കെഎസ്ആർടിസിയിലെ ദീർഘദൂര യാത്രക്കാരുടെ അവസ്ഥ പരിഗണിക്കില്ലേ?

ഈയിടയായി കെ.എസ്.ആർ.ടി.സി.യുടെ പല നടപടികളും കാണുമ്പോൾ തോന്നുന്നത് കെ.എസ്.ആർ.ടി.സി. ശരിക്കും ബാംഗ്ലൂർ സർവ്വീസുകൾക്കായി മാത്രം ഉള്ളവയാണെന്ന്.
ബാംഗ്ലൂർ സർവ്വീസുകൾ നമ്മുടെ അഭിമാനം തന്നെ. സമ്മതിക്കുന്നു.
എന്നാൽ, ബാംഗ്ലൂർ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ നിറുത്തേണ്ട ഹോട്ടലിന്റെ പേര് വരെ നിർദ്ദേശിക്കുന്ന, കീഴ്വഴക്കങ്ങളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത ഫ്ലെക് സി ഫെയർ കൊണ്ടുവരലും ബ്ലാങ്കറ്റ്/ വെള്ളം കൊടുക്കലും ഒക്കെ തകൃതിയാക്കുന്ന മാനേജ്മെന്റ് കേരളത്തിനുള്ളിൽ 10-15 മണിക്കൂർ യാത്ര ചെയ്യുന്ന യാത്രക്കാരേ കൂടി ഇടയ്ക്ക് പരിഗണിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു,.
കെ.എസ്.ആർ.ടി സി ഇൻട്രാ സ്റ്റേറ്റ് സർവ്വീസുകൾക്ക് ( പ്രത്യേകിച്ചും നൈറ്റ് സർവീസ് ) ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ / ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ്.ഇവയിലെ യാത്ര അത്രകണ്ട് ആഢംബരമല്ലെങ്കിലും ആധുനികം ആയിട്ടുണ്ട് എന്ന് അംഗീകരിക്കുക തന്നെ വേണം( പലകപ്പുറം പോലത്തെ സീറ്റാണ് ഏറ്റവും ആധുനികം ..! ).ഇപ്പോൾ വരുന്ന പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലെ യാത്ര ,പ്രത്യേകിച്ച് രാത്രിയാത്ര കൂടുതൽ ഉചിതമാക്കുന്ന സംവിധാനങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
രാത്രിയാത്രയെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്ന വസ്തുത രാത്രിയിൽ ഓരോ സീറ്റിനും മുകളിൽ തെളിച്ചിടുന്ന കണ്ണിൽ കുത്തുന്ന ലൈറ്റുകളാണ്. വയാനാട്ടിൽ നിന്നും കോട്ടയം/തിരുവനന്തപുരം ഒക്കെ പോകുന്ന ബസിലെ യാത്രക്കാർ ബാംഗ്ലൂർക്കല്ല പോകുന്നത് എന്ന ഒറ്റ കാരണത്താൽ രാത്രിയിൽ ഉറങ്ങാൻ അർഹരല്ല എന്ന് ചിന്തിക്കുന്നത് ഏത് ന്യായത്തിന്റെ ഭാഗത്താണ് എന്ന് മനസ്സിലാവുന്നില്ല.
രാത്രിയിൽ, സ്റ്റാന്റിംഗ് ഇല്ലാത്ത ബസുകളിലെങ്കിലും ലൈറ്റുകൾ ഓഫാക്കി യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കാൻ മാനേജ്മെൻറിന് ഉത്തരവാദിത്വം ഇല്ലേ?
സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചെറിയ നീല പ്രകാശം ( Blue LED Bulb) തെളിയിക്കുന്നത് ഉചിതമായിരിക്കും.
ഈ പരാതിയും നിർദ്ദേശവും കെ.എസ്.ആർ.ടി.സി.യിലെ ഒരു ഉന്നത അധികാരിയെ അറിയിച്ചപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. ” എസ്സ്പ്രസ് ആന്റ് എബവ് സർവ്വീസുകളിലെ ഇതിനുള്ള സംവിധാനം ഉള്ളൂ. കാരണം സൂപ്പർഫാസ്റ്റിലൊന്നും നീല ലൈറ്റ് ഇല്ല. ഇന്റർസ്റ്റേറ്റ് സർവ്വീസുകളിലാണ് ഇതിന് പ്രാധാന്യം ഉള്ളൂ.”!!


ഈ മറുപടിയിലെ സ്തുതാവിരുദ്ധ ങ്ങൾ ചൂണ്ടിക്കാണിക്കട്ടെ ..
1. ഇതിനും മാത്രം express and above bus കൾ എവിടെ? കേരളത്തിനകത്ത് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത് sf and fp ആണ് എന്ന് ആർക്കാണ് അറിയാത്തത്?
2. പുതുതായി ഇറങ്ങുന്ന എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളിലും രണ്ട് വീതം ബ്ലൂ LED ലൈറ്റുകൾ ഉണ്ട്. ചില ഫാസ്റ്റ് പാസഞ്ചറിലും.ഇത് ഉന്നത അധികാരികൾക്ക് അറിവില്ല എങ്കിൽ എന്റെ ഞെട്ടൽ ഇവിടെ രേഖപ്പെടുത്തട്ടെ.
3. ഇന്റർ സ്റ്റേറ്റു സർവ്വീസുകളിൽ ഇപ്പോൾ തന്നെ ലൈറ്റ് കെടുത്തുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. ഇവിടുത്തെ പ്രശ്നം കേരളത്തിനകത്തെ ദീർഘദൂര യാത്രക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ്.

യാത്രക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, അതിനനുകൂലമായ മാറ്റങ്ങൾ കെ.എസ്.ആർ.ടി.സി.യിൽ കൊണ്ടുവരുന്നതിന് മുൻകൈ എടുക്കുന്ന എം. ഡി. മുതൽ എല്ലാവരുടേയും ശ്രദ്ധ ഈ ആവശ്യത്തിലേക്ക് ക്ഷണിക്കട്ടെ..
ഇപ്പോൾ, നീല പ്രകാശം ബസുകളിൽ ഉള്ളതിനാൽ ലൈറ്റ് ഓഫാക്കുന്നത് പെട്ടന്ന് പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്.ഒരു ഓർഡർ / സർക്കുലർ ലഭിച്ചാൽ ചെയ്യാൻ തയ്യാറെന്ന് ജീവനക്കാർ തറപ്പിച്ച് പറയുന്നു. ഇപ്പോൾ തന്നെ ചില ജീവനക്കാർ യാത്രക്കാരുടെ ആവശ്യാർത്ഥം ലൈറ്റുകൾ ഓഫാക്കി നീല പ്രകാശം മാത്രം ഉപയോഗിക്കുന്നുണ്ട് എന്നത് രഹസ്യമായ പരസ്യമാണ്.
ആ ജീവനക്കാർ കാണിക്കുന്ന കാരുണ്യം എങ്കിലും നിങ്ങൾക്കും യാത്രക്കാരോട് കാണിച്ചുകൂടേ അധികാരികളെ.?
ഇപ്പോൾ ഉറങ്ങാൻ ബുദ്ധിമുട്ടായതിനാൽ ആളുകൾ ഷോൾ, ടർക്കി മുതലായവ കണ്ണിനു മുകളിൽ വലിച്ച് കെട്ടിയൊക്കെയാണ് യാത്ര അഡ്ജസ്റ്റ് ചെയ്യുന്നത്. പിന്നെ, എല്ലാ യാത്രക്കാർക്കും എക്‌സ്പ്രസ്സ് ആന്റ് എബവ് ബസുകൾ താങ്ങാൻ കഴിയുന്ന സൗകര്യം അല്ല എന്നും നിങ്ങൾ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കട്ടെ..

ആയതിനാൽ, ഇതിനാവശ്യമായ നടപടികൾ എത്രയും പെട്ടന്ന് കൈക്കൊള്ളണമെ എന്ന് അപേക്ഷിക്കട്ടെ. അതിനായി എന്തെങ്കിലും നിയമ തടസ്സം ഉണ്ടെങ്കിൽ അത് മാറ്റണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ തന്നെ പല കാര്യങ്ങളിലും അത് സംഭവിച്ച് കഴിഞ്ഞതും ആണല്ലോ. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ Blue LED ഇല്ലാത്തത് പ്രശ്നമാണെങ്കിൽ ഇന്നി മുതലെങ്കിലും പുതിയ ബസുകളിൽ ആ ഒരു സൗകര്യം കൂടി ഉൾപ്പെടുത്തുവാൻ നിർദ്ദേശിക്കുക.
ഇനിയെങ്കിലും ഈ ആവശ്യം കണ്ടില്ല എന്ന് നടിക്കുകയോ മുടന്തൻ ന്യായങ്ങൾ നിരത്തി ഇത് മുക്കി കളയുകയോ ചെയ്യരുത്.
ഇതൊരു അപേക്ഷയാണ്- ആയിരക്കണക്കിന് യാത്രക്കാർ ദിനം പ്രതി അനുഭവിക്കുന്ന ഒരു വലിയ ബുദ്ധിമുട്ടിന്റെ-യാത്രക്കാരെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന അപേക്ഷ.
ഇവിടെ ചേർക്കുന്ന ചിത്രം RpE series -ൽ ഉള്ള ഒരു സൂപ്പർഫാസ്റ്റ് ബസിലെ നീല ലൈറ്റാണ്.
അടിയന്തരവും അനുകൂലവും ആയ ഒരു തീരുമാനവും പ്രതിവിധിയും ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ, ഈ അപേക്ഷ ചുരുക്കട്ടെ .. നന്ദി.

വിവരണം – അഖിൽ ജോയ്

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply