വോൾവോ ബസുകൾ ഓടിക്കുവാനുള്ള യോഗ്യത എങ്ങനെ നേടാം?

പണ്ടൊക്കെ നമ്മുടെ നാട്ടിൽ കാണപ്പെട്ടിരുന്നത് ടാറ്റ, അശോക് ലൈലാൻഡ് തുടങ്ങിയ ബസുകളായിരുന്നു. എന്നാൽ ഇന്ന് കാലം മാറിയതോടെ ബസ് വിപണിയിലേക്ക് വമ്പന്മാർ വന്നു തുടങ്ങി. അതിൽ ഏറ്റവും പ്രശസ്തമായ ഒരു ബസ് നിർമ്മാതാക്കളാണ് വോൾവോ. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ് ഓപ്പറേറ്റർമാർ ഇന്ന് വോൾവോ ബസ്സുകൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നുണ്ട്.

എല്ലാവർക്കും ഉള്ള ഒരു സംശയമാണ് ഈ വോൾവോ ബസുകൾ ഉപയോഗിക്കുവാൻ സ്പെഷ്യൽ ലൈസൻസ് വേണോ? അത് എവിടുന്നു ലഭിക്കും? എന്നൊക്കെ. ശരിക്കും വോൾവോ ബസ്സുകൾ ഓടിക്കുന്നതിനായി സാധാരണ ലൈസൻസിന് പുറമെ സ്പെഷ്യലായി എന്തെങ്കിലും വേറെ ലൈസൻസ് വേണ്ടിവരുമോ? അതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

എല്ലാവർക്കുമുള്ള സംശയം തന്നെ ആദ്യം തീർത്തേക്കാം. വോൾവോ പോലുള്ള ബസ്സുകൾ ഓടിക്കുവാനായി സ്പെഷ്യൽ ലൈസൻസ് ആവശ്യമില്ല, പക്ഷെ ഇവയുടെ ഡ്രൈവർ ആകുന്നതിനായി കമ്പനി നടത്തുന്ന ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്. കാരണം വേറൊന്നുമല്ല സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഈ വാഹനങ്ങളിൽ ഉണ്ട്. അതുകൊണ്ട് ഈ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അഞ്ചു ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രായിലാണ് നമ്മൾ ഇതിനായി പങ്കെടുക്കേണ്ടി വരുന്നത്. മൂന്നു തരത്തിലുള്ള ട്രെയിനിങ് പ്രോഗ്രാമുകൾ ലഭ്യമാണ്. B7R (6 വീൽ), B9R (മൾട്ടി ആക്സിൽ), I Shift (ഫുൾ ഓട്ടോമേറ്റഡ്) എന്നിവയാണ് അവ. നമ്മൾ നേരിട്ട് അന്വേഷിച്ച് ട്രെയിനിങ് പ്രോഗ്രാമിനായി പോകുകയാണെങ്കിൽ B7R മുതലുള്ള ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കണം. ഈ മൂന്നു ഘട്ടങ്ങളിലും അഞ്ചു ദിവസത്തെ വീതം ട്രെയിനിങ് ഉണ്ടായിരിക്കും. B7R ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ മൂന്നു മാസങ്ങൾക്കു ശേഷമാണ് അടുത്ത ഘട്ടമായ B9R ലേക്ക് പോകുന്നത്. ഇതും വിജയിച്ചാൽ അടുത്ത മൂന്നു മാസങ്ങൾ കഴിഞ്ഞു I Shift ലേക്കും.

ട്രെയിനിംഗിനായി ആദ്യം ചെല്ലുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വെള്ള നിറത്തിലുള്ള ഷർട്ട് ആയിരിക്കണം ധരിച്ചിരിക്കേണ്ടത്. കൂടാതെ ഷർട്ട് ഇൻ ചെയ്തിരിക്കണം. താടി വെച്ചുകൊണ്ട് പോകാതെ ഷേവ് ചെയ്തു പോകണം. അതെ, ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഇന്റൻർവ്യൂവിന് പോകുന്ന അതേതരത്തിൽ തന്നെയാണ് ഈ ട്രെയിനിങ്ങിനും പോകേണ്ടത്. ഏകദേശം 7000 രൂപയോളമാണ് ട്രെയിനിങ് ഫീസ് (മാറ്റങ്ങൾ വന്നേക്കാം). കൂടാതെ ട്രെയിനിങ് കാലഘട്ടത്തിൽ നമ്മൾ അവിടെ താമസിക്കുന്നതിന്റെ ചെലവുകൾ വേറെയും വരും.

ഈ ട്രെയിനിങ് പരീക്ഷയിൽ പൊതുവെ ആളുകൾ ആദ്യഘട്ടങ്ങളിൽ പരാജയപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഒരു തവണ പരാജയപ്പെട്ടാൽ അടുത്ത മൂന്നു മാസങ്ങൾ കഴിഞ്ഞു വീണ്ടും അതേ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കേണ്ടി വരും. വീണ്ടും പങ്കെടുക്കുവാനായി പിന്നീട് പണം മുടക്കേണ്ടതില്ല.

പക്ഷെ നമ്മൾ ഏതെങ്കിലും ബസ് ഓപ്പറേറ്റർമാരുടെ (കല്ലട, SRM, VRL, etc.) കെയറോഫിൽ പോകുകയാണെങ്കിൽ കൂടുതൽ പരീക്ഷകളൊന്നും കൂടാതെ തന്നെ നേരിട്ട് രണ്ടാമത്തെ ഘട്ടമായ B9R ലേക്ക് കടക്കാവുന്നതാണ്. ഇങ്ങനെ പോകുകയാണെങ്കിലും ട്രെയിനിങ് ഫീസ് ചിലപ്പോൾ നമ്മൾ തന്നെ കൊടുക്കേണ്ടി വരും. പക്ഷെ ഒറിജിനൽ സർട്ടിഫിക്കറ്റ് നമ്മുടെ കയ്യിൽ ലഭിക്കുകയില്ല.അത് നമ്മളെ അയച്ച ആ കമ്പനിയുടെ അടുത്തേക്കേ പോകുകയുള്ളൂ.

കോഴ്സ് എല്ലാം വിജയകരമായി പൂർത്തിയാക്കിയാൽ നമുക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് നേടിയശേഷം ഏതെങ്കിലും ട്രാവല്സിൽ ജോലിയ്ക്കായി പോകുമ്പോൾ ഈ സർട്ടിഫിക്കറ്റിലെ ഐഡി നമ്പർ ഉപയോഗിച്ച് അവർ വോൾവോ കമ്പനിയുമായി ചെക്ക് ചെയ്യുകയും ഈ നമ്പർ മുഖേന നമ്മുടെ എല്ലാ വിവരങ്ങളും ലഭിക്കുകയും ചെയ്യും.

ധാരാളം ഇടനിലക്കാർ ഇരുപതിയായിരവും മുപ്പത്തിനായിരവുമൊക്കെ മുടക്കിയാൽ വോൾവോ ട്രെയിനിങ് സർട്ടിഫിക്കറ്റ് നേടിത്തരാമെന്നു പറഞ്ഞു നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ വലയിൽ വീഴാതെ നേരിട്ടു തന്നെ വോൾവോ കമ്പനിയെ ട്രെയിനിങ്ങിനായി സമീപിക്കാവുന്നതാണ്.

വോൾവോ ട്രെയിനിംഗിനായി വേണ്ട യോഗ്യതകൾ : SSLC പാസ്സായിരിക്കണം. HPV ലൈസൻസ് നേടിയിരിക്കണം. മിനിമം 5 മുതൽ 8 വര്ഷം വരെ സിറ്റി ബസ് ഡ്രൈവിംഗ് മുൻപരിചയം വേണം. ഇംഗ്ലീഷ് ഭാഷ അത്യാവശ്യം കൈകാര്യം ചെയ്യുവാൻ അറിഞ്ഞിരിക്കണം. ശാരീരികമായി അവശതകൾ അനുഭവിക്കുന്നവർ ആകരുത്.

ട്രെയിനിംഗിനായി നേരിട്ട് ആപ്പ്ളിക്കേഷനുകൾ അയയ്‌ക്കേണ്ട വിലാസം : Training manager, Volvo group India Private Limited (Volvo India Private Limited), Yalachahally, Tavarekere Post, Hosakote Taluk, Bangalore 562122, Phone:- +91 80 6691 4169.

വിവരങ്ങൾക്ക് കടപ്പാട് – National Driving Institute, Mettupalayam, Thathamangalam, Palakkad.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply