ചെക്കുന്ന് മലയിലെ സൂര്യോദയംകാണാൻ ഒരു ട്രെക്കിംഗ്…

വിവരണം – അശ്വതി കുരുവേലിൽ.

ചെക്കുന്ന് മലയിലെ സൂര്യോദയം…….. ഒരു പെരുന്നാൾ കാലത്താണ് ഞങ്ങൾ മലപ്പുറത്ത് എത്തുന്നത്.. മലബാറിന്റ രുചി പെരുമ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആസ്വദിക്കാൻ സാധിച്ചത് ഇത്തവണ ആണ്‌… ചുമ്മാ ടൗണിൽ കറങ്ങി നടക്കുമ്പോൾ ആണ്‌ ചങ്ക് ജുനു മുന്നിൽ പെട്ടത്… ജുനുവുമായി സംസാരിക്കുമ്പളും കണ്ണ് ഓന്റെ കടയിലെ കുപ്പി ഭരണികളിൽ ആയിരുന്നു ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും എല്ലാം അവിടുന്ന് മാടി വിളിക്കുന്നു… എന്നോട് സഹതാപം തോന്നി ആവണം ഓൻ അതെല്ലാം ഓരോ കവറിൽ ആക്കി തന്നു… തീരെ ആക്രാന്തം ഇല്ലാത്ത കുട്ടി എന്നു വിചാരിച്ചു കാണും..

ജുനുവിൽ നിന്നുമാണ് അരീക്കോടിന്‌ സമീപമുള്ള ചെക്കുന്നു മലയെ പറ്റി അറിയുന്നത്… അത്യാവശ്യം നല്ലൊരു ട്രെക്കിങ് ആണെന്നും അധികം ആരും പോകാത്ത സ്ഥലം ആണെന്നും അവൻ പറഞ്ഞു. നല്ല കോട ലഭിച്ചേക്കാൻ സാധ്യത ഉണ്ടെന്നു കേട്ടപ്പോൾ പിന്നെ ഒന്നും നോക്കാൻ ഉണ്ടാരുന്നില്ല… നാളെ വെളുപ്പിന് തന്നെ പോകാമെന്നായി ഞങ്ങൾ…. ജുനുവിനെ കൂടെ കൂട്ടണമെന്ന് ഉണ്ടെങ്കിലും നോമ്പ് നോക്കുന്ന ഓനെ വിളിക്കാൻ മനസ് വന്നില്ല … പക്ഷെ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു കടയിൽ ഉണ്ടാകും വെളുപിനെ എത്തിയാൽ മതീന്ന്…. എന്റെ ആവേശവും തുള്ളലും കണ്ട അനുചേട്ടൻ ഉള്ളാലെ ചിരിക്കുന്നുണ്ടാർന്നു… കഴിഞ്ഞ ദിവസം സൂചിമല ട്രെക്കിങ്ങ് പോയി എന്റെ നടത്തം കാരണം പാതി വഴിക്ക് ഇട്ടേച്ചും പോയ മനുഷ്യൻ ആണ്‌…. പക്ഷെ എന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടാർന്നില്ല.

വെളുപിനെ അളിയനും ചേച്ചിയും എല്ലാം എണീക്കും മുൻപ് റെഡിയായി ഞാൻ ഹാജർ വെച്ചു… നല്ല മഴ സമയം ആയതിനാൽ റൈൻ കോട്ടും എടുത്തു പുറപ്പെട്ടു… ചെറിയ ട്രെക്കിങ് എന്ന് പറഞ്ഞതിനാൽ ഭക്ഷണവും വെള്ളവും കരുതിയില്ല….. കടയിൽ എത്തിയപ്പോൾ ജുനു കാത്തു നില്കുന്നുണ്ടാർന്നു…മഞ്ഞും ചാറ്റൽ മഴയും തണുപ്പും അകമ്പടിയായി കടന്നു വന്നു…. ബൈക്കിലെ യാത്രക്കൊടുവിൽ ഒരു കരിങ്കൽ ക്വാറിക്ക് സമീപം ആണ്‌ ചെന്നെത്തിയത്… വലിയൊരു മലയുടെ അടിവാരത്തു ആണ്‌ ഈ ക്വാറി.. മലയെ തുരന്നു അതങ്ങനെ നില്കുന്നു .. നാളെ ഒരു പക്ഷെ ഇവിടെ വരുമ്പോൾ ഈ മലയോ കുന്നോ ഉണ്ടായെന്നു വരില്ല…. ഇങ്ങനെ ആയിരിന്നിരിക്കില്ലേ പല കുന്നുകളും സ്മൃതി അടഞ്ഞത്… ??

ചെങ്കുത്താത്ത കയറ്റം ആണ്‌ ഞങ്ങളെ എതിരേറ്റത്… അകലെ എവിടയോ പൊട്ടുപോലെ ചെക്കുന്ന്… ആദ്യത്തെ കയറ്റം കയറി കഴിഞ്ഞപ്പോൾ തന്നെ എന്റെ ആവേശം കെട്ടടങ്ങി.. പിന്നെ അവിടെ നിന്നും ഞാൻ ആ കുന്നും മാലയും മുഴുവൻ കയറിയ ക്രെഡിറ്റും ജുനുവിനുള്ളതാണ്….. ബാഗിൽ ബിരിയാണി ഉണ്ടെന്നും മല കയറി മുകളിൽ എത്തിയാൽ തരാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ചു ഇക്കണ്ട കാടും മലയും എല്ലാം നടത്തിച്ചു…. ആട്ടിൻ കുട്ടിയെ പ്ലാവില കാട്ടി നടത്തുന്നത്‌ പോലെ ബിരിയാണി പ്രതീക്ഷിച്ചു ഞാൻ നടപ്പായി…. !!!!നടന്നും ഇരുന്നും നിരങ്ങിയും എല്ലാമാണ് ട്രെക്കിങ്ങ് പൂർത്തിയാക്കിയത് !!

ആദ്യമൊക്കെ ജനവാസ കേന്ദ്രങ്ങളിൽ കൂടി ആയിരുന്നു യാത്ര.. ചെറിയ കുടിലുകൾ മിക്കവയും മണ്ണും കട്ടയും ഉപയോഗിച്ച് നിർമിച്ചവ… ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട് അവയൊക്കെ.. ഓരോ വീട്ടിലും പട്ടി ഉണ്ടാകും.. ഉപദ്രവിക്കുമെന്നു പേടിക്കണ്ട (എനിക്കും തീരെ പേടി ഉണ്ടാരുന്നില്ല !!!!)വീട്ടുകാർ പറഞ്ഞാൽ അവൻ അവിടെ നിക്കും… പട്ടി ഉള്ള എല്ലാ വീട്ടുകാരും ഞങ്ങൾ ആ വഴി പോകുന്നുണ്ടെന്നു മനസിലാക്കിയിരിക്കണം 😯😯😥😥……

മഴയത്തു ഉറവ പൊട്ടി ധാരാളം അരുവികൾW രൂപപ്പെട്ടിരുന്നു. പോകുന്ന വഴികളിൽ എല്ലാം ഇത്തരം ചെറു അരുവികൾ കണ്ടു.. കുടംപുളി പഴുത്തു അടർന്നു വീണ് ധാരാളമായി കിടക്കുന്നു ….നടന്നിട്ടും നടന്നിട്ടും വഴി തീരുന്നില്ല… ആദ്യത്തെ ആവേശം എല്ലാം കെട്ടടങ്ങിയ എനിക്ക് എവിടെങ്കിലും ഇരുന്നാൽ മതിയെന്നായി…രണ്ടു ചുവടു വെച്ചാൽ 10മിനിറ്റ് റസ്റ്റ്‌ എന്ന രീതിയിലേക്കു ഞാൻ എത്തി… പക്ഷെ പോകും തോറും കാട് വളരെ മനോഹാരിയായി തുടങ്ങി..പലതരം കിളികളുടെ കലപിലയും കാട്ടുപഴങ്ങളും വള്ളിച്ചെടികളും പുൽമേടും എല്ലാം പുതിയ അനുഭവങ്ങൾ ആയി…

ഇടക്ക് ഞാൻ പല തവണ ഉരുണ്ടു വീണു. മുൾച്ചെടികൾ കുത്തി കയറി കയ്യിലും കാലിലുമൊക്കെ മുറിവ് പറ്റി.. പാറക്കൂട്ടങ്ങളിലും മറ്റും വലിഞ്ഞു കയറാൻ നന്നേ പ്രയാസപ്പെട്ടു. ജുനുവും അനുചേട്ടനും ഇതെത്ര കണ്ടിരിക്കുന്നു എന്നഭാവത്തിൽ എന്നെ സഹായിച്ചു.. വിശപ്പ് എന്നെ അക്രമകാരി ആകുമെന്ന് ഭയന്നു ആവാം മുകളിൽ എത്തിയാൽ ആഹാരം തരാമെന്ന് പറഞ്ഞു.. ആ വാക്കുകൾ വിശ്വസിച്ചു ഞാൻ നടത്തിന്റ വേഗത കൂട്ടി.. മഴ പെയ്തു കിടക്കുന്നതിനാൽ കുത്തനെ ഉള്ള കയറ്റം അല്പം പ്രയാസമുണ്ടാക്കി… ഇടക്ക് മഴയും കോടയും മാറി മാറി പുൽകി..

ഒടുവിൽ നമ്മൾ എത്താറായി എന്നു ജുനു പറഞ്ഞപ്പോൾ ഭയങ്കര ആവേശം… പിന്നീട് കൂടുതലും കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം ആയിരുന്നു… ഒരാൾപൊക്കത്തിൽ നിന്ന പുൽച്ചെടികളെ വകഞ്ഞുമാറ്റി ഞങ്ങൾ നടന്നു…. പല സ്ഥലത്തും മൈൽ കുറ്റികൾ കാണാൻ സാധിച്ചു.ഒടുവിൽ കുന്നിൽ മുകളിൽ എത്തി ഒരു പാറപുറത്തു ഇരുന്നു.. ചുറ്റിനും കോട നിറഞ്ഞു നില്കുന്നു… ചിലപ്പോൾ ചുറ്റുമുള്ളവരെ കാണാൻ പറ്റില്ല… കാറ്റടിച്ചു കോട മാറുമ്പോൾ മരങ്ങളും കുറ്റിച്ചെടികളും അങ്ങ് ദൂരെ പൊട്ടു പോലെ കെട്ടിടങ്ങളും എല്ലാം തെളിഞ്ഞു വരുന്നു.. ഇടക്ക് ആകെ നനച്ചൊരു മഴ… ഇത്രയും നേരത്തെ ക്ഷീണമെല്ലാം എവിടേയോ പോയി മറഞ്ഞു..

എത്തിയപാടെ ജുനു ബാഗിൽ നിന്നും കുറച്ചു സവാളയും മുളകും അരിഞ്ഞു കുരുമുളകും ഉപ്പും തിരുമ്മി ചേർത്ത് ബണ്ണിൽ വെച്ച് നല്ല അടിപൊളി സാൻവിച് ഉണ്ടാക്കി തന്നു… ബിരിയാണിയേക്കാൾ സ്വാദു തോന്നിയ നിമിഷം.. ഞാനും അനുചേട്ടനും ആസ്വദിച്ചു കഴിച്ചു.. വീണ്ടും കാഴ്ചകളും കോടയും ചാറ്റൽ മഴയും ആസ്വദിച്ചു ഒരുപാട്‌ സമയം അവിടെ ചിലവഴിച്ചു.. തിരികെ പോരാൻ തീരെ മനസുണ്ടായില്ല.. വളരെ പ്രയാസപ്പെട്ടു കയറിയ കയറ്റങ്ങൾ ഒക്കെ നിമിഷ നേരം കൊണ്ട് തിരിച്ചു ഇറങ്ങി.. തിരികെ വരുമ്പോൾ ഞാൻ അവരെക്കാൾ ആവേശത്തിൽ ആയിരുന്നു ..ചെക്കുന്നിറങ്ങി ഒരു നീർച്ചോലയിൽ കയ്യും കാലും കഴുകി ആവോളം തണുത്ത വെള്ളവും കുടിച്ചു വീട്ടിലേക്കു മടക്കം…. ചെക്കുന്നു ഒരു അനുഭവം ആയിരുന്നു, വീണ്ടും തിരികെ എത്താൻ പ്രേരിപ്പിക്കുന്ന സുഖകരമായ ഒരു അനുഭവം… ഒപ്പം ജുനുവിനെ വിസ്മരിക്കാനും വയ്യ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply