ജീവിതത്തിലെ ഏറ്റവും മനോഹരമായ പതിനാറുരൂപയുടെ ആനവണ്ടിയാത്ര

ചെറുപ്പംമുതലെ അധികമായി യാത്ര ചെയ്ത വണ്ടിയേതാണ് എന്നു ചോദിച്ചാൽ അധികമാലോചിക്കാതെ ഞാൻ ഉത്തരം പറയും ബസ്സ് എന്ന്.  ഉയരം വെക്കാത്ത മുൻപേ കൈകൊണ്ട് ബസിന്റെ ഉയരത്തിലുള്ള കമ്പിയിൽ പിടിക്കണമെന്ന ആവേശമായിരുന്നു എന്റെ ഓരോ ബസ്സ് യാത്രയും.പക്ഷെ ചെറുപ്പത്തിൽ ഓരോ വട്ടവും എന്നെ ബസ്സിന്റെ മുന്നിലുള്ള സീറ്റിൽ ഇരുത്താറായിരുന്നു പതിവ്. ആ പ്രായത്തിൽ എന്താണെന്നറിയില്ല, കേരളത്തിന്റെ സ്വന്തം ബസ്സായ ചുവന്ന വണ്ടിയോട് തീരെ താൽപ്പര്യം തോന്നിയിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ അതിൽ പാട്ടില്ലാത്തത് അന്നത്തെ എന്റെ ഏറ്റവും വല്ല്യ ഇഷ്ടകുറവായിരിക്കാം. ചെറുപ്പമല്ലേ…!

ഇന്ന് വർഷങ്ങൾ കടന്നുപോയി…ഞാൻ അത്യാവശ്യം വളർന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങി. അതെ വളർന്നിട്ടുണ്ട്.! ജീവിതത്തിലെ ഏറ്റവും നല്ല പ്രണയം അത് ഞാൻ യാത്രയോടാക്കി മാറ്റിയപ്പോ ഞാൻ വളർന്നു എന്ന തിരിച്ചറിവ് എനിക്ക് വന്നുതുടങ്ങി…! കഴിഞ്ഞ നാലുവർഷമായി സ്വന്തം നാടിനോട് സലാം പറഞ്ഞ് എറണാകുളം എന്ന തിരക്കുപിടിച്ച നഗരത്തിലേക്ക് വന്നിട്ട്. സത്യം പറയാം. ഇതെഴുതുംവരെ ഇവിടെ രണ്ടുനിലയുള്ള ആനവണ്ടി ഞാൻ കണ്ടിട്ടില്ല…! കഴിഞ്ഞ ദിവസമാണ് തോപ്പുംപടി എന്ന സ്ഥലത്തേക്ക് അത്യാവശ്യമായി പോവേണ്ടിവന്നത്. ബസ്സിനുവേണ്ടി കാത്തുനിന്ന് കാത്തുനിന്ന് കാത്തുനിന്ന് ഒടുക്കം കത്തിരിപ്പിനെ ഞാനൊരു കൂടപ്പിറപ്പാക്കി. അങ്ങനിരിക്കെയാണ് നമ്മുടെ ചുവന്ന രണ്ടുനിലക്കാരൻ കുട്ടൻ വരുന്നത്.

കണ്ടാൽതന്നെ ഒരു പേടി തോന്നിപ്പിക്കുമെങ്കിലും ഒട്ടും കണ്ണടക്കാതെ ഞാൻ ആ വണ്ടിയെ നോക്കി നിന്നു.ഒരാനവണ്ടി…!!! ഇതാണ് എന്റെ വണ്ടി എന്നുറപ്പിച്ച് ഞാൻ വണ്ടിയിൽ കയറി. എനിക്കുവേണ്ടി മാറ്റിവെച്ചപോലെ ഒരു വിൻഡോസീറ്റ് ഒഴിഞ്ഞുകിടപ്പായിരുന്നു. വിശക്കുന്നവന്റെമുന്നിൽ ബിരിയാണികിട്ടിയപോലെ ആർത്തിയിൽ ഞാൻ സീറ്റിൽ കേറിഇരുന്നു. ജീവിതത്തിൽ ആദ്യമായി രണ്ടുനില ബസ്സിൽ കയറിയ ആവേശമായിരുന്നു എനിക്ക്.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോ പയ്യെ എന്റെ ഫോണും ഹെഡ്സെറ്റും അനങ്ങിത്തുടങ്ങി.പിന്നൊരു പാട്ടും. ജനലരികെയിരുന്ന് ചെവിയിലെ പാട്ടിനൊപ്പം കാഴ്ചകൾ കാണുമ്പോൾ ഞാൻ കണ്ട സ്വപനങ്ങൾക്ക് നല്ല ചന്തമായിരുന്നു.  നമ്മുടെ ഭൂതകാലവും ഭാവികാലവും ചിന്തിക്കാൻ ഇതിലും നല്ലൊരിടം ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല… അതെ ആ ഒറ്റയാത്രയിൽ ഞാനെന്റെ പഴയ ഒത്തിരി നഷ്ടങ്ങൾ ഓർത്തു. ഇപ്പോൾ അനുഭവിക്കുന്ന ഒരുപാട് കഷ്ടപ്പാടുകൾ ഓർത്തു… നാളെയുടെ ഒത്തിരി നേട്ടങ്ങളിങ്ങനെ മനസ്സിൽ വന്നോണ്ടിരുന്നു…!!! എന്റെ ഇറങ്ങാനുള്ള സ്ഥലം എത്താറായപ്പോ ഞാൻ പതിയെ എഴുന്നേറ്റു.

പണ്ട് ഞാനിരിക്കാറുള്ള മുന്നിലെ സീറ്റിൽ ഒന്ന് നോക്കി. ഒപ്പം എന്റെ കൈ മുകളിലേക്കുയർന്ന് കമ്പിയിൽ പിടിച്ചു. ഇന്ന് ഞാൻ വലുതാണ്…പക്ഷെ എന്റെ മനസിപ്പോഴും മുന്നിലെ സീറ്റിൽ ഇരിക്കാനുള്ള ആ ചെറു പ്രായത്തോടാണ്. എനിക്കുള്ള ബെൽ അടിച്ചതോടെ ഞാൻ ഡോർ തുറന്ന് താഴെ ഇറങ്ങി. വണ്ടി നീങ്ങിയ ശേഷവും ഞാൻ ആ വണ്ടിയെത്തന്നെ നോക്കി നിന്നു. ഒപ്പം ഓർത്തു. ”പ്രിയപ്പെട്ട ആനവണ്ടിയെ…അറിവില്ലായ്മകൊണ്ട് നിന്നെ ഞാൻ വെറുത്തിട്ടുണ്ട്. നിന്നിൽ കേറാതെ ഇരുന്നിട്ടുമുണ്ട്… മാപ്പ്. ഞാൻ കാരണം നിനക്ക്‌ എന്റെ എത്രയോ ട്ടിക്കറ്റ് ഇല്ലാതായിട്ടുണ്ട്. ഇനി അങ്ങനെ ഇണ്ടാവില്ല. നഷ്ടത്തിലാണ് നീയെങ്കിലും നിന്നോടൊപ്പമുള്ള യാത്ര യാത്രക്കാരന് ഒരുപാട് ലാഭം ഉണ്ടാക്കിത്തരുന്നുണ്ട്…” ജീവിതത്തിലെ ഏറ്റവും നല്ല യാത്ര നിന്നോടൊപ്പം ഉള്ളതാണ്… കേരളത്തിലെ ചുവന്ന ആനയോട് ഇഷ്ട്ടം…പ്രണയം…!!! എന്ന് #ശ്രീഹരി_ബാല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply