ചിത്രത്തിലുള്ളത് ആലപ്പുഴ ട്രാൻസ്പോർട്ട് ബസ് സ്റ്റേഷനാണ്. സ്ഥലം വാട്ടർ ടൂറിസത്തിന്‍റെ ഈറ്റില്ലം. “കിഴക്കിന്റെ വെനീസെ”ന്ന ഒരോമനപ്പേരു പറഞ്ഞു ഊറ്റം കൊള്ളുന്ന മലയാളക്കരയുടെ മുഖച്ചിത്രം! ഏറ്റവുമധികം വിദേശികൾ വന്നിറങ്ങുന്ന വേന്പനാട്ട് കായലിന്റെ ടൂറിസ്റ്റ് ഹബ്ബ്! നെഹ്രുവിന്‍റെ പോലും മനസ്സിളക്കിയ ലോകപ്രശസ്ത ജലോൽസവ നഗരി!

പക്ഷേ ഇത്രയും വൃത്തിഹീനമായ ഒരു ബസ് സ്റ്റാന്റ് കേരളത്തിലെവിടെയുമുള്ളതായി അറിയില്ല. വിശാലമായ കെട്ടിടവും പരിസരവുമുണ്ടായിട്ടും, അടുക്കും ചിട്ടയുമില്ലാത്ത ബസ് പാർക്കിങ്ങ് തുടങ്ങി, ഇരിപ്പിടം പോലും ആളുകൾക്കുപകരിക്കാത്ത അശാസ്ത്രീയതയും , ചപ്പും ചവറും പിന്നെ കയ്യേറ്റവും പരിഹരിച്ച്, അടുക്കും ചിട്ടയും വീറും വൃത്തിയുമണ്ടാക്കാൻ ഇവിടത്തെ മന്ത്രിമാരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്.
അസൗകര്യത്തിന്‍റെ കാര്യത്തിൽ രണ്ടാം സ്ഥാനം അമ്പലപ്പുഴക്കാണ്. നൂറു കണക്കിന് ബസ്സുകൾ വന്നുപോകുന്നിടത്ത് ജനം പെരുവഴിയിൽ ഇന്നും വണ്ടി കാത്തുനിൽക്കുന്നു, മഴയായാലും വെയിലായാലും! നാട് ഭരിക്കുന്നതിൽ പ്രമുഖ പങ്ക് എന്നും ഈ പട്ടണത്തിനുണ്ട്. അന്നുമുതലിന്നു വരെ ഇവിടത്തുകാരായ മുഖ്യ മന്ത്രിമാർ മുതൽ കേന്ദ്രമന്ത്രിമാരും പ്രതിപക്ഷനേതാക്കളും വരെ ഇവിടെ ചെടികൾ നട്ടും വെള്ളം കോരിയും ഫോട്ടോയെടുത്തും വോട്ടുനേടി വിജയിച്ചുപോരുകയാണ്.
മൂക്കുപൊത്താതെ ഒരു സായിപ്പും ഇവിടുന്നു പോയിട്ടില്ല എന്നത് സത്യം. വളരെക്കാലമായി ഇവിടെ ബഹു. ഭരണക്കാരായ തോമസ് ഐസക്കിന്‍റെയും ജി. സുധാകരന്‍റെയും അച്ചുതാനന്ദന്‍റെയും ആന്റണിയുടെയും ചെന്നിത്തലയുടെയും വയലാർ രവിയുടെയും കെസി വേണുഗോപാലിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭാഹരിയുടെയും എന്നു വേണ്ട UDF – LDF നേതാക്കളുടെയാകെ വ്യക്തിപരമായ ശ്രദ്ധക്കുറവായി ഇതിനെ ആരോപിക്കാതെ തരമില്ല. വൃത്തിയാണ് അന്തസ്സ്, പിന്നെ വികസനത്തിന്റെ അടിസ്ഥാനവും. അതിഥികൾ വന്നിറങ്ങുന്നിടത്ത് പ്രത്യേകച്ചും. ഈ ബസ് സ്റ്റേഷനിൽ വന്നു പോകുന്ന ഓരോ നാട്ടുകാരന്‍റെയും മനസ്സാണീ വിഷയം എന്ന് കരുതുന്നു.
കടപ്പാട് : ഷൌക്കത്ത് പറമ്പില്‍










ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog