ഹണിമൂൺ ട്രിപ്പിനിടയിൽ നീലക്കുറിഞ്ഞി കാണാൻ കൊളുക്കുമലയിലേക്ക്

മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിലെ ഞങ്ങളുടെ ഹണിമൂൺ ആഘോഷത്തിനിടയിലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ പോയാലോ എന്ന ചിന്ത ഉടലെടുത്തത്. 12 വർഷങ്ങൾ കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞി കാണുവാനും ഒരു ഭാഗ്യം വേണം. മൂന്നാറിൽ പ്രധാനമായും രണ്ടു സ്ഥലങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ഒന്ന് രാജമല – പൊതുവെ ഇവിടെ സഞ്ചാരികളുടെ നല്ല തിരക്കായിരിക്കും. പ്രത്യേകിച്ച് ഇപ്പോൾ സീസൺ സമയമായതുകൊണ്ട്. അതുകൊണ്ട് രാജമലയിലേക്ക് ഞങ്ങൾ പോകുന്നില്ല എന്ന് തീരുമാനിച്ചു. പിന്നെയുള്ളത് കൊളുക്കുമലയാണ്. കൊളുക്കുമലയിൽ അത്യാവശ്യം നല്ലരീതിയിൽ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് എന്ന് ഹോട്ടലിലെ ആളുകൾ വഴി അറിയുവാനിടയായി. കൊളുക്കുമല പോകുവാനായി സൂര്യനെല്ലി വരെ നമുക്ക് നമ്മുടെ സ്വന്തം വണ്ടിയിൽ പോകാവുന്നതാണ്. പിന്നെ അവിടെ നിന്നും ജീപ്പ് വിളിച്ചു വേണം കൊളുക്കുമലയിലേക്ക് പോകുവാൻ. പുറത്തു നിന്നുള്ള വാഹനങ്ങൾ അവിടേക്ക് പ്രവേശിപ്പിക്കില്ല എന്നാണു അരിഞ്ഞത്.

ഞങ്ങളുടെ കൂടെ ഡ്രീം ക്യാച്ചർ റിസോർട്ടിന്റെ ആളായ സുഹൃത്ത് മോൺസനും ചേർന്നു. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഓഗസ്റ്റ് മാസത്തെ പ്രളയത്തിലും മണ്ണിടിച്ചിലിലും അവിടേക്കുള്ള വഴിയൊക്കെ തകർന്നിരുന്നു എങ്കിലും ഇപ്പോൾ എല്ലാം ശരിയായി വരുന്നു. പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ കാഴ്ചയെ മറച്ചുകൊണ്ട് കോടമഞ്ഞു മൂടി. ഡ്രൈവർമാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ സൂര്യനെല്ലിയിലെ എത്തിച്ചേർന്നു. സൂര്യനെല്ലിയിലെ നിന്നും രണ്ടായിരം രൂപയാണ് ഒരു ജീപ്പിനു ചാർജ്ജ് ആകുന്നത്. അങ്ങനെ ഞങ്ങൾ പണം അടച്ചു ഫോം ഫിൽ ചെയ്തുകൊണ്ട് യാത്രയ്ക്ക് തയ്യാറായി. കിടിലൻ ജീപ്പ് യാത്രയായിരുന്നു പിന്നീട് ഞങ്ങളെ അതിശയിപ്പിച്ചത്. കൊളുക്കുമലയിലേക്കുള്ള വഴി ഒരു പ്രൈവറ്റ് പ്രോപ്പർട്ടി ആയതിനാലാണ് പുറമെ നിന്നുള്ള വാഹനങ്ങൾ ഇവിടേക്ക് പ്രവേശിപ്പിക്കാത്തത്. പോകുന്ന വഴിയിൽ ഹാരിസൺ മലയാളത്തിന്റെ ഒരു ടീ ഫാക്ടറിയുണ്ട്. ഒരാൾക്ക് 150 രൂപ വീതം നൽകിയാൽ അതിനകത്ത് കയറി കാണുവാനും മറ്റും സാധിക്കും. എന്തായാലും ഞങ്ങളുടെ ഉദ്ദേശ്യം നീലക്കുറിഞ്ഞി കാണുക എന്നതായിരുന്നതിനാൽ ടീ ഫാക്ടറിയിൽ കയറുവാൻ നിന്നില്ല.

കൊളുക്കുമലയിലേക്ക് ഞാൻ ഇതിനു മുൻപ് വന്നിട്ടുണ്ടെങ്കിലും കല്യാണത്തിനു ശേഷമുള്ള ട്രിപ്പിനു ഒരു പ്രത്യേകത തന്നെയാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. കുറച്ചങ്ങോട്ടു കഴിഞ്ഞപ്പോൾ പിന്നെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള ഓഫ് റോഡ് യാത്ര ആരംഭിച്ചു. പോകുന്ന വഴി ഒരിടത്തു നിന്നും നല്ല ഫ്രഷ് കാരാട്ടും ഞങ്ങൾ വാങ്ങി. സൂര്യനെല്ലിയിലെ നിന്നും ഏകദേശം ഒരു മണിക്കൂറോളം എടുക്കും കൊളുക്കുമലയിലേക്ക് പോകുവാൻ.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. തേയിലയുടെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം അവിടെ പണിയെടുക്കുന്നവരെ നേരിട്ടു കാണുവാനും പരിചയപ്പെടുവാനും ഒക്കെ കഴിയും. അവരോട് നമ്മൾ കുശലാന്വേഷണങ്ങൾ നടത്തുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷം അവരുടെ മുഖത്തു കാണാവുന്നതാണ്. കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

സമയം ഉച്ചയായെങ്കിലും നല്ല തണുത്ത കാലാവസ്ഥയായിരുന്നു അവിടെ. പോകുന്ന വഴി ഒരു സ്ഥലത്തു നിന്നും 100 രൂപയുടെ പാസ്സ് എടുത്താൽ കൊളുക്കുമലയിലേക്ക് നമുക്ക് പ്രവേശിക്കാം. പിന്നീട് നമ്മുടെ യാത്ര തമിഴ്നാട്ടിലൂടെയാണ്. മണ്ണു വഴിയിലാകെ മഴ പെയ്തതിന്റെ അടയാളമായി വെള്ളം കെട്ടി നിൽക്കുന്നത് കാണാമായിരുന്നു. കുറച്ചു ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ പിന്നീട് അങ്ങോട്ട് ഞങ്ങൾ നടനായിരുന്നു മുകളിലേക്ക് പോയത്. അവിടേക്ക് വാഹനങ്ങൾ പോകില്ല. അങ്ങനെ ഞങ്ങൾ കയറ്റം കയറി മുകളിലെത്തി.

ഹോ.. അവിടെ കണ്ട കാഴ്ച അതിശയകരമായിരുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പ്രകൃതി നൽകുന്ന ഒരു ദൃശ്യാനുഭവം നേരിൽക്കാണുകയായിരുന്നു ഞങ്ങൾ അവിടെ. ചുറ്റിനും കോടമഞ്ഞു പരന്നിരുന്നു. വല്ലാത്തൊരു പോസിറ്റിവ് എനർജിയായിരുന്നു അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങളെക്കൂടാതെ കുറച്ചു ടൂറിസ്റ്റുകളും കുറിഞ്ഞി കാണുവാനായി അവിടെയെത്തിയിരുന്നു. എല്ലാവരും സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. ഇനി അവരുടെ ഫേസ്ബുക്കും ഇസ്റ്റാഗ്രാമും ഒക്കെ കുറിഞ്ഞി മയമായിരിക്കും.

അങ്ങനെ കുറേസമയം സ്വർഗ്ഗത്തിലെന്നപോലെ ഞങ്ങൾ അവിടെ ചെലവഴിച്ച ശേഷം താഴേക്ക് ഇറങ്ങി. സമയം ഏകദേശം മൂന്നു മാണി ആയിക്കഴിഞ്ഞിരുന്നു അപ്പോൾ. കോടമഞ്ഞാണെങ്കിൽ ഞങ്ങളെ പുതഞ്ഞു നിൽക്കുകയായിരുന്നു. അവിടെ നിന്നും ജീപ്പിൽ കയറി കൊളുക്കുമല ടീ ഫാക്ടറിയിലേക്ക്. നേരത്തെ എടുത്ത 100 രൂപയുടെ പാസ്സ് കാണിച്ചാൽ ടീ ഫാക്ടറിയുടെ അടുത്തുള്ള ഷോപ്പിൽ നിന്നും ചായ ഫ്രീയായി ലഭിക്കും. അവിടെ നിന്നും തേയില വാങ്ങുവാനും സാധിക്കും. ഇതിനു തൊട്ടടുത്തായാണ് കൊളുക്കുമല ടീ ഫാക്ടറി. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഗാർഡൻ എന്നാണു ഇത് അറിയപ്പെടുന്നത്. ഫാക്ടറിയിൽ കയറിയാൽ അവിടത്തെ പ്രക്രിയകൾ കാണുവാൻ സാധിക്കും.

കുറച്ചുസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ തിരികെ സൂര്യനെല്ലിയിലേക്ക് യാത്രയായി. വരുന്ന വഴിയിൽ പലയിടത്തും ഞങ്ങൾ നിർത്തി കാഴ്ചകൾ ആസ്വദിച്ചു. വ്യൂ പോയിന്റിനടുത്ത് മലപ്പുറത്തു നിന്നും വന്ന കുറച്ചു യുവാക്കൾ വന്നു പരിചയപ്പെടുകയുണ്ടായി. പിള്ളേരൊക്കെ നല്ല ട്രിപ്പ് മൂഡിലാണ്. മലപ്പുറത്തേക്ക് ഞങ്ങളെ ക്ഷണിച്ചിട്ടായിരുന്നു അവർ പോയത്. അങ്ങനെ ഞങ്ങൾ തിരികെ സൂര്യനെല്ലിയിൽ എത്തിച്ചേർന്നു. എല്ലാവർക്കും നല്ല വിശപ്പ് ഉണ്ടായിരുന്നു. ഇനി ഭക്ഷണം കഴിക്കണം, പിന്നെ ഒന്നു റെസ്റ്റ് എടുക്കണം.

ഹണിമൂൺ വരാൻ ആഗ്രഹിക്കുന്നവർക്ക്‌ ഒരു കിടിലൻ സ്ഥലമാണ് Dream Catcher Plantation Resort, Munnar. ഓൺലൈൻ ആയി ബുക്ക്‌ ചെയ്താൽ കുറഞ്ഞ റേറ്റിൽ റൂം ബുക്ക്‌ ചെയ്യാം. സാധാരണ നിരക്ക്‌ ഒരു റൂമിന്‌ 2000 മുതൽ ലഭ്യമാണ്‌. ട്രീ ഹൗസുകൾ 7000 മുതൽ ലഭിക്കും. +919745803111 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം.

Check Also

ബുള്ളറ്റിന് പകരം ബിഎസ്എ, കാത്തിരിക്കാം ഈ എല്‍ ക്ലാസിക്കോയ്ക്കായി

ബ്രിട്ടനിൽ നിന്നെത്തിയ രണ്ടു പേര് ഇന്ത്യൻ മണ്ണിൽ പോരാട്ടത്തിനൊരുങ്ങുന്നു. ഏകദേശം സമപ്രായക്കാരായ രണ്ടു കമ്പനികളിലൊന്നിനെ ഇന്ത്യയിലേയ്ക്ക് പറിച്ചു നട്ടതാണെങ്കിൽ മറ്റൊന്ന് …

Leave a Reply