സോൾവാങ് – ഒരു ഫെയറി ടെൽ ഗ്രാമം… കേട്ടിട്ടുണ്ടോ നിങ്ങൾ?

വിവരണം – ദീപ്തി ഗോപകുമാർ.

തിരക്ക്പിടിച്ച നഗരജീവിതവും ജോലിയും അതിൽ നിന്നും രക്ഷപെടാൻ അനുയോജ്യമായി ഒരു ലോങ്ങ് വീകെൻഡും കിട്ടിയപ്പോൾ ഒരു ഗ്രാമപ്രദേശമാണ് തിരഞ്ഞെടുത്തത്. വളരെ വ്യത്യസ്ഥമായ ഒരു ഗ്രാമവും അവിടുത്തെ കാഴ്ചകളും. ക്രിസ്മസ് പ്രമാണിച്ച് കിട്ടുന്ന മൂന്ന് ദിവസം എന്തു ചെയ്യാം എന്ന ആലോചനയിൽ നിന്നുമാണ് ക്രിസ്മസ് ഗ്രാമമായ സോൾവാങ് മനസ്സിൽ വന്നെത്തിയത്. യു എസിലെ ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കുന്ന ആദ്യ പത്ത് സ്ഥലങ്ങളിൽ അല്ലെങ്കിൽ ഗ്രാമങ്ങളിൽ ഒന്നാണ് സാന്ത ബാർബറ കൗണ്ടിയിലെ സാന്ത യന്റ്സ് താഴ്വരയിൽ സ്ഥിതി ചെയുന്ന ഡാനിഷ് ഗ്രാമമായ സോൾവാങ്. സാന്ത ആനായിൽ നിന്നും ആംട്രാക്കിൽ സാന്ത ബാർബറയിലേക്കുള്ള യാത്ര തന്നെ വർണ്ണനാതീതമാണ്.

നാഷണൽ റയിൽറോഡ് പാസ്സന്ജർ കോർപ്പറേഷൻ നടത്തുന്ന ആംട്രാക് ഇവിടുത്തെ ട്രെയിൻ ആണ്. ട്രെയിൻ ഡബിൾ ഡെക്കർ ആണ്. താഴെ പാൻട്രിയും വാഷ്‌റൂം ഒക്കെ ആണ്, മുകളിൽ ആണ് യാത്രക്കാർക്ക് ഇരിക്കാൻ ഉള്ള സൗകര്യം ഒരുക്കി ഇരിക്കുന്നത്. വൃത്തിയെ പറ്റി പറയാതിരിക്കാൻ ആവില്ല, പാൻട്രിയും വാഷ്‌റൂമും ഒക്കെ വളരെ വൃത്തിയായ്‌ ആണ് സൂക്ഷിച്ചിരിക്കുന്നത്. വാഷ്‌റൂമിൽ മൂക്കും കണ്ണും പൊത്തി കേറണ്ട കാര്യമില്ല അത്രയ്ക്ക് വൃത്തി ഉണ്ട്. ജോലിക്കായി, പാൻട്രിയിൽ ഒരാൾ മാത്രമേ ഉണ്ടാവു. സലാഡ്‌സ്, കട്ട് ഫ്രൂട്ട്കൾ, പലതരംപിസ്സ, പലതരം ബർഗർ, സാൻഡ്വിച്ച്, പലതരം ഡ്രിങ്ക്സ് എല്ലാം ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരിക്കുന്നു. മൈക്രോവേവ് ഓവനിൽ വെച്ച് അവർ ചൂടാക്കി തരും. കുക്കീസ്‌, ചോക്ലേറ്സ്, തുടങ്ങിയവയും ഉണ്ട്. വേണ്ടത് നമ്മൾ തന്നെ എടുത്ത് കൗണ്ടറിൽ കൊണ്ട് കൊടുക്കണം. അവർ അത് ബില്ല് ചെയ്ത് ഭക്ഷണം ചൂടാക്കി തരും. അവിടെ ഇരുന്നു കഴിക്കണ്ടവർക്ക് കഴിക്കാം അല്ലാത്തവർക്ക് സ്വന്തം സീറ്റിലേക്ക് മടങ്ങിപ്പോയി കഴിക്കാം. ചില ആംട്രാക് വീഡിയോ കോച്ച് മാതിരി ആണ്, നമ്മുക്ക് വീഡിയോ ഒക്കെ കാണാം. ഫ്ലൈറ്റിൽ ഒക്കെ ഉള്ള മാതിരി ആണ് സീറ്റിങ്, തൊട്ട് മുന്നിലത്തെ സീറ്റിനു പിറകിലായി ഭക്ഷണവും മറ്റും വെക്കാനോ അല്ലെങ്കിൽ ലാപ്ടോപ്പ് ഒക്കെ വയ്ക്കാവുന്ന തരത്തിൽ ഒരു ഫോൾഡബിൾ ട്രേയും (മേശ എന്നൊക്കെ പറയാം) ഉണ്ട്. ഫ്ലൈറ്റിലെ പോലെ ഇരിക്കുന്നതിന് മുകളിൽ ആയി ബാഗ് വെക്കാൻ ഒക്കെ ഇടമുണ്ട് . ഫോൺ ചാർജ് ഒക്കെ ചെയ്യുവാനുള്ള സൗകര്യങ്ങൾ സീറ്റിനരികിൽ തന്നെ ഉണ്ട്. ഇടക്ക് ടിക്കറ്റ് ചെക്ക് ചെയാൻ വരും, മുകളിൽ ലഗേജ് വെക്കുന്നതിനടുത്തായി ഇ-ടിക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്ത് എത്ര പേർ എങ്ങോട്ട് പോകുന്നു എന്ന് എഴുതിയ ഒരു തുണ്ട് കടലാസ്സ് വെയ്ക്കും.

മൂന്ന് – മൂന്നേകാൽ മണിക്കൂർ നീളുന്ന യാത്ര കൂടുതലും പസിഫിക് സമുദ്രത്തിന് അരികിലൂടെയാണ്. ലോസ് ആഞ്ചലസ്‌ വരെ ഇരുവശവും വീടുകൾ, കുന്നുകൾ, കൃഷിയിടങ്ങൾ (സ്ട്രൗബെറി കൃഷിയാണ് കൂടുതലും കാണപ്പെട്ടത്) എന്നിവയാണ് പുറംകാഴ്ചകൾ . ലോസ് ആഞ്ചലസ്‌ കഴിയുമ്പോൾ ഉച്ച കഴിഞ്ഞു, ഇവിടെ സൂര്യാസ്തമയം നേരത്തെ ആയതിനാൽ സൂര്യൻ അസ്തമയത്തിനു തയ്യാറെടുക്കുകയാണ്, ആ അരുണിമ ശോഭയിൽ സുന്ദരിയായ പസഫിക് ഞങ്ങളുടെ യാത്ര കൂടുതൽ മനോഹരമാക്കി. പസിഫിക്കിന്റെ കരയിൽ ഓടിക്കളിക്കുന്ന കുട്ടികളും അവരുടെ വളർത്ത് നായും. ചിലർ ചിലയിടത്ത് സർഫിങ് നടത്തുന്നു, ചിലരാകട്ടെ ജോഗിങ് ചെയ്യുന്നു, ചിലർ ചുമ്മാ ഇരുന്നു അസ്തമയം കാണുന്നു. അങ്ങകലെ കപ്പലുകൾ, ആകാശത്ത് പടം വരച്ചു കടലുകൾക്കരക്ക് പറന്നു പോവുന്ന വിമാനങ്ങൾ, കരയിലൂടെ ഏതൊക്കെയോ ലക്ഷ്യത്തിലേക്ക് കുതിച്ചു പായുന്ന വാഹനങ്ങൾ, അതിനെല്ലാം അരികിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ട് പോവുന്ന ആംട്രാക്.

ട്രെയിനിൽ വലിയ തിരക്കില്ലായിരുന്നതിനാൽ അതിമനോഹരമായ ആ കാഴ്ചയുടെ എല്ലാ ആനന്ദവും ആവോളം നുകരാൻ പറ്റി. ഓരോ സ്റ്റേഷൻ എത്തുമ്പോളും ആ സ്റ്റേഷൻ ഏത് ആണെന്നും ഇനി അടുത്തത് ഏത് സ്റ്റേഷൻ ആണെന്നുമുള്ള അറിയിപ്പുണ്ടാവും. സാന്ത ബാർബറ അടുക്കാറായതിന്റെ അറിയിപ്പ് വന്നതേ ലഗേജും എടുത്ത് താഴേക്ക് ഇറങ്ങി, അധികം ആളുകൾ ഉണ്ടായിരുന്നില്ല ഇറങ്ങാൻ. സാന്ത ബാർബറ ഒരു കൊച്ചു സ്റ്റേഷൻ ആണ്. അവിടെ നിന്നും ഇനി ബസ്സിൽ ആണ് തുടർയാത്ര. ആംട്രാക്ക് ത്രുവേ കോച്ചിൽ ആണ് നമ്മുടെ ശകടം. ഞങ്ങൾ സ്റ്റേഷന് വെളിയിൽ എത്തുമ്പോൾ ബസ് കാത്തുകിടപ്പുണ്ടായിരുന്നു. മുഖം മൊത്തം ചോദ്യ ചിഹ്നം നിറച്ച് കൊണ്ട് ഡ്രൈവർ ചോദിച്ചു സോൾവാങ്? അതെ എന്ന് പറഞ്ഞു കൊണ്ട് മൊബൈൽ അൺലോക്ക് ചെയ്ത് ടിക്കറ്റ് എടുക്കാൻ തുടങ്ങിയപ്പോൾ പേര് ചോദിച്ചു.

പേര് പറയുന്നതിനിടയിൽ ഡ്രൈവറുടെ കൈയിൽ ഉള്ള ഐപാഡിൽ എത്തി നോക്കിയപ്പോൾ മനസിലായി ബസിൽ ആകെ നാല് യാത്രക്കാരെ ഉള്ളു. ഒരു മുട്ടൻ ബസും അതിൽ ഇമ്മിണി കുഞ്ഞി ഞങ്ങൾ നാല് പെണ്ണുങ്ങളും. നാലു പേരും വണ്ടിയിൽ കേറിയ ഉടൻ ഡ്രൈവർ കേറി ബസ് സ്റ്റാർട്ട് ചെയ്തു. ടിക്കറ്റ് ചെക്കിങ്ങിനും, വണ്ടി ഓടിക്കാനും, ലഗേജ് എടുത്തു വെക്കാനും കൊടുക്കാനും എല്ലാം ഒരാൾ മാത്രം. സെയിന്റ് ബാർബറയുടെ നാമത്തിൽ നിന്നുമാണ് സാന്ത ബാർബറ ആയത്. രണ്ടാം ലോകമഹായുദ്ധത്തിൽ നല്ലൊരു പങ്ക് വഹിച്ച, വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഒരു നാടാണ് സാന്ത ബാർബറ, ടൂറിസം ആവട്ടെ ഇവിടെ ഒരു നല്ല വരുമാന മാർഗ്ഗവും. സാന്ത ബാർബറയിൽ നിന്നും സോൾവാങ്ങിലേക്ക് ഏകദേശം മുക്കാൽ മണിക്കൂർ യാത്രയെ ഉള്ളു. കുറച്ച് ദൂരം കടൽക്കരയിലൂടെ പോയി പതിയെ കുന്നുകൾ നിറഞ്ഞ വഴിയിലൂടെ ആയി മാറി യാത്ര.

എത്ര വലിയ കുന്നാണെങ്കിലും റോഡ് എല്ലാം അതിമനോഹരമായി നിർമിച്ചിരിക്കുന്നു. ഇരുവശവും മുട്ടകുന്നുകൾ, അതിൽ മേഞ്ഞു നടക്കുന്ന പശുക്കൾ. കുന്നിനും റോഡിനുമിടക്കായ് ചെറിയ താഴ്വരകൾ അവിടെ മഞ്ഞയും ചുവപ്പും ഇലകളാൽ മനോഹരങ്ങളായ മരങ്ങൾ. ചിലപ്പോൾ ചിലയിടങ്ങളിൽ കൃഷിഭൂമികൾ, തടികൊണ്ട് ഉണ്ടാക്കിയ വീടുകൾ, ചില വീടുകൾക്കരികിലായി കുതിരാലയങ്ങൾ. യാത്ര ബസിൽ ആയിരുന്നതിനാൽ വഴിയിൽ ഒന്ന് നിറുത്തി ആ മനോഹര ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താനായില്ല എന്നത് ഒരു തീരാ നഷ്ടം തന്നെ. ബസ് വളരെ വേഗത്തിൽ ഓടി കൊണ്ടിരുന്നു, ജനാലയിൽ കൂടി ഞാൻ വെളിയിലോട്ടു നോക്കി വെറുതെ ഇരുന്നു. ബിയൽട്ടണിൽ നിന്നും തിരിഞ്ഞു ഓസ്ട്രിച്ച് ലാൻഡിൽ എത്തുമ്പോൾ ഹൈവേക്ക് അടുത്തായി ഒരു ഓസ്ട്രിച്ച്/എമു ഫാം ഉണ്ട്. ധാരാളം സഞ്ചാരികൾ വരും അവിടെ. സോൾവാങ്ങിലേക്ക് പോവുന്ന മിക്കവരും അവിടെ വണ്ടി ഒന്ന് നിറുത്തും. ഫാമിൽ കയറുന്നതിനു ടിക്കറ്റ് ഒക്കെ ഉണ്ട്. പ്രായത്തിനനുസരിച്ച് പല നിരക്കുകൾ, കൂടാതെ ഓസ്ട്രിച്ച്/എമുവിന് ആഹാരം നമ്മുടെ കൈ കൊണ്ട് കൊടുക്കണമെങ്കിൽ അതിനും ഉണ്ട് ചാർജ്. ഈ വിവരങ്ങൾ ഇന്റർനെറ്റ് തന്നതാണ് ഒരു യാത്ര പോവുന്നതിനു മുന്നേ ആ പോവുന്ന സ്ഥലവും പരിസരവും അറിയാൻ ശ്രമിക്കാറുണ്ട്. ഞങ്ങൾക്കവിടെ ഇറങ്ങാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല, ബസിലാണല്ലോ യാത്ര . വണ്ടി പിന്നെയും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു.

ബ്രൂവിങ് കമ്പനിയുടെ വിൻഡ് മിൽ കണ്ടാണ് ശ്രദ്ധിച്ചത്, സോൾവാങ് എത്തിയിരിക്കുന്നു. ബസ് കുറച്ചൂടെ മുന്നിൽ പോയി നിറുത്തി. സോൾവാങ്ങിൽ ഇറങ്ങേണ്ടവർ അവിടെ ഇറങ്ങണം. വെളിയിൽ ഇറങ്ങിയതേ ഡ്രൈവർ പെട്ടിയും ബാഗുമൊക്കെ എടുത്തു തന്നു. ബസ് സ്റ്റോപ്പിന്നു രണ്ടു ചുവട് നടക്കാൻ മാത്രം ദൂരമുണ്ടായുള്ളു ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക്. തീരെ തിരക്ക് കുറഞ്ഞ വളരെ മനോഹരമായ സ്ഥലം. യൂറോപ്പിലൊക്കെ എത്തിയ ഒരു പ്രതീതി. ഫാൾ കളറുകളാൽ നിറഞ്ഞ മരങ്ങൾ റോഡിനിരുവശത്തും, ചിലവ ഇലകൾ പൊഴിച്ച് തുടങ്ങിയിട്ടുണ്ട്. ശരത്കാലത്ത് പച്ച ഇലകളുടെ നിറം മഞ്ഞ, ചുവപ്പ് , പർപ്പിൾ, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ മാറി വരും, ഈ കാലയളവിൽ അമേരിക്കയിൽ ലീഫ് പീപിങ് എന്ന പേരിൽ ടൂറിസം പൊടിപൊടിക്കുന്ന കാലമാണ്. ഈ സമയം മരങ്ങളും ഇലകളും കാണാൻ അതിമനോഹരമാണ്, നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസം. ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് ഞങ്ങൾ പെട്ടിയും വലിച്ചുകൊണ്ട് ഹോട്ടലിന്റെ റിസെപ്ഷനിലേക്ക് നടന്നു.

താഴത്തെ നിലയിൽ ഉള്ള റൂം ആണ് തന്നത് അത് ഒരുവിധം പറഞ്ഞു മുകളിലത്തെ നിലയിൽ റോഡിലേക്ക് ബാൽക്കണി ഉള്ള മുറി ആക്കിയെടുത്തു. ബ്രേക്ഫാസ്റ്റ് ഉണ്ടാവും പിന്നെ മുറിയിൽ അത്യാവശം സാധനങ്ങൾ ഉണ്ടാക്കി കഴിക്കാൻ മൈക്രോവേവ് ഒക്കെ ഉണ്ട്. അത്യാവശ്യത്തിന് കയ്യിൽ കരുതിയിരുന്ന ഭക്ഷണം ഫ്രിഡ്ജിനുള്ളിൽ വെച്ചു. പെട്ടിയും ബാഗുമൊക്കെ ഒരു സൈഡിലേക്ക് വെച്ച് ഓരോരുത്തരായി ഫ്രഷ് ആവാൻ പോയി. വെളിയിൽ വെറും മൂന്ന് ഡിഗ്രിയെ ഉള്ളു, നല്ല തണുപ്പ്, രാത്രി ഹീറ്റർ വേണ്ടി വരും. എല്ലാരും തയ്യാറായി വരുന്ന വരെ ഹീറ്ററിൽ പണിതോണ്ടിരുന്നു. സൂര്യൻ അസ്തമിച്ചു തുടങ്ങി, ഈ ഡാനിഷ് ഗ്രാമം കൂടുതൽ സുന്ദരിയാവുന്നത് അപ്പോഴാണ്. മുറിയൊക്കെ പൂട്ടി ഇറങ്ങുമ്പോൾ ഒരു കുതിരവണ്ടി ഞങ്ങളെ കടന്ന് പോയി. അതിൽ നിറയെ ടൂറിസ്റ്റുകൾ ഉണ്ട്. ഈ കുതിരവണ്ടിയിൽ സഞ്ചാരികളെ ഗ്രാമം ചുറ്റി കാണിക്കും. ആ കുതിരവണ്ടിയിൽ കയറണം എന്ന് കരുതിയിരുന്നതായിരുന്നു പക്ഷെ ഞങ്ങൾ താമസിച്ചു പോയി.

കുതിര പോവുന്നതും നോക്കി വിഷണ്ണരായി നിൽക്കുമ്പോൾ ആണ് റോഡിന് എതിർവശത്തായി ഒരു വിൻഡ്മിൽ ശ്രദ്ധയിൽ പെട്ടത്. വിൻഡ്മില്ലിന്റെ അടിവശം ഒരു ഭക്ഷണശാലയാണ്. അകത്ത് ഇരിക്കാൻ അധികം ഇടമില്ല അതിനാൽ വെളിയിൽ കുറെ മേശകളും കസേരകളും ഭംഗിയായി ക്രമീകരിച്ച് ഇട്ടിട്ടുണ്ട്. ഓരോ മേശയിലും ഓരോ റാന്തൽ വിളക്കും ഭംഗിക്കായി കത്തിച്ചു വെച്ചിട്ടുണ്ട്. വിൻഡ് മില്ലിന്റെ മുകളിലേക്ക് കയറാൻ ഒരു കൊച്ചു കോണിപ്പടിയും ഉണ്ട്, അവിടെ കയറണമെങ്കിൽ ആ ഭക്ഷണശാലയിൽ നിന്നും ഏതെങ്കിലും വാങ്ങേണ്ടി വരും. കുറച്ചു മുന്നോട്ടു നടന്നപ്പോൾ വിസിറ്റർസ് സെന്റർ കണ്ടു. ഇവിടെ നിന്നുമാണ് കുതിര വണ്ടിയിലേക്ക് ടൂറിസ്റ്റുകളെ കയറ്റുക, വൈകിട്ട് അഞ്ചുമണി വരെ ആണ് അവിടെ സമയം. അടച്ചിട്ട വിസിറ്റർ സെന്ററിന്റെ മുന്നിൽ കുറെ ബുക്ക് ‌റാക്കുകൾ, അതിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്ന കുറച്ച് ബുക്‌ലെറ്റുകൾ. ഓരോ സ്ഥലത്തെ കുറിച്ചും അവിടെ കാണുവാനുള്ളതിനെ പറ്റിയുമൊക്കെയാണ് അതിൽ പ്രതിപാതിച്ചിരിക്കുന്നത്.

അതിൽ നിന്നും ഒന്ന് രണ്ടു ബുക്‌ലേറ്റും എടുത്ത് മുന്നോട്ടു നടക്കുമ്പോൾ ഒരു വൈനറി ടെസ്റ്റിംഗ് സെന്റർ. സോൾവാങ്ങിലെ മറ്റൊരു പ്രത്യേകതയാണി മുക്കിനുമുക്കിന് കാണുന്ന വൈനറി ടെസ്റ്റിംഗ് സെന്ററുകൾ അഥവാ ഷോപ്പുകൾ. പിന്നെ ഒരു പാട് ഗിഫ്റ്റ് സെന്ററുകളും ഉണ്ട്. അവിടെ പലതരം സെറാമിക് പാത്രങ്ങൾ, വിൻഡ് മില്ലിന്റെ കൊച്ചു സെറാമിക് മാഗ്നെറ്റുകൾ, തൊപ്പികൾ, വള, മാല എന്നിങ്ങനെ കൗതുകമുണർത്തുന്ന കൊച്ചുകൊച്ചു സാധനങ്ങൾ ഒക്കെ ഉണ്ട്. സെറാമിക് പാത്രങ്ങളിൽ സോൾവാങ് ഗ്രാമം തന്നെയാണ് ആലേഖനം ചെയ്തിരിക്കുന്നത്. ആ ഗ്രാമത്തിന്റെ പല ഭാഗങ്ങൾ ആണ് സെറാമിക് പാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. ഒപ്പം പരമ്പരാഗത വസ്ത്രമണിഞ്ഞ സ്ത്രീ പുരുഷമാരെയും ആലേഖനം ചെയ്തിട്ടുണ്ട്. പലതരം ഗിഫ്റ്റുകൾ എടുത്തുനോക്കിയും ഭംഗി ആസ്വദിച്ചും ഞങ്ങൾ പുറത്തേക്ക് നടന്നു.

കോപ്പൻഹാഗൻ ഡ്രൈവ് ഇവിടുത്തെ പ്രധാനറോഡ് ആണെന്നുതന്നെ പറയാം. എല്ലാ വിധകടകളും ഈ തെരുവിലാണ് ഉള്ളത്. ക്രിസ്മസ് ആവുമ്പോൾ ഇവിടങ്ങളിലെ എല്ലാ കടകളും വർണ്ണവിളക്കുകൾ കൊണ്ട് അലങ്കരിക്കും ഒപ്പം മനോഹരമായ ക്രിസ്മസ് ട്രീയും ഒരുക്കിയിരിക്കും. ക്രിസ്മസ് ട്രീ ഒരുക്കാൻ അവരവരുടെ കടകളിൽ വാങ്ങുവാൻ കിട്ടുന്ന അലങ്കാര വസ്തുക്കൾ മാത്രമേ ഉപയോഗിക്കു. ഒരു കടയിൽ അതിമനോഹരമായ ക്രിസ്മസ് ട്രീ കണ്ട് ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. അലങ്കരിച്ച ക്രിസ്മസ് ട്രീയിലേക്ക് ഒരു ഏണി, അതിലൂടെ മുകളിലേക്ക് കേറുകയും ഇറങ്ങുകയും ചെയ്യുന്ന സാന്തയുടെ ഓമനത്തം തുളുമ്പുന്ന ഒരു കൊച്ചു ബൊമ്മ.

സാധാരണ ക്രിസ്മസ് ട്രീകളിൽ നിന്നും വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീ കണ്ടു, പിങ്ക് നിറത്തിലുള്ള റിബ്ബൺ കൊണ്ട് ഒരു ക്രിസ്മസ് ട്രീ, അതൊരു സ്ത്രീകളുടെ മാത്രം വസ്ത്രങ്ങളുടെ കട ആയിരുന്നു ഒരു പക്ഷേ അതാവാം പിങ്ക് റിബ്ബണിന് പിന്നിലെ രഹസ്യം. ഗ്രാമവീഥികൾ മൊത്തം വർണ്ണ വിളക്കുകൾ കൊണ്ട് അലങ്കരിക്കുക മാത്രമല്ല സാന്റയോ സ്നോ മനോ അങ്ങനെ എന്തെങ്കിലും കൂടി ഉണ്ടാവും. ആളുകളുടെ, പ്രധാനമായും കടകളിൽ നിൽക്കുന്നവരുടെ, വസ്ത്രങ്ങൾ ക്രിസ്മസ് വരവായി എന്ന് വിളിച്ചു പറയുംപോലെയാണ്. ഈ അലങ്കാരങ്ങളിൽ മുങ്ങിപോവുന്നതല്ല വിൻഡ്മില്ലിന്റെ ഭംഗി എന്ന് എടുത്തുപറയേണ്ടി വരും. ഒരു തരി ഡെക്കറേഷൻ പോലുമില്ലങ്കിലും തടിയിൽ നിർമ്മിച്ച വിൻഡ്മിൽ ആ വർണ്ണ വിളക്കുകളുടെ പ്രഭയിൽ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു.

ക്രിസ്മസിന് ഇവിടെ ഒരുപാട് സാംസ്‌കാരിക പരിപാടികൾ ഉണ്ട്. ക്രിസ്മസ് രാവിൽ ഗ്രാമവാസികൾ തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് റാലി നടത്തും, ഒപ്പം അവർ ആടിയും പാടിയും ക്രിസ്തുദേവന്റെ പിറവി ആഘോഷിക്കും. ഓരോ വർഷവും പരിപാടികളിൽ വിത്യാസം ഉണ്ടെങ്കിലും ഈ റാലിയും ആട്ടവും പാട്ടും എല്ലാ വർഷവും ഉണ്ടാവും. നല്ലപോലെ ഇരുട്ട് വീണ് കഴിഞ്ഞിരുന്നു, ഒപ്പം നല്ല തണുപ്പും. ഇത്രയും തണുപ്പ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, സമയം ഒത്തിരി വൈകിയിട്ടൊന്നുമില്ല എങ്കിലും ഈ ഡാനിഷ് സുന്ദരിക്ക് ഉറങ്ങുവാൻ സമയമായിരിക്കുന്നു. കടകൾ മിക്കവയും അടച്ചുകഴിഞ്ഞിരിക്കുന്നു, ഗ്രാമവീഥികളിൽ കുറച്ച് സഞ്ചാരികൾ മാത്രമായി, അവരാകട്ടെ ഫോട്ടോ എടുക്കുന്ന തിരക്കിലും. തണുപ്പ് കൊണ്ട് പല്ലുകൾ കൂട്ടിയിടിക്കുമ്പോൾ വിശപ്പിന്റെ വിളി ഉച്ഛസ്ഥായിലായി. ഞങ്ങൾ മുറിയിലേക്ക് തിരിച്ച് നടന്നു. മുറിയിൽ എത്തിയ ഉടൻ ഹീറ്റർ ഓൺ ചെയ്തു, കുറച്ചു നേരം കൊണ്ട് തണുപ്പ് മാറിക്കിട്ടി. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം ഓവനിൽ വെച്ച് ചൂടാക്കി ഞങ്ങൾ മൂവരും കൂടി കഴിച്ചു. യാത്രാക്ഷീണം നന്നേ ഉള്ളതിനാൽ മൂവരും വളരെ പെട്ടെന്നു തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു. പാതി മയക്കത്തിലും വെളിയിൽ നിന്നും ഇടക്കിടക്ക് ഉയർന്ന് കേൾക്കാം “ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ്, ജിംഗിൽ ഓൾ ദി വേ… ഓ വാട്ട് ഫൺ, ഇറ്റ് ഈസ് ടു റൈഡ്…”. ഉറക്കത്തിലും ഉറങ്ങാത്ത സോൾവാങ്.

നന്നേ പുലർച്ചേ തന്നെ എണീറ്റ് പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞ് തയ്യാറായി വരുമ്പോൾ കൂടെ ഉള്ള ഒരാൾ കണ്ണും തിരുമ്മി എണീറ്റു വരുന്നതേ ഉള്ളു. സമയം കളയുവാൻ തീരെ ഇല്ല, സോൾവാങ്ങിലെ സൂര്യോദയം കാണുകയും വേണം. ഒടുവിൽ തയ്യാറായിരിക്കുന്ന ഞങ്ങൾ രണ്ടും കൂടി പോകുവാൻ തീരുമാനമായി. തിരിച്ച് വന്ന ശേഷം ഒരുമിച്ച് പ്രാതൽ കഴിക്കാം എന്ന് പറഞ്ഞുറപ്പിച്ച് രണ്ട് സ്മാർട്ട് കീയിൽ ഒന്നെടുത്ത് ഞങ്ങൾ ഇറങ്ങി. വെളിയിൽ ഇറങ്ങിയപ്പോൾ നല്ല തണുപ്പ്, പക്ഷേ അത് വകവയ്ക്കാതെ ഞങ്ങൾ മുന്നോട്ട് നടന്നു. ഗ്രാമം ഉറക്കമുണർന്ന് വരുന്നതേ ഉള്ളു. വീഥികളിൽ സഞ്ചാരികൾ മാത്രമേ ഉള്ളു. ഇന്ത്യയിൽ നിന്നുമുള്ള കുറച്ച് പേരെ അങ്ങിങ്ങായി കണ്ടു. കുറച്ചു മനോഹരങ്ങളായ ഫോട്ടോകൾ എടുത്തു അപ്പോഴേക്കും കൈകൾ തണുത്തുമരവിച്ചു തുടങ്ങിയിരുന്നു. വെറും ഒരു ഡിഗ്രിയെ ഉള്ളു, ഞങ്ങൾ മുറിയിലേക്ക് തിരക്കിട്ട് നടന്നു.

തിരിച്ച് മുറിയിലെത്തി ഞങ്ങൾ മൂവരും കൂടെ പ്രാതൽ കഴിക്കാൻ ഹോട്ടലിന്റെ തന്നെ കാന്റീനിലേക്ക് നടന്നു. അവിടുത്തെ തിരക്ക് കണ്ട് ഭക്ഷണവുമെടുത്ത് മുറിയിലേക്ക് പോവാൻ ഞങ്ങൾ തീരുമാനിച്ചു. ബ്രെഡ് ബട്ടർ ജാം, പലതരം ക്രോസാൻസുകൾ, പുഴുങ്ങിയ മുട്ട, പലതരം പഴച്ചാറുകൾ പിന്നെ ചായ കാപ്പി തുടങ്ങിയവ ഉണ്ട്. ഭക്ഷണം കഴിച്ച് ജാക്കറ്റ് എടുത്തിട്ട് മുറിയും പൂട്ടി ഞങ്ങൾ ബാഗ്ഗും എടുത്ത് ഇറങ്ങി. പതിനൊന്ന് മണിക്ക് മുറി വിടണം ഇല്ലങ്കിൽ ഒരു ദിവസത്തെ വാടക കൂടി കൊടുക്കേണ്ടി വരും. റിസെപ്ഷനിൽ ചെന്ന് കീ എല്ലാം തിരിച്ചു കൊടുത്തു. ഓൺലൈനിൽ മുൻകൂറായിയായി മുറിവാടക അടച്ചിരുന്നതിനാൽ റിസപ്ഷനിൽ അധികം സമയം നഷ്ടമായില്ല. ഞങ്ങൾക്ക് തിരിച്ച് പോകുവാൻ ഉള്ള വണ്ടി ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണെന്നും അതുവരെ ബാഗുകൾ അവിടെ സൂക്ഷിക്കാമോ എന്ന് ചോദിച്ചു. അവർ വളരെ സന്തോഷത്തോടെ ബാഗ് എല്ലാം എടുത്ത് അകത്തെ മുറിയിൽ വെച്ചു.

തലേന്ന് നടന്ന വഴികളിലൂടെ നടക്കുമ്പോൾ പ്രഭാതകിരണങ്ങളിൽ കുളിച്ച ഗ്രാമത്തിന് വേറൊരു ഭംഗിയാണ് എന്ന് തോന്നിച്ചു. കോപ്പൻഹാഗൻ ഡ്രൈവിലൂടെ നടന്ന് ഞങ്ങൾ ദി കോപ്പൻഹാഗൻ ഹൗസിന് മുന്നിൽ എത്തി. ഇതിന്റെ മുൻപിൽ തടിയിൽ ഉണ്ടാക്കിയ മൂന്ന് ജീവസുറ്റ പ്രതിമകൾ ഉണ്ട് അവ സോൾവാങ് എന്ന ഈ ഗ്രാമത്തെ സ്ഥാപിച്ച റവ. ബെനടിക്കറ്റ് നോർഡന്റോഫ്, റവ. ജീൻസ് എം ഗ്രിഗറിസൺ, പ്രൊഫസർ പെഡർ പി ഹോൺസിൽഡ് എന്നിവരുടേതാണ്. 1911 ജനുവരി 23 നിന്നാണ് അവർ 9000 ഏക്കർ ഭൂമിയിൽ സോൾവാങ് എന്ന ഈ മനോഹരമായ ഡാനിഷ് ഗ്രാമം ഉണ്ടാക്കിയത്. കോപ്പൻഹാഗൻ ഹൗസിനുള്ളിൽ ആഭരണങ്ങൾ, പ്രതിമകൾ, വിശേഷപ്പെട്ട കല്ലുകൾ എന്നിവയൊക്കെ വാങ്ങിക്കാം. എഴുന്നൂറ് പേർക്ക് ഇരിക്കാവുന്ന ഓപ്പൺ തീയേറ്റർ ആയ സോൾവാങ് ഫെസ്റ്റിവൽ തീയേറ്റർ കോപ്പൻഹാഗൻ ഡ്രൈവിന് തൊട്ടുപുറകിൽ ഉള്ള സെക്കന്റ് സ്ട്രീറ്റിൽ ആണ്. കോപ്പൻഹാഗൻ ഹൗസിന് മുന്നിൽ നിന്നും ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ വസ്ത്രങ്ങൾ വിൽക്കുന്ന ഒരു കട ശ്രദ്ധയിൽ പെട്ടു, ഡാനിഷ് പരമ്പരാഗത വസ്ത്രങ്ങളുടെ കടയായ എലനാസ് ഡ്രസ്സ് ഷോപ്.

ഡാനിഷ് വേഷവിധാനങ്ങൾ ഓരോ പ്രദേശത്തും വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി ഒരു പോലെ തന്നെയാണ്. വീടുകളിൽ തന്നെ ഉണ്ടാവുന്ന പരുത്തി, അവയ്ക്ക് പ്രകൃതിദത്തമായ നിറങ്ങൾ കൊടുത്ത് ഇവർ തങ്ങൾക്കുള്ള വസ്ത്രങ്ങൾ ഉണ്ടാക്കിയെടുക്കുന്നു. ഒരു പെറ്റിക്കോട്ട്, അതിന് മുകളിലായി ഒരു പാവാട, അതിനു മുകളിൽ സിൽക്ക് കൊണ്ടുള്ളതോ അല്ലെങ്കിൽ എംബ്രോയ്ഡറി ചെയ്തതോ ആയ ഒരു ഏപ്രൺ, ഒരു ബ്ലൗസും, ജാക്കറ്റും കൂടി ആയാൽ ഡാനിഷ് സ്ത്രീകളുടെ വസ്ത്രമായി. ഒരു സ്കാർഫ് കഴുത്തിൽ ചുറ്റുന്ന പതിവും ഇവർക്കുണ്ട്. ഡാനിഷ് പുരുഷന്മാരുടെ വസ്ത്രങ്ങൾ പരുത്തി കൊണ്ട് ഉണ്ടാകുമെങ്കിലും ചെമ്മരിയാടിന്റെ രോമങ്ങളും ചണയും ഉപയോഗിച്ചും ഉണ്ടാക്കാറുണ്ട്. കാലിൽ തുവൽ കൊണ്ടുള്ള ബൂട്സ്, പരുത്തി കൊണ്ടുള്ള സോക്സ്‌, പാൻറ്, ഷർട്ട് ഒരു നീളൻ ജാക്കറ്റ്, തൂവൽ കൊണ്ടുള്ള ഒരു തൊപ്പിയും കൂടിയാൽ പുരുഷമാരുടെ വസ്ത്രമായി. ടിൻ കൊണ്ടുള്ള ബട്ടൺ ആണ് ഇവരുടെ ഷർട്ടുകൾക്ക്, സാമ്പത്തികമായി ഉയർന്നവർ വെള്ളിയിൽ ഉണ്ടാക്കിയ ബട്ടണുകൾ ഉപയോഗിക്കും.

ഈ ഗ്രാമത്തിലെ ഓരോ വീടുകളും അല്ലെങ്കിൽ കെട്ടിട സമുച്ചയങ്ങളും മറ്റേതൊരു അമേരിക്കൻ വീടുകൾ പോലെ തന്നെ ആയിരുന്നു, ലുത്തീരാൻ പള്ളിക്ക് മാത്രമായിരുന്നു ഇവിടെ ഡാനിഷ് വാസ്തുകലയുമായി ബന്ധമുണ്ടായിരുന്നത്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആ ഗ്രാമം യഥാർത്ഥ ഡാനിഷ് ഗ്രാമം ആക്കണമെന്ന മുറവിളി ഉയർന്നു. അങ്ങനെ 1940ൽ ഫെർഡിനാൻഡ് സോറെൻസെൻ തന്റെ ഭവനം ഡാനിഷ് മാതൃകയിൽ നിർമ്മിച്ചു. പിന്നീട് അവിടെ നിർമ്മിച്ച ഓരോ പുതിയ വീടുകളും അല്ലെങ്കിൽ ഏതൊരു കെട്ടിട സമുച്ചയവും ഡാനിഷ് മാതൃകയിൽ തന്നെ ആണ്. തുടർന്ന് അവിടുത്തെ ഒരു ആർക്കിടെക്റ്റ് ആയ ഏറ്‍ൽ പീറ്റേഴ്സൺ പഴയ ഭവങ്ങൾക്ക് ഡാനിഷ് രൂപം നൽകി നവീകരിച്ചെടുത്തു.

ചുരുക്കം പറഞ്ഞാൽ ആ പഴയ ഭവനങ്ങൾ രൂപം കൊണ്ട് ഡാനിഷ് ആണെങ്കിലും സ്വഭാവം കൊണ്ട് അമേരിക്കൻ തന്നെയാണ്. പിന്നീട് ഇതൊരു സമ്പൂർണ്ണ ഡാനിഷ് ഗ്രാമം ആക്കിയെടുക്കാനായി റവ. ജീൻസ്‌ എം ഗ്രിഗറിസൺ ഡെന്മാർക്കിൽ നിന്നുമുള്ള മറ്റ് കുടിയേറ്റക്കാരെ കാണുകയും അവരോട് സോൾവാങ്ങിൽ ഭൂമി വാങ്ങിക്കുന്നതിനും നിർബന്ധിച്ചു. ഇവിടുള്ള ജനത ഡാനിഷ് പൂർവികരുടെ പിന്തുടർച്ചക്കാർ ആണ്, തങ്ങളുടെ യഥാർത്ഥ സംസ്ക്കാരം കാത്ത് സൂക്ഷിക്കുന്നവർ, അത് തങ്ങളെ വ്യത്യസ്ഥമാക്കും എന്ന് തിരിച്ചറിഞ്ഞവർ. ഇവരുടെ പ്രധാന വരുമാന മാർഗ്ഗമാണിന്ന് ടൂറിസം ഒപ്പം ഡാനിഷ് രുചികളും. 1939ൽ ഡന്മാക്കിന്റെ രാജകുമാരനായ പ്രിൻസ് ഫെഡെറിക് ഈ ഗ്രാമം സന്ദർശിച്ചത് വഴിയാണ് ഈ ഗ്രാമം സഞ്ചാരികളെ ആകർഷിച്ചു തുടങ്ങിയത്. ഇപ്പോൾ വർഷത്തിൽ കുറഞ്ഞത് ഒരു മില്യൺ സഞ്ചാരികൾ വരുന്നു എന്നാണ് കണക്ക്.

എലനയുടെ ഡ്രസ്സ് ഷോപ്പും കടന്ന് ഞങ്ങൾ അലിസാൽ റോഡിൽ എത്തി, ഇവിടെയാണ് സോൾവാങ് വിൻഡ്മിൽ ഉള്ളത് അടുത്ത് തന്നെ ആഇബ്ലീസ്‌കിവീർ കഫേ, ഡാനിഷ് സ്പെഷ്യൽ വിഭവമാണ് ആഇബ്ലീസ്കിവീർ. സോൾവാങ് വിന്റജ് മ്യൂസിയം ഇതേ റോഡിൽ തന്നെ ആണെങ്കിലും തുറന്നിരുന്നില്ല. ആദ്യം വിൻഡ്മിൽ കാണാമെന്നു തീരുമാനമായി, ഞങ്ങൾ മൂവരും അവിടേക്ക് നടന്നു. അങ്ങ് മുകളിൽ ബാൽക്കണി വരെ പോവാൻ അനുവാദമില്ല, പോവാൻ അനുവാദമുള്ളയിടം വരെ പോവാൻ ആളുകളുടെ തിരക്കും. ഞങ്ങൾ അവിടെ കുറച്ച് നേരം ചുറ്റിപറ്റി നിന്ന് കുറച്ചു ഫോട്ടോയും എടുത്ത് ആഇബ്ലീസ്കിവീർ കഫേയിലേക്ക് നടന്നു. ഇഷ്ടപ്പെടുമോ എന്ന് ഉറപ്പില്ലാത്ത കൊണ്ട് ഒരാൾ മാത്രം ആഇബ്ലീസ്കിവീർ പറഞ്ഞു. അല്പനേരത്തിനുള്ളിൽ വിഭവം എത്തി. ഒരു കൊച്ചു പ്ലേറ്റിൽ കുറച്ച് ആഇബ്ലീസ്കിവീറുകൾ. മധുരം ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഇഷ്ടമാവും. ആഇബ്ലീസ്കിവീർ എന്നാൽ ആപ്പിൾ കഷ്ണം എന്നാണ് പോലും പക്ഷേ ഈ വിഭവത്തിന് ആപ്പിളുമായി ഒരു ബന്ധവും ഇല്ല എന്നതാണ് രസകരം. ക്രിസ്മസ് വത്സരത്തിൽ ഡെന്മാർക്കിൽ, വളരെ പ്രധാന്യമുള്ള പരമ്പരാഗതമായ ഒരു പലഹാരമാണ് ഗോളാകൃതിയിൽ ഉള്ള ഈ പാൻകേക്ക്. മൈദാ, മുട്ട, ഉപ്പ്, പഞ്ചസാര, ഉരുക്കിയ ബട്ടർ , ബേക്കിംഗ് സോഡാ, ബട്ടർ മിൽക്ക്, വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഡാനിഷ് പാൻകേക്ക് ഉണ്ടാക്കാൻ പ്രത്യേകമായ ആഇബ്ലീസ്കിവീർ പാൻ ആവശ്യമാണ്. പാൻ നമ്മുടെ ഉണ്ണിയപ്പ ചട്ടി മാതിരി ഇരിക്കും. മാവിനും രുചിക്കും വ്യത്യാസമുണ്ടെങ്കിലും കണ്ടാൽ നമ്മുടെ പണ്യാരം പോലിരിക്കും. ഒരു സദാ ആഇബ്ലീസ്കിവീർ ആണെങ്കിൽ ഫില്ലിംഗ് ഉണ്ടാവില്ല. ചോക്ലേറ്റ് ഫില്ലിംഗ് ഉള്ള ആഇബ്ലീസ്കിവീറിന് ഡോണട്ടിന്റെ രുചിയാണ് എനിക്ക് തോന്നിയത്. ഡിസേർട്ടും കഴിച്ച് ഒരു കോഫിയും വാങ്ങി ഞങ്ങൾ അലിസാൽ റോഡിലൂടെ നടന്നു.

ഫസ്റ്റ് സ്ട്രീറ്റിൽ എത്തിയപ്പോൾ എതിർ വശത്തു സോൾവാങ് പാർക്ക് കണ്ടു. പാർക്കിനു അരികിലായി മുച്ചക്ര സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കട കണ്ടു, നല്ല തിരക്കാണവിടെ. ഗ്രാമത്തിലെ നടപ്പാതകൾ വളരെ മനോഹരമായി തന്നെ നിർമിച്ചിട്ടുണ്ട്. നടന്നു കാണേണ്ടവർക്ക് നടന്ന് കാണാം അല്ലാത്തവർക്ക് ഇത്തരം മുചക്ര സൈക്കിൾ എടുത്ത് കറങ്ങി കാണാം. ഫസ്റ്റ് സ്ട്രീറ്റിൽ മുഴുവൻ ചെരുപ്പ് കടകൾ ആണ്, മിക്ക കടകളിലും തടി കൊണ്ടുള്ള ഷൂവും കാണും, ഇത് ഡാനിഷ് സംസ്കാരത്തെക്കാൾ ഡച്ച് സംസ്കാരത്തിന്റെ ഭാഗമാണ് കാരണം ലോകത്തെ ഏറ്റവും പഴക്കമുള്ള ക്ലോഗ് കണ്ടെടുത്തിരിക്കുന്നത് ആംസ്റ്റർഡാമിൽ നിന്നുമാണ് ഒപ്പം യൂറോപ്പിൽ ക്ലോഗ് എങ്ങനെ വന്നു എവിടെ നിന്നും വന്നു എന്നതിനെ കുറിച്ച് കൃത്യമായി അറിവില്ല എന്നത് തന്നെ. പതിമൂന്നാം നൂറ്റാണ്ട് മുതലാണ് ഡാനിഷുകാർ ക്ലോഗ് ഉപയോഗിച്ചു തുടങ്ങിയതെന്ന് പറയപ്പെടുന്നു. പണ്ട് കാലങ്ങളിൽ കൃഷി ചെയ്യുമ്പോൾ കാലുകളെ സംരക്ഷിക്കുവാൻ വേണ്ടിയാണ് ക്ലോഗ് ഉപയോഗിച്ചിരുന്നതത്രെ. ഫസ്റ്റ് സ്ട്രീറ്റിലെ ഒരു കടയുടെ മുൻപിലായി ഒരു കൂറ്റൻ തടി/വുഡൻ ഷൂ അഥവാ ക്ലോഗ് വെച്ചിട്ടുണ്ട്. ആ കൂറ്റൻ ക്ലോഗിന് മുന്നിൽ നിന്നും ഫോട്ടോ എടുക്കാൻ നല്ല തിരക്കാണ്.

സോൾവാങ് പാർക്കിൽ ക്രിസ്മസ് അപ്പൂപ്പന്റെ വീടുണ്ട്‌ പക്ഷെ അപ്പൂപ്പനെ കണ്ടില്ല ഒരു പക്ഷെ സമ്മാനങ്ങൾ കൊടുക്കുന്നതിന്റെ തിരക്കിലാവാം എന്ന് വെറുതെ ചിന്തിച്ചു. പാർക്കിനു മുന്നിലെ റോഡിനപ്പുറമാണ് ആ ഗ്രാമത്തിന്റെ ഹൃദയതുടിപ്പായ ക്ലോക്ക് ടവർ സ്ഥിതി ചെയുന്നത്. ഡെന്മാർക്കിലെ സിറ്റി ക്ലോക്ക് ടവറിന്റെ തനിപകർപ്പാണിത്. ടവറിനു താഴെ വൈനറി ഷോപ്പാണ്.

പാർക്കിൽ നിന്നും നേരെ മിഷൻ ഡ്രൈവിലേക്ക് പോയി അവിടെ വിൻഡ്‌ലിംഗ് മ്യൂസിയം ഉണ്ട്, പത്ത് ഡോളർ ആണ് പ്രവേശനത്തിനുള്ള ടിക്കറ്റ് വില, ഈശ്വരസഹായത്താൽ അതും തുറന്നിരുന്നില്ല. ഞങ്ങൾക്ക് പോകുവാനുള്ള സമയമായി വരുന്നു. ഞങ്ങൾ പതുക്കെ ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടലിൽ തിരിച്ചെത്തി പതിയെ ബാഗും തൂക്കി ബസ് സ്റ്റോപ്പിലേക്ക് ഞങ്ങൾ നടന്നു. മൂന്ന് മണി ആവാറായപ്പോൾ ആംട്രാക്കിന്റെ ത്രൂവേ കോച്ച് എത്തി. ബാഗ് ഒക്കെ ഡ്രൈവർ അകത്തേക്ക് എടുത്തു വെച്ചു. ബസ് പതിയെ ഞങ്ങളെയും വഹിച്ചുകൊണ്ട് സാന്ത ബാർബറയിലേക്ക് കുതിക്കുവാൻ തുടങ്ങുമ്പോൾ പിന്നിൽ ആ ഗ്രാമത്തിന്റെ ഹൃദയതുടിപ്പ് മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവത്തിന്റെ മധുരസ്മരണകളിൽ മുഴുകി ഞങ്ങൾ യാത്രയായി.

സോൾവാങ്ങിൽ ഒത്തിരി ഒന്നും കാണാൻ ഉണ്ടെന്ന് അവകാശപ്പെടാൻ ആവില്ല. ഒരു രാത്രി താമസിച്ച് പോകാവുന്ന ഒരു ഫെയറി ടെൽ ഗ്രാമം, അവിടുത്തെ ശാന്തത, ഗ്രാമഭംഗി, ഡാനിഷ് വാസ്തുകല, പരമ്പരാഗത ഭക്ഷണം, അൽപ്പം ഷോപ്പിംഗ് ഇതൊക്കെയാണ് സോൾവാങ്ങിൽ ചെയുവാനുള്ളത്. തീർച്ചയായും ഞങ്ങൾക്ക് നഷ്ടമായ ഒന്നാണ് ക്രിസ്മസ് രാവിൽ ഉള്ള പരമ്പരാഗത റാലിയും ഡാൻസും. ഈ ആഘോഷം കാണുവാനായി ഒരു രാത്രി കൂടി നിൽക്കണം എന്ന് മൂവർക്കും ആഗ്രഹമുണ്ടായിരുന്നു പക്ഷേ എനിക്കൊഴികെ ബാക്കി രണ്ടു പേർക്കും പിറ്റേന്ന് ഓഫീസിൽ പോവേണ്ടത് കൊണ്ട് വേണ്ടന്ന് വെച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply