ബ്രൂസ് ലീ – ഒരു താരത്തിൻ്റെ ഉദയവും മരണവും ദുരൂഹതകളും…

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ. ഹോങ്കോങ്ങിലെ ഒരു നാടകക്കമ്പനിയിലെ ഹാസ്യനടനായിരുന്ന ലീ ഹോയ് ചുൻയുടെയും, ചൈനീസ്-ജർമ്മൻ പാരമ്പര്യമുള്ള, കത്തോലിക്കാ വിശ്വാസിയായിരുന്ന ഭാര്യ ഗ്രേസിന്റെയും, മകനായി 1940 നവം‌ബർ‍ 27ന്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ജാക്സൺ സ്ട്രീറ്റ് ആശുപത്രിയിലാണ്‌ ബ്രൂസ്‌ലീ ജനിച്ചത്. ന്യൂയോർക്കിൽ നാടകം അവതരിപ്പിക്കാനെത്തിയതായിരുന്നു ലീയുടെ പിതാവ്.

ജൂൻഫാൻ എന്നായിരുന്നു ഗ്രേസ് മകന് ഇട്ട ആദ്യപേര്. പക്ഷേ ആ ആശുപത്രിയിലെ ഡോക്ടറായിരുന്ന മേരി ഗ്ലോവെർ അവനെ ബ്രൂസ് എന്നു വിളിച്ചു. പിന്നീട് ലീ എന്ന കുടുംബപ്പേരുകൂടി ചേർന്നപ്പോൾ അവൻ ബ്രൂസ് ലീ ആയി. മൂന്നു മാസത്തിനു ശേഷം ലീ ദമ്പതിമാർ ജന്മനാട്ടിൽ തിരിച്ചെത്തി. ചെറുപ്പത്തിൽ ബ്രൂസിന്‌, ‘സായ് ഫങ്ങ്'(കൊച്ചു ഡ്രാഗൺ) എന്നും പേരുണ്ടായിരുന്നു. പീറ്റർ, റോബർട്ട്, ആഗ്നസ് ഫോയബീ എന്നിവരായിരുന്നു ലീയുടെ സഹോദരങ്ങൾ.

ലേ സാൻസ് കോളേജിലും സെന്റ് ഫ്രാൻസിസ് കോളേജിലുമായായിരുന്നു ലീയുടെ വിദ്യാഭ്യാസം. മെലിഞ്ഞു ദുർബലമായ ശരീര പ്രകൃതിയായിരുന്നു കൊച്ചു ബ്രൂസിന്റെത്. മുൻകോപവും എടുത്തുചാട്ടവും അവനെ പലപ്പോഴും കുഴപ്പത്തിൽ ചാടിച്ചു. 18-ആം വയസ്സിൽ സഹപാഠിയിൽ നിന്നും രൂക്ഷമായി മർദ്ദനമേറ്റ ലീ സ്വയരക്ഷക്കായി ആയോധനകല പഠിക്കാൻ തീരുമാനിച്ചു. പഠനത്തിൽ ഉഴപ്പൻ. അതിനുപുറമെ അടിപിടിയും. മകൻ നാട്ടിൽ നിന്നാൽ അക്രമം നടത്തി ജയിലിൽ എത്തുമെന്നു അമ്മ ഗ്രേസ് ഭയന്നു. തുടർ വിദ്യാഭ്യാസത്തിനായി ബ്രൂസിനെ അമേരിക്കയിലെ ഒരു സുഹൃത്തിനടുത്തേക്കയക്കാൻ തീരുമാനിച്ചു. അങ്ങനെ അമ്മ നൽകിയ നൂറു ഡോളറും 1958 ലെ ഹോങ് കോങ് ബോക്സിങ് ചാമ്പ്യന്റെ മെഡലുമായി ബ്രൂസ്‌ലീ അമേരിക്കയിലെത്തി. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ‍ ബിരുദം സമ്പാദിച്ചു. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ വച്ച്, 1961-ൽ ലീ ലിൻഡയെ കണ്ടുമുട്ടി. പ്രണയബദ്ധരായ അവർ 1964 ആഗസ്റ്റിൽ വിവാഹിതരായി.

ലീഹോയിചുൻ ചില ചൈനീസ് സിനിമകളിലെ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. കൈക്കുഞ്ഞായിരിയ്ക്കുമ്പോൾ തന്നെ സിനിമയിലെത്താൻ അത് ബ്രൂസിനെ സഹായിച്ചു. തുടർന്ന് ബാല നടനായി ശ്രദ്ധേയനായ ലീ 18 വയസ്സായപ്പോഴേയ്ക്കും ഇരുപതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 1958–1964 കാലഘട്ടത്തിൽ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1964-ലെ ലോംഗ് ബീച്ച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ ലീയുടെ മാസ്മരിക പ്രകടനം കണ്ട പ്രസിദ്ധ ടെലിവിഷൻ നിർമ്മാതാവ് വില്യം ഡോസിയർ തന്റെ പുതിയ പരമ്പരയായ ഗ്രീൻഹോണറ്റിലേക്ക് ക്ഷണിച്ചതോടെയാണ്‌ അദ്ദേഹം വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്.[6] എ.ബി.സി.ആക്ഷൻ സീരീസില്പ്പെട്ട “ഗ്രീൻ ഹോർണറ്റ്”(Green Horneറ്റ്) എന്ന പരമ്പരയിലെ “കാറ്റോ”(Kato) എന്ന കഥാപാത്രമാകാനായിരുന്നു ക്ഷണം. 1965-ൽ ചിത്രീകരിച്ച പരമ്പര 1966-67 കാലഘട്ടത്തിലാണ്‌ സംപ്രേക്ഷണം ചെയ്തത്. പിന്നീട് ഇതേപേരിൽത്തന്നെ ബാറ്റ്മാൻ എന്ന പരമ്പരയിലും ചില ടി.വി.ഷോകളിലും പ്രത്യക്ഷപ്പെട്ടു. ഒരു ടി.വി.ഷോയിൽ അഞ്ചു മരക്കട്ടകൾ ഒന്നിച്ച് അടിച്ചു തകർക്കുന്നതു കണ്ട റെയ്മണ്ട് ചോ ബ്രൂസ് ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു.

1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം “Tan Shan da Xiong”(ഇംഗ്ലീഷിൽ “The Big Boss”), ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. തൊട്ടു പിന്നലെ വന്ന “ഫിസ്റ്റ് ഓഫ് ഫ്യുറി”യും അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഒരു ജനകീയ ഹീറോ ആയി ഉയർന്ന ലീ സ്വന്തമായി ചലച്ചിത്ര കമ്പനി ആരംഭിച്ചു. 1973-ൽ റോബർട്ട് ക്ലൗസ് സം‌വിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ ആയിരുന്നു അടുത്ത ചിത്രം. ഗോൾഡൻ ഹാർവെസ്റ്റ്- വാർണർ ബ്രോസ് നിർമ്മാണക്കമ്പനിയുടെ ആദ്യചിത്രമായിരുന്നു അത്. പക്ഷേ ചിത്രം റിലീസ് ചെയ്ത്, അന്നുവരെ ലോകസിനിമയിലുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് നാലു മില്യൺ. അമേരിക്കൻ ഡോളർ ലാഭമുണ്ടാക്കുന്നതും, താൻ ലോക സിനിമയിലെ ഏഷ്യക്കാരനായ ആദ്യ സൂപ്പർ താരമാകുന്നതും കാണാൻ ലീ ജീവിച്ചിരുന്നില്ല!!!

1973 ജൂലൈ 20ന്‌, 32-ആം വയസ്സിലായിരുന്നു ബ്രൂസ് ലീയുടെ മരണം. മരണത്തിന്റെ ആദ്യ ലക്ഷണം പ്രകടമായത് 1973 മെയ് 10നായിരുന്നു. അന്ന് ഗോൾഡൻ ഹാർവെസ്റ്റ് സ്റ്റുഡിയോയിൽ “എന്റർ ഫോർ ദ ഡ്രാഗണി”ന്റെ ശബ്ദലേഖനത്തിനിടെ ബ്രൂസ് ലീ കുഴഞ്ഞു വീണു. ഹോങ് കോങിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ചികിത്സയുടെ ഫലമായി ലീ താത്കാലികമായി രോഗമുക്തി നേടി. അന്ന് തളർന്നു വീഴുമ്പോൾ ലീ പ്രകടിപ്പിച്ച ലക്ഷണങ്ങൾ മരണദിവസം രാവിലെയും ആവർത്തിച്ചിരുന്നു.

1973 ജൂലൈ 20ന്‌ ഉച്ചയ്ക്ക് രണ്ടു മണിക്ക് റെയ്മണ്ട് ചോയുമായി “ഗെയീം ഓഫ് ഡെത്തി”ന്റെ നിർമമാണത്തെക്കുറിച്ച് ചർച്ച ചെയ്ത ശേഷം ലീയും ചോയും, 4 മണിക്ക് പ്രസ്തുത ചലച്ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന തായ് നടി ബെറ്റി ടിങ് പേയ്ന്റെ വീട്ടിലെത്തി. മൂവരും ചേർന്ന് തിരക്കഥയെക്കുറിച്ച് ചർച്ച നടത്തുന്നതിനിടെ, അത്താഴവിരുന്നിന്‌ ഒത്തുചേരാമമെന്നു പറഞ്ഞ് റെയ്മണ്ട് ചോ യാത്ര പറഞ്ഞു.

കുറച്ചുനേരത്തെ ചർച്ചയ്ക്കുശേഷം തലവേദനയനുഭവപ്പെടുന്നുവെന്നു പറഞ്ഞ് ലീ വിശ്രമ മുറിയിലേയ്ക്കു പോയി. ബെറ്റി താൻ സ്ഥിരമായുപയോഗിക്കുന്ന ഒരു വേദനസംഹാരി നൽകി. അത്താഴവിരുന്നിന്‌ ലീയെ കാണാത്തതിനാൽ ബെറ്റിയുടെ വീട്ടിലെത്തിയ ചോ അദ്ദേഹം അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. അവരിരുവരും ചേർന്ന് അദ്ദേഹത്തെ ഹോങ് കോങിലെ പ്രശസ്തമായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലേയ്ക്കു കൊണ്ടുപോയെങ്കിലും മാർഗ്ഗമദ്ധ്യേ മരണം സംഭവിച്ചു. പുറമെ ക്ഷതങ്ങളൊന്നുമില്ലായിരുന്നുവേങ്കിലും അദ്ദേഹത്തിന്റെ തലച്ചോറിൽ അസാധാരണമായ നീർക്കെട്ടുണ്ടായിരുന്നു. ബെറ്റി നൽകിയ വേദന സംഹാരിയിലെ ചില രാസവസ്തുക്കളോട് ലീയുടെ ശരീരം അപ്രതീക്ഷിതമായി പ്രതികരിച്ചതാണ്‌ മരണകാരണം എന്നായിരുന്നു പ്രാധമിക നിഗമനം. ഈ വാദം തെറ്റാണെന്നും രോഗലക്ഷണങ്ങൾ ലീയിൽ നേരത്തെ പ്രകടമായിരുന്നുവെന്നും ചിലർ വാദിക്കുന്നു.
1973 ജൂലൈ 21ന്‌ സിയാറ്റിലിലെ ലേക് വ്യൂ സെമിത്തേരിയിൽ വൻ ജനാവലിയുടെയും സിനിമാലോകത്തെ മഹാരഥൻമാരുടെയും സാന്നിധ്യത്തിൽ ബ്രൂസ് ലീയുടെ സംസ്കാരം നടന്നു.

ബ്രൂസ് ലീ മരിച്ച അന്നു രാത്രി തുടങ്ങിയ അഭ്യൂഹങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. പത്രങ്ങൾക്കും മറ്റും ഏറെക്കാലം നീണ്ടുനിന്ന ഒരു ‘ആഘോഷ’മായി ഈ മരണം. പലരും പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം എഴുതിക്കൂട്ടി. പലതിനും യാഥാർഥൃവുമായി നേരിയ ബന്ധം പോലും ഉണ്ടായിരുന്നില്ല. ബ്രൂസ് ലീയുടെ മരണത്തിനു മുപ്പത് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കൂട്ടുകാരിയായിരുന്ന ബെറ്റ് ടിങ് നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും വിവാദങ്ങൾക്ക് വഴിവച്ചു. ‘എന്റെ യഥാർഥ കഥ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി ലോകം എന്നെപ്പറ്റി അപവാദം പ്രചരിപ്പിച്ചു നടക്കരുത്. മുപ്പതു വർഷം കഴിഞ്ഞിട്ടും ലോകം എന്നെ വെറുതെ വിടുന്നില്ല, സമാധാനമായി ജീവിക്കാൻ അനുവദിക്കുന്നില്ല. അന്നു നടന്നതെന്താണെന്ന് ലോകം അറിയണം. അതോടെ തെറ്റിദ്ധാരണകൾ എല്ലാം മാറുമല്ലോ…’-ബെറ്റി ആ അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം, ബ്രൂസ് ലീ എങ്ങനെയാണ് മരിച്ചതെന്ന് ആ അഭിമുഖത്തിൽ വെളിപ്പെടുത്താൻ ബെറ്റി ടിങ് തയ്യാറായില്ല. അത് പുസ്തകം എഴുതുമ്പോൾ മാത്രമേ പറയൂ എന്നാണ് അവരുടെ നിലപാട്. അന്ന് അമ്പത്തിയാറുകാരിയായിരുന്ന ബെറ്റി, ‘സൺഡേ മോർണിംഗ്’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ കിടപ്പുമുറിയിൽ വച്ചാണു ലീ മരിച്ചതെന്നു വെളിപ്പെടുത്തിരുന്നു. ഉടൻ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിൽ ലീയുടെ മരണം സംബന്ധിച്ച സത്യങ്ങൾ വെളിപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

അച്ഛന്റെ മരണം കഴിഞ്ഞ് 20 വർഷങ്ങൾക്കു ശേഷം, ദ ക്രോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരപകടത്തിൽ, 28ആം വയസ്സിൽ ലീയുടെ മകൻ ബ്രണ്ടൻ ലീ മരണമടഞ്ഞു. ബ്രണ്ടന്റെ മരണശേഷം റിലീസ് ചെയ്ത ദ ക്രോ വൻ വിജയമായിരുന്നു. പ്രമുഖന്മാർ മരിക്കുമ്പോഴെല്ലാം അവരുടെ മരണവുമായി ചുറ്റിപ്പറ്റി നിരവധി കഥകൾ ഉയരാറുണ്ട്. പ്രായം തികയാതെ മരിക്കുകയാണെങ്കിൽ പ്രത്യേകിച്ചും. ഹീത്ത് ലെഡ്ജർ, കെന്നഡി, മെർലിൻ മണ്റോ, എൽവിസ് പ്രെസലീ എന്നിവർ മുതൽ അവസാനം മൈക്കിൾ ജാക്സൻ വരെയുള്ളവരുടെ മരണ ശേഷം പ്രചരിച്ച കഥകൾ ഇതിന് ഉദാഹരണമാണ്.

എന്തായാലും, ബ്രൂസ് ലീയ്ക്ക് മുൻപോ ശേഷമോ, ആയോധന കലയെ ഇത്രത്തോളം ഇതിഹാസമാക്കിയ മറ്റൊരു താരമില്ല. ബ്രൂസ് ലീ വെട്ടിയ പാതയിലൂടെ കടന്നു വന്നവരാണ് ജാക്കി ചാനും ജെറ്റ് ലീയും ടോണി ജായുമെല്ലാം.

കടപ്പാട് – വിക്കിപീഡിയ.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply