മണ്‍മറഞ്ഞ ഇന്ത്യ- ശ്രീലങ്ക റൂട്ടിലെ ബോട്ട്‌മെയില്‍ എന്ന ട്രയിനിന്‍റെ കഥ..

1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കുന്നു- അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക്. ധനുഷ്‌കോടിയിലേക്ക് വിനോദയാത്ര പോകുന്ന കുറച്ച് സ്‌കൂള്‍ കുട്ടികളും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി പോകുന്ന മലയാളികളും തമിഴരുമടങ്ങിയ തൊഴിലാളികളുമായിരുന്നു ആ ട്രയിനില്‍. ട്രയിന്‍ ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാര്യം മനസ്സിലാക്കി. റെയില്‍വേ പാതയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല.

ട്രയിന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടശേഷം എഞ്ചിന്‍ ഡ്രൈവര്‍ സിഗ്നലിനായി കാത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ട്രയിന്‍ മുന്നോട്ടെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. എതിരെ മറ്റു ട്രയിനൊന്നും വരാനില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയ എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാഴ്ചകണ്ടു. മുന്നോട്ട് നീണ്ട് കിടക്കുന്ന പാളങ്ങളുള്‍പ്പെടെ കടലിനെയൊന്നാകെ എടുത്തുയര്‍ത്തിക്കൊണ്ട് വരുന്ന ഭീകരമായ കൊടുങ്കാറ്റ്. ഒന്നും ചെയ്യാനില്ലായിരുന്നു. 110 യാത്രക്കാരും അഞ്ചു ജീവനക്കാരുമുള്‍പ്പെടെ ആ തീവണ്ടിയെ കടലിന്നാഗധതയിലേക്ക് ആ കാറ്റ് വലിച്ചെറിഞ്ഞു.

ഒരുപക്ഷേ ഇന്ന് കേട്ടാല്‍ ആരും വിശ്വസിക്കാത്ത ഇന്ത്യ-സിലോണ്‍(ശ്രീലങ്ക) റെയില്‍ പാതയുടെ വര്‍ത്തമാനം ചരിത്രമായ നിമിഷമായിരുന്നു അത്. നമ്മുടെ കേരളത്തിലെ കൊല്ലത്തോ, കോട്ടയത്തോ ഉള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ അങ്ങനെയൊന്നുണ്ടായിരുന്നു. അത് 1964 ഡിസിംബര്‍ 22 രാത്രി 11.30 കഴിഞ്ഞപ്പോള്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ടു രാത്രികളില്‍ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. ഏതാണ് 1800 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ഇന്ത്യ- സിലോണ്‍ റെയില്‍പാതയും അന്നത്തെ തമിഴ്‌നാടിന്റെ യാതൊരു ടൗണിനോടും കിടപിടിക്കുന്ന ധനുഷ്‌കോടിയെന്ന പട്ടണവും ആ ദിവസത്തോടെ ചരിത്രമായി. മറ്റെല്ലാ പട്ടണങ്ങളിലുമുള്ള പോലെ സ്‌കൂളും, ദേവാലയങ്ങളും, ബാങ്കും, റയില്‍വേ സ്‌റ്റേഷനുമൊക്കെയുള്ള ഒരു പട്ടണം ഇന്ന് കെട്ടിടങ്ങളുടെ അസ്ഥിപഞ്ചരങ്ങള്‍ മാത്രം വഹിച്ചുകൊണ്ട് ഏകനായി നില്‍ക്കുന്നു. അകലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാമ്പന്‍ പാലത്തിന് സമാന്തരമായി പഴയ റയില്‍പാതയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കുറേ കോണ്‍ക്രീറ്റ് തൂണുകളും.
ശ്രീലങ്കയുടെ കണ്ണിലെ കരടായിരുന്ന എല്‍.റ്റി.റ്റി.ഇ രൂപം കൊള്ളുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്ത്യയും ശ്രീലങ്കയുമായുള്ള വ്യാപാര വാണിജ്യബന്ധങ്ങള്‍ വളര്‍ന്നിരുന്നത് ധനുഷ്‌കോടിയുടെയും അതുവഴിയുള്ള ഇന്ത്യ- സിലോണ്‍ പാതയുടെയും സഹായത്തോടെയായിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുകുടി മദ്രാസ് ദേശീയ പാതയില്‍ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തിനടുത്തുള്ള കൊച്ച് തുരുത്താണ് ധനുഷ്‌ക്കോടി. ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് വെറും 31 കി മി ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.

കോട്ടയത്തെയോ കൊല്ലത്തേയൊ റയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും അത്ഭുതമായിരിക്കും. എന്നാല്‍ അത് സാധ്യമായിരുന്നു. മദ്രാസ് എഗ്മൂറില്‍ നിന്നും ധനുഷ്‌കോടി വരെ ട്രെയിന്‍. ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലെ തലൈമന്നാര്‍ വരെ എസ്.എസ് ഇര്‍വ്വിന്‍ എന്ന ആവിക്കപ്പല്‍. തലൈമന്നാര്‍ മുതല്‍ കൊളംബോ വരെ വീണ്ടും ട്രെയിന്‍. കോട്ടയത്തു നിന്നോ കൊല്ലത്തു നിന്നോ പുറപ്പെടുന്നവര്‍ കണക്ഷന്‍ ട്രയിനില്‍ മധുരവരെയെത്തുകയും അവിടെ നിന്ന് ബോട്ട്‌മെയിലില്‍ യാത്ര തുടരുകയുമായിരുന്നു പതിവ്. പക്ഷേ ഇതിനെല്ലാം ഒറ്റ ടിക്കറ്റ് മതിയെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. പഴയ കൊല്ലം- ചെങ്കോട്ട മീറ്റര്‍ഗേജ് പാതയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നത്.

ട്രയിന്‍ ധനുഷ്‌കോടിയെത്തുമ്പോള്‍ അവിടെ ട്രയിനിനെ കാത്ത് എസ്.എസ്. ഇര്‍വിന്‍ എന്ന ആവിക്കപ്പല്‍ കിടക്കുന്നുണ്ടാകും, ഇന്ത്യയിലേക്കു വരുന്ന യാത്രക്കാരെയും കൊണ്ട്. ഇന്ന് പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്നതുപോലെ റെയില്‍പാളങ്ങള്‍ അവസാനിക്കുന്നിടത്തു തന്നെ കസ്റ്റംസും ഇമിഗ്രേഷനും നടത്തി നേരെ കപ്പലിലേയ്ക്ക് പ്രവേശിയ്ക്കുന്ന തരത്തിലുള്ള ഒരു യാത്ര സംവിധാനമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും വിസ ആവശ്യമില്ലായിരുന്നു. ട്രയിനില്‍ വരുന്ന ലങ്കയിലേക്കുള്ള യാത്രികരെയും കൊണ്ട് കപ്പല്‍ ശ്രീലങ്കയിലേക്കു തിരിക്കുമ്പോള്‍ അവിടുന്നുള്ളവരെയും വഹിച്ചുകൊണ്ട് ട്രയിന്‍ തിരികെ പോരുന്നു. കപ്പലിന്റെ യാത്ര ശ്രീലങ്കയിലെ തലൈമന്നാറില്‍ അവസാനിക്കുന്നു. അവിടെ നിന്നും കൊളംബോ വരെ വീണ്ടും ട്രയിന്‍ യാത്ര. ശ്രീലങ്കയ്ക്ക് ഏതു നിമിഷവും ഇന്ത്യയിലേക്കു വരാമെന്ന അവസ്ഥ, അതുപോലെ തിരിച്ചും.

തമിഴ്‌നാട്ടിലെ പാമ്പന്‍ ദ്വീപിനെ സമുദ്രംവഴി ധനുഷ്‌കോടിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ പാലമാണ് പാമ്പന്‍ പാലം. പാക് കടലിടുക്കിന് (ജമഹസ ടൃമശ)േ കുറുകേ 1914ല്‍ പണി പൂര്‍ത്തിയായ ഈ പാലം അന്നത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായിരുന്നു. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലം വിഭജിച്ച് ഉയര്‍ത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണമെന്നതാണ് കാരണം. പാമ്പന്‍ പാലം പൂര്‍ത്തിയായ 1914 ല്‍ തുടങ്ങിയതാണ് ഇന്ത്യ സിലോണ്‍ എക്‌സപ്രസ് എന്ന ബോട്ട് മെയില്‍.

അന്നുവരെ ഇന്ത്യകണ്ട ആ വലിയ ദുരന്തത്തില്‍ പാമ്പന്‍ പാലത്തിന്റെ തകര്‍ച്ചയും ധനുഷ്‌കോടിയില്‍ മനുഷ്യജീവനില്ലാതായതും അതുവഴിയുള്ള ശ്രീലങ്കയിലേക്കുള്ള ഗതാഗതത്തെ അവസാനിപ്പിച്ചു. ഇന്ന് ധനുഷ്‌കോടി വെറും പ്രേതനഗരിയാണ്. ദുരന്തത്തിനുശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണത്. ദുരന്തത്തിനു ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ധനുഷ്‌കോടിയുടെ പുനരുദ്ധാരണത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. എങ്കിലും വിനോദ സഞ്ചാരം ലക്ഷ്യമിട്ട് രാമേശ്വരം വരെ മലയാളിയുടെ അഭിമാനമായ എഞ്ചിനീയര്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പുതുക്കി പണിത പാമ്പന്‍ പാലമാണ് ഇപ്പോഴുള്ളത്. രാമേശ്വരം വരെ ട്രയിന്‍ ഇപ്പോഴുമുണ്ട്.

ഇപ്പോഴും രാമേശ്വരത്തേക്ക് പാമ്പന്‍ പാലത്തിലൂടെ സഞ്ചരികുന്നവര്‍ക്ക് കാണാന്‍ കഴിയും, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആ പഴയ ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ കടലില്‍ അവിടെയവിടെയായി പഴയ പാലത്തിന്റെ അവശിഷ്ടങ്ങളെ.

Courtesy : Amrithatv

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply