പാണ്ടിപത്ത്; കാട്ടുപോത്തുകൾ വിഹരിക്കുന്ന പുൽമേട് !!!..

ഈ സ്ഥലം തിരുവനന്തപുരത്താണെന്ന് പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അധികം പേരും കേട്ടിരിക്കാൻ ഇടയില്ലാത്ത പുൽമേടാണ് പാണ്ടിപത്ത്. കാടും മലയും കടന്നു ചെന്നെത്തുന്ന ഒരു പിടി മൊട്ടക്കുന്നുകൾ നിറഞ്ഞ പുൽമേട് .. അവിടെ ഒട്ടുമിക്ക ദിനവും വന്നുപോകുന്ന നൂറുകണക്കിന് കാട്ടുപോത്തുകൾ..

വിതുര ബോണക്കാട്ട് വഴി ഫോറെസ്റ്റ് ഓഫീസിൽ നിന്നും പാസ്സ് എടുത്തു ഗൈഡിനൊപ്പം ഒരു 3-4 മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയും ഇവിടെ. ഞങ്ങൾ 2015 ൽ പോയപ്പോൾ 4 പേർക്ക് 7500 ആയി പാക്കേജ് ( ഭക്ഷണം ഉൾപ്പടെ ). മുൻകൂട്ടി ബുക്ക്‌ ചെയ്താൽ ഒരു 5-6 പേർക്ക് പോകാൻ പറ്റും. ഒരു ദിവസം പോയി രാത്രി തങ്ങി പിറ്റേന്ന് ഉച്ചയോടെ തിരിച്ചു വിതുര എത്തിക്കുന്നതാണ് പാക്കേജ്. പാണ്ടിപത്തിലെ ക്യാമ്പ് ചെറുതായതിനാൽ അധികം പേർക്ക് ഒരുമിച്ചു പോകാൻ അനുവാദം കിട്ടില്ല. അഗസ്ത്യകൂടം പോലൊരു കടുപ്പം ഏറിയ യാത്ര ഇവിടെ വേണ്ടി വരുന്നില്ല എന്നതാണ് പ്ലസ് പോയിന്റ്. അല്പം ഭാഗ്യം കൂടെയുണ്ടെങ്കിൽ രാവിലെ കണികാണാൻ നൂറുനൂറു കാട്ടുപോത്തുകളും…

അഗസ്ത്യകൂടത്തെക്കു പോകും വഴിയാണ് ഒരു ഫോറെസ്റ്റ് ഓഫീസർ പറഞ്ഞു ആദ്യമായി ഈ പേര് കേൾക്കുന്നത്. പാണ്ടിപത്ത്.. തമിഴ് പേരാണെങ്കിലും സ്ഥലം നമ്മുടെ ബോണക്കാട്ട് നിന്നും അധികം അകലെയല്ല. പണ്ട് ബ്രിട്ടീഷ് സായിപ്പിന്റെ tea-coffee പ്ലാൻറ്റേഷൻ ഉണ്ടായിരുന്ന കാലത്ത് അഗസ്ത്യകൂടത്തെ അതിരുമലയും പൊന്മുടിയും കല്ലാറും ഒക്കെ ബന്ധിപ്പിച്ചു അന്നുണ്ടാക്കിയ കുതിരപ്പാതയിലാണ് ഈ പാണ്ടിപത്തു സ്ഥിതി ചെയ്യുന്നത്. Peppara sanctuary യും തമിഴ്നാടും ഉൾപ്പെടുന്ന കാടിന്റെ അതിരിലാണ് ഇവിടം. അഗസ്ത്യനെ കണ്ടിട്ട് നിങ്ങൾ തീർച്ചയായും പാണ്ടിപത്ത് കാണാൻ ഒരിക്കൽ വരൂ എന്ന് പറഞ്ഞു അദ്ദേഹം ഞങ്ങളുടെ മനസ്സിൽ വിത്തുപാകി. അതു പതിയെ മുളച്ചു പൂവിട്ടു. ഒടുവിൽ 6 മാസത്തോളം കഴിഞ്ഞപ്പോൾ പോവാൻ എല്ലാം ഒത്തുവന്നു.. ഞാനും പതിവുപോലെ ഞാനും Renjith Rp, Sreejith, Rathnakaran, Sreenath PJ എന്നിവരും.

രാവിലെ 10 മണിയോടെ ഗൈഡ് ചേട്ടന്മാർ 2 പേര് ഞങ്ങളെ ആദ്യം tea എസ്റ്റേറ്റ്ന്റെ ഇടയിൽ ഉള്ള ഇടവഴിയിലൂടെ കുത്തനെ കയറ്റം ഉള്ള ഭാഗത്തേക്ക്‌ കൊണ്ട് പോയി. ഒരു മണിക്കൂറോളം തേയിലതൊട്ടത്തിലൂടെ കയറ്റമാണ് അവിടുന്നു അങ്ങോട്ട്‌. കുളയട്ട നിറയെ ഉണ്ട് വഴിയിൽ.
കയറ്റം അല്പം കഠിനം തന്നെ ആയിരുന്നു. നല്ല കോട മഞ്ഞു വഴിനീളെ ഞങ്ങൾക്ക് കുളിരേകി.. ഉയരത്തിലേക്ക് വഴി കയറി കയറി പോയി.

പെട്ടെന്നായിരുന്നു കയറ്റം കുതിരയ്ക്ക് പോകാനായി പണ്ട് സായിപ്പ് വെട്ടിയുണ്ടാക്കിച്ച വഴിയിൽ എത്തിയത്. ഈ വഴിയിലെ കല്ലാർ നിന്നും 10 മൈൽ അകലെ ഉള്ള വിശ്രമസ്ഥലം ആണ് പാണ്ടിപ്പത്ത്. പോകും വഴിയിൽ ഇനി ഇടക്കിടെ മൈൽ കുറ്റികൾ കാണാൻ പറ്റുമെന്നു മുൻപ് വായിച്ചറിഞ്ഞു എങ്കിലും കൂടെ വന്ന ഗൈഡ്മാർ ‘ഒരു കൊണത്തിനും’ കൊള്ളാത്തവർ ആയതിനാൽ ഒന്നും കാണിച്ചു തന്നില്ല . വെറുതെ ക്യാമ്പ് വരെ കൊണ്ടുപോയി ഭക്ഷണം വച്ചു തന്നു എന്നതാണ് അവർ ആകെ ചെയ്ത കാര്യം.

കുതിരയുടെ അത്രയും സ്റ്റാമിന ഇല്ലാത്തതു കൊണ്ട് കുതിരപാതയിലൂടെ ഞങ്ങൾ മെല്ലെ കാടിന്റെ ഭംഗി ആസ്വദിച്ചു ബിസ്ക്കറ്റും പഴവും ഇടക്ക് കഴിച്ചു നടന്നു. കാടിന്റെ വിവിധ മുഖങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചു. വഴി കാട്ടിലൂടെ വളഞ്ഞു തിരിഞ്ഞു പോവുകയാണ്. ചിലയിടത്തു നല്ല വീതിയും കാണാൻ കഴിയും.

പെട്ടെന്നാണ് മഴ തുടങ്ങിയത്. അതോടൊപ്പം വഴി കാട്ടിൽ നിന്നും പുറത്ത് കടന്നു പുൽമേടിന്റെ അതിരുകൾ കാണാൻ കഴിഞ്ഞു. ഈ ഭാഗത്ത്‌ മലഞ്ചേരിവ് നല്ല താഴ്ചയുള്ളതാണ്. കൂടെ അസൽ തണുത്ത കാറ്റും. പുൽമേടിന് വീതി കൂടി കൂടി വന്നു… ദൂരെ ക്യാമ്പ് കണ്ട ഞങ്ങൾ വേഗം ഓടിയോടി ട്രെഞ്ച് വരെ എത്തി. കാട്ടുപോത്ത്, ആന തുടങ്ങിയ മൃഗങ്ങൾ വിഹരിക്കുന്ന സ്ഥലമായതിനാൽ ചുറ്റും കുഴിയെടുത്തു അതിനുള്ളിൽ ആണ് ക്യാമ്പ്. ഒരു മുറിയും ഒരു അടുക്കളയും. അത്രയേ അവിടെ സൗകര്യമുള്ളു. പുറത്ത് ബാത്‌റൂമിലെയ്ക് വെള്ളം നമ്മൾ താഴെ അരുവിയിൽ പോയി ചുമന്നു കൊണ്ട് വരണം. അത് അല്പം ദൂരെയാണ്. ഗൈഡ് മാർക്ക്‌ ഒപ്പം ഞങ്ങളും വെള്ളം ചുമക്കാൻ പോയി.

അവർ ആഹാരം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കു ഇറങ്ങി. മഴ മാറിയിരുന്നു. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും പച്ചപ്പുള്ള മൊട്ടകുന്ന്‌ മാത്രം. അതിൽ ആയിരകണക്കിന് കാട്ടുപോത്തിന്റെ കാല്പാടുകൾ. അതു കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. രാവിലെ കുറച്ചു മൃഗങ്ങളെ എങ്കിലും കാണാൻ കഴിയാൻ പ്രാർത്ഥിച്ചു.

ഞങ്ങൾ അരുവിയിൽ പോയി കിടന്നു നന്നായി ഒന്നു കുളിച്ചു. അട്ട കടിക്കാതെ ചാടി നടന്നു ക്യാമ്പിൽ എത്തി. ചൂട് ചോറും സാമ്പാറും തോരനും അച്ചാറും റെഡിയായിരുന്നു.. അതു നല്ല രുചിയോടെ കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ദൂരെ ഞങ്ങൾ വന്ന വഴിയിലൂടെ ഒരു കുറുക്കൻ ഓടുന്നത് കണ്ടു.( അതോ ചെന്നായയോ ?) ചുവന്ന ശരീരത്തിൽ നല്ല കറുത്ത് രോമാവൃതമായ വലിയ വാലുള്ള ഒരു കുറുക്കൻ. !! ക്യാമറ ഇല്ലാത്തതിനാൽ ഫോണിൽ പടം പിടിച്ചിട്ടു കിട്ടിയില്ല.

വൈകിട്ട് വീണ്ടും നടക്കാൻ ഇറങ്ങി. കഴിയുന്നത്ര ദൂരേക്കു നടന്നു തിരിഞ്ഞു നോക്കിയപ്പോൾ ക്യാമ്പ് ഒരു തീപ്പെട്ടികൂടു പോലെ കുഞ്ഞായി കണ്ടു. അവിടെ ഒരു മലയുടെ മറുവശം ഈറ്റക്കാട് തുടങ്ങുകയാണ്. അവിടെ വലിയ പാറപുറത്തു ഇരുന്നു ദൂരെ മേഘങ്ങൾ മലകൾക്കു താഴെ പറന്നു നടക്കുന്നത് നോക്കിയിരുന്നു. നല്ല കാറ്റും തണുപ്പും ഉണ്ട്. പക്ഷെ അസ്തമന സൂര്യൻ ഇളം വെയിൽ കൊണ്ട് ബോണക്കാടിനു ചുറ്റും നിറഞ്ഞു നിൽക്കുന്ന മലകൾക്കോക്കെയും സ്വർണ വർണം പൂശി അവിടം ഭൂമിയിലെ സ്വർഗ്ഗമാക്കി. എന്തൊക്കെയോ ചിന്തിച്ചു ഞങ്ങൾ അവിടെ വെയില് കൊണ്ടു ഇരുന്നു. ഈ യാത്രയിൽ ഏറ്റവും ആസ്വദിച്ചത് ആ സ്വർണവർണമുള്ള സായാഹ്നം ആയിരുന്നു. ഇരുട്ട് തുടങ്ങിയിട്ടേ തിരികെ പോയുള്ളു. രാത്രി ഭക്ഷണം കഴിഞ്ഞു 4 പേരും ഓരോ കട്ടിലിൽ കിടപ്പായി. കിടക്കാൻ നേരം ഒരു മെഴുകുതിരി മേശപുറത്ത് കൊളുത്തി വച്ചു. നല്ല തണുപ്പ് 9 മണിയായപൊഴേ തുടങ്ങി.

ശ്രീജിത്താണ് ആദ്യം ഞെട്ടി ഉണർന്നത്. ഞങ്ങൾ കൊളുത്തിയ മെഴുകുതിരി കത്തിത്തീർന്നു പ്ലാസ്റ്റിക് മേശ ഉരുകി തീ പിടിച്ചു താഴെ ഇരുന്ന രഞ്ജിത്തിന്റെ ബാഗ് കത്തിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. മുറിയാകെ കറുത്ത പുക. 5 മിനിറ്റ് കഴിഞ്ഞാണ് ഉണർന്നതെങ്കിൽ ഞങ്ങളുടെ പുതപ്പിലേക്ക് തീ പടർന്നേനെ. ഒരുവിധം തീയൊക്കെ അണച്ചു നോക്കിയപ്പോൾ അവന്റെ ഷർട്ടും മൊബൈലും ഒക്കെ ഉരുകി ഇരിക്കുന്നു. പുറത്തെ മഞ്ഞു കാരണം പുകയൊക്കെ മുറിയിൽ നിന്നും മാറാതെ നിന്നു രാത്രി മുഴുവൻ.

അതിരാവിലെ ഉണർന്നു കാട്ടുപോത്തിനെ നോക്കി പുറത്തേക്കു ഇറങ്ങി 4 ദിശയിൽ കസേര ഇട്ടു മഞ്ഞത്ത് ഇരിപ്പായി ഞങ്ങൾ. എവിടെ !!!? മരുന്നിനു പോലും ഒരെണ്ണം ഇല്ലായിരുന്നു. മിക്കവാറും ദിവസം പത്തിരുന്നൂറു പോത്തു വരുന്ന സ്ഥലമാണ്. പറഞ്ഞിട്ടെന്താ.. കാണാൻ യോഗം വേണ്ടേ ?!
ചൂട് കട്ടൻചായ ചേട്ടന്മാർ കൊണ്ട് തന്നത് ഊതിയൂതി കുടിച്ചു.. അവിടെ അടുത്തുള്ള വാച്ച് ടവർ കാണാൻ പോകണ്ടേ എന്ന് ചോദിച്ചപ്പോൾ അവിടെ ഇപ്പോൾ പോകാൻ കഴിയില്ലെന്ന് ഗൈഡ് പറഞ്ഞു. ഒരു 3-4 km നടക്കാൻ മടിച്ചാണ് അവരത് പറഞ്ഞതെന്ന് പിന്നീട് മനസിലായി. ഒരു വകയും പറഞ്ഞു തരാൻ അറിയാത്ത 2 ചേട്ടന്മാരെ ആണല്ലോ ഞങ്ങൾക്ക് ഗൈഡ് ആയി കിട്ടിയത് എന്നോർത്ത് കുണ്ഠിതപെട്ടു ഒരിക്കൽ കൂടി ആ പുൽമേട് ഒന്നു നടന്നു കണ്ടു. കാട്ടു പോത്തിന്റെ ചാണകം ഒക്കെയുണ്ട് അവിടെയൊക്കെ. ഞങ്ങൾ ഉറങ്ങിയപ്പോൾ ഇരുട്ടിൽ വന്നു പോയതാവാം.

ഉപ്പുമാവ് കഴിച്ചു തിരികെ യാത്ര തുടങ്ങി. ഉച്ചയോടെ ബോണക്കാട് എത്തിച്ചേർന്നു. അവിടെ നിന്നും ദൂരെ ഈറ്റക്കാട് നിറഞ്ഞ മലകൾക്ക് അപ്പുറം ഞങ്ങൾ ഇന്നലെ വൈകിട്ട് ഇരുന്ന കുന്നു കാണുന്നുണ്ടോ എന്ന് നോക്കി. അവിടെ ഒരു വെള്ളച്ചാട്ടം കണ്ടപ്പോൾ കുളിക്കാൻ തോന്നി. കുളിരുള്ള വെള്ളത്തിൽ ആ യാത്രയുടെ ക്ഷീണം മാറി ഉന്മേഷം കിട്ടി.

പാണ്ടിപത്തു ഇനിയും വരണം.. അത്രയ്ക് മനോഹരമാണ് ആ പുൽമേട്. ഒരിക്കൽ വന്നവർ മറക്കില്ല ഈ മൊട്ടസുന്ദരിയെ. നിങ്ങളും പോകൂ.. ( ആ ഉരുകിയ മേശ കാണുന്നവർ ഞങ്ങളെ ഓർത്തേക്കണേ…. 😊😊).Booking: forest office- 04712360762.

വരികളും ചിത്രങ്ങളും – വിഷ്ണു കെ.ജി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply