അഞ്ചു വയസ്സുള്ള മോനും അവൻ്റെ ജീവിതത്തിലെ അഞ്ചു യാത്രകളും..

വിവരണം – ഷിജു കെ.ലാൽ.

മുത്തങ്ങ കാട്ടിലൂടെ ഏർട്ടിഗ കാർ പാഞ്ഞു പോകുമ്പോൾ പിറകിലെ സീറ്റിൽ നിന്നും അവൾ പറഞ്ഞു; ഇവൻ ജനിച്ചു വീണതേ  യാത്രയിലേക്ക് ആണല്ലോ….!!!! ജനിച്ചു മൂന്ന് മാസം തികയും മുന്നേ ആദ്യ യാത്ര ബാംഗ്ലൂരിലേക്ക്. ഭാര്യയുടെ ഇന്റർവ്യൂ ആവശ്യാർഥം ആയിരുന്നു യാത്ര എങ്കിലും ഞാൻ അതൊരു ട്രിപ്പ് ആക്കി മാറ്റി. അതാണല്ലോ ശീലം അതാണല്ലോ കയ്യിലിരിപ്പും. ബാംഗ്ലൂർ ഉണ്ടായിരുന്ന എന്റെ സുഹൃത്ത് വിനോദ് ചേട്ടനെ വിളിച്ചു
താമസം നേരത്തെ സെറ്റ് ആക്കി കൂട്ടുകാരൻ ആയ സുരേഷിന്റെ എർട്ടിഗയും എടുത്തു എന്റെ അമ്മ, അവളുടെ അമ്മായി, മകൻ പിന്നെ എനിക്ക് കൂട്ടിന് അരുണിനെയും പൊക്കി യാത്ര പുറപ്പെട്ടു. മൈസൂർ എത്തുമ്പോൾ ഞങ്ങൾക്ക് താമസം ഉള്ള സ്ഥലത്തേക്ക് ഗൂഗിൾ അമ്മായി കാണിച്ച എളുപ്പ വഴിയിലൂടെ യാത്ര തുടർന്നു..

ഗൂഗിൾ അമ്മായി നല്ല എട്ടിന്റെ പണി ആണ് തന്നത് എന്നു മനസ്സിലാക്കാൻ ഞങ്ങൾ ഇത്തിരി വൈകി. ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര ഇടക്ക് റോഡ് പോലും ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിയപ്പോൾ പണി പാളി എന്നു അരുണിനും എനിക്കും മനസ്സിലായി.. ഇരുട്ടും മുന്നേ ഹൈവേ കേറിയില്ലേൽ പണി ഉറപ്പു. രണ്ടും കൽപ്പിച്ചു ആളനക്കം ഇല്ലാത്ത ആ വഴികൾ താണ്ടി ചെറിയൊരു ജംക്ഷനിൽ വന്നു കയറി.. ഞങ്ങളുടെ ഭാഗ്യത്തിന് അവിടെ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടായത് ടെനിങ് പോയിന്റ് ആയി, അവർ നൽകിയ നിർദേശപ്രകാരം മൈസൂർ ബാംഗ്ലൂർ ഹൈവേയിൽ കയറുമ്പോൾ നേരം ഇരുട്ടിയിരുന്നു. പക്ഷെ ആ റോഡ് നൽകിയ ആത്മവിശ്വാസം ഞങ്ങളെ നേരെ ബാംഗ്ലൂർ നഗരത്തിൽ എത്തിച്ചു.

ആദ്യമായാണ് ഞാൻ ഡ്രൈവ് ചെയ്തു ബാംഗ്ലൂർ എത്തുന്നത് ഒരുപാട് വഴികൾ ഉള്ള ആ നഗരം ഒരു സമസ്യയായി മുന്നിൽ നിൽക്കവേ ആണ് ബൈക്കും എടുത്തു വിനോദ് ചേട്ടനും മകനും ഞങ്ങൾക്ക് വഴികാട്ടി ആയി മുന്നിൽ അവതരിച്ചത്. അവർ വന്നില്ലയിരുന്നു എങ്കിൽ താമസസ്ഥലം കണ്ടു പിടിക്കാൻ തന്നെ ഞങ്ങൾ ഒരു രാത്രി മൊത്തം കറങ്ങിയേനെ. യാത്രയിൽ ഉടനീളം ശാന്തനായി അവളുടെയും അമ്മയുടെയും മടിയിൽ ഇരുന്നു പുറമെ എന്താണ് സംഭവിക്കുന്നത് എന്നൊനൊരു ടെൻഷനും ഇല്ലാതെ മൂപ്പർ സുഖമായി ഉറങ്ങിയും ഉണർന്നിരുന്നും ബാംഗ്ലൂർ നഗരത്തിൽ എത്തി. നല്ല തണുത്ത കാലാവസ്ഥ ആയതു കൊണ്ടോ എന്തോ പുള്ളിക്ക് ഉറക്കത്തിൽ വിഘ്‌നങ്ങൾ ഒന്നും ഉണ്ടായില്ല.

ഇന്ററിവ്യൂ ഉള്ള സ്ഥലത്തിന് വളരെ അടുത്തു തന്നെ താമസം ലഭിച്ചത് കൊണ്ടു രാവിലെ രണ്ടു മിനിറ്റ് നടത്തത്തിൽ അതും ഭംഗിയായി കഴിഞ്ഞു. പിറ്റേ ദിവസം വിനോദ് ചേട്ടന്റെ വീട്ടിൽ താമസിച്ചു ഒരു ബാംഗ്ലൂർ കറക്കം നടത്തി, അവന്റെ കുഞ്ഞു കണ്ണുകളിൽ അതുവരെ ഇല്ലാത്ത അമ്പരചുംബികളും, പാർക്കുകളിലെ പച്ചപ്പും, മാളുകളിലെ വർണ്ണവിളക്കുകളും നിറഞ്ഞിരിക്കാം.

പിറ്റേ ദിവസം നേരത്തെ ഇറങ്ങി മൈസൂർ കൊട്ടാരം കണ്ടു കാട് അടക്കും മുന്നേ മുത്തങ്ങ പിടിക്കാം എന്ന രീതിയിൽ യാത്ര സെറ്റ് ചെയ്തു ഞങ്ങൾ ഇറങ്ങി.. നാലുവരിപ്പാതയിൽ ഉള്ള സുഗമമായ യാത്ര അവൻ ഒരുപക്ഷേ ആസ്വദിച്ചിരിക്കാം.. !! മൈസൂർ വീഥികളിലെ കൗതുകം ജനിക്കുന്ന ഭാഷയും വേഷവിധാനങ്ങളും അമ്മയുടെ തോളിൽ കിടന്നു കണ്ടുകൊണ്ടു അവൻ കണ്ടിരിക്കാം.. കൊട്ടാരത്തിനുള്ളിലെ ഭീമാകാരമായ മുറികളുടെ മേൽക്കൂരകളിൽ നമ്മൾ പോലും ശ്രദ്ധിക്കാത്ത ചിത്രങ്ങളും കൊത്തുപണികളും അവന്റെ കുഞ്ഞു കണ്ണുകൾ കണ്ടിരിക്കാം…!!!

രാത്രിയോടെ ഞങ്ങൾ വീട്ടിൽ എത്തുമ്പോൾ തുടർച്ചയായ കാർ യാത്രയിൽ മറ്റുള്ളവർ ക്ഷീച്ചിരുന്നെങ്കിലും അവന്റെ കുഞ്ഞു കവിളിൽ ചേരുന്ന പുഞ്ചിരി നിറഞ്ഞിരുന്നു…!!! ഊട്ടിപട്ടണത്തിലെ തണുപ്പൊന്നും എനിക്കൊരു പ്രശ്നം അല്ല അച്ഛാ എന്ന മട്ടിൽ ബൊട്ടാണിക്കൽ ഗാര്ഡനിലേ പുല്ലുകളിൽ എന്റെ കയ്യും പിടിച്ചു കുഞ്ഞു പാദങ്ങൾ ഓടാൻ കൊതിക്കുമ്പോൾ അവനു ഒന്നര വയസ്സ്.

ഈ കൊടും തണുപ്പിൽ കുട്ടിയെ കൊണ്ട് പോയാൽ ജലദോഷവും പനിയും ഒക്കെ വന്നേക്കാം എന്ന വീട്ടുകാരുടെ സ്നേഹശാസനകൾക്ക് മുകളിൽ വീടിനടുത്തുള്ള 3 കൂട്ടുകാരുടെ കുടുംബത്തോടൊപ്പം കെട്ടിപ്പടുത്ത ഒരു യാത്ര ആയിരുന്നു അത്. ഊട്ടിയിൽ എത്തിയ ഉടനെ അവന്റെ സെസിൽ ഒരു സ്വെറ്റർ വാങ്ങി കയറ്റി വിട്ടു..!! പിന്നെ അവന്റെ അർമാദനം ആയിരുന്നു. പക്ഷെ രാത്രി ആയപ്പോൾ സീൻ ആകെ മാറി, റൂമിൽ എത്തിയപ്പോൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കളിച്ചു നടന്ന അവൻ ഉറങ്ങാൻ കിടത്തിയപ്പോൾ കരച്ചിൽ ആരംഭിച്ചു. പുലർച്ചെ വരെ പെണ്ണുങ്ങളെ ഒന്നും ഉറങ്ങാൻ വിടാതെ അവൻ എപ്പോഴോ നിദ്രയിൽ വീണു. അന്ന് അവൻ ഉറങ്ങാത്തത്തിന്റെ കാരണം അറിയുവാൻ ഞങ്ങൾ വീണ്ടും ഒന്നര വർഷം എടുത്തു. പുള്ളിക്ക് തണുപ്പ് വല്യ ഇഷ്ടമാണ് ഇപ്പോഴും കിടക്കുമ്പോൾ പുതപ്പ് അറിയാതെ പോലും മേൽ ഇട്ടാൽ എടുത്തു കണ്ടത്തിൽ കളയുന്നവനെ ആണ് അന്ന് രാത്രി തണുപ്പ് പേടിച്ചു അവൾ സ്വെറ്ററും സോക്‌സും പുതപ്പും എല്ലാം ഇട്ടു ഉറക്കാൻ ശ്രമിച്ചത്.. പിന്നെ അവൻ കരയാതെ ഇരിക്കുന്നത് എങ്ങിനെ..!!!

നെല്ലിയാമ്പതി കാട്ടിനുള്ളിലെ സിസിലിയയിലെ ഇരുട്ടു കൂടിയ മുറി പുള്ളിക്ക് അത്രക്ക് അങ്ങു പിടിച്ചിട്ടില്ല; വേറെ മുറി ഇല്ലേ എന്നൊക്കെ ചോദിക്കും പോലെ അവൻ പരിഭവം കാണിച്ചു. പക്ഷെ നല്ല മഞ്ഞും തണുപ്പും ഉള്ളത് കൊണ്ട് അവൻ അതു ക്ഷമിച്ച പോലെ തോന്നി. നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റിലെ കാഴ്ചകൾക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ അവനു വയസ്സു രണ്ട്. അന്ന് മഞ്ഞും വെയിലും മഴയും കൊണ്ടു മായക്കാഴ്ചകൾ സൃഷ്ടിച്ചു നെല്ലിയാമ്പതി അവനെ വരവേറ്റു. കാടിന്റെ സംഗീതവും തേയിലത്തോട്ടങ്ങളുടെ വശ്യതയും ആവോളം ആസ്വതിക്കാൻ പറ്റിയ ഇടങ്ങളിൽ വണ്ടി നിർത്തി അവനു പിന്നാലെ ഞങ്ങൾ ഓടി. ഒത്തിരി പക്ഷികളുടെ സംഗീതവും കോടമഞ്ഞു മൂടിയ കാഴ്ചകളും കണ്ടു മല ഇറങ്ങുമ്പോൾ അവൻ ഉറക്കത്തിലേക്ക് വീണുപോയിരുന്നു.

മുഴുപ്പിളങ്ങാട് ബീച്ചിലൂടെ ചച്ചുപാപ്പന്റെ കാർ തിരമാലകളെ കീറിമുറിച്ചു വരുന്ന കാഴ്ച്ച കണ്ടു കൈകൊട്ടി ചാടുമ്പോൾ അവനു മൂന്ന് വയസ്സ്. കുടുംബസമേതം കണ്ണൂരിലെ ജോസ്ഗിരിയിലേക്കുള്ള ആ യാത്ര ഞങ്ങൾ ആരെങ്കിലും മറന്നാലും അവൻ മറക്കില്ല എന്നു ഈയിടെ എനിക്ക് ബോധ്യമായി. ഞാൻ എവിടേക്ക് പോകുമ്പോഴും അവന്റെ ഒരു ചോദ്യം ചെയ്യൽ പതിവാണ്. ഇത്തവണ കണ്ണൂർ പോവുകയാണ് എന്നു പറഞ്ഞപ്പോൾ അവൻ തിരികെ ചോദിച്ചു ജോസ്ഗിരിക്കു ആണോ…?? ആ പേര് അവന്റെ മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞുകിടപ്പുണ്ട് എന്നതിന് കൂടുതൽ ചോദ്യോത്തരങ്ങൾ വേണ്ടി വന്നില്ല.

അവനും പെങ്ങളുടെ മകളും ധർമ്മടം പാർക്കിൽ കുറെ നേരം കളിച്ച ശേഷം ബീച്ചിലൂടെ ഓടികളിച്ചു എങ്കിലും വെള്ളത്തിൽ ഇറങ്ങാൻ കഴിയാത്തതിന്റെ വിഷമം അവർ മുഴുപ്പിലങ്ങാട് വെച്ചു നല്ല പോലെ തീർത്തു. കൂടെ വന്നവരെ ഒക്കെ വെള്ളത്തിൽ കുളിപ്പിച്ചു ഒരു വഴിക്കാക്കിയ ശേഷം ആണ് അവൻ തിരികെ വണ്ടിയിൽ കയറിയത്. സമയം കുറച്ചു മിച്ചം ഉള്ളതിനാൽ പാലക്കയം തട്ടുകൂടെ കയറുവാൻ തീരുമാനിച്ചു ഞങ്ങൾ യാത്ര തുടർന്നു. മഴ പെയ്തു ചെളിയിൽ കുളിച്ച പാലക്കയം തട്ടിൽ താഴെ നിന്നെ നടന്നു കേറാനുള്ള ശ്രമം ആദ്യമേ ഉപേക്ഷിച്ചു , ജീപ്പിൽ ഉള്ള അവന്റെ ആദ്യ ഓഫ് റോഡ് യാത്ര അവിടെ തുടങ്ങുക ആയിരുന്നു. എൻട്രി ടവറിൽ നിന്നും മുകളിലെ വ്യൂ പോയിന്റ് വരെ നടന്നു കയറണം എന്നു പറഞ്ഞപ്പോൾ ചിലർക്ക് ഒരു അങ്കലാപ്പ് തോന്നി എങ്കിലും അച്ഛാ ഞാൻ ഒറ്റക്ക് നടന്നു കയറും എന്നു പറഞ്ഞു അവൻ ഞങ്ങളെ എല്ലാവരെയും ഒന്നു ഞെട്ടിച്ചു.

പറഞ്ഞ പോലെ നടന്നു കയറി മുകളിൽ എത്തിയ ഉടനെ ഒരു ആർപ്പുവിളി ആയിരുന്നു ആദ്യ പ്രതികരണം, ആദ്യമായി മലകയറ്റം പൂർത്തിയാക്കിയ ഒരു പൈതലിന്റെ സന്തോഷം എന്താണ് എന്ന് ഞാൻ നേരിൽ കണ്ട നിമിഷങ്ങൾ. കുറെ നേരം അവന്റെ ആർപ്പു വിളികളിൽ ആയിരുന്നു അവിടെ എത്തിയ എല്ലാവരുടെയും ശ്രദ്ധ. പിന്നെ ഫോട്ടോ എടുക്കലും ഓടി കളിയും സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു ചെറിയ ജനവാതിൽ തുറന്ന് വെളിയിലേക്ക് നോക്കുമ്പോൾ ഉണ്ടാകുന്ന അസുലഭ ദൃശ്യവും കണ്ടു മല ഇറങ്ങുമ്പോൾ അവനെ ഞങ്ങൾ മാറി മാറി എടുത്തുകൊണ്ടിരുന്നു. ജോസ്ഗിരിയിൽ എത്തുമ്പോൾ ക്ഷീണം കൊണ്ടാവാം അവൻ നേരത്തെ ഉറങ്ങി.

പിറ്റേന്ന് കൂടുതൽ ഉഷാറിൽ അച്ചായന്റെ ജീപ്പിൽ അവൻ ഓടി കയറി. വഴികൾ ഇല്ലാത്ത പുൽമേടുകൾകിടയിലൂടെ ജീപ്പ് കുതിച്ചു കയറുമ്പോൾ അവൻ മുന്നിൽ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു. മലമുകളിലെ കാഴ്ച്ചകൾ പാപ്പന്മാരുടെയും മാമിമാരുടെയും കൂടെ ഓടി നടന്നു കാണുന്ന അവനെ ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. അവിടെ നിന്നും കൊച്ചു വെള്ളച്ചാട്ടം ഉള്ള ഗുഹയിൽ എത്തിയ അവനു സ്വർഗം ലഭിച്ച പോലെ ആയിരുന്നു. വെള്ളത്തിൽ കളിക്കാം എന്നതും, ഞങ്ങൾ അല്ലാതെ വേറെ ആരും അവിടെ ഇല്ലെന്നതും തന്നെ കാരണം. എല്ലാത്തിലും ഉപരിയായി ഇച്ചിരി മഴ നനയാനുള്ള അവസരവും ജോസ്ഗിരി അവനു നൽകി. താടി ഉള്ള മാമൻ അവനു വേണ്ടി നല്ലൊരു പാട്ടും പാടി കൊടുത്താണ് ജോസ്ഗിരിയോട് വിട കൊടുത്തത്. വീണ്ടും ജോസ്ഗിരിയിൽ എത്തുന്ന നാൾ കാത്തിരിക്കുകയാണ് അവൻ.

പുലർച്ചെ ഒട്ടും പരിചയം ഇല്ലാത്ത സ്റ്റാൻഡിൽ ഇറങ്ങിയപ്പോൾ ആകെ ഒരു അങ്കലാപ്പ് , അച്ഛാ ഇതു എവിടെയാ..? നമ്മൾ ഗങ്ങാരചഛന്റെ അവിടെ എത്തിയോ എന്നു ഉറക്കചുവയിൽ അവൻ ചോദിച്ചു. ഇല്ല മോനെ ഇനിയും കുറച്ചു പോകാൻ ഉണ്ടെന്നു പറഞ്ഞു വീണ്ടും ഉറക്കത്തിലേക്ക് പറഞ്ഞയക്കാൻ ഞാൻ ശ്രമിച്ചു എങ്കിലും അവൻ വഴങ്ങിയില്ല. നമ്മൾ തിരുവനന്തപുരം എത്തി ഇനി അച്ഛച്ഛൻ വന്നു നമ്മളെ കൂടിയിട്ടു പോകും എന്ന മറുപടി വരെ അവൻ അടങ്ങിയില്ല. അച്ഛച്ഛൻ കാറിൽ വന്നു ഞങ്ങളെ കൂട്ടുമ്പോൾ പതിവ് പോലെ സൈഡ് സീറ്റിൽ അവൻ സ്ഥാനം ഉറപ്പിച്ചു..!! പുലർച്ചെ മൂന്നു മണിക്ക് തിരുവനന്തപുരം അങ്ങാടി എങ്ങിനെ ഉണ്ടാവും എന്നു അവനു അറിയുന്ന പോലെ ചിലപ്പോൾ എനിക്ക് പോലും അറിയുക ഉണ്ടാകില്ല കുട്ടികളുടെ നിരീക്ഷണ പാഠവത്തിനു മുന്നിൽ നമ്മൾ വെറും പൂജ്യങ്ങൾ.

രാവിലെ ഉണർന്നത് അചഞ്ചന്റെ സാമ്രാജ്യത്തിലേക്ക് ആണ് എന്ന് അറിയും പോലെ എല്ലാവരെയും അധികാര പരിധിയിൽ നിർത്തി അവൻ അവന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുമ്പോൾ നാലു വയസ്സിലെ നട്ടപിരാന്തിന്റെ മൂർധന്യത്തിൽ ആയിരുന്നു അവൻ. കൂട്ടിന് പെങ്ങളുടെ മകളും ഉണ്ടായിരുന്നത് ആജ്ഞകൾക്കു ശക്തി കൂട്ടി, മോളി മാമി അവനെ പാർക്കിൽ കൊണ്ടു പോകേണം അവിടെ നിന്നും എവിടേക്കു, പിന്നെ എവിടേക്ക് എന്നൊക്കെ ഉള്ള നിർദേശങ്ങൾ അനുസരിക്കുക അല്ലാതെ ആർക്കും വേറെ മാർഗങ്ങൾ ഇല്ലായിരുന്നു എന്നത് മറ്റൊരു സത്യം. അവന്റെ രാജ്യം അവന്റെ ആജ്ഞകൾ അനുസരിക്കാൻ ഞങ്ങൾ കുറച്ചു ഭടന്മാരും, തിരുവനന്തപുരം സൂ മ്യൂസിയം കുറച്ചു ദിവസം കൊണ്ട് അവൻ അങ്ങിനെ ഒക്കെ ആക്കി എടുത്തു എന്നതാണ് യാഥാർത്ഥ്യം.

പിറ്റേന്ന് ഉച്ചയോടെ വണ്ടി പൊന്മുടി ക്കു കയറുമ്പോൾ എവിടേക്കാണ് എന്താണ് എന്ന ഭാവഭേദം ഇല്ലാതെ അവൻ വണ്ടി പോകുന്ന വഴിയോരങ്ങൾ നിരീക്ഷിച്ചു മുന്നിൽ ഇരുന്നു. കോടമഞ്ഞു മൂടി തുടങ്ങിയ വേളയിൽ അവന്റെ മുഖത്തു വിരിഞ്ഞത് പുഞ്ചിരിയോ ആകാംക്ഷയോ എന്നു അറിയാതെ പാപ്പൻ ഇരിക്കുമ്പോൾ ഇത്ര ദിനങ്ങൾ കൊണ്ടു അറിയുന്ന എനിക്ക് അവന്റെ പുഞ്ചിരിയുടെ അർത്ഥം വ്യക്തം.

പെരും മഴയോടെ ആണ് പൊന്മുടി ഞങ്ങളെ വരവേറ്റത്, പക്ഷെ നിമിഷങ്ങൾക്കുള്ളിൽ അതു നല്ല കാറ്റിനും കോടമഞ്ഞിനും വഴി മാറി, പുൽമേടുകളിലൂടെയും പാറകൾക്ക് മുകളിലൂടെയും അവനും അവളും ആഹ്ലാദത്തോടെ ഓടി നടന്നു. തിരികെ പോകുവാൻ അവനു വലിയ താത്പര്യം ഇല്ല എന്നതു വാഹനത്തിൽ കയറുമ്പോൾ മുഖത്തു പ്രകടമായിരുന്നു.

എവിടേക്ക് പോകുമ്പോഴും ബസ്സിൽ ആണോ ട്രെയിനിൽ ആണോ കാറിൽ ആണോ എന്നുള്ള ചോദ്യങ്ങൾ പതിവാണ്, ഇത്തവണ ട്രെയിനിലും ഓട്ടോയിലും ഒക്കെ ആവും എന്നു പറഞ്ഞാണ് കന്യാകുമാരിക്കു ഇറങ്ങിയത്. ട്രെയിനിൽ വലിയ തിരക്ക് ഇല്ലാത്തതിനാൽ പല ഭാഗങ്ങളിൽ ഇരിക്കുന്ന ഞങ്ങൾക്കിടയിലൂടെ ഓടി നടക്കാൻ ആയിരുന്നു അവൻ അധിക സമയവും ചിലവഴിച്ചത്. രാവിലെ കടൽ ക്ഷോഭം കാരണം നിർത്തിവെച്ച ബോട്ട് സർവീസ് ഞങ്ങളെ പ്രതീക്ഷകളെ തച്ചുടച്ചു. അവന് എന്തു ബോട്ട് യാത്ര എന്തു കന്യാകുമാരി, എനിക്ക് വെള്ളത്തിൽ ഇറങ്ങണം അത് മാത്രമാണ് ഏക ലക്ഷ്യം. വന്ന സ്ഥിതിക്ക്‌ കടൽ പാലത്തിലൂടെ ഒന്ന് നടന്നു വരാം എന്ന് എല്ലാരും തീരുമാനിച്ചു.

വലിയ വലിയ പാറക്കല്ലുകളിൽ നിന്നും അടുത്തതിലേക്ക് കൈപിടിച്ചു അവൻ നടന്നു, ഇടക്ക് നിന്നു കടലിനെ വീക്ഷിച്ചും അതിന്റെ നിറവ്യത്യാസങ്ങളെ കുറിച്ചും, ബോട്ടിനെ കുറിച്ചും കൊച്ചു മനസ്സിലെ സംശയങ്ങൾ ചോദിച്ചു മുന്നോട്ടെക്ക് മുന്നോട്ടക്ക് അവൻ നടന്നു. വെള്ളത്തിൽ ഇറങ്ങാൻ ഈ നടത്തം കൊണ്ടു പറ്റില്ല എന്ന് മനസ്സിലായപ്പോൾ അതിനു പറ്റിയ സ്ഥലം വേറെ ഉണ്ട് , കൊണ്ടുപോകാം എന്നു പറഞ്ഞു രണ്ടു പേരെയും സമാധാനിപ്പിച്ചു. പാലത്തിന്റെ അറ്റം വരെ പോയി മടങ്ങുമ്പോൾ കടലിന്റെ പല മുഖങ്ങളും വർണങ്ങളും ശബ്ദങ്ങളും അവന്റെ മനസ്സിൽ കുടിയേറിയിരുന്നു.

എവിടെ പോയാലും ഷോപ്പിംഗിന് ഇറങ്ങിയാൽ ഒരു കാറോ ബസ്സോ ലോറിയോ ആയിരിക്കും അവന്റെ ലക്ഷ്യം, അതു കിട്ടി കഴിഞ്ഞാൽ കുറെ നേരം സ്വപനലോകത്തെ ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കും ഒക്കെ ആയി അവൻ അവന്റെ മാത്രം ഒരു ലോകം സൃഷ്ടിക്കും.കന്യാകുമാരിയിലും കുറച്ചു നേരം അങ്ങിനെ ആയിരുന്നു. കടലിൽ ഇറങ്ങാൻ ഉള്ള സ്ഥലത്തു എത്തിയതും രണ്ടുപേരും ചെരുപ്പെല്ലാം ഊരിമാറ്റി എന്റെ രണ്ടും കൈകളും പിടിച്ചു കടൽ നനഞ്ഞു. തിരികെ തിരുവനന്തപുരം എത്തി കുറച്ചു കഴിയുമ്പോഴേക്കും അവന്റെ പ്രിയപ്പെട്ട ചച്ചു പാപ്പാനും ശ്രീക്കു പാപ്പാനും എത്തി, പിന്നെ അവരെ അതു വരെ ഉള്ള കഥകൾ പറഞ്ഞു ഒരു വഴിക്കാക്കി എപ്പോഴോ നിദ്രയിൽ വീണു.

ഒരു പ്രാവശ്യം പോലും മടുപ്പു കാണിക്കാതെ എത്രയോ വട്ടം മൃഗശാലയിൽ അവൻ അന്ന് പോവുക ഉണ്ടായി, ഓരോ തവണ പോയി വരുമ്പോഴും കടുവയുടെയോ സിംഹത്തിന്റെയോ പുതിയ കഥകൾ പറയുവാനുണ്ടാകും . തിരുവനന്തപുരത്തെ ആ പത്തു ദിവസങ്ങൾ അവനു വെറും ഒരു യാത്രക്ക് അപ്പുറം പുത്തൻ കാഴ്ചകളും, അനുഭവങ്ങളും, കൊച്ചറിവുകളും നൽകിയ ഏറ്റവും നല്ല യാത്ര ആയിരിക്കും എന്നു എനിക്കുറപ്പുണ്ട്.

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിന്റെ കൈക്കുമ്പിളിൽ എത്തിക്കാനോ ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് സാധിച്ചെന്നു വരില്ലായിരിക്കും, പക്ഷെ കുറഞ്ഞ കാലം കൊണ്ട് മനസ്സിലാക്കിയ യാത്ര എന്ന സർവകലാശാലയുടെ വാതിലുകൾ നിന്റെ മുന്നിൽ തുറന്നു തരാൻ എന്നും ഞാൻ കൂടെ ഉണ്ടാകും. അവൻ അഞ്ചാം വയസ്സിലേക്ക് കാൽ വെച്ചിരിക്കുന്നു, എഴുതാത്തതും, ഇനി എഴുതപ്പെടാൻ ഉള്ളതും ആയ യാത്രകളിൽ ഇനിയും ഒരുപാട് അറിവുകളുടെ കാഴ്ച്ചകൾ നിന്റെ മുന്നിൽ തുറക്കപ്പെടട്ടെ എന്നു സ്വപ്നം കണ്ടു കൊണ്ട് നിന്റെ കുസൃതികൾക്കു പിന്നാലെ എന്നും ഓടുന്ന ലെ ഞാൻ..!!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply