ഒരുകാലത്ത് വീടുകളെ സിനിമാ കൊട്ടകയാക്കിയ ‘വിസിആര്‍’ ഇന്നൊരു ഓർമ്മ…

1960 കളിലാണ് വി.സി.ആറുകള്‍ വിപണിയിൽ രംഗപ്രവേശനം ചെയ്യുന്നത്. സോണി കമ്പനിയായിരുന്നു ആദ്യത്തെ വി.സി.ആര്‍ നിര്‍മ്മിച്ചത്. പിന്നീട് പാനസോണിക്, ആര്‍.സി.എ, ജെ.വി.സി, തോഷിബ തുടങ്ങിയ കമ്പനികളും വി.സി.ആര്‍ നിര്‍മ്മാണ രംഗത്തെത്തി. 1980 – 90 കാലഘട്ടത്തിൽ നാട്ടിലെ പ്രമുഖരുടെയും ഗൾഫുകാരുടെയും വീട്ടിലെ നിറസാന്നിധ്യമായിരുന്നു വിസിആറുകൾ. വിസിആറിൽ സിനിമ കാണുവാൻ ആ നാട് മുഴുവനും ഒരു വീട്ടിൽ ഒത്തുകൂടിയ കാഴ്ചകളൊക്കെ ഇന്നും ആ കാലഘട്ടം കണ്ടവരുടെ ഉള്ളിലുണ്ടാകും. വീഡിയോ കാസറ്റ് ലൈബ്രറികളുടെ ഒരു നീണ്ട നിര തന്നെയാണ് വിസിആറിന്റെ ആവിര്‍ഭാവത്തോടെ നാടെങ്ങും ഒരുകാലത്ത് മുളച്ചു പൊന്തിയത്. വീഡിയോ കാസറ്റ് വാടകയ്ക്ക് കൊടുക്കുന്നത് അന്ന് പട്ടണങ്ങളിൽ ഒരു വലിയ ബിസിനസ്സ് ആയിരുന്നു.

അന്നത്തെ കാലത്ത് പുതിയ സിനിമ കാണണമെങ്കിൽ വി.സി.ആർ വാടകക്ക് വാങ്ങി രണ്ടോ മൂന്നോ വീഡിയോ കാസറ്റ് അതിന്റെ കൂടെ വാങ്ങി കാണണമായിരുന്നു..100 രൂപയായിരുന്നു വി.സി.ആർ ന്‍റെ ഒരു ദിവസത്തെ വാടക..ഒരു കാസറ്റിനു 10 രൂപയും. വിസിആറും കാസറ്റുകളും വാടകയ്ക്ക് എടുത്തു വീട്ടിൽ കൊണ്ടുവന്ന് കാശ് പിരിച്ച് സിനിമാ പ്രദർശനം നടത്തിയവരും നാട്ടിൻപുറങ്ങളിൽ ധാരാളമായിരുന്നു. പ്രേംനസീർ സിനിമകൾ മുതൽ വൈശാലിയും, തേന്മാവിൻ കൊമ്പത്തും, ദി കിംഗും, ടൈറ്റാനിക്കും ഒക്കെ സാധാരണക്കാർ കണ്ടത് വിസിആറിൽ വീഡിയോ കാസറ്റ് ഇട്ടായിരുന്നു. ഗൾഫിൽ ജോലി കഴിഞ്ഞു റൂമിലെത്തുന്ന പ്രവാസികളുടെ പ്രധാന നേരമ്പോക്കും വിസിആർ ആയിരുന്നു. സിനിമ കാണുന്നതിനിടെ ഇടയ്ക്കു വി.സി ആറിന്റെ ഹെഡറിൽ പൊടി പിടിക്കുമ്പോൾ വി.സി ആർ അഴിച്ചു അതിന്റെ ഹെഡറിൽ സ്പ്രൈ അടിച്ചു വൃത്തിയാക്കി വീണ്ടും കണ്ടിരുന്ന 80 – 90 കളിലെ ആ സുവർണ്ണ കാലം ഒരിക്കലും മറക്കാൻ പറ്റില്ല.

കേബിള്‍ ടിവിയുടെ വരവോടെയാണ് വിസിആറിന്റെ രാജകീയ പദവിയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയത്. ഏഷ്യാനെറ്റും സൂര്യ ടിവിയും സ്റ്റാർ മൂവീസും ഒക്കെ ടിവിയിൽ സിനിമകൾ കാണിച്ചു തുടങ്ങിയപ്പോൾ വിസിആറിനെ മിക്കവരും മറന്നു തുടങ്ങിയിരുന്നു. എങ്കിലും വിപണിയിൽ പിടിച്ചു നിൽക്കുവാൻ ഇവ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി സിഡി, ഡിവിഡി എന്നിവയുടെ ആവിര്‍ഭാവത്തോടെ വിസിആറും വീഡിയോ കാസറ്റും പൂര്‍ണ വിസ്മൃതിയിലാണ്ട് പോകുകയായിരുന്നു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെവിസി വിസിആര്‍ നിര്‍മ്മാണം അവസാനിപ്പിച്ചതോടെ ഈ രംഗത്ത് അവശേഷിക്കുന്ന ഒരേയൊരു കമ്പനി ‘ഫുനായ്’ മാത്രമായി മാറിയിരുന്നു. ഫുനായ് കമ്പനി ‘സാന്യോ’ എന്ന പേരിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും ചൈനയിലും പ്രശസ്തമായത്‌. എന്നാല്‍ പിന്നീട് ഫ്യുണായിയും വിസിആര്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനിച്ചത് രണ്ടുപതിറ്റാണ്ടോളം നീണ്ട കാഴ്ചയുടെ ഓര്‍മ്മചെപ്പാണ്. കുറഞ്ഞു വരുന്ന കച്ചവടവും അവശ്യഘടകങ്ങളുടെ ദൌര്‍ലഭ്യതയാണ് വി.സി.ആര്‍ ഉത്പാദനം നിര്‍ത്താന്‍ കമ്പനിയെ നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.

ഈ രംഗത്തെ മറ്റു ഭീമന്മാരായിരുന്ന പാനാസോണിക്കും സോണിയും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ നിര്‍മാണം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. വിസിആറിന്റെ പ്രധാന എതിരാളികളായിരുന്ന ‘ബെറ്റാമാക്‌സ്’ കമ്പനിയും 2002ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. 1980ല്‍ ഉത്പാദനം ആരംഭിച്ച ബീറ്റാമാക്സ് പ്ലെയെറുകള്‍ 2002 ഓടെ ഉദ്പാദനം നിര്‍ത്തിയിരുന്നുവെങ്കിലും 2015 വരെ അതിന്റെ ടേപ്പുകള്‍ ലഭ്യമായിരുന്നു.

കാലം മാറും തോറും പുതിയ സാങ്കേതിക വിദ്യകള്‍ സ്ഥാനം പിടിക്കും. അത്തരത്തില്‍ വി.സി.ആറിനുള്ള എതിരാളികള്‍ ഡി.വി.ഡി.യും ബ്ലൂറേയും മാത്രം ആയിരുന്നില്ല, ഹാര്‍ഡ് ഡിസ്കിന്‍റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ റെക്കോര്‍ഡറുകളും കൂടിയായിരുന്നു. പുത്തന്‍ സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തിലും വിസിആര്‍ എന്നും സുന്ദര ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. സിനിമകള്‍ കാണാനും മറ്റും വിസിആറിനെ ആശ്രയിച്ചിരുന്ന ഒരു കാലഘട്ടം കടന്നു നീങ്ങുമ്പോഴും അതിന്‍റെ ഓര്‍മകളില്‍ നിന്ന് ആര്‍ക്കും പുറത്തു കടക്കാനായിട്ടില്ല. പുത്തന്‍ സാങ്കേതിക രീതി മിന്നി തെളിയുമ്പോഴും വിസിആറിന്‍റെ പ്രഭ ജനമനസ്സുകളില്‍ കാലങ്ങളോളം തങ്ങി നില്‍ക്കും.

കടപ്പാട്- വിവിധ ഓൺലൈൻ മാധ്യമങ്ങൾ..

Check Also

ഗോ എയർ; ഇന്ത്യയിലെ ഉയർന്നു വരുന്ന ഒരു ലോകോസ്റ്റ് എയർലൈൻ

ഇന്ത്യയിലെ ഒരു ലോകോസ്റ്റ് എയർലൈനാണ്‌ ഗോ എയർ. 2005 ൽ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിൻ്റെ നേതൃത്വത്തിലാണ് ഗോ …

Leave a Reply