മനസ്സിനെ കുളിര്‍പ്പിക്കുവാന്‍ ഏറ്റവും നല്ല വഴിയാണ് യാത്രകള്‍. ജീവിതം സുസ്ഥിരമാക്കുവാന്‍ വേണ്ടി എല്ലാവരും നാനാവിധ ജോലികളിലാണ്. തിരക്ക് പിടിച്ച സിറ്റി ലൈഫില്‍ നിന്നും കുറച്ചു നേരത്തേയ്ക്ക് എങ്കിലും ഒന്ന് രക്ഷപ്പെടണം എന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്? ശുദ്ധമായ വായു ശ്വസിക്കുവാനും, തെളിഞ്ഞ വെള്ളം കുടിക്കുവാനും മലനിരകളിലേയ്ക്കു യാത്രകള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്.
ഇടുക്കി ജില്ലയിലെ സഞ്ചാരി യൂണിറ്റ് ചിന്നാറിലേയ്ക്ക് യാത്ര സംഘടിപ്പിക്കുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ ഒരു സന്തോഷം തോന്നി. KSRTC ബസ് എടുത്താണ് യാത്ര പോകുന്നതെന്ന് കേട്ടപ്പോള്‍ എന്തായാലും പോകണം എന്ന് ഉറപ്പിച്ചു. ആനവണ്ടിയിലെ യാത്ര ഒരു പ്രത്യേക സുഖം തന്നെയാണ്. ഞായറാഴ്ചകളിലും, ചില തിരക്ക് കുറഞ്ഞ ദിവസങ്ങളിലും കുറച്ചു ബസ്സുകള്‍ ഓടാറില്ല. ഡിപ്പോയില്‍ വെറുതെ കിടക്കുന്ന അവ വാടകയ്ക്ക് എടുത്തു വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ് എന്ന് അധികമാര്‍ക്കും അറിയില്ല.
മൂന്നാറിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന വഴിയിലാണ് ചിന്നാര്‍ വന്യജീവി സങ്കേതം. മൂന്നാറില്‍ നിന്നും ഇവിടേയ്ക്ക് അമ്പതു കിലോമീറ്റര്‍ ദൂരമുണ്ട്. 1800-കളില്‍ ബ്രിട്ടന്റെ തേയില വ്യാപാരത്തില്‍ ഏറ്റവും സ്വാധീനമുണ്ടായിരുന്നത് ഫിന്‍ലെ എന്ന കമ്പനിക്കായിരുന്നു. കണ്ണന് ദേവന് മലനിരകള്‍ ഫിന്‍ലെ മൊത്തത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന മൂന്നാറിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ഒരു വഴി കണ്ടുപിടിച്ചു നിര്‍മ്മിക്കുവാന്‍ മഹാരാജാവ് ഭാരമേല്പിച്ചത് കണ്ണന് ദേവന് മലനിരകളിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനായിരുന്ന അലൻ ഫ്ലുക്കെ മാർട്ടിൻ എന്ന ടോബിയെ ആയിരുന്നു. ടോബിയും ഭാര്യയും ചേര്‍ന്ന് നടത്തിയ സാഹസികയാത്രയുടെ ഒടുവില്‍ മൂന്നാര്‍-ചിന്നാര്‍ റോഡിന്റെ ലൈന്‍ രൂപം പ്രാപിച്ചു. മലനിരകളിലെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ റൂട്ടാണ് ചിന്നാറിലേയ്ക്കുള്ള വഴി.
രാവിലെ 9.30-നു യാത്ര മൂന്നാര്‍ KSRTC ഡിപ്പോയില്‍ നിന്ന് തുടങ്ങും എന്ന് അറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ 8.30-നു തന്നെ മൂന്നാര്‍ എത്തി. സംഘാടകരായ അബീസ്, ഭരത് എന്നിവര്‍ സിബി ചേട്ടനോടോത്ത് യാത്രയുടെ ഒരുക്കങ്ങളില്‍ ആയിരുന്നു. സഞ്ചാരിയുടെ ബാനര്‍ വണ്ടിയുടെ മുമ്പില്‍ തൂക്കുക ആയിരുന്നു ആദ്യ ജോലി. ആദ്യം വന്നവര്‍ ബ്രേക്ഫാസ്റ്റ് കഴിക്കുവാന്‍ പോയി. ഞങ്ങളും അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. രാവിലെ ചെറിയ മഴക്കോളുണ്ടായിരുന്നു. അതിനാല്‍ത്തന്നെ നല്ല തണുപ്പുണ്ടായിരുന്നു. നല്ല കടുപ്പമുള്ള ചൂടന്‍ ചായയും, ഉഴുന്ന് വടയും കഴിച്ചു. തിരിച്ചു ഡിപ്പോയില്‍ എത്തിയപ്പോഴേയ്ക്കും എല്ലാവരും എത്തിക്കഴിഞ്ഞിരുന്നു. കുറച്ചു പേരെ പരിചയപ്പെട്ടു. അങ്ങനെ 35 പേരുമായി ഇടുക്കി ജില്ലയിലെ സഞ്ചാരി ഗ്രൂപ്പിന്റെ ആദ്യ യാത്ര തുടങ്ങി.
സമുദ്ര നിരപ്പിന് ആറായിരം അടി മുകളിലുള്ള ‘നൈയ്മക്കാട്’ ഗ്യാപ്പ് ആയിരുന്നു ആദ്യ ലക്ഷ്യം. കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള പബ്ലിക് റോഡിലൂടെയാണ് നമ്മള് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. നൈമാരു എന്ന വാക്കിനു തമിഴില്‍ ചെകുത്താന് എന്നൊരു അര്‍ഥം കൂടിയുണ്ട്. തോട്ടം തുടങ്ങിയ സമയത്ത് മലമ്പനി പടര്‍ന്നു പിടിച്ചതിനാല്‍ കുറച്ചു കാലത്തേയ്ക്ക് അടച്ചിടേണ്ടി വന്നു. അങ്ങനെയാണ് തോട്ടത്തിനു ‘നൈയ്മക്കാട്’ എന്ന പേര് പില്ക്കാലത്ത് വന്നത്.
ആനമുടിയുടെ മുകളിൽ നിന്നും ഉത്ഭവിക്കുന്ന മുതിരപ്പുഴയുടെ കൈവഴിയായ കന്നിയാറിലെ സ്ഫടികം പോലെ തെളിഞ്ഞ വെള്ളമുള്ള അരുവിയുടെ ഓരത്താണ് സഞ്ചാരി കൂട്ടത്തിന്റെ ആനവണ്ടി സവാരി ആദ്യമെത്തിയത്. അഞ്ചു മിനുട്ട് സമയം എന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാവരും അതില്‍ കൂടുതല്‍ സമയം എടുത്തു. അകലെ മലനിരകളില്‍ ഒരു വെള്ളച്ചാട്ടം കാണാം. ആനമുടിയെക്കുറിച്ച് സിബി ചേട്ടന് ഒരു ആമുഖം നല്കി.
സഞ്ചാരികള്‍ ഫോട്ടോസ് എടുക്കുന്നതിലും, സെല്‍ഫികള്‍ എടുക്കുന്നതിലും ഏര്‍പ്പെട്ടു. ഇതിനിടെ നല്ല ഒന്ന് രണ്ടു ഫ്രെയിമുകള്‍ കണ്ടെത്തുവാന്‍ ഞാനും ശ്രമിച്ചു. വെള്ളച്ചാട്ടം പശ്ചാത്തലമാക്കി ഒരു ചിത്രം എടുക്കുവാന്‍ സാധിച്ചു. ഒരു ഫോട്ടോഗ്രാഫറെ വ്യത്യസ്തന് ആക്കുന്നത് അയാളുടെ വീക്ഷണകോണ് ആണ്. മറ്റാരും കാണാത്ത ഒരു ഫ്രെയിം, അല്ലെങ്കില്‍ ഒരു ആംഗിള്‍. ഒരു കോമണ്‍ സീനിനെ വ്യത്യസ്ഥമാക്കുന്നതും ഈ വീക്ഷണമാണ്. ‘Photographer’s eye’ എന്ന് വേണമെങ്കില്‍ ഇതിനെ പറയാം.
ഫോട്ടോസ് എടുത്തു കഴിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും ബസ്സിലേയ്ക്കു കയറി. നൈയ്മക്കാട് ഗ്യാപ്പ് വരയേ ഉള്ളൂ കയറ്റം. അവിടുന്നങ്ങോട്ട് മുഴുവന്‍ ഇറക്കവും വളവുകളുമാണ്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല് നൈയ്മക്കാട് ഗ്യാപ്പ് പിന്നിട്ട് ഞങ്ങള്‍ പശ്ചിമ ഘട്ട മലനിരകളിലെ കിഴക്കൻ ചെരുവിലേക്കു യാത്ര തുടർന്നു. ഇനി തേയിലത്തോട്ടങ്ങള്‍ ആണ്. കാണാന്‍ ഭംഗി ഉണ്ടെങ്കിലും ഈ തോട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ 5000 അടിയോളം ഉയരമുള്ള പ്രദേശങ്ങളിലെ പുൽമേടുകളും , ചോലക്കാടുകളും നശിപ്പിച്ചു എന്നത് ഒരു ദുഖകരമായ സത്യമാണ്. എത്രയോ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ന്നിട്ടുണ്ടാകണം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങളുടെ സ്വന്തം ആനവണ്ടി തലയാര്‍ ലക്ഷ്യമാക്കി നീങ്ങി.
തലയാറിലെ റ്റീ ഫാക്റ്ററിയിലേയ്ക്കു മെയിന്‍ റോഡില്‍ നിന്നും ഒരു പത്തു മിനുട്ട് നടക്കുവാന്‍ ഉണ്ട്. പോകുന്ന വഴി ഒരു ചെറിയ അമ്പലവും കാണാം. ടീ ഫാക്ടറിയുടെ മുമ്പില്‍ വെച്ച് മാനേജര്‍ സാബു ചേട്ടന് ഞങ്ങളെ എതിരേറ്റു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വക ഒരു ചെറിയ ക്ലാസ്സ് ഉണ്ടായി. തേയിലയുടെ ഉത്പാദനരീതിയെക്കുറിച്ചു അദ്ദേഹം വളരെ വ്യക്തമായ ഒരു വിവരണം നല്കി. പിന്നീട് ഫാക്ടറിക്കുള്ളില്‍ പ്രവേശിച്ച് തേയില ഉണ്ടാക്കുന്ന പ്രോസസ്സ് നേരിട്ട് കണ്ടു. തലയാര്‍ ചായ മനുഷ്യസ്പര്‍ശം ഏല്ക്കാതെ ആണ് ഉണ്ടാക്കുന്നത്. ഫുള്ളി ഓട്ടോമേറ്റഡ് ആയ യന്ത്രങ്ങള്‍ ആണ് ഫാക്ടറിക്ക് ഉള്ളില്‍. ഫാക്ടറിയില്‍ നിന്നു ചൂടന്‍ തലയാര്‍ ചായ കുടിച്ച ശേഷം ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.
മഴ പെയ്തു തുടങ്ങിയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ടു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുവാന്‍ നിന്നതിനാല്‍ ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. തേയിലച്ചെടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു തേനീച്ചക്കൂട് കണ്ടു. ചെടി എന്ന് പറയുമെങ്കിലും തേയില ഒരു മരം ആണ് എന്ന് മിക്കവര്‍ക്കും അറിയില്ല. വെട്ടി നിറുത്തി ഇല്ലെങ്കില്‍ നമ്മളെക്കാള്‍ ഉയരത്തില്‍ ആശാന് വളരും. അടുത്ത വെളിംപ്രദേശത്ത് പുല്ലു മേഞ്ഞു കൊണ്ടിരിക്കുന്ന പശുക്കള്‍ക്കിടയിലൂടെ ഒരു പെണ്മയില് നടക്കുന്നത് ഞാന്‍ കണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ അതിനെ കാണാനില്ല. മഴ പെയ്തതിനാല്‍ മാറി നില്ക്കുകയാവും.
കുറച്ചു ദൂരം കൂടി യാത്ര ചെയ്തപ്പോള്‍ ലക്കം വെള്ളച്ചാട്ടം എത്തി. അപ്പോഴേക്കും മഴ തുടങ്ങിയതിനാല്‍ വലിയ തിരക്ക് ഇല്ലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ മഴയത്ത് എടുക്കുക എന്നത് ഒരു ദുഷ്കരമായ പ്രവൃത്തി ആയിരുന്നു. ക്യാമറ നനയാതെ സൂക്ഷിക്കണമല്ലോ. എന്തായാലും കൂടെയുള്ള സുഹൃത്ത് കുട ചൂടി സഹായിച്ചതിനാല്‍ ഫോട്ടോ ഭംഗിയായി എടുക്കുവാന്‍ കഴിഞ്ഞു. വെള്ളച്ചാട്ടങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ എക്സ്പോഷര്‍ സമയം കൂട്ടി എടുത്താല്‍ ഒരു ‘milky flow’ ആയി കിട്ടും. പക്ഷെ ക്യാമറ ഇളക്കം കൂടാതെ സൂക്ഷിക്കാന്‍ ട്രൈപ്പോഡ് ഉപയോഗിക്കേണ്ടി വരും. കൈ കൊണ്ട് ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉള്ള ചലനം പോലും ഇത്തരം ഫോട്ടോകളെ നശിപ്പികുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ടൈമര്‍ ഓണാക്കിയിട്ട് ഫോട്ടോ എടുക്കുന്നതാവും നല്ലത്.
വണ്ടി മറയൂര്‍ എത്തിയപ്പോഴാണ് റോഡ് സൈഡില്‍ ഒരു ജനക്കൂട്ടം കണ്ടത്. നോക്കിയപ്പോള്‍ ഒന്ന് രണ്ടു കാട്ടുപോത്തുകള്‍ റോഡിനോടു ചേര്‍ന്നുള്ള ഫെന്‍സിനു മറുവശത്ത് നില്‍പ്പുണ്ട്. അതിന്റെ ഫോട്ടോ എടുക്കാന്‍ ഉള്ള തിരക്കാണ്. ഫെന്‍സ് കെട്ടിയതിനാല്‍ പാവങ്ങള്‍ അതിനുള്ളില്‍ തീറ്റയും വെള്ളവുമില്ലാതെ കഷ്ടപ്പെടുകയാണ്. പുറത്തു കടക്കാനും കഴിയില്ലല്ലോ. കാഴ്ച്ച കാണാന്‍ നില്ക്കുന്ന ആള്‍ക്കാരുടെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടിയാലോ എന്ന് കരുതിയാണെന്ന് തോന്നുന്നു, അതിലൊരെണ്ണം ഫെന്‍സിനു നേരെ നീങ്ങുന്നത് കണ്ടു. സമയം കളയാന്‍ ഇല്ലാതിരുന്നതിനാല്‍ ഒന്ന് രണ്ടു ഫോട്ടോ എടുത്തതിനു ശേഷം വീണ്ടും ഞങ്ങള്‍ ബസ്സില്‍ കയറി.
മറയൂര്‍ കഴിഞ്ഞതോടെ കാലാവസ്ഥ മാറി. അത് വരെ മഞ്ഞും, മഴയും തണുപ്പും ഒക്കെയായിരുന്നു. ഇപ്പോള്‍ അത് മാറി ചൂടായിത്തുടങ്ങി. ചിന്നാറിലെ വരണ്ട കാറ്റ് ഞങ്ങളെ എതിരേറ്റു. കാലാവസ്ഥ വ്യതിയാനം ചെറുതായി എന്നെയും ബാധിച്ചു തുടങ്ങിയിരുന്നു. കണ്ണുകള്‍ അടയുന്നത് പോലെ. സമയം നോക്കിയപ്പോള്‍ ഒന്നര ആയിട്ടുണ്ട്. ചിന്നാര്‍ എത്താറായപ്പോള്‍ റോഡ് സൈഡിലുള്ള ഒരു ചിതല് പുറ്റില്‍ നിന്ന് എത്തി നോക്കുന്ന ഒരു ഉടുമ്പിനെ (Monitor Lizard) കണ്ടു. പക്ഷേ വണ്ടിക്കുള്ളില്‍ ആയിരുന്നതിനാല്‍ ഫോട്ടോ എടുക്കുവാന്‍ കഴിഞ്ഞില്ല.
വെസ്റ്റേണ്‍ ഗാട്ട്സില്‍ ഉള്‍പ്പെടുന്ന ചിന്നാര്‍ ഒരു മഴനിഴല്‍ പ്രദേശം (rainshadow region) ആണ്. മഴമേഘങ്ങളെ കാണാമെങ്കിലും മഴ ഇവിടെ വിരളമാണ്. ഒരു മരുഭൂമിയുടെ പ്രതീതി ആണ് വരണ്ടുണങ്ങിയ പ്രദേശം കണ്ടാല്‍ തോന്നുക. കുറ്റിച്ചെടികളും, മുള്‍ച്ചെടികളും കൊണ്ട് നിറഞ്ഞ പ്രദേശം. പക്ഷേ കേരളത്തില്‍ ഞാന്‍ കണ്ടതിലേറ്റവും ജൈവവൈവിദ്ധ്യം ഉള്ള പ്രദേശമാണ് ചിന്നാര്‍. പലതരം പക്ഷികളെയും, മൃഗങ്ങളെയും ഇവിടെ കാണാം. നക്ഷത്ര ആമകളും (star tortoise), ചാമ്പല്‍ മലയണ്ണാനും (grizzled giant squirrel) ചിന്നാറിന്റെ സ്വകാര്യ സ്വത്താണ്. ഒരു മരുഭൂമി പോലെ തോന്നുന്ന സ്ഥലത്ത് എങ്ങനെ ഇത്ര ജീവജാലങ്ങള്‍ വരുന്നു എന്നതിന് ഒരുത്തരം ആണ് ഈ പ്രദേശത്തു കൂടി ഒഴുകുന്ന നദികള്‍. പാമ്പാറും, ചിന്നാറും കൂടിച്ചേര്‍ന്ന് കൂട്ടാറായി ഒഴുകുന്നു.
ചിന്നാര്‍ ചെക്ക്പോസ്റ്റില്‍ എത്തിയാല്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം വാഹനത്തിന്റെ ഷട്ടറുകള്‍ എല്ലാം ഇടുക എന്നതാണ്. നമ്മള് ഇറങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്ന വകതിരിവില്ലാത്ത കുറച്ചു വാനരന്മാര് അവിടെ സദാ സമയവും കാണും. മഹാവികൃതികളായ ഇവര്‍ ബാഗുകള്‍ എല്ലാം കൃത്യമായി പരിശോധിക്കും. ആ കാര്യത്തില്‍ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെക്കാള്‍ ശുഷ്കാന്തി അവര്‍ കാണിക്കും.
ചിന്നാറില്‍ എത്തിയ ഉടനെ ചൂടന്‍ ചോറും, സ്വാദുള്ള കറികളും കൂട്ടിയുള്ള ഊണ് കഴിച്ചു. അതോടെ എല്ലാവരും ഉഷാറായി. വാച്ച് ടവറിലേയ്ക്കുള്ള ഒരു ചെറിയ ട്രെക്ക് ഉണ്ടായിരുന്നു. രണ്ടു മൂന്നു ബാച്ചുകളായി എല്ലാവരും വാച്ച് ടവറിന്റെ മുകളില്‍ കയറി. ആദ്യബാച്ച് കയറിയ സമയം വെറുതെ താഴെ നില്ക്കേണ്ടല്ലോ എന്ന് കരുതി ഞാന്‍ പരിസരം നിരീക്ഷിച്ചു. ഉണങ്ങിയ ചെടികള്‍ക്കിടയില്‍ ഒരു അനക്കം കണ്ടപ്പോള്‍ അത് ഒരു ഓന്താണെന്ന് മനസ്സിലായി.
അനക്കമുണ്ടാക്കാതെ പതിയെ അതിന്റെ അടുത്ത് ചെന്ന് കുറച്ചു ഫോട്ടോസ് എടുത്തു. തിരിച്ചു വന്ന ശേഷം ടവറില്‍ കയറി. നല്ല ഉയരമുള്ള ടവര്‍ ആണ്. രാവിലെ ടവറില്‍ കയറിയാല്‍ പുള്ളിമാന്‍ കൂട്ടങ്ങളെയും (spotted deer), മ്ലാവുകളെയും (sambar deer) സാധാരണ കാണാന്‍ സാധിക്കാറുണ്ട്. ടവറില്‍ നിന്ന് ഫോട്ടോസ് എടുത്ത ശേഷം ഞങ്ങള്‍ താഴെയിറങ്ങി. തിരിച്ചു ചെക്ക്പോസ്റ്റിലേയ്ക്ക് നടക്കുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത മഞ്ഞക്കറുപ്പന്റെ (Black hooded Oriole Juvenile) ഫോട്ടോയും കിട്ടി.
സമയം വൈകിയതിനാലും മറയൂരില്‍ കുറച്ചു സമയം ചെലവഴിക്കണമെന്നതിനാലും തിരിച്ചു പോകാം എന്ന് തീരുമാനിച്ചു. തിരിച്ചു പോകുന്ന വഴി മറയൂര്‍ ഇറങ്ങി. ചായ കുടിക്കുവാനും ചെറിയ ഷോപ്പിംഗ് നടത്തുവാനും സമയം കിട്ടി. നൈയ്മക്കാട് ഗ്യാപ്പില്‍ വെച്ച് എല്ലാവരും ഒന്നുകൂടി പരിചയം പുതുക്കി. ഏകദേശം ആറു മണിയോടെ തിരിച്ചു മൂന്നാര്‍ ഡിപ്പോയില്‍ എത്തി. അങ്ങനെ പല സ്ഥലങ്ങളില്‍ നിന്നു വന്ന ഞങ്ങള്‍ വീണ്ടും പലവഴിക്ക് പിരിഞ്ഞു. അടുത്ത യാത്രയില്‍ കൂടുതല്‍ അടുക്കാം എന്ന പ്രതീക്ഷയോടെ…
NB: ഈ പ്രോഗ്രാമിന്റെ മുഖ്യസംഘാടകരായ സഞ്ചാരി സുഹൃത്തുക്കള്‍ ഭരത്, അബീസ്,രാജേഷ് എന്നിവര്‍ക്കും, മൂന്നാര്‍-ചിന്നാര്‍ റോഡിന്റെ ചരിത്രം പറഞ്ഞു തരികയും കൂടെ നിന്ന് നയിക്കുകയും ചെയ്ത സിബി ചേട്ടനും നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇത്തരം യാത്രകള്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ക്ലിക്ക് ചെയ്യുക
വിവരണം : ഡോ. ഉല്ലാസ് ജി.കളപ്പുര