തിരുവല്ല-അമ്പലപ്പുഴ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജലവിതരണക്കുഴല്‍, കേബിള്‍ എന്നിവ സ്ഥാപിക്കുന്നതിനായി തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ ഇരുപത് കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിന് ഇടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വ വരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്.


കഴിഞ്ഞ ഒരാഴ്ചയ്ക്കകം പത്തോളം കെഎസ്ആര്‍ടിസി ബസ്സുകളാണ് റോഡില്‍നിന്നും തെന്നിമാറി റോഡിലെടുത്ത കുഴികളില്‍ താഴ്ന്ന് അപകടത്തില്‍ പെട്ടിട്ടുള്ളത്. നീരേറ്റുപുറം പാലം മുതല്‍ എടത്വ പള്ളിവരെ യാത്രക്കാരന് എത്തണമെങ്കില്‍ നിരവധി അപകട കുഴികള്‍ തരണം ചെയ്യണം. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ റോഡുകളില്‍ ചെളിക്കുളം രൂപപ്പെട്ടുകഴിഞ്ഞു. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
റോഡുകലിലെ അപകടഭീഷണി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷേഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. കുഴികള്‍ മൂടാനായി ഉപയോഗിച്ച മണ്ണില്‍ കയറുന്ന വാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ട് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഇവിടെ നിത്യ സംഭവമാണ്. പൊടിയാടി മുതല്‍ എടത്വവരെയുള്ള ഭാഗത്താണ് റോഡില്‍ വാഹനങ്ങള്‍ താഴ്ന്ന് കുഴികള്‍ രൂപ്പെട്ടിട്ടുള്ളത്.നീരേറ്റുപുറം,തലവടി,പഞ്ചായത്ത് പടി,ആനപ്രമ്പാല്‍ ജംങ്ഷന്‍,വെട്ടുതോട് പാലം,എന്നിവിടങ്ങളിലെ അപകടകുഴികളില്‍ എല്ലാ ദിവസവും യാത്രക്കാര്‍ അപകടത്തില്‍ പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വീയപുരംഭാഗത്ത് തലകീഴായി മറിഞ്ഞ കാറില്‍നിന്നും മാതാവും പുത്രനും അത്ഭുതകരമായി രക്ഷപെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും പഴയ കുഴലുകള്‍ മാറ്റുന്നതിന്റെയും ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചതാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിരിക്കുന്നത്. ബസുകള്‍ കുഴികളില്‍ താഴ്ന്ന് അപകടങ്ങള്‍ പതിവായതോടെ കെഎസ്ആര്‍ടിസി ഇടക്കാലത്ത് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.അന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചതിലൂടെ എടത്വ, തിരുവല്ല, ആലപ്പുഴ ഡിപ്പോകളിലായി രണ്ടു ദിവസം കൊണ്ടു നാലുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

മണിക്കൂറുകള്‍ വൈകിയാണ് ഇപ്പോള്‍ പ്രദേശത്ത് കൂടി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്നീട് സര്‍വ്വീസ് പുനരാംരഭിച്ചു. റോഡില്‍ കുഴിയെടുത്ത ഭാഗം ടാര്‍ ചെയ്ത് അടയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്ന് കാട്ടി നാട്ടുകാര്‍
നിവേദനം സമര്‍പ്പിച്ചിരുന്നുവിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളും അമ്പലപ്പുഴ -തിരുവല്ല പാതയെ ആശ്രയിച്ചാണ് ഇപ്പോള്‍ എത്താറുള്ളത്, എന്നാല്‍ റോഡ് ഗതാഗത യോഗ്യം അല്ലാതായതോടെ സഞ്ചാകികളും കുറഞ്ഞ തായി പ്രദേശ ത്തെ കച്ചവടക്കാര്‍ പറയുന്നു.

കടപ്പാട് :  ജന്മഭൂമി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply