ഒരു കാര്യത്തില്‍ ഈ പ്രദേശത്തിന്‌ ഇന്ത്യയില്‍ അപൂര്‍വമായൊരു ഒന്നാം സ്ഥാനം…

രാമക്കല്‍മേട്-കാറ്റിന്റെ കൂടാരം..!! തിരക്കേറിയ ജിവിതത്തിൽ ലഭിക്കുന്ന ചെറിയ ഇടവേളകൾ ചിലവഴിക്കാൻ പറ്റിയ സ്ഥലമാണിത്. ഒരു കാര്യത്തില്‍ ഈ പ്രദേശത്തിന്‌ ഇന്ത്യയില്‍ അപൂര്‍വമായൊരു ഒന്നാം സ്ഥാനം. ഏറ്റവും കൂടുതല്‍ കാറ്റ്‌ വീശുന്ന പ്രദേശം ഇതത്രെ. മണിക്കൂറില്‍ 32.5 കിലോമീറ്ററാണിവിടെ കാറ്റിന്റെ വേഗം. കാറ്റേല്‍ക്കാന്‍ ഇവിടെ സഞ്ചാരികള്‍ എത്താറുണ്ട്‌. ചെന്നാല്‍ കേരളത്തിലാണെന്നല്ല, ലോകത്തിന്റെ മറ്റേതോ അറ്റത്താണെന്നേ ആര്‍ക്കും തോന്നൂ. നിലയ്ക്കാത്ത കാറ്റിന്റെ കൂടാരമാണ് രാമക്കല്‍മേട്.

കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.

രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്. പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍, ആയിരത്തിലേറെ മീറ്റര്‍ അഗാധതയില്‍, പര്‍വതച്ചുവട്ടില്‍ മറ്റൊരു ലോകം ആരംഭിക്കുന്നു. നോക്കെത്താ ദൂരത്തോളം എത്തുന്ന താഴ്‌വരയുടെ ലോകം. അവിടെ ആ സമതലത്തില്‍ ചതുരപ്പാടങ്ങള്‍. തെങ്ങിന്‍തോപ്പുകളും നാരകത്തോട്ടങ്ങളും, മുന്തിരിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങളും. ദൂരെ ആകാശത്തിന്റെ അതിരോളം പടര്‍ന്നുകിടക്കുന്ന താഴ്‌വര തമിഴ് കാര്‍ഷികമേഖലയാണ്. പച്ചപ്പിന്റെ ചതുരങ്ങള്‍ക്കിടയില്‍, ചതുരംഗപ്പലകയിലെ കരുക്കള്‍ പോലെ പട്ടങ്ങളുടെയും ഗ്രാമങ്ങളുടെയും വിദൂരദൃശ്യങ്ങള്‍-തേവാരം, കമ്പം, കൊബൈ തുടങ്ങിയ പട്ടണങ്ങളാണത്. നല്ല പ്രകാശമുള്ള സമയമാണെങ്കില്‍, രാമക്കല്‍മേട്ടില്‍ നിന്ന് മധുരയുടെ സാന്നിധ്യവും അനുഭവിക്കാം.

ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ ‘കല്ലുമ്മേൽ കല്ലു’മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

നെടുങ്കണ്ടത്തു നിന്നും 15 കി.മീ ദൂരമേയുള്ളൂ രാമക്കല്‍മേട്ടിലേക്ക്. അവിടെ നിന്നും തൂക്കുപാലം എന്ന ചെറു പട്ടണത്തിലേക്ക് എപ്പോഴും ബസ് ലഭിക്കും. തൂക്കുപാലത്തുനിന്നും ട്രിപ്പ് ജീപ്പില്‍ യാത്രചെയ്താല്‍ രാമക്കല്‍ മേട്ടിലെത്താം. ഇല്ലിക്കാടികള്‍ വളര്‍ന്നു വളഞ്ഞുനില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ മലമുകളിലേക്ക് നടക്കാം.

തെക്കൻ കേരളത്തിൽ നിന്നാണെങ്കിൽ കോട്ടയം , ഈരാറ്റുപേട്ട ,വാഗമണ്‍ ,ഏലപ്പാറ, കട്ടപ്പന ,നെടുംകണ്ടം , തൂക്കുപാലം , രാമക്കൽമേട്‌ എന്നിങ്ങനെയാണ് റൂട്ട് . ഏകദേശം 124 K M ഉണ്ട് കോട്ടയത്ത്‌ നിന്നും. എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply