ഊട്ടിക്ക് കർണ്ണാടകയുടെ സ്നേഹ സമ്മാനമായി ഒരു പുത്തന്‍ ഗാര്‍ഡന്‍…

ഊട്ടിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി ഫേൺ ഹിൽസിന്റെ സുന്ദര ഭൂപ്രകൃതിയിൽ വർണ്ണാഭമായ ഒരു പൂന്തോട്ടം, അതാണ് KHSG എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കർണ്ണാടക സിരി ഹോർട്ടി കൾച്ചർ ഗാർഡൻ. 40 ഏക്കർ വിസ്തൃതിയിൽ ഇറ്റാലിയൻ ഗാർഡണും സങ്കൺ ഗാർഡനും(Sunken Garden) ടോപ്പിയറി ഗാർഡനും (Topiary Garden) ആംഫി തിയേറ്ററും ചെറു ജലാശയവുമെല്ലാമായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന KHSG ഊട്ടിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗാർഡനായി മാറിയിരിക്കുകയാണ്.

മൈസൂർ രാജവംശത്തിന്റെ കൈവശമിരുന്ന ഫേൺ ഹിൽസിലെ ഭൂമി 1964ലാണ് അവർ കർണാടക ഗവൺമെന്റിന് കൈമാറുന്നത്. കർണാടകയിലെ ഉരുളക്കിഴങ്ങ് കൃഷിക്ക് വിത്തു നൽകിയിരുന്ന പദ്ധതി നടപ്പാക്കിയിരുന്ന ഇവിടെ ഒരു ദശകത്തിലധികം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് ഇങ്ങനെയൊരു ഗാർഡൻ സജ്ജമാക്കിയത്. വർഷം മുപ്പത് ലക്ഷത്തിലധികം സഞ്ചാരികളെത്തുന്ന ഊട്ടിക്ക് കർണ്ണാടകയുടെ സ്നേഹ സമ്മാനമാണീ ഗാർഡൻ.

പൈക്കരയിൽ നിന്നും ഞങ്ങളുടെ യാത്രാസംഘം ഊട്ടി ലേക്കിനെ (Ooty Lake) ചുറ്റി ഫേൺ ഹിൽസിലെ ഈ മിനി ലാൽബാഗിൽ (mini lalbagh) എത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞ് 3 മണിയായിരുന്നു. ഈവർഷം ജനുവരി എട്ടിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത പാർക്കിൽ ഇപ്പോൾ പ്രവേശനം സൗജന്യമാണ്. 12 ഏക്കർ വിസ്തൃതിയിൽ ഗാർഡന്റ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങളെ പൂർത്തിയായിട്ടുള്ളൂ. അതുതന്നെ സഞ്ചാരികളെ വിസ്മയിപ്പിക്കാൻ തക്കതാണ്. ചെറുഡാമും വാട്ടർ ടവറും വ്യൂ പോയിന്റും ഇക്കോ കാറും തൂക്കുപാലവുമെല്ലാമായി രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു.

22 മുതിർന്നവരും 14 കുഞ്ഞുങ്ങളുമടങ്ങിയ ഞങ്ങളുടെ യാത്രാസംഘത്തിലെ ഓരോരുത്തരും വിസ്മയ കണ്ണുമായണ് ഗാർഡണിൽ സമയം ചെലവിട്ടത് ! ഫേൺ ഹിൽസിന്റെ സ്വാഭാവിക ലാൻഡ്സ്കേപ്പിൽ കുന്നിൻ ചെരിവിൽ പൂക്കൾക്കും സൈപ്രസ് ചെടികൾക്കും മറ്റു മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നടന്നു. മനോഹര ക്കാഴ്ചകളൊരുക്കിയ ടോപ്പിയറി ഗാർഡനിലൂടെയുള്ള നടത്തം തീർത്തും രസകരമായിരുന്നു. നടന്നെത്തിയത് ഗ്ലാസ് ഹൗസിലേക്കായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പു നിറത്തിലുള്ള പൂക്കളാണ് അവിടുത്തെകാഴ്ച!

ഒരിടത്ത് ഒരു ഡാം കൺസെപ്റ്റ്, അതിൽ നിന്നും ഒഴുകിവരുന്ന ജലം പോലെ പൂക്കൾ സംവിധാനിച്ചിരിക്കുന്നു! ശിൽപങ്ങളും പൂക്കളും ചാരുതയേകിയ ഇറ്റാലിയൻ ഗാർഡന്റെ ദൃശ്യഭംഗി ആസ്വദിച്ച് ഞങ്ങൾ മേയ്സ് ഗാർഡനിലേക്ക്(Maze Garden) കടന്നു. രണ്ടാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന സൈപ്രസ് ചെടികൾ കൊണ്ട് ഒരുക്കിയിരിക്കുകയാണ് മെയ്സ്! അകത്തു കടന്ന ഞങ്ങൾ ശരിക്കും കെണിയിൽപ്പെട്ടത് പോലെയായി! ഓരോ ചതുരക്കളങ്ങളിൽ നിന്നും അടുത്തതിലേക്ക് തുറക്കുന്ന വഴികൾ, പലവഴി കറങ്ങിയിട്ടും പക്ഷേ പുറത്തു കടക്കാനായില്ല! ഒടുവിൽ ഏറെ നേരം പണിപ്പെട്ടാണ് പുറത്തേക്കുള്ള വഴി കണ്ടെത്തിയത്. അത് തീർത്തും രസകരമായൊരു അനുഭവമായിരുന്നു.സങ്കൺ ഗാർഡന്റെ നടുവിലായി ഒരുക്കിയിരിക്കുന്ന വൈറ്റ് ആംഫി തിയേറ്ററും അതിനു ചുറ്റുമുള്ള പുൽത്തകിടിയും നീരൊഴുക്കും ഏവരെയും ആകർഷിച്ചു. പുൽത്തകിടിയിൽ ഒത്തുകൂടിയിരുന്ന് സൗഹൃദം പങ്കിട്ടപ്പോൾ സമയം പോയതറിഞ്ഞില്ല. കുഞ്ഞുങ്ങൾ ലോണിൽ കളിച്ച് തിമിർത്തു .

ഊട്ടിയുടെ തണുപ്പുള്ള വൈകുന്നേരം സൗഹൃദത്തിന്റെ ചൂടുമായി ചെലവഴിച്ച സമയം ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു. ഏറെനേരം ചെലവഴിച്ച ശേഷമാണ് ഞങ്ങൾ KHSGയോട് വിടപറഞ്ഞത്, അതു പക്ഷേ ഇനിയും വരുമെന്ന് മനസ്സിലുറപ്പിച്ച ശേഷമായിരുന്നു!

വിവരണം – മുഹമ്മദ്‌ റഫീഖ് കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply