കഴുത്തറ്റം വെള്ളത്തിൽ രക്ഷാപ്രവർത്തനവുമായി പോലീസ്; ദൃശ്യങ്ങൾ കാണാം…

ഒരായിരം അപേക്ഷകളും പരാതികളുമായി ജനങ്ങൾ ആശ്രയിക്കുന്ന പൊലീസ് ഇന്ന് അപേക്ഷകളും നിർദേശങ്ങളുമായി രംഗത്തുണ്ട്. കനത്ത മഴയിൽ ഡാമുകൾ കൂടി തുറന്നുവിട്ടതോടെ ആശങ്കയിലായവർക്ക് ആശ്വാസം പകരാൻ. ഒപ്പം രക്ഷാപ്രവർത്തനവും മുന്നറിയിപ്പുകളും. സർക്കാരും മാധ്യമങ്ങളും ട്രോളൻമാർ അടക്കം ഇൗ ആശങ്കകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഒരു പൊലീസുകാരന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സർക്കിൾ ഇൻസ്പെക്ടറായ മനോജ് കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ : “ഇന്ന് (അഗസ്റ്റ്:9 ) എന്റെ ജന്മദിനമാണ്. കാലത്ത് 6.00 മണി മുതൽ പാലക്കാട് ടൗണിൽ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനം തുടങ്ങി. ഉച്ചയ്ക്ക് 11.30 മണിക്കാണ് പ്രഭാത ഭക്ഷണം കഴിക്കുവാനായത്. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതിൽ ലഭിച്ച ചാരിതാർത്ഥ്യമാണ് എനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം. എങ്കിലും ഞാൻ മഴയെ ശപിക്കില്ല. മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വഴികൾ തടസപ്പെടുത്തിയ മനുഷ്യന്റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ഞാൻ ശപിക്കുന്നത്.”

ഈ പോസ്റ്റിനൊപ്പം ചിത്രങ്ങളും വീഡിയോയും ഇദ്ദേഹം ചേർത്തിട്ടുണ്ട്. അതിൽ കാലിനു വയ്യാത്ത ഒരു സ്ത്രീയെ വീട്ടിൽ നിന്നും വെള്ളത്തിലൂടെ എന്തിലോ ഇരുത്തി നെഞ്ചറ്റം വെള്ളത്തിൽ നിന്നുകൊണ്ട് രക്ഷപ്പെടുത്തിക്കൊണ്ടു പോകുന്ന പൊലീസുകാരെ കാണാം. “നിങ്ങൾ പേടിക്കാതിരിക്കൂ, ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ” എന്ന് മനോജ് കുമാർ ദുരന്തബാധിതരോട് പറയുന്നത് ആ വീഡിയോയിൽ കാണാം. മലവെള്ളം പുഴപോലെ വന്ന് വീടിനെയാകെ മുക്കിയപ്പോൾ ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നോർത്ത് വിലപിച്ചിരിക്കുന്ന ആ പാവം മനുഷ്യർക്ക് മനോധൈര്യവും ആശ്വാസവും ഈ വാക്കുകളിലൂടെ ലഭിക്കും എന്നുറപ്പാണ്.

ഈ പോസ്റ്റ് വൈറൽ ആയതോടെ ഇൻസ്‌പെക്ടർ മനോജ്‌കുമാറിനു അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അറിഞ്ഞവർ അറിഞ്ഞവർ ഇത് ഷെയർ ചെയ്യുവാൻ തുടങ്ങി. ഒടുവിൽ മനോരമ ന്യൂസ് പോലുള്ള മാധ്യമങ്ങളിലും സംഭവം വാർത്തയായി. എന്നാൽ ഇതിനൊന്നും നന്ദി പോലും പറയുവാൻ സമയമില്ലാതെ മനുഷ്യ ജീവനുകൾ രക്ഷിക്കുന്ന ദൗത്യത്തിലാണ് മനോജ് കുമാറും കൂട്ടരും.

എന്തിനും ഏതിനും കേരളം പോലീസിനെ കുറ്റം മാത്രം പറയുന്നവർ ദുരന്തമുഖത്തേക്ക് ഒന്നു ചെല്ലുക. അല്ലെങ്കിൽ വാർത്തയിലെ ദൃശ്യങ്ങൾ ഒന്ന് കാണുക. എല്ലാവരും കണ്ണിൽച്ചോരയില്ലെന്നു പരാതി പറയുന്ന പോലീസുകാർ അവരുടെ ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് രക്ഷകരാകുന്ന കാഴ്ചകൾ കാണാം. ജനമൈത്രി പോലീസ് എന്നതിനു ഉത്തമോദാഹരണമാണ് മനോജ് സാറിനെപ്പോലുള്ള പോലീസുകാർ. കള്ളത്തരവും കൈക്കൂലി വാങ്ങലും പതിവാക്കി മറ്റുള്ളവർക്കു കൂടി ചീത്തപ്പേര് കേൾപ്പിക്കുന്ന പോലീസുകാർ ഇവരെയൊക്കെ കണ്ടു പഠിക്കണം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply