമാണ് കടവരി. ഇവിടെ കൃഷിക്കാരായ സ്ത്രീകൾ കാരറ്റ് പറിച്ചുവെക്കുന്നു, കഴിക്കാൻ ഞങ്ങളുടെ കൈയിൽ ഒന്നുമില്ലാത്തതുകൊണ്ട് കുറച്ചു കാരറ്റും വെള്ളവും കുടിച്ചുവിശപ്പടക്കി. വിശ്രമിക്കാൻ നേരമില്ല മുന്നിൽ കാണുന്ന മലകളും കൂടി കയറിയാലേ ടാറിങ് റോഡിൽ ചെല്ലുകയൊള്ളു… ബൈക്ക് കയറുന്നില്ല തള്ളുക തന്നെ ശരണം. വൈകുന്നേരം 5 മണിയോടുകൂടി എങ്ങിനെയോ ക്ലാവരയിൽ എത്തിച്ചേർന്നു…. ഒരു പക്കാ ഗ്രാമം തന്നെയാണ് ക്ലാവരാ. പച്ചക്കറി കൃഷി തന്നെയാണ് പ്രധാനം.

ഫുഡ്‌കഴിക്കാൻ പറ്റിയ കടകളൊന്നും ഇവിടെകാണുന്നില്ല, അവസാനം പെട്ടിക്കടയിലെ ബോട്ടിൽ വെള്ളം കുടിച്ചു ഷീണമടക്കി. കോടമഞ്ഞിൽ ക്ലാവറ മൂടിക്കഴിഞ്ഞു, ഇനിയും വൈകിയാൽ മഞ്ഞത്തു കണ്ണുകാണാതെ ബൈക്ക് വല്ല കുണ്ടിലും വീഴും. 4-5 മണിക്കൂർ നേരമെടുത്ത മൗണ്ടൻ ബൈക്ക് റൈഡ് കഴിഞ്ഞ ഞങ്ങളെ കണ്ടാൽ പാടത്തു ഉഴുതുമറിക്കാൻ പോയ പോലെയായി, മൊത്തം ചെളിയിൽ കുളിച്ചിട്ടുണ്ട്….( മഴ രണ്ടുദിവസം ഇവിടെ തകർത്തു, ഭാഗ്യം ഇന്ന് ഇതുവരെ ഇല്ല ). ഇനി ക്ലാവറയിൽ നിന്നും ടാറിട്ട റോഡ് കൊടൈക്കനാലിലേക്. (47km.) റൂട്ടിങ്ങനെ ക്ലാവറ, പൂണ്ടി -കാവുഞ്ഞി -മന്നവനൂർ -പൂമ്പറായ് – മോയര്പോയിന്റ് കൊടൈക്കനാൽ….

കൊടൈക്കനാൽ തടാകമെത്തിയപ്പോൾ സമയം രാത്രി 8മണി. കൂട്ടിന് കനത്തമഴയും, മൂടൽമഞ്ഞും, അഡ്വെഞ്ചർ ട്രിപ്പ്‌ ശരിക്കും അഡ്വെഞ്ചറായി. (ഒരു ടയർ പഞ്ചർകൂടി കിട്ടിയാൽ ഉഷാർ ട്രിപ്പായേനെ) . തട്ടുകടയിൽനിന്നും കൊടൈക്കനാൽ സ്പെഷ്യൽ ബ്രെഡ്‌ &ഓംലൈറ്റും കഴിച്ചു നേരെ പളനി ഗാട്ട് റോഡിലേക്ക്. കോടമഞ്ഞിറങ്ങിയ കാരണം മലയിറങ്ങാൻ പാടുപെടുന്നു. കുറച്ചിറങ്ങിക്കഴിഞ്ഞപ്പോൾ റോഡ് ക്ലോസ്ഡ് ബോർഡ്‌ വച്ചേക്കുന്നു. റോഡ് മഴയിൽ കുത്തിയൊലിച്ചു താഴെ കിടക്കുന്നു. പൊളിഞ്ഞ റോഡിന്റെ അരികിൽകൂടി കഷ്ടിച്ച് ബൈക്കിൽ പോകാവുന്ന ഒരു ഗ്യാപ് ഉള്ളതുകൊണ്ട് അന്നുരാത്രി മഴയത്തു കിടക്കേണ്ടിവന്നില്ല. ഒരുകണക്കിന് കടന്നുകിട്ടി.

പിന്നെ നേരെ പഴനിക്ക്. അവിടന്ന് പൊള്ളാച്ചി, ഗോവിന്ദാപുരം, കൊല്ലങ്കോട്, എത്തിയപ്പോൾ കൂട്ടത്തിലുള്ള pulsar ബൈക്കിന്റെ ഫ്രണ്ട് ടയർ പഞ്ചർ, വീണ്ടും അഡ്വെഞ്ചർ. നട്ടപ്പാതിരക്കു ആരുമില്ല, പഞ്ചർ ബൈക്കിൽ സിംഗിൾ റൈഡ് തന്നെ രക്ഷ. നെമ്മാറ വഴി വടക്കഞ്ചേരി ചെന്ന് കേറിയപ്പോൾ വെളുപ്പിന് 3മണിക്ക് ഹൈവേയിലെ ഒരുകടയിൽ കയറി പഞ്ചറും ഒട്ടിച്ചു ആലുവയിൽ തിരിച്ചെത്തിയപ്പോൾ രാവിലെ 6 മണി. അങ്ങനെ 26 മണിക്കൂർ മാരത്തോൺ ബൈക്കോട്ടം(നെട്ടോട്ടം എന്നും പറയും) വിജയകരമായിത്തന്നെ അവസാനിച്ചു….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply