മിനിമം എട്ടു പോര പത്തു രൂപയാക്കണം; നാളെ മുതല്‍ സ്വകാര്യ ബസ് സമരം

ബസ്സുകളുടെ മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്നും നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍. നിരക്ക് വര്‍ധനയും സമരവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, റോഡ് ടാക്‌സ് തുടങ്ങിയ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചൊവി കൊണ്ടില്ലെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ബസ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷനിലും വര്‍ധനവ് വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ബസ് ചാര്‍ജ് ഇനി വര്‍ധിപ്പിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന നിരക്ക് വര്‍ധനയേ സാധിക്കൂ. ബസുടമകളുടെ ആവശ്യങ്ങളടക്കം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു. എല്ലായിപ്പോഴും ബസ് ചാർജ് വർധിപ്പിക്കുമ്പോൾ വിദ്യാർത്ഥികളുടെ നിരക്കും ഉയർത്താറുണ്ട്. എന്നാൽ ഇക്കുറി അതുണ്ടായില്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതില്‍ കൂടുതല്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നിരക്ക് ഒരു രൂപ മാത്രം വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ഈ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് പ്രൈവറ്റ് ബസ് മുതലാളിമാര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കാനാകില്ലെന്നാണ് ബസുടമകളുടെ മറ്റൊരു നിലപാട്.  ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ഉറപ്പായി. പ്രൈവറ്റ് ബസ്സുകളുടെ അഭാവത്തില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ലോക്കല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply