പട്ടിണിയിൽ നിന്നും ഇന്ത്യയുടെ ആത്മാവിലേക്ക് നടന്നു കയറിയ ഒരു സഞ്ചാരി

വിവരണം – പർവേസ് ഇലാഹി.

“എന്നും വീട്ടിൽ പട്ടിണിയായിരുന്നു, അച്ഛൻ മരിച്ചതിൽ പിന്നേ അമ്മയുടെ ചൂടേറ്റാണ് ഞാൻ ലോകം കണ്ടത്, ആ സാരി തുമ്പ് പിടിച്ചാണ് ഞാൻ നടന്നു തുടങ്ങിയതും, പുക നിറഞ്ഞ ആ കൂര ഇന്നും മനസ്സിൽ ഉണ്ട്, ഓരോ പണതുട്ടും കൂട്ടി വെക്കുമ്പോൾ മഴ കാലത്തെ നനവേറിയ ദുരിതം മാത്രമായിരുന്നു മനസ്സിൽ. നടക്കുമായിരുന്നു ഒരുപാട് ദൂരം, വയറിഞ്ഞു മീതെ മുറുക്കി കെട്ടിയ കയറു തരുന്ന ബലത്തിൽ പട്ടിണി മറക്കുമായിരുന്നു. ഈ യാത്രാ എന്റെ സത്വത്തെ തേടിയുള്ള യാത്രയാണ്, മൈലുകൾ നടന്നു എന്റെ പട്ടിണി മാറ്റിയ എന്റെ അമ്മയ്ക്ക് വേണ്ടിയാണ് …. ”

നിറഞ്ഞ കണ്ണുകൾ പതിയേ തുടച്ചു കൊണ്ട് ആ വലിയ താടിക്കാരൻ വേദന മറക്കാൻ ഒരു ചിരി പാസ്സാക്കി, സർവ്വതും മറക്കാൻ പ്രാപ്തിയുണ്ടായിരുന്നു ആ ചിരിക്ക്. ഇത് രവീന്ദ്ര സിംഗിന്റെ കഥയാണ്..!! പട്ടിണിയിൽ നിന്നും ഇന്ത്യയുടെ ആത്മാവിലേക്ക് നടന്നു കയറിയ ആരുമറിയാത്ത യഥാർത്ഥ സഞ്ചാരിയുടെ കഥ !

2015 ൽ പഞ്ചാബിൽ നിന്ന് യാത്ര തിരിക്കുമ്പോൾ പട്ടിണിയിൽ നിന്നും നേടിയെടുത്ത അഭിഭാഷക പട്ടം രാജിവച്ചു കൊണ്ടായിരുന്നു തുടക്കം, കൈയിൽ ഒരു നാണയ തുട്ട് പോലും ഉണ്ടായിരുന്നില്ല, കിട്ടിയത് സകലതും ബാഗിലാക്കി ഒരു സുപ്രഭാതത്തിൽ നാട് കടന്നു. അമ്മയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ സമയമെടുത്തുവെങ്കിലും ഒരിക്കലും അവന്റെ സ്വപ്നങ്ങൾക്ക് അമ്മ തടസ്സം നിന്നില്ല കാരണം അവന്റെ മനസ്സ് അവനെക്കാൾ നന്നായി അറിയാമായിരുന്നു ആ അമ്മയ്ക്ക്. മറ്റാരുടെയും അനുവാദത്തിനു അവനു ചെവി കൊടുക്കേണ്ടതില്ലായിരുന്നു അമ്മയുടേതല്ലാതെ.

കുട്ടിക്കാലത്തു ജീവിതത്തിലെ വലിയ സ്വപ്നത്തെ പറ്റി ടീച്ചറുടെ ചോദ്യതിന് അവന്റെ ഉത്തരം “എനിക്ക് ഗാന്ധിജിയെ പോലെ ഒരു ദണ്ഡി യാത്ര പോണം” എന്നായിരുന്നു. ഇന്ത്യ എന്ന രാജ്യത്തോട് അത്രമേൽ പ്രണയമായിരുന്നു ആ ചെറുപ്പക്കാരന്, യാത്രയോടും !! നിശ്ചിതമായ ലക്ഷ്യമില്ലാതെ അവൻ പറന്നു, കയറില്ലാ പട്ടം പോലെ. പഞ്ചാബിൽ നിന്നും തുടങ്ങിയ യാത്ര ചെന്നെത്തിയത് കശ്മീരിന്റെ മഞ്ഞു പൂക്കുന്ന താഴവാരത്തായിരുന്നു.
നടന്നു…. ശരീരം ക്ഷീണിക്കും വരെ അവൻ നടന്നു. ഒരൊറ്റ ലക്ഷ്യമേ അവനുള്ളൂ കാലുകൾ കൊണ്ട് ഈ രാജ്യം കീഴ്പെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യം!!

ആ ഇടയ്ക്കാണ്, 2016 ൽ രവീന്ദ്ര സിംഗിന്റെ യാത്രകളെ പറ്റി ഡൽഹിയിലുള്ള സുഹൃത്തു വഴി ഞാൻ അറിയുവാൻ ഇടയായത്, നിരവധി വഴികൾ തേടി ഈ യഥാർത്ഥ സഞ്ചാരിയെ നേരിൽ ഒന്നു കാണാൻ, നിരന്തര ശ്രമത്തിനൊടുവിൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ കണ്ടെത്തി. യാത്രയിൽ പങ്കു കൊള്ളാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു നിരവധി സന്ദേശങ്ങൾ കൈമാറി. കേരളത്തിലേക്കും എന്റെ വീട്ടിലേക്കും അതിഥിയായി ക്ഷണിച്ചു. മറുപടികൾ ലഭിക്കാതെ ഇരുന്നപ്പോൾ വീണ്ടും അയച്ചു കൊണ്ടേ ഇരുന്നു. എന്റെ സന്ദേശങ്ങൾ മറുപടിക്കായി കാതോർത്തു. ഒപ്പം എന്റെ മനസ്സും. അപ്പോഴും അവൻ യാത്രയിലായിരുന്നു, അവന്റെ സ്വപ്നം തേടിയുള്ള യാത്രയിൽ…!!

മാസങ്ങൾ കടന്നു പോയി, വേനൽ കാലം മഴയ്ക്കായി വഴി മാറി. ഒട്ടും പ്രതീക്ഷികാതെയാണ് ഒരു ജൂലൈ മാസ രാത്രിയിൽ രവീന്ദ്ര സിംഗിന്റെ മറുപടി ലഭിക്കുന്നത്, “സഫർ അഭി ബാക്കി ഹേ …ഖുദാ കി മർസി ഹോ തോ ഹം ഫിർ മിലെങ്കെ ..മേ ആഊങ്ക” എന്തെന്നില്ലാത്ത ഒരു സംതൃപ്തി, ആകാംഷ ബാക്കി ആക്കി കൊണ്ട് വീണ്ടും ആ സന്ദേശം ഞാൻ വായിച്ചു കൊണ്ടേ ഇരുന്നു. രാത്രി പകലിലേക്ക് വഴുതിവീണതു പോലെ നേരം പുലർന്നു, വീണ്ടും ആ സന്ദേശം തുറന്നു നോക്കി. തലശ്ശേരി ബിരിയാണിയുടെ വീര ഗാഥകൾ വിവരിച്ചു വിശദമായ ഒരു സന്ദേശം കൂടി വിട്ടു. നേരിൽ കണ്ടാൽ ഉമ്മയുടെ നല്ല അസ്സൽ ബിരിയാണി നൽകാമെന്ന് കൂടി പറഞ്ഞു പ്രോലോഭിപ്പിച്ചു
ഉടൻ തന്നെ മറുപടി ലഭിച്ചു. നേരിൽ കാണുമ്പോൾ ആ തലശ്ശേരി ബിരിയാണി കൊണ്ട് വന്നേക്കണം എന്നായിരുന്നു മറുപടി. എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിർവൃതി ആയിരുന്നു, അല്ലേലും തലശ്ശേരി ബിരിയാണിയുടെ പ്രലോഭനത്തിൽ വീഴാത്തവരുണ്ടോ ?? ഇന്ത്യ ഉടനീളം കാൽ നടയായി സഞ്ചരിക്കുന്ന ഒരാൾ ആ യാത്രയിൽ തന്നെ കാണും എന്ന് വാക്കു തന്നപ്പോൾ ഇട നെഞ്ചിൽ ഒരു കുളിർ.

രവീന്ദർ ദിനം പ്രതി കഥകൾ പങ്കു വച്ചു, അയാളുടെ ചിത്രങ്ങൾ കൈമാറി, ഏകദേശം 5000 കിലോമീറ്ററുകളോളം അയാൾ നടന്നു നീങ്ങിയിരിക്കുന്നു, ഉത്തര ഇന്ത്യ പൂർണമായും കണ്ടു തീർത്തു കൊണ്ട്, നോർത്ത് ഈസ്റ്റിലേക്കുള്ള യാത്രാ മദ്ധ്യേ ആണ്, വീണ്ടും സന്ദേശം വരുന്നത്, കാലിനു നീർ കെട്ടു ബാധിച്ചു നടക്കാൻ ബുദ്ധിമുട്ടാണ് പ്രാര്ത്ഥിക്കണം എന്നായിരുന്നു സന്ദേശം, ചെറുതായി ഞാൻ ഒന്ന് പേടിച്ചെങ്കിലും ഒരാഴ്ചയ്ക്കകം അയാൾ പൂർവാധിക ശക്തിയോടെ യാത്ര തുടർന്നു, നാഗാലാൻഡിലേ നാഗകളുടെ ചികിത്സയിൽ അസുഖം പൂർണമായി മാറി എന്ന് പറഞ്ഞു ഒരു ഫോട്ടോ കൂടി വിട്ടു തന്നു. ആ ജിന്നിന്റെ വരവിനായി ഞാനും കാത്തിരുന്നു ഒപ്പം ബിരിയാണി ചെമ്പും.

പിന്നീട് മാസങ്ങളോളം ഒരു സന്ദേശവും ലഭിച്ചില്ല. 2016 കടന്നു പോയി, എന്ത് പറ്റിയെന്നുപോലും അറിയാതെ ദിനങ്ങൾ മുടഞ്ഞു നീങ്ങി. അപ്പോഴും വിടാത്ത പ്രതീക്ഷയോടൊപ്പം സന്ദേശങ്ങൾ അയച്ചു കൊണ്ടേ ഇരുന്നു.
രാപകലുകൾ മാറി മറഞ്ഞു… ദിനങ്ങൾ…ആഴ്ചകൾ… മാസങ്ങൾ കടന്നു പോയി… !! ഒടുവിൽ 2017 ൽ ഒരു നവംബർ മാസത്തിൽ ഒരു വെള്ളിയാഴ്ച രാവിലെ ഒരു സന്ദേശം തേടിയെത്തി.

“I reached calicut, how long it will take to get my Biriyani… Hahah, get ready” കണ്ണുകളെ ആദ്യം വിശ്വസിച്ചില്ല, വിശ്വസിക്കാതിരിക്കാനും നിവർത്തിയില്ല, വീണ്ടും ഒരു സന്ദേശം കൂടി വന്നു അതിൽ രവീന്ദറിന്റെ നമ്പറായിരുന്നു. ഉടൻ തന്നെ വിളിച്ചു. ആ ശബ്ദത്തിനു വേണ്ടി കാതോര്ത്തു, നിറഞ്ഞ ചിരിയാണ് ആദ്യം കേട്ടത്. പിന്നീട് തലശ്ശേരിക്ക് വരാനുള്ള ട്രെയിൻ മാർഗം പറഞ്ഞു കൊണ്ട് നിർത്തി. ഉടൻ കാണാം എന്നും പറഞ്ഞു.

വീട്ടിൽ തകൃതിയായി ബിരിയാണി വെപ്പ് തുടങ്ങി. അടുപ്പത്തു നിന്ന് ബിരിയാണി ചെമ്പ് ഇറക്കി ധം പൊട്ടിക്കുമ്പോൾ ഏകദേശം സമയം ഉച്ച 2 ആയിരിക്കുന്നു. രവീന്ദർ വീണ്ടും വിളിച്ചു, തലശ്ശേരി ഇറങ്ങുന്നതിനു പകരം കണ്ണൂരിലാണ്‌ വണ്ടി ഇറങ്ങിയത് ഉറങ്ങി പോയതാണെന്ന് പറഞ്ഞു…വീണ്ടും ചിരി, അവിടെ നിന്നോള്ളൂ ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ പറന്നെത്താം എന്ന് പറഞ്ഞു. ഞാനും രവീന്ദറും തമ്മിൽ 24 കിലോമീറ്ററുകളുടെ ദൂരം, രണ്ടു വര്ഷത്തോളമുള്ള കാത്തിരിപ്പ്.

ബിരിയാണി പൊതിഞ്ഞെടുത്തു എന്റെ സഹോദരന്മാരോടൊപ്പം കണ്ണൂർക്ക് വച്ചു പിടിച്ചു, കണ്ണൂരിലേക്കുള്ള വഴി മദ്ധ്യേ വിളിച്ചപ്പോൾ പുള്ളിക്കാരൻ ആദ്യം ചോദിച്ചതും ഉമ്മയുടെ ബിരിയാണി തന്നെ ആയിരുന്നു. കണ്ണൂർ റയിൽവെയുടെ മുന്നിൽ നിന്നും വിളിച്ചപ്പോൾ പുള്ളി അവിടെയില്ല. നടന്നു നടന്നു കണ്ണൂർ കോട്ടയുടെ പടി വാതിൽക്കൽ എത്തി എന്നു പറഞ്ഞു. വീണ്ടും 10 മിനിറ്റ് യാത്ര. ഒടുവിൽ സൈനികർ നിറഞ്ഞ കണ്ണൂർ കന്റോൺമെന്റ് റോഡിൽ കൂടി വണ്ടി പായുമ്പോൾ കാശ്‌മീർ വഴിതാരകളിൽ പൂത്തു നിൽക്കുന്ന ഗുൽമോഹറുകൾക്കിടയിൽ സഞ്ചരിക്കുന്ന പ്രതീതി.

ചരിത്രം ഉറങ്ങുന്ന കണ്ണൂർ കോട്ടയുടെ ചുവരുകൾ എന്നെയും രവീന്ദ്രനെയും വീണ്ടും മറച്ചു, കൊട്ട വാതിൽ കടന്നു മരങ്ങൾക്കു ഇടയിലൂടെ നടന്നു ഓടി കുതിക്കുമ്പോൾ ഫോട്ടോകളിൽ കണ്ട രവീന്ദ്രന്റെ മുഖം വീണ്ടും മനസ്സിൽ കണ്ടു. വീണ്ടും ഫോൺ എടുത്തു ഒരിക്കൽ കൂടി വിളിച്ചു ഞാൻ പറഞ്ഞു “At last the game is over am here.” വീണ്ടും മറു ഭാഗത്തു നിന്നും ചിരി, “ആഓ ആഓ മേരാ ദോസ്ത്” എന്ന് പറഞ്ഞു തീരും മുന്നേ അതാ എന്റെ മുന്നിൽ സിക്ക് രീതിയിൽ തല മറച്ച, നീളൻ താടിയുള്ള, കൊമ്പൻ മീശയുള്ള, ഒരാൾ അറിയാതെ നാവു മന്ത്രിച്ചു ‘രവീന്ദ്ര സിംഗ്.’
വാരി പുണർന്നു കൊണ്ട് ഒരു പൊട്ടി ചിരിയായിരുന്നു…..!! കണ്ണൂർ കോട്ടയെ വലയം ചെയ്യുന്ന അറബി കടലിനെ സാക്ഷിയാക്കി ആ ജിന്നിനെ മുറുക്കെ ഒന്നുകൂടി കെട്ടി പിടിച്ചു,…!! അതേ നമ്മളെ തേടി വന്ന ജിന്ന്…

ഒന്നും നോക്കിയില്ല കോട്ടയെ മറക്കുന്ന പടു തണൽ മരത്തിന്റെ കീഴെ പിടിച്ചിരുത്തി കൂടുതൽ എന്തെകിലും പറയും മുന്നേ ബിരിയാണി പൊതി പൊട്ടിച്ചു, മണം പരന്നു…. !! ആ മുഖത്തു അപ്പോൾ കണ്ട ചിരി ഇന്നും മായാതെ കണ്ണിലുണ്ട്, ക്ഷണ നേരം കൊണ്ട് പൊതി കാലിയാക്കി. അങ്ങനെ ആ ജിന്നിന്റെ വയറും നിറച്ചു. ഉമ്മയെ നേരിൽ കാണണം എന്ന ആഗ്രഹവും പറഞ്ഞു.

ഒരു കുഞ്ഞിന്റെ കൗതുകത്തോടെ രവീന്ദ്രന്റെ കഥകൾക്കായി ഞാൻ കാതോർത്തു. 9000 കിലോമീറ്ററുകൾ, 2 വർഷം, 29 സംസ്ഥാങ്ങൾ, ഒപ്പം നേപ്പാളും, ഭൂട്ടാനും കാലു കൊണ്ട് ആ സഞ്ചാരി കീഴടക്കിയത് ഭാരത മാതാവിനെ, അയാൾ നടന്നു കയറിയത് ഭാരതാംബയുടെ ആത്മാവിലേക്ക്. രവീന്ദ്ര സിംഗ് വാചാലനായി, കടന്നു പോയ ദിനങ്ങൾ, അമ്മയേ പിരിഞ്ഞിരുന്നു നാളുകൾ, പട്ടിണി കിടന്ന ദിനങ്ങൾ, കാടുകൾ, മലമേടുകൾ, കൂരകൾ, വെളിച്ചം, ഇരുട്ട് എന്നിങ്ങനെ ഒരു മനുഷ്യായുസിന്റെ മുഴുവൻ അനുഭവങ്ങൾ നിറഞ്ഞ ആ യാത്രയേ പറ്റി പറഞ്ഞു കൊണ്ടേ ഇരുന്നു…
ഇടക്ക് നിർത്തി കൊണ്ട് പറഞ്ഞു “ആജ് മേ തുമാര പാസ്സ് ഹേ, കല്ല് ??” വീണ്ടും ചിരി. എന്നിട്ട് എന്നോടായി പറഞ്ഞു.

“ഭയക്കരുത് ഒന്നിനേയും, ഈ ഭൂമിയിൽ നിനക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നിനേയും നീ ഭയക്കരുത്..” കഥകൾ പറഞ്ഞു കോട്ട മതിലുകൾക്കിടയിൽ ഞങ്ങൾ ഉലാത്തി… ഇടക്ക് എന്റെ ബാഗിൽ കൈ കൊണ്ട് കോതി എന്റെ പേരെഴുതിയ കീ ചെയിൻ കണ്ട് ഊരി വാങ്ങി അത് നോക്കി കൊണ്ട് പറഞ്ഞു. “ഇതെനിക്ക് ഒരുപാട് ഇഷ്ടമായെന്നു”,
ചെന്നൈയിലുള്ള മുരുഗൻ ചേട്ടന്റെ കഥ പറഞ്ഞത് ഓർക്കുന്നില്ലേ, മുരുഗൻ ചേട്ടൻ ഉണ്ടാക്കി തന്നതായിരുന്നു ആ കീ ചെയിൻ. ഉറപ്പായും രവീന്ദ്ര സിംഗിന്റെ പേര്‌ഴുതിയ കീ ചെയ്‌നുമായി ഒരുനാൾ പഞ്ചാബിലേക്ക് ഞാൻ വരുമെന്ന് വാക്ക് കൊടുത്തു. വീണ്ടും ഞങ്ങൾ നടന്നു… കണ്ണൂരിലൂടെ, ചരിത്രം ഉറങ്ങുന്ന കണ്ണൂർ കോട്ടയിലൂടെ…. അപ്പോൾ എന്റെ മനസ്സിൽ രവീന്ദ്ര സിംഗിന്റെ വാക്കുകൾ വീണ്ടും അലയടിച്ചു. “ഭയക്കരുത് ഒന്നിനേയും, ഭൂമിയിൽ നിനക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നിനേയും നീ ഭയക്കരുത്”

ഇന്ന് രവീന്ദ്ര സിംഗുമായുള്ള കൂടി കാഴ്ച്ച കഴിഞ്ഞു ഒരു വർഷം ആവാനിരിക്കുകയാണ്, പുറപ്പെടുകയാണ് ഞാൻ ഒരു യാത്ര, യാത്രക്കിടയിൽ പഞ്ചാബിൽ പോയി കാണണം, കൊത്തിയുണ്ടാക്കിയ ആ കീ ചെയിൻ നൽകണം, ഒപ്പം ഫ്രെയിം ചെയ്ത ഞങ്ങടെ ഒരു ഫോട്ടോയും… തേടി പോണം എന്നെ തേടി വന്ന ജിന്നിനെ.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply