തിരുവല്ല ബസ് ടെർമിനലിലെ പാർക്കിംഗ് ഫീസ്‌ ഇരട്ടിയാക്കി

തിരുവല്ല: നഗരത്തിലെത്തുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് അധികൃതർ ഇരട്ടിയായി വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ.ടി.ഡി.എഫ്.സിയും കരാറുകാരും ചേർന്നാണ് ജനങ്ങൾക്ക് ഇരുട്ടടി നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് വർദ്ധിപ്പിക്കാനായിരുന്നു അധികൃതരുടെ നീക്കമെങ്കിലും തിരഞ്ഞെടുപ്പ് കാരണം നീട്ടിവയ്ക്കുകയായിരുന്നു.

ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷംപോലും തികയുംമുമ്പേയാണ് പാർക്കിംഗ് നിരക്കുകൾ കുത്തനെ കൂട്ടിയത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അറുനൂറിലധികം വാഹനങ്ങൾ ഇവിടെ ദിനം പ്രതി പാർക്ക് ചെയ്യുന്നുണ്ട്. ഏറെതിരക്കുള്ള തിരുവല്ല നഗരത്തിൽ എം.സി റോഡിന്റെ വശങ്ങളിൽ വാഹന പാർക്കിംഗ് നിരോധിച്ച ശേഷമായിരുന്നു ബസ് ടെർമിനലിന്റെ ഉദ്ഘാടനം നടത്തിയത്.

ടെർമിനൽ പ്രവർത്തനം തുടങ്ങുമ്പോൾ ബസുകൾ കൂടുതലെത്തി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിരുന്നു റോഡിന്റെ വശങ്ങളിലെ പാർക്കിംഗ് അധികൃതർ നിരോധിച്ചത്. ജനങ്ങൾക്ക് ഉണ്ടാകുന്ന ദുരിതം ഒഴിവാക്കാൻ നേരിയ നിരക്കിൽ പാർക്കിംഗ് അനുവദിക്കാമെന്ന നിലപാടായിരുന്നു തുടക്കത്തിൽ അധികൃതർ സ്വീകരിച്ചത്. ജനങ്ങൾ പാർക്കിംഗ് സൗകര്യം ഉപയോഗിച്ചു തുടങ്ങിയതോടെ നിരക്ക് വർദ്ധിപ്പിച്ച് ദ്രോഹിക്കാനുള്ള നീക്കമാണ് ഇപ്പോൾ അധികൃതർ നടത്തുന്നത്.

പഴയ നിരക്ക് പ്രദർശിപ്പിച്ചിരുന്ന ബോർഡ് കൗശലപൂർവ്വം ഒഴിവാക്കിയെങ്കിലും പുതിയ നിരക്ക് രേഖപ്പെടുത്തിയ ബോർഡ് ഇതുവരെയും സ്ഥാപിച്ചിട്ടില്ല. പതിവ് യാത്രക്കാർ കഴിഞ്ഞ ദിവസം വാഹനം പാർക്ക് ചെയ്‌തശേഷം ഫീസ് അടയ്ക്കാൻ എത്തിയപ്പോഴാണ് നിരക്ക് കൂട്ടിയ വിവരം അറിയുന്നത്. പാർക്കിംഗിന്റെ പേരിൽ ഇവിടെ നടക്കുന്നത് കൊള്ളയടിയാണെന്ന് യാത്രക്കാർ പറയുന്നു. നഗരത്തിലെങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റു സൗകര്യമില്ലെന്ന അവസരം മുതലെടുത്താണ് കെ.ടി.ഡി.എഫ്.സിയും കരാറുകാരും ചേർന്ന് ധിക്കാരപരമായ തീരുമാനം കൈക്കൊണ്ടതെന്ന് യാത്രക്കാർ ആരോപിച്ചു. ഇടക്കാലത്ത് നഗരസഭ മുൻകൈ എടുത്ത് ടി.കെ റോഡിൽ നഗരസഭ മൈതാനത്ത് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയെങ്കിലും ജനങ്ങൾക്ക് ഗുണമുണ്ടായില്ല.

  • നിരക്ക് വർദ്ധന നൂറുശതമാനം

ബസ് ടെർമിനലിലെ പുതിയ നിരക്കുകൾ പ്രകാരം ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും ഇരട്ടിതുക നൽകണം. മുൻപ് ഇരുചക്രവാഹനങ്ങൾക്ക് കുറഞ്ഞ നിരക്ക് അഞ്ച് രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ പത്താണ്. ഒരു ദിവസം ഇരുചക്ര വാഹനം ടെർമിനലിൽ സൂക്ഷിക്കണമെങ്കിൽ മുമ്പ് 15ആയിരുന്നത് ഇപ്പോൾ 20ആയി. കാറ് ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങളുടെ നിരക്കും ഇരട്ടിയാക്കി. രണ്ട് മണിക്കൂറിന് 10 രൂപയായിരുന്നത് ഇപ്പോൾ 20ആണ്.

നാല് മണിക്കൂറിന് 15 രൂപയായിരുന്നത് 30 ആയി ഉയർന്നു. എട്ട് മണിക്കൂറിന് 20 രൂപയായിരുന്നത് 40ആക്കി. 16 മണിക്കൂറിന് 25 രൂപയായിരുന്നത് ഇപ്പോൾ 50ആണ്. ഒരു ദിവസം കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാൻ 30രൂപയാണ് നൽകിയിരുന്നതെങ്കിൽ ഇനിമുതൽ 80രൂപ നൽകണം. തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ചുമതലയുള്ള കെ.ടി.ഡി.എഫ്.സി സ്വകാര്യ പാർക്കിംഗ് ഏജൻസിക്ക് കരാർ നൽകിയാണ് പാർക്കിംഗിന്‍റെ പണപ്പിരിവ് നടത്തുന്നത്.

Check Also

Price List of Airbus Aircrafts

Airbus SE is a European multinational aerospace corporation. The ‘SE’ in the name means it …

Leave a Reply