കെ.എസ്‌.ആര്‍.ടി.സി. അഡ്വൈസ് മെമ്മോ വിശ്വസിച്ച്‌ ജോലി ഉപേക്ഷിച്ച യുവാവ്‌ വഴിയാധാരം

വൈക്കം: നിലവിലെ ജോലിയും പോയി, വരുമാനത്തിനായി ആശ്രയിച്ചിരുന്ന ടിപ്പര്‍ വില്‍ക്കുകയും ചെയ്‌തു. എന്നിട്ടും കെ.എസ്‌.ആര്‍.ടി.സി. മാത്രം അജയകുമാറിനോടു കരുണ കാണിക്കുന്നില്ല. പത്തു മാസം മുമ്പു ചെമ്മനത്തുകര മഠത്തിപ്പറമ്പില്‍ അജയകുമാറിനു കെ.എസ്‌.ആര്‍.ടി.സിയില്‍ ജോലി ലഭിക്കാന്‍ പി.എസ്‌.സി. അയച്ച അഡ്വൈസ് മെമ്മോയാണ്‌ ഒരു കുടുംബത്തിനു പ്രതീക്ഷകളും ഒപ്പം നിരാശയും സമ്മാനിച്ചത്‌.

നിയമനം ലഭിക്കുമെന്ന്‌ അറിയിപ്പില്‍ പറഞ്ഞിരുന്ന മൂന്നു മാസം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ അജയകുമാര്‍ പി.എസ്‌.സി. ഓഫീസില്‍ ചെന്നപ്പോള്‍, ജോലി ലഭിക്കണമെങ്കില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തണമെന്നായിരുന്നു ചില ജീവനക്കാരുടെ മറുപടി. ഏഴുവര്‍ഷമായി സഹോദരന്‍റെ ടിപ്പര്‍ ഓടിച്ചു കുടുംബം പുലര്‍ത്തിയിരുന്ന അജയകുമാറിനു ജോലി അറിയിപ്പു ലഭിച്ചതോടെ ടിപ്പര്‍ വിറ്റു.

പി.എസ്‌.സി. കൈയൊഴിഞ്ഞതോടെ അജയകുമാര്‍ കെ.എസ്‌.ആര്‍.ടി.സിയുടെ തിരുവനന്തപുരത്തെ മുഖ്യഓഫീസിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയാതെ ഒന്നും നടക്കില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തു. ആറു മാസം മുന്‍പ്‌ അജയകുമാറിനെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന്‌ കോടതിവിധി ഉണ്ടായെങ്കിലും നടപടി ഉണ്ടായില്ല.

കുടുംബം പുലര്‍ത്താന്‍ അജയകുമാര്‍ ഇപ്പോള്‍ കൂലിപ്പണിക്ക്‌ പോകുകയാണ്‌. 46 വയസുകഴിഞ്ഞ അജയകുമാറിന്‌ ഇനി പി.എസ്‌.സി. പരീക്ഷ എഴുതാന്‍ കഴിയില്ല. താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റാന്‍ നടത്തുന്ന ഗൂഢനീക്കങ്ങളാണ്‌ അജയകുമാറിനെപ്പോലുള്ള നിരവധിപേരെ വലയ്‌ക്കുന്നതെന്ന ആരോപണവുമുണ്ട്‌.

വാര്‍ത്ത – മംഗളം

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply