ബസ്സുകളോടുള്ള എൻ്റെ ഇഷ്ടത്തിൻ്റെ തുടക്കം; നൊസ്റ്റാൾജിയ ഓർമ്മകൾ…

എഴുത്ത് – ലിജോ ജോയി തേക്കുംകാട്ടിൽ, ചിത്രം – PBK.

എന്റെ പ്രൈവറ്റ് ബസ് ഫാനിങ്… ബസും ജീവനക്കാരും സുഹൃത്തുക്കൾ ആയിരുന്ന ഒരു കുട്ടി കാലം. അന്നു മനസ്സിലായിരുന്നു ചിത്രങ്ങൾ എടുത്തിരുന്നത്. ഇന്നത്തെ പോലെ പ്രമുഖ ബോഡി നിർമ്മാണ യൂണിറ്റ്കളൊ ബസ് ഫാൻസുകളോ ഇല്ലായിരുന്നു. പക്ഷേ അന്നും ചെറിയ വർക്കഷൊപ്പുകളിൽ നിന്നും നല്ല ബസുകൾ ഇറങ്ങി. പടുത ബസുകളുടെ കാലം, മഴക്കാലത്ത് പടുത ബസിലെ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയാണ്.

സ്കൂൾ ജീവിതം തുടങ്ങിയ കാലം സ്‌കൂളിലേക്ക് പോയിരുന്നത് ഒരു സി.എം.സ് ബസിലായിരുന്നു (ഇന്നത്തെ അൽഫൊൻസ), പിന്നെ തിരിച്ചു വന്നിരുന്നത് ഒരു എച്ച്.എം.എസ് ബസിലും. അതിന്റെയൊക്കെ കറക്ട് റൂട്ടൊ, ആ പെര്മിറ്റിൽ ഇന്നോടുന്ന വണ്ടിയോ അറിയില്ല. പിന്നീട് ഗുഡ്ഷപ്പെഡ്, സ്വരാജ്, ചിത്ര, എയ്ഞ്ചല്‍, പി.പീ.കെ, പി.എം.എസ് തുടങ്ങിയ ബസുകൾ എന്റെ സന്തതസഹചാരിമാരായി.

ഒരു ക്ളീനർ ദാവീദ് ആയിരുന്നു എന്നെ ബസിൽ നിന്ന് വലിച്ചു താഴെ ഇട്ട സഹോദരൻ. നാട്ടുകാരുടെ നിസീമമായ സ്നേഹവായ്പുകൾ കൊണ്ട് അദ്ദേഹം വളരെ പെട്ടെന്ന് തന്നെ നന്നായി. മറക്കാനാവാത്ത മൂന്ന് കണ്ടക്ടർമാരായിരുന്നൂ കല്ലാർ ഏലിയാസ് ചേട്ടൻ , പരേതനായ പനക്കൽ എൽദൊസ് ചേട്ടൻ, മീശ പൈലി ചേട്ടന്‍ തുടങ്ങിയവർ. പിന്നീട് പല വണ്ടികൾ… ഷട്ടർ, ഗ്ളാസ് ബോഡി വണ്ടികൾ ഇറങ്ങി. പല വണ്ടികളിൽ കയറി ഇറങ്ങി.

 

ഇന്നിറങ്ങുന്ന വണ്ടിക്ക് പഴയതിന്റെ ഗുണം ഉണ്ടൊ എന്ന് സംശയം ആണ്. ഗ്രാഫിക്സും കംപ്യൂട്ടർ ഡിസൈനിങും ഇല്ലാതെ തന്നെ നല്ല ലിവറികൾ ജനിച്ചിരുന്നു. സ്കൂൾ ജീവിതം ആണ് പ്രൈവറ്റ് ബസുകളുമായി കൂടുതലായി അടുപ്പം ഉണ്ടാക്കിയത്. ബസ് ജീവനക്കാർ ആകാൻ കൊതിച്ച കുട്ടിക്കാലം. ക്ലാസ്സിനു വരുമ്പോളും പൊകുമ്പോളും ഡോറിൽ നിൽക്കാനും മണി അടിക്കാനും പലപ്പോഴും മത്സരം വരെ ഉണ്ടാകും. തടിമിടുക്കുകൊണ്ട് പലപ്പോഴും നേടിയെടുത്തു.

വിദ്യാർത്ഥി ആയിരുന്നിട്ടും വിശ്വസ്തതയൊടെ എസ് ടി പിരിച്ചു കൊടുത്തതും, ഓടുന്ന വണ്ടിയിൽ കൈ പിടിക്കാത നിൽക്കാൻ പഠിച്ചതും, ടയർ പങ്ചർ ആകുമ്പോൾ സ്വന്തം വണ്ടി പൊലെ മാറാൻ സഹായിച്ചതും, കരിഓയിൽ പുരണ്ട യൂണിഫോം ഇട്ടു ക്ളാസിൽ ഇരുന്നതും, വീട്ടിൽ എത്തുബൊൾ വീട്ടുകാരുടെ ശകാരം കെട്ടതും ഇന്നലെ നടന്നതുപൊലെ തോന്നുന്നു.

വലിയ ട്രക്ക്കളുടെ പടമുള്ള സെർവൊ കമ്പനിയുടെ എൻജിൻ ഓയിൽ കന്നാസുകൾ ശേഖരിക്കുന്നത് ഒരു വലിയ ഹോബി ആയിരുന്നു. വർക്ക് ഷോപ്പുകളിൽ പൊയി ബ്രേക്ക് പാഡുകൾ ശേഖരിച്ച് വാട്ടർ ഹീട്ടർ ഉണ്ടാക്കി. ക്ളാസിലെ ജനൽ പാളികളിലൂടെ ഇഷ്ടവണ്ടികളുടെ ബസ് കണക്ക് എടുക്കുന്നത് കണ്ട സാർ “നീ എന്തിനാടാ പഠിക്കാൻ വരുന്നത് നാളെ മുതൽ അടിമാലി സ്ടാൻടിൽ അടിമാലി – മൂന്നാർ വിളിക്കാനുള്ളതല്ലെ” എന്നു പറഞ്ഞു ക്ളാസിൽ നിന്ന് ഇറക്കിവിട്ടത് മറക്കാനാവാത്ത ഓർമ്മകളാണ്.

അവധി കാലത്ത് മുരിക്കിൻ തടിയിൽ ഇഷ്ട മോഡലുകളെ വെട്ടി ഉണ്ടാക്കിയും ബസിൽ പൊയും നടന്ന പഴയകാലം. പിന്നീട് അന്യ സംസ്ഥാനത്ത് തുടർപഠനത്തിന് പോകേണ്ടി വന്നെങ്കിലും ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. 2006 ൽ എന്റെ ആദ്യ ക്യാമറ ഫോണ് നൊക്കിയ 6681 കയ്യിൽ വന്നു. പിന്നീടങ്ങോട്ട് ഇഷ്ട ബസുകളുടെ പടങ്ങൾ എടുത്തു തുടങ്ങി. സിമ്പിയൻ ഫോണുകളിൽ ഉപയോഗിക്കുന്ന തീമുകൾ ഉണ്ടാക്കാനായിരുന്നു അന്ന് ഞാൻ ചിത്രം ഉപയോഗിച്ചിരുന്നത്. ആ തീമുകൾ തന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.

ചിത്രങ്ങൾ ഇന്നത്തെപൊലെ എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു ഒളിച്ചനിന്നൊക്കെ ആയിരുന്നു പടം പിടിച്ചിരുന്നത്. അന്നു എനിക്ക് വട്ടാണെന് പറഞ്ഞു കളിയാക്കിയവർ ധാരാളം. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. പിന്നീട് വർഷങ്ങളൊളം അന്യ സംസ്ഥാനത്ത് ജോലിയിൽ ഏർപ്പെട്ടപ്പോളും നാട്ടിൽ വരുമ്പോൾ പടം പിടുത്തം ആയി മുന്നോട്ടു പോയി.

2011 – 2012 ലാണ് ബസ് ഫാനിങ് ഗ്രൂപ്പിലെക്കു കടന്നു വരുന്നത്. ഇപ്പോൾ ഗ്രൂപ്പിൽ പഴയതും പുതിയതുമായി ഒത്തിരി സുഹൃത്തുക്കളും. നേരിട്ട് കണ്ടിട്ടുള്ളവർ വിരളം. ഭൂരിപക്ഷം ആളുകളെയും നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയ വഴി ബസ് ഫാനിങ് കാണുന്നു പങ്കുചേരുന്നു. പ്രവാസിയായി തുടരുമ്പോളും പഴയകാലത്തെക്കുളള മടങ്ങിപ്പോക്ക് ആഗ്രഹം മാത്രമായി തുടരുന്നു.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply